Thursday 17 August 2017

നിർഭാഗ്യവാനായ മനുഷ്യൻ



"നീയെന്റെ ഫ്രണ്ടാണെങ്കിൽ എന്നോട് മാത്രം മിണ്ടിയാൽ മതി . ആ സന്ധ്യയോട് മിണ്ടണ്ട "

 അവളുടെ വാക്കുകൾ പതിവിലും ദേഷ്യത്തോടെയായിരുന്നു . അതിനുശേഷം അവളോടല്ലാതെ മറ്റാരോടും കാര്യമായി അടുത്തിരുന്നില്ല .  പ്ലസ്ടു പോലും എന്നെപ്പിരിയാൻ വയ്യാത്തോണ്ട് നല്ല മാർക്കുണ്ടായും എനിക്കുകിട്ടിയ വിഷയം  തന്നെയെടുത്ത് അവളൊപ്പമുണ്ടായിരുന്നു .

"എനിക്ക് ടീച്ചറാവാനാണ് ആഗ്രഹം ,അതിനേത് വിഷയമെടുത്താലും പ്രശ്നമില്ല "

എന്നായിരുന്നു അവളുടെ മറുപടി .



"എന്നിട്ട് "


ടേബിളിന് മുന്നിലിരിക്കുന്ന എന്നെപ്പോലെ അവളും ടെൻഷനിലാണെന്നു ആ മുഖം കണ്ടാലറിയാം .


"ചിലപ്പോഴൊക്കെ അവളുടെ ഈ സ്വാർത്ഥത എനിക്ക് അരോചകമായി തോന്നാറുണ്ടെങ്കിലും , എന്ത് പ്രതിസന്ധിയിലും ഉള്ള അവളുടെ കൂട്ട്  എനിക്ക് പ്രധാനമായിരുന്നു . സൗഹൃദം എന്ന വാക്കിന് എനിക്ക് പറയാൻ ഒരു ഡെഫിനിഷനെ ഉള്ളൂ ,അതവളാണ് .


സാഹചര്യങ്ങൾ തീർത്ത ഒറ്റപ്പെടലിൽ നിന്നും രക്ഷതേടാൻ അവൾ കണ്ടെത്തിയ സന്തോഷമായിരുന്നു ഞങ്ങളുടെ സൗഹൃദം , എന്റെ ചെറിയ ചെറിയ മോഹങ്ങൾപോലും സാധിച്ചുതരാൻ അവൾ കാണിച്ച ശ്രദ്ധ , എന്റെ എല്ലാ വേദനയിലും അവളുടെയും കണ്ണ് നിറയാറുണ്ടെന്നും എനിക്ക് തോന്നിയിട്ടുണ്ട് "


"എന്നിട്ടെന്താണ് നിങ്ങൾ തമ്മിൽ വിള്ളലുണ്ടാവാൻ കാരണം "


"ഡിഗ്രി കഴിഞ്ഞതും എന്റെ വിവാഹം ഉറപ്പിച്ചു , അതറിഞ്ഞപ്പോൾ എന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് അവളാണ് . പക്ഷെ വിവാഹമടുക്കുംതോറും തിരക്കുകളും ഹരിയേട്ടന്റെ കടന്നുവരവും ഞങ്ങൾതമ്മിൽ ഉള്ള അടുപ്പം  കുറഞ്ഞുവരുന്നതിന് കാരണമായി .


ഇതൊക്കെ ജീവിതത്തിൽ സഹജമാണെന്ന് അവൾതന്നെ സമാധാനിപ്പിക്കുമ്പോഴും ഞാനറിഞ്ഞില്ല അവളുടെ മാനസികാവസ്ഥയിൽ ഉണ്ടായിത്തുടങ്ങിയ മാറ്റം .

വിവാഹസമയത്തൊക്കെ അവളൊരുപാട് ടെൻഷനടിക്കുന്നതും വേദനിക്കുന്നതും കാണാറുണ്ടെങ്കിലും കാര്യമാക്കിയിരുന്നില്ല  . വിവാഹത്തിനുശേഷം മുടങ്ങാതെ വരുന്ന കോളുകൾ ഹരിയേട്ടന്റെ വീട്ടുകാർക്ക് സംശയത്തിനും ക്രമേണ വഴക്കിടാനും കാരണമായി "


"അതെന്താ  ? "

