Thursday 17 August 2017

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക്കാരായിരുന്നു എന്ന് കേട്ട് തഴമ്പിച്ചു അയാളോട് തീർക്കാനാവാത്ത ശത്രുതയും കൊണ്ട് നടക്കുന്ന കാലത്താണ് അത് സംഭവിച്ചത് .
ശത്രുതയ്ക്ക് കാരണം എന്തെന്നുവെച്ചാൽ ഇത്തിരികൂടി ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ വിഷൂന് കൈനീട്ടം വാങ്ങാൻ പോകുന്ന ഒരേർപ്പാടുണ്ടായിരുന്നു ,
ഞാൻ അഞ്ചിൽ പഠിക്കുമ്പോഴാണ് തോന്നുന്നു പതിവുപോലെ കണാരേട്ടന്റെ വീട്ടിലും പോയി , ആഡബരത്തോടെ ഞങ്ങളുടെ നാട്ടിൽ വിഷു ആഘോഷിച്ചിരുന്ന വിരലിലെണ്ണാവുന്ന കുടുംബങ്ങളിൽ ഒന്നാണ് അവരുടേത് , അതുകൊണ്ടുതന്നെ വിപുലമായ കൈനീട്ടവും ഒരു രൂപയും തരുമായിരുന്നു അക്കാലത്തു തന്നെ
അന്നും പോയപ്പോൾ കുറേയാളുകൾ ഉണ്ടായിരുന്നു ,പാടത്തും പറമ്പിലും പണിയെടുക്കുന്നവരും പിന്നെ കുട്ടികളും മുതിർന്നവരും ഒക്കെയായി , കണാരേട്ടൻ ഞങ്ങൾ കുട്ടികൾക്ക് കൈനീട്ടം തരുന്നത് മകനെ ഏൽപ്പിച്ചു , അവനാണെങ്കിൽ ക്രിക്കെറ്റുകളിക്കാൻ മുട്ടി നിൽക്കുകയാണ് ,
കിഴക്കും പടിഞ്ഞാറും ഒന്നും നോക്കാതെ വല്യ ഗൗരവത്തിൽ "ഇതെപ്പോ തീരും,ശല്യം " എന്ന ചോദ്യത്തോടെ കൊടുത്ത് തുടങ്ങിയത് കുറച്ചുപേർ സ്വീകരിച്ചെങ്കിലും എന്തോ എനിക്കും അന്നത്തെ ചങ്കുകളായ രജിഷക്കും , സൗമ്യയ്ക്കും അതത്രെ പിടിച്ചില്ല . ഞങ്ങൾ വാങ്ങിക്കാതെ തിരിച്ചുവന്ന ശേഷം തുടങ്ങിയതാണ് കണാരേട്ടന്റെ വീട്ടുകാരോടുള്ള ശത്രുത .
ഞങ്ങളുടെ വീട്ടിലൊന്നും അവര് കൈനീട്ടം വാങ്ങിക്കാൻ വരുന്നില്ലാലോ നിങ്ങളും പോകണ്ട എന്ന് വീട്ടുകാരെ ഞങ്ങൾ വിലക്കിയെങ്കിലും അതിനെ എതിർത്ത് അവര് പോയതോടെ കണാരേട്ടന്റെ കുടുംബത്തോട് ശത്രുത പിന്നെയും വർദ്ധിച്ചു . പിന്നീട് അവിടുന്നിങ്ങോട്ട് എത്രയെത്ര കാരണങ്ങൾ
അയാളുടെ മകൻ പത്താം ക്ലാസ്സ്‌ ഫുൾ എ പ്ലസ് വാങ്ങി പാസ്സായത് , അടുത്തവർഷം അയാളുടെ രണ്ടാമത്തെ മകളും പാസ്സായി . അവര് പാസ്സായതിലധികം ഞങ്ങൾ മൂന്നാളെയും ദേഷ്യം പിടിപ്പിച്ചത് നാട്ടിലെ കല്യാണം മുതൽ കാതുകുത്തുവരെ നടക്കുന്ന വീടുകളിൽ തലേദിവസം മുതൽ ആരംഭിക്കുന്ന "ഒരുക്കും ദിവസം " പരിപാടിയ്ക്ക് വന്ന് അയാൾ "എന്റെ മകൻ അങ്ങനെ പഠിക്കും ഇങ്ങനെ പഠിക്കും ആനയാണ് കുതിരയാണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ പെരുവിരലുമുതൽ പെരുത്തുകേറും . പ്രേതെകിച്ചു ഞങ്ങടെ വീട്ടുകാർ അവരെ മാതൃകയാക്കി സംസാരിക്കുമ്പോൾ
ആ വർഷം കണാരേട്ടന്റെ ദൂരെയെവിടെയോ പഠിക്കുന്ന മകൻ പ്ലസ് ടുകഴിഞ്ഞു നാട്ടിലെത്തി . ഞാൻ ഒൻപത്തിലേക്ക് കടക്കുകയാണ് അപ്പോൾ , അവനാണെങ്കിൽ പഞ്ചായത്തിലെ കമ്പ്യൂട്ടർ ക്‌ളാസിൽ പിള്ളാർക്ക് പഠിപ്പിച്ചുകൊടുക്കാൻ പോകുന്നു , മുടങ്ങാതെ കുളിച്ചു കുറിയിട്ടു പല്ലിളിച്ചു എന്നും അമ്പലത്തിൽ വരുന്നു .
