Thursday 17 August 2017

"പ്രണയം " എന്തുമനോഹരമായ വികാരമാണല്ലേ, എവിടെയോ ഏതോ ജാതിയിൽ, മതത്തിൽ, കുടുബത്തിൽ, രാജ്യത്തിൽ , ജനിച്ചു ജീവിതത്തിന്റെ ഏതോ ഒരു വീഥിയിൽ വച്ച് കണ്ടുമുട്ടുകയും ഇനി മുതൽ നീയില്ലാതെ ഞാനില്ലെന്നും ഞാനില്ലാതെ നീയില്ലെന്നും തോന്നിപ്പിക്കുന്ന പ്രാന്താണ് പ്രണയം "
"പ്രാന്തുതന്നെ, കണ്മുന്നിലെ കാഴ്ചകളെ കാണാതെ ത്രിശങ്കുസ്വർഗ്ഗത്തിൽ ജീവിക്കാൻ കൊതിക്കുകയാണ് ഓരോ പ്രണയിതാക്കളും "
"ദേ തൊടങ്ങി വട്ട് പറയാൻ, ഒരു മൂഡിലങ്ങു പ്രേമിച്ചുവരുമ്പോഴേക്കും ഇടങ്കോലിടും. ഇങ്ങനൊരു മണ്ടനെയാണല്ലോ ഞാൻ കല്യാണം കഴിച്ചത് ദൈവമേ.... "
"എടി ബുദ്ധിയുള്ള പുണ്യാളന്മാരെക്കാൾ നല്ലത് ഞങ്ങൾ ബുദ്ധിയില്ലാത്ത സാധാരണക്കാരാണ്, അതുകൊണ്ടല്ലേ ഇത്രയൊക്കെ പുകിലുണ്ടായിട്ടും നീ എന്റെകൂടെ ഉണ്ടായത് "
"നല്ലൊരു വാലന്റൈൻസ് ഡേ ആയിട്ട് നമുക്കൊരു യാത്ര പോയാലോ ?"
"എങ്ങോട്ടേയ്ക്കു വേണം ?"
"അത് നിങ്ങടെയിഷ്ടം. വിവാഹം കഴിഞ്ഞുള്ള ആദ്യ വാലന്റൈൻസ് ഡേ അല്ലെ, മറക്കാനാവാത്ത സ്ഥലം വേണം "
"ശരി, വേഗം റെഡിയായി വാ "
വിവാഹം കഴിഞ്ഞു ആറുമാസത്തിനിടയ്ക്കു ആദ്യമായാണ് ഞാൻ പറഞ്ഞൊരുകാര്യം എന്റെ ഭർത്താവ് അനുസരിക്കുന്നത്.
എവിടേക്കാണ് എന്താണ് എന്നൊന്നും ചോദിച്ചില്ല, എവിടേക്കുപോകാനും ഞാൻ റെഡി എന്നമട്ടിൽ ബൈക്കിനുപുറകിൽ കയറിയിരുന്നു.
വഴിയേപോകുന്നവർ ഞങ്ങളെ നോക്കുന്നത് കൂടെ കണ്ടപ്പോൾ കൂടുതൽ സന്തോഷമായി, അല്ല അല്പം ഗമയൊക്കെയായി, ഇത്തിരികൂടി ഒരുങ്ങായിരുന്നു.
വണ്ടി നിന്നത് ഞങ്ങടെ നാട്ടിൽ പേരുകേട്ട എൻ എം ആർ ബിരിയാണി മെസ്സിന് മുൻപിൽ, പതിനൊന്നുമണി ആവുന്നേയുള്ളെങ്കിലും ബിരിയാണിയുടെ മണം മൂക്കിൽ തുളച്ചുകയറാൻ തുടങ്ങി. ഉസ്താദ് ഹോട്ടെലിൽ കൂടെ ഇത്ര നല്ല ബിരിയാണിയായിരുന്നോ എന്നെനിക്ക് സംശയമില്ലാതില്ല.