"ചിലപ്പോൾ ലെസ്ബിയൻസ് ആണെന്ന് അവർ തെറ്റിദ്ധരിച്ചിരിക്കും എന്നാണ് ഹരിയേട്ടൻ പറഞ്ഞത് . പക്ഷെ ഞങ്ങൾ തമ്മിൽ നല്ല സുഹൃത്‌ബന്ധം മാത്രമായിരുന്നു "



"ഡോക്ടറെ എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് വിവാഹം കഴിഞ്ഞുവന്നശേഷം അവൾക്കെന്നോട് താല്പര്യമില്ലാത്തത് ഇങ്ങനെന്തെങ്കിലും കാരണം കൊണ്ടാവുമെന്ന് "


"എന്നാൽ  നീതുവിനെ ശരിക്കും മനസ്സിലാക്കിയിട്ടില്ല രാജേഷ് "


"കഴിഞ്ഞ നാലുമാസമായി നീതു എന്റെ ചികിത്സയിലാണ് , പലതരത്തിലും അവളുടെ മനസ്സറിയാൻ  ശ്രമിച്ചെങ്കിലും ഫലമില്ലാത്തത് കൊണ്ടാണ് അവളുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിപ്പിച്ചത് .
ലേഖ പറഞ്ഞതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് നീതു പണ്ടുമുതലേ ചില കാര്യങ്ങളോട് അതിരുകവിഞ്ഞ അടുപ്പവും , മറ്റുള്ളവയോടു താല്പര്യമില്ലായ്മയും പ്രകടിപ്പിക്കുന്ന ക്യാരക്റ്റർ , സെന്റിമെന്റൽ പെട്ടെന്ന് ഫീലാകും , അതുകൂടാതെ ഒറ്റപ്പെടുന്നതായി എപ്പോഴും ചിന്തിക്കുക  , വളരെ കുറച്ചുപേരോടുമാത്രം പരിധിയിൽകവിഞ്ഞ അടുപ്പം സൂക്ഷിക്കുക . ഇറ്റ്സ് എ ടൈപ്പ് ഓഫ് പേഴ്സണാലിറ്റി ഡിസോർഡർ ,പാരനോയിയ ഗണത്തിൽ പെടുത്താം .   ഇനിയെന്തെങ്കിലും ലേഖയ്ക്ക് പറയാൻ ഉണ്ടോ ? "


"ഇല്ല . വിവാഹശേഷം ഭർത്താവിനും അവരുടെ വീട്ടുകാർക്കും വേണ്ടി നഷ്ടപ്പെടുത്തുന്ന സൗഹൃദങ്ങൾ ജീവിതത്തിൽ ഏറ്റവും വലിയ ഭാരമായി മനസ്സിൽക്കിടക്കുമെന്നു തിരിച്ചറിയുന്നു .അവളെ പഴയപോലെ എനിക്ക് തിരിച്ചുവേണം , അവളുടെ നല്ല കൂട്ടുകാരിയാണ് എനിക്ക് ജീവിക്കണം സർ  "


"ഇനി രാജേഷിനെന്താണ് പറയാനുള്ളത് ?"


"എന്റെ ജീവിതത്തിൽ ഞാനൊട്ടും ആഗ്രഹിക്കാതെയെത്തിയ അഥിതിയാണ് നീതു . വിവാഹം വേണമെന്നുണ്ടായിരുന്നെങ്കിലും എന്റെ സങ്കൽപ്പത്തിൽ നീതുവിനെ പോലൊരു പെണ്ണുണ്ടായിരുന്നില്ല .

പിന്നെ നിശ്ചയം ഒക്കെ കഴിഞ്ഞപ്പോൾ കരുതി എന്തായാലും കിട്ടിയ പെണ്ണിനേയും കെട്ടി ജീവിക്കാമെന്ന് . പക്ഷെ അപൂർവ്വമായെത്തുന്ന എന്റെ കോളുകൾക്ക് പോലും അവൾ താല്പര്യമില്ലാതെയാണ് മറുപടി തന്നിട്ടുള്ളത് . ഞാൻ കുറെ ചോദ്യങ്ങളുണ്ടാക്കി അവളെക്കൊണ്ട് നിർബന്ധിച്ചു ഉത്തരം പറയിക്കും പോലെ . കെട്ടാൻപോകുന്ന പെണ്ണിന്റെ സ്വാർത്ഥത അറിയാൻ ജോലിസ്ഥലത്തെ പല ബന്ധങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു .

 എന്നിട്ടും ഇതൊന്നും എന്റെ വിഷയമല്ല എന്ന രീതിയിലായിരുന്നു അവളുടെ മറുപടി . അവളൊരിക്കലും സ്വന്തം സ്നേഹമോ വിലയോ അറിയിക്കാനോ ഞാനുമായി അടുക്കാനോ ശ്രമിച്ചതുമില്ല . വിവാഹംപോലും ആരോ നിർബന്ധിച്ചു ചെയ്യിക്കുമ്പോലെയായിരുന്നു ."


"എന്നിട്ട് ?"



" വിവാഹം കഴിഞ്ഞശേഷം അവൾ ഉത്തമയായ വീട്ടമ്മയായിരുന്നു  , കാലത്തെ എഴുന്നേൽക്കലും വീട്ടുജോലികൾ ചെയ്യുന്നതും പക്ഷെ അധികമാരോടും മനസ്സുതുറന്ന് അടുത്തില്ലെന്ന് മാത്രം . പിന്നെ എനിക്കും ആ താല്പര്യം പോയതുകൊണ്ട് ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ ഒരുകട്ടിലിൽ സഹവസിച്ചു , നോട്ടം കൊണ്ടുപോലും ഭർത്താവിന്റെ
സ്പർശനം അവൾക്കാവശ്യമില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ ഒന്നിനും ശ്രമിച്ചുമില്ല . മുറിയിലെത്തിയാൽ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കും , അത് തീരുമ്പോൾ എന്റെ ലാപ്പിൽ ഓൺലൈൻ വായന . ഉറക്കം വരുമ്പോൾ എന്നോടൊരു താങ്ക്യൂ ,ഗുഡ് നൈറ്റ് .


ഞാനും മനുഷ്യനല്ലേ ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ , ആദ്യം വെറുതെ ഒരുരസത്തിനു ഓൺലൈൻ സെക്സ് ചാറ്റിങ്  അവളെ കാണിക്കാനായി മാത്രം , അത് സംസാരത്തിലേക്ക് കടന്നിട്ടും അവൾ ശ്രദ്ധിച്ചില്ല .  അപ്പോൾ എനിക്കും വാശിയായി ഒരുപാട് ബന്ധങ്ങൾ എനിക്കുണ്ടായി ,അല്ലെങ്കിൽ അവൾക്കെല്ലാം അറിഞ്ഞിട്ടും "എന്തോ ആയിക്കോളൂ " എന്ന മട്ടിലായിരുന്നു പെരുമാറ്റം .

 നേരം വെളുക്കുമ്പോൾ വീടെത്തിത്തുടങ്ങിയ നാളുകളിൽ

" എന്താ വൈകിയത് ?"

എന്ന ചോദ്യത്തിന് ഈ ബന്ധങ്ങളുടെ പേരുപറഞ്ഞപ്പോഴും അവൾ എതിർത്തില്ലെന്ന് മാത്രമല്ല "വീട്ടിലാരും അറിയണ്ട " എന്നുപദേശിച്ചു . പിന്നെ ചിലപ്പോൾ വരാതിരുന്നപ്പോഴും ഓരോ കാരണം പറഞ്ഞു വീട്ടുകാരുടെ മുന്നിൽ നിന്നും രക്ഷിച്ചെടുത്തതും അവളായിരുന്നു .

ഒരു കുഞ്ഞിനെപ്പോലെ എന്റെ ക്ഷീണങ്ങളിൽ അവൾ പരിപാലിച്ചു ഒരു ഭർത്താവ് എന്ന പരിഗണന ഒഴികെ മറ്റെല്ലാം നൽകി. ചിലപ്പോഴൊക്കെ കുറ്റബോധം തോന്നുമായിരുന്നു അവളോട് , മറ്റുള്ളപ്പോൾ വാശിയും .

അങ്ങനെ മുന്നോട്ട് പോകുന്നതിനിടയ്ക്കാണ് രമ്യ എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് . ആദ്യമാദ്യം സംസാരം , പതിയെപ്പതിയെ സൗഹൃദത്തിൽ തുടങ്ങി പരസ്പരം അകലാൻ കഴിയാത്ത ബന്ധമായി അത് വളർന്നു .ഞങ്ങൾതമ്മിലുള്ള സംസാരം പുലരുംവരെ തുടരുമ്പോഴും അവൾ എല്ലാം അറിഞ്ഞോ ഇല്ലയോ എന്നുപോലും ഞാൻ തിരക്കിയില്ല .