അവനെ കാണുമ്പോൾ നാട്ടുകാർ മുതൽ താന്തോന്നികളായ ആൺപിള്ളാർ വരെ ബഹുമാനിക്കുന്നു , എനിക്കിതൊന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല . പ്രേതെകിച്ചു കണാരേട്ടൻ പൊക്കി പറയുമ്പോൾ ഇവൻ പല്ലിളിച്ചുകൊണ്ടിരിക്കുന്ന ആഘോഷവീടുകളിലെ കാഴ്ചകൾ .
ഞങ്ങൾ വെള്ളം കോരലും , പച്ചക്കറി മുറിക്കലും ,തേങ്ങയരയ്ക്കലും , ചായകൊടുക്കലും ഒക്കെയായി പണിയെടുത്തു ക്ഷീണിക്കുമ്പോൾ ലെവൻ മാത്രം വെറുതെയിരുന്ന് ആളാവുന്നു . നാട്ടുകാരിൽ ഒട്ടുമിക്കപേരും ഞങ്ങളെ ചീത്ത പറയുമ്പോഴും കളിയാക്കുമ്പോഴും അവനെ മാത്രം പുകഴ്ത്തുന്നു .
അങ്ങനെ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് സ്കൂൾ തുറന്നത് , ജൂൺ കഴിയുംവരെ ബാഗും ,ബുക്കും ,കുടയും ചെരിപ്പും വാങ്ങിത്തരാൻ വീട്ടുകാർ സമയമെടുക്കും .അങ്ങനെയൊരു വൈകുന്നേരത്ത് ടീച്ചർമാരെ എങ്ങനെ പഴിയെടുക്കാം എന്നെ വിഷയത്തെക്കുറിച്ചു കാര്യമായി ചർച്ചിച്ചു വരുന്നതിനിടയ്ക്ക് പെട്ടെന്നൊരു മഴ ,
എങ്ങനെ ഓടിയാലും വീടെത്തില്ല . നനയാൻ ഇഷ്ടമില്ലാതെയോ മടിയായിട്ടോ അല്ല പുതിയ ടെക്സ്റ്റ് ബുക്കുകൾ വീട്ടിൽ കരഞ്ഞുകാലുപിടിച്ചു വാങ്ങിപ്പിച്ചതാണ് അത് നനഞ്ഞാൽ ... കൂട്ടുകാരെ പറഞ്ഞുവിട്ട് ഞാൻ പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് കേറി നിന്നു, കൃത്യസമയത്ത് നമ്മുടെ ശത്രു അകത്തുനിന്നും ഇറങ്ങിവരുന്നു , ആ പീറ പുഞ്ചിരി
"കുടയില്ലേ ? "
"ഉണ്ടെങ്കിൽ ഇവിടെ കേറി നിൽക്കോ ?"
"വേണോങ്കിൽ ഇതും കൊണ്ട് പൊയ്ക്കോളൂ "
"വേണ്ട "
"അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ് നിനക്കെന്താ എന്നെ കാണുമ്പോൾ ഒരു ദേഷ്യം ?"
"നിങ്ങൾക്ക് വെറുതെ തോന്നുന്നതാവും . "
"ദേഷ്യമില്ലെങ്കിൽ കുട വാങ്ങിക്കില്ലേ ?"