"നീയിവിടെ നിൽക്കു, ഞാൻ പാർസൽ വാങ്ങിവരാം "
, പാർസൽ വാങ്ങി എവിടെയും കറങ്ങാതെ വീട്ടിൽ പോവാനാണോ ഈ മനുഷ്യൻ എന്നോർത്തപ്പോൾ നേരിയ ദേഷ്യം തോന്നിയെങ്കിലും പുറത്തുകാണിക്കാതെ മെസ്സിലേക്ക് വരുന്നവരെ നോക്കിനിന്നു.
ഞങ്ങളെ പോലെ പുതുമോടി മാറാത്ത കുറച്ചുപേർ ഞായറാഴ്ച സവാരിക്കടയിൽ വന്നതാവും, കോളേജിലെ തല്ലിപ്പൊളി ജീവിതത്തെ ഓർമപ്പെടുത്തും പോലെ ഒന്നുരണ്ട് സൗഹൃദക്കൂട്ടങ്ങൾ, വാലന്റൈൻസ് ഡേ ആഘോഷിക്കാനിറങ്ങിയ പത്തിരുപത് ജോഡി പ്രണയിതാക്കൾ, കുടുംബസമേതം എത്തിയവർ, അടുത്തുള്ള ലേബർ ഹോമിലേക്ക് പുതിയ അഥിതിയെത്തിയ സന്തോഷം ബിരിയാണിയായി പങ്കുവയ്ക്കാൻ വന്നവർ, മലയാളികളുടെ ദേശീയ തൊഴിലാളികളായി മാറിക്കൊണ്ടിരിക്കുന്ന കുറച്ചു ബംഗാളികൾ.....
വായിനോട്ടം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുമ്പോഴേക്കും കയ്യിൽ വലിയൊരു സഞ്ചിയും താങ്ങിപ്പിടിച്ചു ആള് വന്നു.
"രണ്ടാൾക്കുകഴിക്കാൻ വാങ്ങാൻ പോയ മനുഷ്യൻ ഒരു പഞ്ചായത്തിനുള്ളതുമായി വരുന്നു.
"ഇതെന്താ ഇത്രയും "
"നിന്റെ വയറുനിറയെ കഴിക്കാൻ "
"ഞാനെന്താ ആനയോ ?"
മറുപടിയായി ഒരു ചിരിമാത്രം. വരുമ്പോൾ സുഖമായിരുന്ന എന്റെമടിയിൽ പത്തിരുപത് കിലോ ബിരിയാണിയും വച്ച് യാത്ര തുടങ്ങി.
എന്റെ ചോദ്യങ്ങൾക്ക് തർക്കുത്തരം കേട്ട് കേട്ട് മതിയായപ്പോൾ ഞാൻ മിണ്ടാതിരുന്നു "പ്രേമിക്കാനറിയാത്ത മണ്ടൻ ".
ബൈക്ക് നിന്നത് സർക്കാർ അനാഥമന്ദിരത്തിന്റെ മുൻപിലാണ്. എന്തൊരു മനുഷ്യൻ ആണിത്, ആളുകളെ സഹായിക്കേണ്ട എന്നൊന്നും ഞാൻ പറയില്ല, പക്ഷെ ഒരു വാലന്റൈൻസ്‌ഡേ ഒക്കെ സ്വന്തമായിട്ട് ആഘോഷിക്കാം. പാർക്കോ, സിനിമയോ ഒക്കെ ആയിങ്ങനെ രണ്ടുപേരുംകൂടി നടക്കുന്നത് സ്വപനം കണ്ടതൊക്കെ കയ്യാലപ്പുറത്തെ തേങ്ങപോലെ കൊഞ്ഞനം കുത്തുന്നു.
അങ്ങോട്ടെന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ട് ഞാൻ മിണ്ടാതെ പുറകെ നടന്നതേയുള്ളൂ.