 രമ്യ ഡിവോഴ്സ് കഴിഞ്ഞിരിക്കുകയാണ് ഞാനും ഏതാണ്ട് സമാനാവസ്ഥയിൽ . അവസാനം നീതുവിനെ ഡിവോഴ്സ് ചെയ്യാൻ തന്നെ തീരുമാനിച്ചു
നീതുവിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ആദ്യമായി അവളെന്നോട് ദേഷ്യപ്പെട്ടു .

പക്ഷെ അപ്പോഴേക്കും രമ്യ മനസ്സിൽ കേറിയതുകൊണ്ട് പിന്നീടുള്ള ദിവസങ്ങൾ ബെഡ്‌റൂം അങ്കത്തട്ടുപോലെയായി . എന്നെ അവൾക്ക് വേണ്ട , അവൾക്ക് ആരോടും താല്പര്യവുമില്ല . പിന്നെന്തിനാണ് എന്റെ ഭാര്യയെന്ന പേരിൽ ശല്യം ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായില്ല.


ഒരു ദിവസം വീട്ടിൽ ആരുമില്ലാത്തതിനാൽ പതിവിൽ കൂടുതൽ മദ്യപിച്ചിരുന്നു ,  രമ്യ എന്തോ തിരക്കിലായതിനാൽ അന്ന് ഫോൺ ചെയ്തുമില്ല . മുറിയിലെത്തുമ്പോൾ നീതു ഉറങ്ങിയിരുന്നു . എന്തോ ആവേശത്തിൽ ആദ്യമായി അവളെ എന്റേതാക്കി , പിറ്റേന്ന്  എന്റെ ഭാര്യയാണെങ്കിലും അവളോടിങ്ങനെ പെരുമാറിയതിൽ വിഷമം തോന്നിയിരുന്നു . എന്നാൽ അവളൊന്നും സംഭവിക്കാത്തപോലെയാണ് പെരുമാറിയത് .പക്ഷെ പിന്നീട് കുറച്ചുദിവസം കഴിഞ്ഞപ്പോൾ നീതു ഡൈവോഴ്‌സിന് സമ്മതിച്ചു .


വൈകാതെ ജോയിന്റ് പെറ്റിഷൻ ഞങ്ങൾ ഫയൽ ചെയ്തു .ആ ദിവസം അവൾ വീട്ടിൽ നിന്നും പോയി . ഞാൻ അതത്ര കാര്യമാക്കിയില്ലെങ്കിലും എഴുന്നേൽക്കുമ്പോൾ ഉള്ള ഗുഡ് മോർണിംഗ് മുതൽ എന്റെ ദിവസങ്ങൾ മുഴുവൻ ഞാനറിയാതെ ചേർത്തുവെച്ച അവളുടെ സാന്നിധ്യത്തെ മിസ് ചെയ്യാൻ തുടങ്ങി


 രമ്യയുടെ സാന്നിധ്യം നീതുവിനെ മറക്കാൻ കാരണമായെന്നും പറയാം , അവൾ പോയതിനുശേഷമുള്ള ദിവസങ്ങൾ എന്തിനെന്നറിയാതെ ഞാൻ ആഘോഷിക്കുകയായിരുന്നു . ഹിയറിങ്ങിന് വിളിക്കുമ്പോഴും അവൾ പതിവുപോലെ സൗമ്യമായി തന്നെ പെരുമാറി .

പക്ഷെ ഏതാണ്ട് ഒരുമാസത്തോളമായപ്പോൾ രമ്യയുടെ പലബന്ധങ്ങളും തിരിച്ചറിയാൻ തുടങ്ങി സ്‌നേഹംകൊണ്ടും ശരീരംകൊണ്ടും കണ്ണീരുകൊണ്ടും പലപ്പോഴും അവളെന്നെ തോൽപ്പിച്ചെങ്കിലും അകാരണമായൊരു ശൂന്യത ഞാൻ അനുഭവിക്കാൻ തുടങ്ങി . "

"ആണിന് എന്തുബന്ധവുമാവാം , പക്ഷെ പെണ്ണിനൊരിക്കലും അങ്ങനെയൊന്നും പാടില്ലെന്നുള്ളതിലെന്ത് യുക്തിയാണുള്ളത് രാജേഷേ ?"

"ശരിയാവും സാർ , പക്ഷെ അംഗീകരിക്കാനൊരു മടി . "

"എന്നിട്ട് ?"


"വിവാഹശേഷം ഒരിക്കൽപ്പോലും എന്നെ വിളിക്കാത്ത നീതു ഒരിക്കൽ എന്നെ വിളിച്ചു .