അധികം എന്തേലും പറഞ്ഞാൽ ലെവൻ ചെന്ന് ആരോടെങ്കിലും പറഞ്ഞുകൊടുത്തു എനിക്ക് അഹങ്കാരമാണെന്ന് പറഞ്ഞാലോ കരുതി വാങ്ങി നടന്നു . പിറ്റേന്ന് തന്നെ അവന്റെ കുട കൊടുക്കാൻ ചെന്നപ്പോൾ വീണ്ടും മഴ , എനിക്ക് വേറെ വഴിയില്ലാത്തോണ്ട് തിരികെ വന്നു. അടുത്ത ദിവസം കൊടുത്തപ്പോൾ അവൻ പുഞ്ചിരിച്ചു , രണ്ടൂസം കുട തന്ന സന്തോഷത്തിൽ ഞാനും .
പിന്നെയാ പുഞ്ചിരികൾ തുടർന്നുള്ള ദിവസങ്ങളിലും ആവർത്തിക്കപ്പെട്ടു , അവന് കോളേജിൽ അഡ്മിഷൻ കിട്ടി ദിവസവും കൃത്യമായി ഞാൻ വരുന്ന സമയത്തു വരുന്നതുകൊണ്ട് പുഞ്ചിരി കൂടുന്നതിനനുസരിച്ചു പ്രായത്തിന്റെ വികാരവായ്പ്പിൽ ഞാനും പെട്ടുപോയി .
അവന്റെ അച്ഛനോട് ശത്രുത ഉണ്ടെങ്കിലും അവൻ എന്റെ പ്രിയപ്പെട്ടവനായിരുന്നു , അടുത്തവർഷം പത്താം ക്‌ളാസിൽ കാര്യമായ മാർക്കില്ലാതെ ഞാൻ പാസായി , അതുകഴിഞ്ഞു പ്ലസ് ടു കഷ്ടിച്ച് പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി
അവനാണെങ്കിൽ അവസാന പരീക്ഷയ്ക്ക് മുൻപേ സിവിൽ സർവീസോക്കെ എഴുതി , ഫോറെസ്റ് ഡിപ്പാർട്മെന്റിൽ കേറുകയും ചെയ്തു . അതിനുശേഷം അവനെ കാണുന്നത് വർഷത്തിൽ ഒന്നോ രണ്ടോ തവണമാത്രം , കോളേജിൽ പഠിക്കുമ്പോൾ കാര്യമായ ഭംഗിയില്ലെങ്കിലും പെണ്ണായതുകൊണ്ടാവും ഇഷ്ടമാണ് പറഞ്ഞുവന്നവരെ നിരാശരാക്കേണ്ടി വന്നു .
കാരണം എപ്പോഴൊക്കെയോ അവനെന്റെ മനസ്സിൽ അത്രമാത്രം ആഴത്തിൽ കയറിക്കൂടിയിരുന്നു , പറിച്ചെറിയുക അസാധ്യം . ആദ്യമൊക്കെ ഇഷ്ടം പറയണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല . പിന്നെയതിന് അവസരവും വന്നില്ല . പതിയെ പതിയെ മുതിർന്നു തുടങ്ങുന്നതിനോടൊപ്പം എനിക്ക് കാര്യം മനസ്സിലായി ,
അവനെന്നെ നോക്കി ചിരിക്കുകയല്ലാതെ മറ്റൊരു തരത്തിൽ നോക്കിയിട്ടുപോലുമില്ല , എന്റെ ഭാവനകളിൽ മാത്രമാണ് അവനോടുള്ള പ്രണയം .
അവന്റെ ജീവിതത്തിൽ പ്രണയമില്ല , അച്ഛൻ സ്കൂളിൽ വിട്ടു , വൈകുന്നേരം വീട്ടിലെത്തുമ്പോൾ പഠിപ്പിച്ചുകൊടുക്കാൻ 'അമ്മ , അതുപോരാതെ ട്യൂഷൻ . അവന് എന്തും ആവശ്യങ്ങൾക്ക് മുൻപേ സാധിച്ചുകൊടുക്കാൻ അവരുടെ സാമ്പത്തികശേഷി അനുവദിച്ചിരുന്നു , എന്നാൽ ഇതിനെല്ലാം നേർവിപരീതമായി അന്നന്ന് കൊണ്ടുവന്നതും കൊണ്ട് വീട് നോക്കാൻ കഷ്ടപ്പെടുന്ന രക്ഷിതാക്കളായിരുന്നു എന്റേത്
അവനെ നാട്ടുകാരെല്ലാം ബഹുമാനിച്ചിരുന്നു , പക്ഷെ എല്ലാവരും സ്നേഹിച്ചിരുന്നത് എന്നെയാണ് . അവന് പഠനം 'അമ്മ അച്ഛൻ സഹോദരി വീട് നല്ലൊരു ജോലി എന്നതിനപ്പുറം ഒന്നും ഇല്ലായിരുന്നു പക്ഷെ എനിക്ക് വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരും പ്രണയവും എല്ലാം ഉണ്ടായിരുന്നു .