നിശബ്ദമായ അന്തരീക്ഷം, സിനിമയിൽ കാണുമ്പോലെ മുറ്റം നിറച്ചും കുട്ടികളില്ല, അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന കന്യാസ്ത്രീകളില്ല,
ദ്രവിച്ചുതുടങ്ങിയ ചുവരുകളും ഒഴിഞ്ഞുകിടക്കുന്ന ഇരുമ്പെന്നോ തുരുമ്പെന്നോ തിരിച്ചറിയാൻ കഴിയാത്ത കട്ടിലുകൾ, മാഞ്ഞുതുടങ്ങിയ ചുവരെഴുത്തുകൾ, മേൽക്കുമേൽ പതിച്ചു പതിച്ചു വൃത്തികേടായ നോട്ടീസ് ബോർഡ്, ഹെൽത്ത് സെന്ററിനെ ഓർമിപ്പിക്കും വിധത്തിലുള്ള ചെറിയൊരു ക്ലിനിക്, അതിനടുത്തായി നാശമായിക്കൊണ്ടിയിരിക്കുന്ന "അമ്മത്തൊട്ടിൽ ".
രണ്ടുദിവസമായി വൃത്തിയാക്കാത്ത പരിസരം. ഞങ്ങളാദ്യം ചെന്നത് സൂപ്രണ്ടിന്റെ മുറിയിലേക്കാണ്
"എന്താടോ കുറെയായി കാണുന്നില്ലാലോ " പരിചയഭാവം
"തിരക്കായിരുന്നു സാറേ, കല്യാണത്തിന്റെ "
"ഇതാണോ ആൾ "
"അതെ. "
അയാളെനിക്കൊരു പുഞ്ചിരി സമ്മാനിച്ച്.
, "ആരെയും കാണുന്നില്ലാലോ ?"
"ലയൺസ് ക്ലബുകാര് കൊണ്ടുപോയതാ, പാവപ്പെട്ട കുട്ടികൾക്ക് വസ്ത്രവിതരണം മന്ത്രിയുടെ കൈകൊണ്ട്, അറിഞ്ഞില്ലേ "?
" അഹ്.... ബോർഡ് കണ്ടിരുന്നു സാർ. വിടണമായിരുന്നോ ?"
"ആഗ്രഹം ഉണ്ടായിട്ടല്ലടോ, അങ്ങനെയെങ്കിലും അതുങ്ങൾക്ക് നല്ല ഉടുപ്പെങ്കിലും കിട്ടട്ടെ വെച്ചാ, നിങ്ങളെപ്പോലുള്ളവർ ഇല്ലെങ്കിൽ ഈ സർക്കാർ തരുന്നതും കൊണ്ട് ഈ സ്ഥാപനം നടത്താൻ പറ്റോ "?
"ഉം... "
"അല്ലെങ്കിലും പാവപ്പെട്ടവന് എന്നുപറഞ്ഞു കൊടുക്കുന്നതുവാങ്ങാനും, അവരുടെ പൊങ്ങച്ചം കേൾക്കാനും ആരെങ്കിലും പോകുമോ. ആർക്കും വേണ്ടാത്ത അവരെക്കൊണ്ട് ലയൺസ് ക്ലബ്ബ്കാർക്കെങ്കിലും ഉപയോഗമുണ്ടാവട്ടെ ലെ "
"പിന്നെ..... അഞ്ചും ആറും അക്കശമ്പളം വാങ്ങുന്നവര് പത്തോ ഇരുനൂറോ പിരിവിട്ട് വാങ്ങിക്കൊടുത്ത് ആളാവാൻ "
"ശരിയാ സാർ. വെറുതെ പ്രസംഗിക്കാനും അനുതപിയ്ക്കാനും കഥയെഴുതാനും സിനിമയെടുക്കാനും പിന്നെ സിമ്പതി ഉണ്ടാക്കാനും മാത്രേ ഇവരെക്കൊണ്ട് ആവശ്യമുള്ളൂ, സംരക്ഷണമൊക്കെ വെറുതെയാ "