"രാജേഷേട്ടാ എനിക്കെന്താ പറയേണ്ടതെന്നറിയില്ല . ഇത്രനാളും സംശയമായിരുന്നു . ഇപ്പോൾ മനസ്സിലായി ഞാൻ ഒരമ്മയാകാൻ പോകുന്നു , ഇത് മൂന്നാമത്തെമാസം തുടങ്ങുകയാണ് . താങ്ക്സ് എ ലോട്ട് ..."

അത്രമാത്രം . ഡിവോഴ്‌സിനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഭാര്യ വിളിച്ചു ഗർഭിണിയാണെന്ന് പറയുന്ന വിഷമം ഉണ്ടായെങ്കിലും , അവൾക്കെങ്കിലും നല്ല ജീവിതം കിട്ടിയതിൽ ആശംസ മനസ്സുകൊണ്ട് പറഞ്ഞു . മനുഷ്യജീവിതത്തിൽ നിരാശാബോധം എത്രമാത്രം ജീവിതത്തെ താറുമാറാക്കുമെന്ന് ഞാനറിയുകയായിരുന്നു .

പിറ്റേന്ന് ഭക്ഷണം വിളമ്പുന്നതിനിടയിൽ 'അമ്മ ഓർമപ്പെടുത്തി " സരയൂന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസം കഴിഞ്ഞു. ഇവിടെത്തെ പ്രശ്നങ്ങൾ കാരണം ഇന്നുവരെ വിരുന്നിന് വിളിച്ചിട്ടുമില്ല ."

അതൊരു ഞെട്ടലായിരുന്നു എനിക്ക്

" എത്രമാസം ?"

"മൂന്നാമത്തെ "

അത്രനേരം നീതുവിനെ സംശയിച്ചതിൽ കുറ്റബോധം തോന്നി . അന്ന് വീട്ടിലെല്ലാവരും കല്യാണത്തിന് പോയപ്പോൾ സംഭവിച്ച കൈപിഴ അവളുടെ വയറ്റിൽ വളർന്നു തുടങ്ങിയിരിക്കുന്നു .

ജീവിതത്തിന് പുതിയ അർഥങ്ങൾ വന്നിരിക്കുന്നു .അപ്പോൾത്തന്നെ നീതുവിനെ തിരികെ വിളിച്ചെങ്കിലും മറുപടിയില്ലായിരുന്നു .

"എന്താടാ നിനക്ക് പ്രാന്തുപിടിച്ചോ ?"

"ഇങ്ങനെ പോയാ ആവും ..... നീതു രണ്ടുമാസം പ്രഗ്നൻറ് ആണമ്മേ ...എനിക്കെന്താ ചെയ്യേണ്ടതെന്നറിയുന്നില്ല "

"നല്ലൊരു പെണ്ണായിരുന്നു . അതിനെ പറഞ്ഞുവിട്ടിട്ട് മോങ്ങാൻ നിൽക്കുന്നു . വിവരംകെട്ടവൻ "

 പൂട്ടിക്കിടന്ന അവളുടെ വീടും , ഒരുതരത്തിൽ അന്വഷിച്ചിട്ടും അവളിലെത്താൻ കഴിയാത്തതും എന്നെയൊരു ഭ്രാന്തനാക്കുമോയെന്ന് തോന്നി  . എന്റെ കുഞ്ഞവളുടെ വയറ്റിൽ ഉള്ളതുകൊണ്ട് മാത്രമല്ല അല്ലാതെതന്നെ ഞാനവളെ സ്നേഹിക്കുകയായിരുന്നെന്ന് തിരിച്ചറിഞ്ഞതപ്പോഴാണ്  .  .
രമ്യ എല്ലാം ഉപേക്ഷിച്ചു ജീവിതത്തിലേക്ക് വരാമെന്ന് സമ്മതിച്ചപ്പോഴും  എനിക്കവളെ സ്വീകരിക്കാൻ സാധിച്ചില്ല .

പിന്നീട്  ഞങ്ങളുടെ വെഡിങ് ഫോട്ടോസും,  ഡി വി ഡിയും  എത്രതവണ കണ്ടിരുന്നെന്നറിയില്ല , അവൾ അവിടെ ജീവിച്ചിരുന്നെന്നും ആ മുറിയിലപ്പോഴും അവളുടെ ഗന്ധമുണ്ടെന്നും ഞാൻ തിരിച്ചറിയുകയായിരുന്നു .