ഇല്ലായ്മകളിലും ഞാൻ ഓരോ നിമിഷവും ആഘോഷിച്ചാണ് ജീവിച്ചതെങ്കിൽ അവൻ പുസ്തകങ്ങളെ മാത്രം അറിഞ്ഞുമാണ് ജീവിച്ചത് . പിന്നെ നാട്ടിലെ ഒട്ടുമിക്ക ആണ്പിള്ളാരും പഠിപ്പുനിർത്തി ജോലിക്കു പോയത് പഠിക്കാൻ മോശമായതുകൊണ്ട് മാത്രമല്ല , പ്രാരാബ്ധങ്ങളാൽ തീർത്ത ചുമട് അവരുടെ തോളത്ത് എന്നോ വെപ്പിക്കപ്പെട്ടിരുന്നു .
പൊങ്ങച്ചം കണാരന് പാരമ്പര്യമായി സ്വത്തുണ്ടെന്ന അഹങ്കാരമാണെന്നും , ഞമ്മടെയൊക്കെ വീട്ടിൽ എല്ലാം ഞമ്മടെ അമ്മയും അപ്പനും കൂടെ കഷ്ടപ്പെട്ട് കൊണ്ടുവരുന്നതാണെന്നും തിരിച്ചറിവുണ്ടായി .
അച്ഛനും അമ്മയും കൂടെ കണ്ടെത്തിയ പെണ്ണിനെ പത്തുനൂറ് പവൻ സ്വർണ്ണം സ്ത്രീധനമൊക്കെ വാങ്ങിയാണ് അവൻ കെട്ടിയതെന്നും കല്യാണത്തിലെ വിഭവങ്ങളുടെ ധാരാളിത്തത്തെക്കുറിച്ചും എല്ലാവരും വാതോരാതെ പറഞ്ഞപ്പോൾ അടുത്തവീട്ടിലെ ചേട്ടൻ എന്നോട് വലിയൊരു രഹസ്യം വന്നുപറഞ്ഞു
" അവൻ കെട്ടിയ പെണ്ണിനെചേട്ടൻ നാലുവർഷം പ്രേമിച്ചതാണെന്നും , ഇനി ഒന്നിച്ചുപോവാത്ത സ്ഥലങ്ങളില്ലെന്നും . അതുകേട്ടപ്പോൾ പ്രിയപ്പെട്ടവന് പ്രശ്നം വന്നത് അറിഞ്ഞിട്ടും ഞാൻ കുറേനേരം ചിരിച്ചു
"അരുണേട്ടാ ഒരു കാര്യം ചോദിച്ചാ സത്യം പറയോ ?"
"എന്തെടി ?"
"ചേട്ടൻ അവളെ ഉമ്മ വെച്ചിട്ടുണ്ടോ ...ഈ പ്രേമങ്ങളിലൊക്കെ അത് പതിവാണല്ലോ "
"എടി കള്ളി ..... നീയാള് ഞാൻ കരുതും പോലല്ലാലോ "
"പറയ് "
"പ്രേമമാവുമ്പോൾ അതൊന്നും ഇല്ലാതിരിക്കോ പെണ്ണെ "
അതുവരെ അവനെ പ്രണയിച്ച ഒരു നഷ്ടബോധം എനിക്കുണ്ടായിരുന്നെങ്കിലും അപ്പോഴത്തോടെ അത് മാറി .