"പിന്നെ നമ്മടെ ആ കുട്ടിയെ ദത്തെടുക്കാൻ ആള് വന്നിട്ടുണ്ട്, മുംബൈയിലേക്ക്‌ ആണെന്ന് തോന്നുന്നു. കണ്ടിട്ടെന്തോ വശപ്പെശകുണ്ട്, പക്ഷെ അവരുടെ അടുത്ത് എല്ലാ പേപ്പറുമുണ്ട്. വിട്ടുകൊടുക്കാതിരിക്കാൻ പറ്റില്ല "
"ചതിക്കുമോ സാറേ അവനെയും ? "
"അറിയില്ലടോ, അതിന്റെ തന്തയ്ക്കും തള്ളക്കും വേണ്ട, കൂലിക്കാണെങ്കിലും ഈ കൈകൊണ്ട് എടുത്തുവളർത്തിയ പിള്ളാരെ വിട്ടുകൊടുക്കുമ്പോൾ ഉള്ളിലൊരു നീറ്റലാണ്. അവരുടെ ഭാവി എങ്ങനെയാവുമെന്നോർത്തു... ഭിക്ഷാടന മാഫിയയോ, അവയവക്കച്ചവടമോ ആവാതിരുന്നാൽ മതിയായിരുന്നു "
"വേണമെന്നുള്ളവർക്ക് തരുകയുമില്ലാലെ.... "
"നമ്മുടെ മനസ്സുപോലെയല്ലാലോ നിയമങ്ങൾ, നിങ്ങള്ക്ക് ഭാവിയിൽ കുട്ടികളുണ്ടാവുന്നതിനാൽ ദത്ത് വേണമെങ്കിൽ അഞ്ചുലക്ഷമെങ്കിലും അവന്റെപേരിൽ ഡപോസിറ്റ് ചെയ്യണം.... താനിരിക്കു, ഞാനിപ്പോൾ വരാം "
ഞങ്ങൾ അമ്മത്തൊട്ടിലിന് അടുത്തുള്ള വാകമരച്ചോട്ടിലിരുന്നു.
"ഏതുകുട്ടിയുടെ കാര്യമാണ് ചോദിച്ചത് ?"
"രാഹുൽ "
"അവനെ എടുത്തുവളർത്തണം എന്നുണ്ടോ ?"
"ഉം..... "
"എങ്കിൽ വളർത്തിക്കോളൂ, നമ്മുടെ കുട്ടികളുടെ ഒപ്പം വളരട്ടെ നമ്മുടെ മകനായി "
"അതിനുള്ള പണം നിന്റടുത്തുണ്ടോ ? അനാഥാലയത്തിൽ നിന്നും വെറുതെ കുഞ്ഞിനെ തരില്ല, വിവാഹം കഴിഞ്ഞു മിനിമം അഞ്ചുവര്ഷമെങ്കിലും കഴിയണം, കുഞ്ഞുണ്ടാവില്ലെന്ന സാക്ഷ്യപത്രം വേണം, അല്ലെങ്കിൽ സ്വന്തിന്റെ അവകാശം കുട്ടിയ്ക്ക് കൂടി എഴുതിവയ്ക്കണം, അവന്റെ പേരിൽ നല്ലൊരു തുക ഡെപ്പോസിറ് ചെയ്യണം "
"ഇതൊക്കെ അന്വഷിച്ചോ നേരത്തെ
"
"ഉം.... "
"നിങ്ങൾക്കെന്ത ആ കുട്ടിയോട് മാത്രം "
"ഏയ്..... ഒന്നൂല്ല.... "
"ഇല്ലാതെ ആ സൂപ്രണ്ട് നിങ്ങളോട് ഇത്ര കാര്യമായി പറയില്ല "
"ഉം. നീ പറഞ്ഞത് ശരിയാണ്. അവനെയെനിക്ക് അറിയാം "
"ആരാ " ഇയാളെങ്ങാനും എന്നെ ചതിച്ചോ എന്ന ചിന്ത മനസ്സിൽ ഉരുണ്ടു കൂടി ചതിച്ചെങ്കിൽ വെച്ചേക്കില്ല ദുഷ്ട നിന്നെ എന്ന് മനസ്സിലുറപ്പിച്ചു.