"ഇപ്പൊ എല്ലാം കൂടെ കയ്യിലൊതുങ്ങില്ല ഹിയറിങ്ങിന് വരുമ്പോ നിങ്ങൾ കൊണ്ടോന്നാൽ മതി " എന്നേല്പിച്ചു വൃത്തിയായി മടക്കിവെച്ച അവളുടെ വസ്ത്രങ്ങൾ ,"

അടുത്തായി അമ്മയുടെ വൃത്തിയില്ലായ്മയിൽ അലക്കികൊണ്ടുവച്ച എന്റെ വസ്ത്രങ്ങൾ അവളുള്ളപ്പോൾ കാണാൻ തന്നെ എന്ത് രസമായിരുന്നു .

ഞങ്ങൾ രണ്ടുപേരും ഒരിക്കലും എടുത്തുനോക്കാത്ത വെഡിങ് ഫോട്ടോ ടേബിളിൽ എന്നെ നോക്കി പുഞ്ചിരിക്കുന്നു .പലതവണ വലിച്ചെറിഞ്ഞിട്ടും പൊട്ടാത്ത ഫ്രെയിം ഇട്ടവർക്ക് മനസ്സാൽ നന്ദി പറഞ്ഞു


അവൾ ഒരുവർഷത്തോളം പങ്കുവെച്ചെടുത്ത ബെഡ് , എത്രയോ രാത്രികളിൽ അവളുടെയുറക്കം നോക്കിയിരുന്നിട്ടുണ്ട് ഞാൻ

അവളെ ഞാനാണോ മനസ്സിലാക്കാൻ ശ്രമിക്കാത്തത് അവൾ എന്നെയാണോ എന്നത് ഉത്തരമില്ലാത്ത ചോദ്യം പോലെ മനസ്സിനെ കുത്തി നോവിക്കുന്നു , ഒന്നുമാത്രം അറിയാം ഒരിക്കലും താനും അവളുടെ സാന്നിധ്യം ആസ്വദിക്കാൻ ശ്രമിച്ചില്ലായിരുന്നു .

അവൾ വായിച്ചുവെച്ച പുസ്തകങ്ങളുടെ ഇടയിൽനിന്നും അവളെപ്പോഴൊക്കെയോ കുത്തിക്കുറിച്ച ഡയറി കിട്ടുംവരെ അവളെ എനിക്കറിയില്ലായിരുന്നു എന്തുകൊണ്ടാണ് അവളിങ്ങനെയെന്ന് "



"എന്തായിരുന്നു രാജേഷ് അതിൽ ?"


" ലോകത്തിലേറ്റവും നിർഭാഗ്യവാനായ മനുഷ്യൻ ഞാനാവും എന്നായിരുന്നു ഇത്രനാളത്തെ ധാരണ പക്ഷെ അല്ലെന്ന് ഈ വിവാഹത്തോടെ മനസ്സിലായി ലോകത്തിലെ ഏറ്റവും  നിർഭാഗ്യവാനായ മനുഷ്യനാണ് എന്നെ വിവാഹം ചെയ്തിരിക്കുന്നത് "


സത്യത്തിൽ ഞെട്ടിപ്പോയി . വായിച്ചുകഴിയുമ്പോൾ നീതു എന്റെമനസ്സിൽ അവളുടെസ്ഥാനം ഉറപ്പിക്കുകയായിരുന്നു ,

ജനിച്ചപ്പോൾ മുതൽ അത്യാവശ്യം കൊള്ളാവുന്ന ചുറ്റുപാടിൽ ജനനം , പക്ഷെ ചെറുപ്പത്തിലേ അവളെ ഉപേക്ഷിച്ചുപോയ അച്ഛനും രണ്ടാം വിവാഹം ചെയ്ത അമ്മയും കുഞ്ഞുമനസ്സിനെ തളർത്തി . കിട്ടേണ്ടസമയത്ത് നിഷേധിക്കപ്പെട്ട സ്നേഹത്തിനായി അവൾ മോഹിച്ചുകൊണ്ടിരുന്നു , അങ്ങനെയാണ് ലേഖയെ സുഹൃത്തായി കിട്ടുന്നതും ,ലേഖയുടെ സാന്ത്വനിപ്പിക്കലിൽ അവളുടെ ദുഃഖം മറക്കുന്നതും .

അവൾ വളരുന്നതിനൊപ്പം ശാരീരിക അതിക്രമങ്ങൾ പല ഇടത്തുനിന്നും ഉണ്ടായി , അതെല്ലാം അവളെ തളർത്തുമ്പോഴും ലേഖയുടെ വീടും , സ്‌കൂളും കോളേജിലും ഒക്കെയായി അവൾ വിഷമങ്ങൾ മറന്നു .