"പാവപ്പെട്ട വീട്ടിലെ പെണ്ണിനെ പ്രേമിക്കുന്നതൊക്കെ വളരെ കുറച്ചേയുണ്ടാവൂ ,കഥയിലും സിനിമയിലും ഒക്കെ കൂടുതലായിരിക്കും . കഴുത്തിൽ നിങ്ങളണിയിക്കുന്ന താലിമാത്രം മതിയെന്ന് പറഞ്ഞു ഇറങ്ങിവരുന്ന രാജകുമാരിമാർ വളരെക്കുറവാണ് പെണ്ണെ "
പക്ഷെ എന്തൊക്കെയായാലും എന്റെ ആജന്മശത്രു കണാരേട്ടന്റെ കുടുംബത്തിന് ഒരു പ്രശ്നം വന്നപ്പോൾ എന്റെ മനസ്സുനിറഞ്ഞു . വിവാഹം കഴിഞ്ഞതും അവര് രണ്ടും എവിടേക്കോ പോയി , പിന്നെ മകളുടെ കല്യാണം കണാരേട്ടൻ ഉത്സവം പോലെ നടത്തി .
അവളും പോയപ്പോൾ വീട്ടിൽ അങ്ങേരും ഭാര്യയും മാത്രമായി .പക്ഷെ അയാളപ്പോഴും ഇപ്പോഴത്തെ പെൺപിള്ളാരുടെ കയ്യിലിരിപ്പുകളെയും ഐശ്വര്യത്തിന്റെ നിറകുടമായ മരുമോളെയും താരതമ്യം ചെയ്തും, കൗമാര പ്രണയിതാക്കളുടെ വീടുകളെ പുച്ഛിച്ചും ജീവിച്ചു.
അങ്ങേരുടെ ഭാര്യയെ നോക്കാൻ എന്റെ 'അമ്മ പോണം പറഞ്ഞപ്പോൾ ഞാൻ എതിർത്തത് ഇപ്പോൾ എല്ലാവരും അനുസരിച്ചു . ഞങ്ങടെ വീട്ടിലാണെങ്കിൽ അച്ഛമ്മ മുതൽ രണ്ടുചേട്ടന്മാരുടെയും മക്കളുവരെ ഉണ്ട് , ഒരുത്സവം നടത്താൻ വേണ്ടുന്ന ആളുകൾ അയല്പക്കങ്ങളിൽ നിന്നും നമ്മളൊന്നുറക്കെ നിലവിളിച്ചാൽ ഓടിവരും
പക്ഷെ ഇനിയെന്റെ കാര്യത്തിലേക്കു വരാം, എന്റെശത്രൂന് പണികൊടുത്ത അരുണേട്ടനോടായി പിന്നെ എന്റെ പ്രേമം , ആദ്യം വേണ്ടെന്ന് പറഞ്ഞപ്പോൾ നേരെ എന്റെ വീട്ടിൽ പോയി കാര്യം പറഞ്ഞു . വീട്ടുകാര് സമ്മതമാണ് പറഞ്ഞപ്പോൾ അരുണേട്ടന് സമ്മതിക്കാതെ തരമില്ലായിരുന്നു
"നീ എന്തുകണ്ടാണ് എന്നെ മതി പറഞ്ഞെ ?"
"അതിപ്പോൾ ശത്രൂന്റെ ശത്രു മിത്രമല്ലേ ?"
"എന്നുവെച്ചാൽ .... "?
കാര്യങ്ങൾ അഞ്ചാം ക്‌ളാസ്സുമുതൽ പറഞ്ഞുകൊടുത്തപ്പോൾ ചിരിയടക്കാൻ പാടുപെടുന്ന അരുണേട്ടനോട് ഞാൻ കാര്യമായി തന്നെ പറഞ്ഞു
"അതെ , കണാരേട്ടന്റെ മരുമോളെ സ്നേഹിച്ചത് ആത്മാർത്ഥമായാണോ ?"
"അഹ് "
"അവളില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് തോന്നിയിട്ടുണ്ടോ ?"
"നീ പെണങ്ങില്ലെങ്കിൽ....തോന്നിട്ടുണ്ട് "
"എന്നാലേ നിങ്ങളൊരു രണ്ടാം കെട്ടുകാരനെ പോലെയാണ് , ഒരുത്തീടെ കൂടെ അലഞ്ഞുതിരിഞ്ഞു വിരഹിച്ചുവന്ന നിങ്ങൾക്കൊരു ജീവിതം ഞാൻ തരികയാണ് . അവസാനം വരെ അത് ഓർമയുണ്ടാവണം . "
"ശരി മാഡം "
അതുപറയുമ്പോൾ അരുണേട്ടന്റെ മുമുഖത്തുണ്ടായത്ര ചിരിയോളം ഭംഗിയൊന്നുമില്ല ആ പൊങ്ങച്ചം കണാരേട്ടന്റെ മോന് ...ഹല്ല പിന്നെ

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...