"ഇപ്പോഴല്ല നാലുവർഷം മുൻപാണ്. അന്ന് ഓട്ടോ വാങ്ങിയിട്ടില്ല. കാർ ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്താണ് അവരെ കണ്ടുമുട്ടുന്നത്.
ഒപ്പം പഠിക്കുന്ന കുട്ടികളാണ്, നാലുപേർ. ക്ലാസ് കട്ട് ചെയ്ത് മുങ്ങിയതായിരുന്നു. കോയമ്പത്തൂർ ഏതോ എൻജിനിയറിങ് കോളേജിൽ പഠിക്കുകയാണ്. പെട്ടെന്ന് തന്നെ ഞങ്ങൾ കൂട്ടാവുകയും ചെയ്തു.
ഓട്ടോയിലോ ബസിലോ പോയാൽ ആരെങ്കിലും കാണും എന്നതുകൊണ്ട് ടാക്സിയിൽ എന്നെ ഞാനും കരുതിയുള്ളൂ. പൊള്ളാച്ചി, ഊട്ടി, മേട്ടുപ്പാളയം, പാലക്കാട്, മധുര തുടങ്ങി പലയിടത്തും അവരെനിക്ക് ട്രിപ്പ് തന്നിരുന്നു.
കുട്ടികളുടെ പ്രണയം എന്നെ ഞാൻ കരുതിയുള്ളൂ, പക്ഷെ ഒരുദിവസം അവർ എന്നെക്കാണാൻ വന്നത് കോയമ്പത്തൂരുള്ള ഒരു ഇല്ലീഗലായി അബോർഷൻ നടത്തുന്നിടത്തേക്ക് പോവാനായിരുന്നു. അറിഞ്ഞപ്പോൾ ഞാൻ കുറെ എതിർത്തെങ്കിലും അവർ സമ്മതിച്ചില്ല. "
"ഇതാണല്ലേ കയ്യിലിരിപ്പ് പിള്ളാരുടെ "
"ഏയ് അവർക്കുവേണ്ടിയല്ല, അവരുടെ മറ്റൊരു സുഹൃത്ത്. തനി നാട്ടിൻപുറത്തുകാരി പെണ്ണ്. അടുത്ത വീട്ടിലെ പയ്യനാണ് കക്ഷി. വീട്ടുകാരറിയാതെ പ്രണയിച്ചു അവസാനം മനസ്സും വയറും നിറഞ്ഞെത്തിയ കൂട്ടുകാരിയെ സഹായിക്കാൻ വന്നവർ. "
"എന്നിട്ടോ ?"
"അബോർഷൻ നടത്തേണ്ട സമയമൊക്കെ കഴിഞ്ഞതുകൊണ്ട് മറ്റുവഴിയില്ലാതെ തിരികെ വരേണ്ടിവന്നു. പക്ഷെ അവൾ എന്റെ പ്രിയപ്പെട്ട മാഷിന്റെ മോളായിരുന്നു. കഷ്ടപ്പാടുണ്ടായിരുന്ന സമയത്ത് ഒരുപാട് സഹായിച്ചകുടുംബം, അതൊരു വേദനയായി മനസ്സിൽ കയറി.
അതിനിടയിൽ രണ്ടുപേരുടെയും വീട്ടിലറിഞ്ഞു പ്രശ്നമായപ്പോൾ എന്തുവന്നാലും പ്രണയം കൈവിടില്ല പറഞ്ഞവർ തമ്മിൽ പിരിഞ്ഞു.