പക്ഷെ ലേഖയുടെ വിവാഹം കഴിഞ്ഞതോടെ ആകെയുണ്ടായിരുന്ന കൂട്ടുകൂടി പോയപ്പോൾ അവൾ വീണ്ടും ഒറ്റപ്പെട്ടു . പിന്നെ ലേഖവന്നത് കയ്യിലൊരു കുഞ്ഞുമായാണ് .

ഭർത്താവിന്റെ വീട്ടിലേക്ക് പോകുംവരെയും ആ കുഞ്ഞിനെ കാണാൻ നീതു പോകുമായിരുന്നു , ലേഖയും കുഞ്ഞും പോയപ്പോൾ വീണ്ടും ഏകാന്തത അവളെ പിടികൂടി . തനിക്കൊരു കുഞ്ഞുണ്ടായാൽ അതൊരിക്കലും തന്നെവിട്ട് പോവില്ലെന്ന തിരിച്ചറിവ് നീതുവിൽ ഉണ്ടായതപ്പോഴാണ് .


അനാഥാലയങ്ങൾ മുടങ്ങാത്തെ കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം.
ഭർത്താവില്ലാതെ കുഞ്ഞിന് ജന്മം കൊടുക്കാൻ പലവഴിയും നോക്കിയെങ്കിലും നടന്നില്ല , .

 മൂടിക്കെട്ടിയ മകളുടെ സ്വഭാവത്തിൽ പേടിച്ച അമ്മ അവളെ മനഃശാസ്ത്രജ്ഞനെ കാണിച്ചു . അയാളുടെ നിർദേശപ്രകാരമായിരുന്നു ഞങ്ങൾ തമ്മിലുള്ള വിവാഹത്തിനവൾ സമ്മതിച്ചത് , വിവാഹം കഴിഞ്ഞാൽ കുഞ്ഞുണ്ടാവും എന്ന കാരണം കൊണ്ടുമാത്രം പക്ഷെ വിവാഹത്തോടടുത്തപ്പോൾ ആരൊക്കെയോ പറഞ്ഞു അവൾ അന്നത്തെ എന്റെ താല്പര്യമില്ലായ്മ അറിഞ്ഞു .  വിവാഹം കഴിഞ്ഞപ്പോഴും ലേഖയെപ്പോലെ ഞാനും അവളുടെ ബെസ്റ്റ് ഫ്രണ്ടാവുമെന്ന ചിന്ത തെറ്റിയെന്നവൾ മനസ്സിലാക്കി  .


അത്രത്തോളം നിഷ്കളങ്കയും പാവവുമായ പെൺകുട്ടിക്ക് എന്റെ എല്ലാ പ്രവൃത്തിയും അവളോടുള്ള വിധേയത്വമായി തോന്നിയപ്പോൾ എന്റെ താല്പര്യങ്ങൾക്കുവേണ്ടി അവളെപ്പോഴും മൗനം പാലിച്ചു .

ഇനിയൊരു വിവാഹം അവളുടെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന വിശ്വാസത്തിൽ , എപ്പോഴെങ്കിലും അവളെ വിട്ടുപോകാതെ കൂടെനിൽക്കുന്ന കുഞ്ഞുണ്ടാവാനായി അവൾ കാത്തിരുന്നു . ഗർഭിണിയായെന്നു മനസ്സിലായപ്പോൾ ഡിവോഴ്‌സിന് സമ്മതിക്കുകയായിരുന്നു.


പിന്നെ കുഞ്ഞിനെക്കുറിച്ചുള്ള ആഗ്രഹവും പ്രതീക്ഷയും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിലുള്ള നിരീക്ഷണവുമായിരുന്നു അത് മുഴുവൻ . എന്നോടവൾക്കു ഇഷ്ടക്കേടൊന്നുമില്ല , എങ്ങനെയാണ് ഇഷ്ടപ്പെടേണ്ടത് പെരുമാറേണ്ടത് എന്നറിയില്ലായിരുന്നു . അവളുടെ മാനസികവൈകല്യത്തെക്കുറിച്ചു നല്ല ബോധ്യമുള്ളതുകൊണ്ടാവും അവളെ ഏറ്റെടുത്ത ഞാൻ നിർഭാഗ്യവാനും ത്യാഗിയുമായി അവളുടെമനസ്സിൽ നിറഞ്ഞത് . അവളും ആ കുഞ്ഞും മാത്രമുള്ള ലോകത്തെസ്വപ്നം കണ്ടവൾ എല്ലാവരിൽ നിന്നും അകന്നുപോയി , എന്റെ ലാപ്പിലെ ഹിസ്റ്ററിയിൽ നിന്നും മനസ്സിലായി  അവൾ അവസാനസമയങ്ങളിൽ തിരഞ്ഞത് അച്ഛനില്ലാതെ 'അമ്മ വളർത്തിയ മക്കളെ കുറിച്ചായിരുന്നു .


നഷ്ടപ്പെട്ടത് ഏറ്റവും വിലപ്പെട്ട നിധിയായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയി . കുറെ തിരഞ്ഞിട്ടാണ് അവളെ കണ്ടെത്തിയത് പക്ഷെ ഈ അഗതിമന്ദിരത്തിലാവുമെന്ന് പ്രതീക്ഷിച്ചില്ലൊരിക്കലും .അവളെ എനിക്കുവേണം എന്റെ കുഞ്ഞിനേയും "


"ഉം ... നിങ്ങളെ കണ്ടപ്പോൾ അവൾ വൈലന്റായതു കണ്ടില്ലേ , കുഞ്ഞിനെ കൊണ്ടുപോവാൻ അമ്മയെപ്പോലെ അച്ഛനും അവകാശമുണ്ടെന്ന് അവൾ മനസ്സിലാക്കിയിരിക്കുന്നു , നിങ്ങളതിനെ കൊണ്ടുപോയി അവളെ  വീണ്ടും ഒറ്റപ്പെടുത്തുമോ എന്ന പേടിയാണവൾക്ക് .ആ പേടിയിൽ നിന്നും ഉണ്ടായ ഒരുതരം വിഭ്രാന്തി മാത്രമേ ഇപ്പോൾ നീതുവിനുള്ളൂ , റിക്കവർ ആയാലും നീണ്ട വിഷാദരോഗത്തിന്റെ തുടക്കമായിരിക്കുമിത് . പലയിടത്തും കേട്ടിട്ടില്ലേ പ്രിയപ്പെട്ടതിനെ നശിപ്പിക്കുന്ന ഇത്തരം രോഗികളുടെ പ്രവർത്തികൾ ?  "


"എനിക്ക് അവളില്ലാതെ ജീവിക്കാൻ കഴിയില്ല ഡോക്ടർ "


"പേടിക്കണ്ട , എല്ലാം ശരിയാവും അതിന് നിങ്ങളവളെ സ്‌നേഹിക്കുന്നുണ്ടെന്ന് അവൾക്ക് ബോധ്യപ്പെടണം , കുഞ്ഞിന് അച്ഛനോ അമ്മയോ ഒരാൾ പോരാ രണ്ടുപേരും വേണമെന്ന് അവൾക്ക് മനസ്സിലാക്കി കൊടുക്കണം . കൊച്ചുകുട്ടികളെ പോലെയാണ് അവൾ , അതുകൊണ്ടുതന്നെ അവളെ വേദനിപ്പിക്കുന്ന ചെറിയ കാര്യംപോലും ഉണ്ടാവാതിരിക്കാൻ ശ്രമിക്കുക എന്നത് ഭാവിയിൽ രാജേഷിന് വലിയ വെല്ലുവിളിയായിരിക്കും . "

"മനസ്സിലാവുന്നുണ്ട് ഡോക്ടർ , ദൈവം എല്ലാവർക്കും എല്ലാം ഒരുപോലെ കൊടുക്കില്ല . അവൾക്ക് ഇങ്ങനെയൊരസുഖം കൊടുത്തപ്പോൾ ഉദാത്തമായി സ്നേഹിക്കാനുള്ള മനസ്സുകൂടി കൊടുത്തു . അതുമതിയെനിക്ക് "

ആറുമാസത്തെ ചികിത്സയ്ക്കുശേഷം അവളുമായി മാനസികാരോഗ്യകേന്ദ്രത്തിന്റെ പടിയിറങ്ങുമ്പോൾ "ഈ ഭ്രാന്തിയെ മാത്രമേ കിട്ടിയുള്ളൂ" എന്ന പരിഹാസഹങ്ങളെ അതിജീവിക്കാൻ അവളുടെ മനസ്സിൽ ഇപ്പോൾ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഞാനാണ് എന്ന വിശ്വാസം മതിയായിരുന്നു . ഇനിയെനിക്ക് തിരക്കാണ് അവളെയും ചേർത്ത് രണ്ടുകുട്ടികളെ നോക്കേണ്ടേ എനിക്ക് ...!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...