വീട്ടുകാരും അഭിമാനം നോക്കി പുറത്ത് പറഞ്ഞില്ല. അവസാനം പാലക്കാട് വെച്ചായിരുന്നു അവളുടെ പ്രസവം. കുഞ്ഞിനെ അന്നുതന്നെ അനാഥാലയത്തിന് കൈമാറി. ഇതിനിടയിൽ ഇവരുടെ പ്രണയത്തിനുവേണ്ടി ആത്മാർത്ഥമായി കൂട്ടുനിന്നവർ പുറത്തുമായി.അല്ലെങ്കിൽ വീണ്ടും അവരെ ഒന്നിപ്പിക്കാൻ ശ്രമിച്ചാലോ എന്ന് വീട്ടുകാർക്ക് തോന്നിക്കാണണം "
ആരൊക്കെയോ പറഞ്ഞറിഞ്ഞു ആ കുട്ടികൾ അനാഥാലയത്തിലെത്തി ആ കുഞ്ഞിനെ കാണുമായിരുന്നു . അപ്പോ എന്നെയും വിളിക്കും, പഠിപ്പൊക്കെ കഴിഞ്ഞു ജോലിയായപ്പോൾ അവർ വരാതെയായി, പക്ഷെ എനിക്കെന്തോ പോവാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ ഇടയ്ക്കിടെ പോകുമായിരുന്നു. ആ സംഭവമെല്ലാം കഴിഞ്ഞിട്ട് മൂന്നര വർഷമായി.

മാഷിന്റെ മോളും അവനും ഒന്നും നടക്കാത്തപോലെ വിവാഹിതരായി,ഏതൊ നിരപരാധികൾ പോയകാലം അറിയാതെ അവരുടെകൂടെ ജീവിക്കാൻ തുടങ്ങി. കൂട്ടുകാരുടെ വിവരം അറിയില്ല, ഞാൻ ഓട്ടോ വാങ്ങി ഇങ്ങോട്ടും പോന്നു "
"പ്രണയം വേണം, പക്ഷെ ഇതുപോലെ അനാഥജന്മങ്ങളെ സൃഷ്ടിക്കാനാവരുത് "
"ഉം.... അവന്റെ അമ്മയും അച്ഛനും നാട്ടിലെ വലിയ കുടുംബങ്ങളിലെയാ, അവർ പട്ടുമെത്തയിൽ കിടന്നുറങ്ങുമ്പോൾ ആ കുഞ്ഞിവിടെ തറയിൽ വിരിച്ചും, അവർ കൂട്ടിന് ആളെ കണ്ടെത്തിയപ്പോൾ അവൻ കീറപ്പുതപ്പിൽ അഭയം തേടിയും, അവർ ഭക്ഷണം വലിച്ചെറിയുമ്പോൾ അവൻ അത് പെറുക്കിയെടുത്തും അവർ പ്രണയിക്കുമ്പോൾ അവൻ അനാഥനായും ജീവിക്കുന്നു.
പനിച്ചു കിടന്നാൽ കൂട്ടിരിക്കാനും, വീണുപോയാൽ പിടിച്ചെഴുന്നേൽപ്പിക്കാനും അവനാരുമില്ല.
അവൻ മാത്രമല്ല വിദ്യ ഇവിടെയുള്ള പത്തൊൻപത് കുട്ടികൾക്കും പറയാനുള്ളത് ഒരേ കഥയാണ് "തന്റേതല്ലാത്ത കാരണങ്ങളാൽ നിഷേധിക്കപ്പെട്ട നീതിയുടെ ".
"അത്ര കുട്ടികളെ ഉള്ളൂ "
"ഉം.... അനാഥാലയത്തിൽ അംഗസംഖ്യ കൂടുമ്പോൾ അതൊരു സമൂഹത്തിന്റെ അധഃപതനമാണ് എന്ന് മറക്കണ്ട "
അനാഥാലയത്തിന്റെ വണ്ടിയിൽ നിന്നും സന്തോഷത്തോടെ കൈകളിൽ കവറുമായി ഇറങ്ങിയ കുട്ടികളെ നോക്കി ഞങ്ങൾ കുറച്ചുനേരം നിന്നു.
മനുഏട്ടനെ കണ്ടപ്പോൾ പ്രിയപ്പെട്ടവനേ പോലെ ചുറ്റും കൂടി, ഒരു കുട്ടി അടുത്തുവന്നു മണത്തുനോക്കിയിട്ട് "ബിരിയാണി " ?
"കണ്ടുപിടിച്ചല്ലേ ?"
"കളർ ബോക്സ് കൊണ്ടുവന്നോ ?"
പോക്കെറ്റിൽ നിന്നും ചെറിയൊരു വാട്ടർ കളർ ബോക്സ് എടുത്ത് കയ്യിൽ കൊടുക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു " ഇങ്ങളും പറ്റിക്കും ന്ന് കരുതി ഞാൻ. താങ്ക്യൂ "
രാഹുലിനെ കാണിക്കുമ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി ഇത്രയും ഓമനത്തമുള്ള കുഞ്ഞിനെ എങ്ങനെ ആ വീട്ടുകാർ ഉപേക്ഷിച്ചു. അവന്റെ കൊച്ചുവർത്തമാനം കേട്ടിരിക്കുമ്പോൾ ആരുമല്ലാതിരുന്നിട്ടും എന്റെ മനസ്സുപോലും നിറഞ്ഞു.
"വീണ് പൊട്ടിയ കാലിലെ സ്റ്റിച്ചിട്ട വേദന വകവയ്ക്കാതെ അവനും ഭക്ഷണം കഴിക്കാനുള്ള ബെല്ലടികേട്ടപ്പോൾ ഓടിയും വീണും പോവുന്നു. ഇത്രചെറുപത്തിൽ സ്വന്തംകാര്യം നോക്കാനാവൻ പ്രാപ്തനായിരിക്കുന്നു.

"നിനക്ക് സമ്മതമാണെങ്കിൽ നമുക്കൊരു കുട്ടിയെ കൊണ്ടുപോവാം. ആരെയായാലും നീ പറയുമ്പോലെ "
ഞാൻ കുട്ടികളെ മാറി മാറി നോക്കി, എന്റേതാക്കാൻ പറ്റിയ മുഖത്തിനായി. പിന്തിരിഞ്ഞപ്പോൾ ചോദ്യം വന്നു
"ആരെയും ഇഷ്ടപ്പെട്ടില്ല ? "
"അതല്ല ഏട്ടാ എനിക്കെല്ലാവരെയും വേണമായിരുന്നു. കുട്ടികളെ ഇഷ്ടപ്പെടാൻ കാരണങ്ങൾ വേണ്ടല്ലോ... "
പ്രണയത്തിന്റെ അന്നുവരെ അറിയാത്ത പാഠങ്ങൾ ആ കുരുന്നുമുഖങ്ങളിലൂടെ ഞാൻ കണ്ടു. ഇനിയുമൊരഥിതി കൂടെ അവിടെയെത്താതിരിക്കട്ടെ എന്ന പ്രാർത്ഥനമാത്രമേ ഉണ്ടായുള്ളൂ അവിടെനിന്നിറങ്ങുമ്പോൾ, പ്രണയം അവസാനിക്കപ്പെട്ടിടത്തുനിന്നും അതിനെ കണ്ടെത്തിത്തുടങ്ങണം.ഒരുകൂട്ടം കുഞ്ഞുങ്ങളുടെ സ്നേഹത്തേവച്ചും മറ്റെന്ത് സമ്മാനം വേണം...
എങ്കിലും എനിക്കറിയാം നാളത്തെ തലമുറയെ അനാഥരാക്കാനായി എവിടെയെക്കൊയോ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്നു
ഏതൊക്കെയോ നിസ്സാഹായരായ പെണ്ണിന്റെ മാനം വഴിയരികിൽ ചീന്തപ്പെടുന്നു
അപ്രതീക്ഷിതമായ അപകടങ്ങൾ,
മരണങ്ങൾ,
പ്രകൃതി ദുരന്തങ്ങൾ
പ്രണയങ്ങൾ,
ജനിതകവൈകല്യങ്ങളോടെയുള്ള ജനനങ്ങൾ ഓരോ നിമിഷവും ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു... !!!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...