Thursday 17 August 2017

"എത്ര കാലം ഇങ്ങനെ ജീവിക്കാനാണ് നിന്റെ തീരുമാനം .....?
"അതിലെന്താണമ്മേ ഇത്ര ചിന്തിക്കാൻ ... ഒരു കൂട്ടുവേണമെന്നെനിക്ക് തോന്നും വരെ "
"കയ്യിലൊരു പെങ്കോച്ചുള്ള ഓർമ്മവേണം . അതിനെ നോക്കാനെങ്കിലും ആളുവേണ്ടേ ..? അവളെ കെട്ടിച്ചുവിട്ടാലും നിനക്ക് ജീവിക്കാനൊരു തുണ വേണ്ടേ "?
'"അതിനെ നോക്കാൻ ഞാനുണ്ടല്ലോ . അവൾക്ക് ഈ അച്ഛനൊരു ബാധ്യതയായി തോന്നുന്നകാലത്ത് മറ്റുവഴികൾ ആലോചിച്ചാൽ പോരെ ?
"ആ പ്രായത്തിൽ പിന്നെയാര് വരാനാ ..വല്ല കടത്തിണ്ണയിലും കിടന്ന് കാലം കഴിക്കാനാണോ ...?"
"ഹ ഹ മുകളിലാകാശം താഴെ ലക്ഷക്കണക്കിന് മനുഷ്യരുടെ പാദസ്പര്ശത്താൽ പാവനമായ ഭൂമി ... നക്ഷത്രങ്ങളുടെ കാവൽ ... അമ്പിളിമാമന്റെ വെളിച്ചം ... പെട്ടെന്നൊരു ദിവസം തീരുമ്പോൾ എടുത്തോണ്ട് പോകാൻ മുനിസിപ്പാലിറ്റിക്കാർ ...
കടത്തിണ്ണയും സുഖം തന്നെയല്ലേയമ്മേ .....??"
അമ്മയുടെ മടിയിൽ കിടന്ന് മറുപടി കൊടുക്കുമ്പോഴും എന്റെ ശ്രദ്ധ മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന ഋതുവിൽ തന്നെയായിരുന്നു . അവളുടെയമ്മയെപ്പോലെ എന്തൊരു ശ്രദ്ധയാണ് ചെയ്യുന്ന കാര്യത്തിൽ
അവൾ പോയിട്ടിപ്പോൾ പത്തുകൊല്ലം തികഞ്ഞിരിക്കുന്നു ...! മുടങ്ങാതെ ഇപ്പോഴും അവൾ പറഞ്ഞേൽപ്പിച്ചപോലെ അമ്മയെ കാണാനും , തങ്ങളാദ്യമായി കണ്ടുമുട്ടിയ ഇടങ്ങളിലും മകളുമായി നടക്കാറുണ്ട് . ആദ്യമായവൾ നെഞ്ചോടു ചേർന്നിരുന്ന വാകമരത്തണലിൽ തനിച്ചിരിക്കാറുണ്ട് .ഒരുമിച്ചുനടന്ന ഇടങ്ങളിലെത്തുമ്പോൾ ഇടതുഭാഗം ചേർന്നെപ്പോഴും അവളുണ്ടാവുന്ന അനുഭൂതിയാണ്
" എന്തെടാ ഒന്നും പറയാത്തത് ...? ലക്ഷ്മിന്റെ കാര്യം ഒറപ്പിക്കട്ടെ ....."
"വേണ്ട ....."
"അത് പറഞ്ഞാൽ പറ്റില്ല . നിന്നെയിങ്ങനെ വിടാൻ ഞാനുദ്ദേശിച്ചിട്ടില്ല "
"അമ്മയൊരു കാര്യം മനസ്സിലാക്കണം അവളുടെ ശരീരം മാത്രമേ ഇലാതെയായിട്ടുള്ളു ആത്മാവിപ്പോഴും എന്റെ കൂടെയുണ്ട് . ഞാനെന്ത് ചെയ്താലുംഅവൾ സഹിക്കും പക്ഷെ മറ്റൊരു പെണ്ണിനെ നോക്കുന്നത് മാത്രം സമ്മതിക്കില്ല ...."
"നീ ഭ്രാന്ത് പറയാതെ .... ചത്തുപോയവരിനി ജീവിച്ചു വരില്ല . കെട്ടിയവൻ മരിച്ച പെണ്ണുങ്ങൾ പോലും വേറെ കെട്ടുന്നു , എത്ര പേര് കുഞ്ഞുമക്കളെ പോലും മറന്ന് ഓടിപ്പോകുന്നു ...കല്യാണം കഴിഞ്ഞിട്ടും അവിഹിതങ്ങളുമായി എത്രപേര് നടക്കുന്നു ...... നിനക്ക് മകളുടെ ഭാവിക്കുവേണ്ടിയൊന്നു കെട്ടിക്കൂടെ ...?"
"അവരല്ലാലോ ഞാൻ "
"നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല . ലക്ഷ്മിയെ ഞാൻ വിളിച്ചിട്ടുണ്ട് അവള് ഇപ്പോഴിങ്ങോട്ട് വരും .... നീ തന്നെ പറ അവളോട് "
"വരട്ടെ ...."
"എടാ കെട്ടിയോൻ ഉപേക്ഷിച്ചു വന്നു നിൽക്കുന്ന പെണ്ണാണ് ,അതിനൊരു ജീവിതം വേണം .... നിനക്കും വേണം ...രണ്ടുപേർക്കും എല്ലാ കാര്യങ്ങളുമറിയാം .... കുടുംബവും നമ്മളറിയാവുന്നത് ....ജോലിയുമുണ്ട് ...ആവശ്യത്തിന് പണവുമുണ്ട് ..കാണാനും തെറ്റില്ല ....ഇതിൽ കൂടുതലെന്താടാ നിനക്ക് വേണ്ടിയെ ..."? അവള് എന്ത് കൈവിഷമാണ് നിനക്ക് തന്നത് ...?
"എന്തുണ്ടായാലും അവളെപ്പോലെ വരില്ലാലോ ഏത് പെണ്ണും , അതുകൊണ്ടല്ലേ അമ്മയെയും അച്ഛനെയും വരെ ധിക്കരിച്ചു അവളെ വിളിച്ചിറക്കി കൊണ്ടുപോയത് ....?
അവൾക്ക് ഇഷ്ടപ്പെട്ടതെല്ലാം ഇട്ടെറിഞ്ഞു എന്നെമാത്രം പ്രതീക്ഷിച്ചു വന്നതല്ലേയവൾ ....?
ഈ രണ്ടുവീട്ടുകാരും അഭിമാനത്തെ വെച്ചും മക്കളെ സ്നേഹിച്ചെങ്കിൽ ഒരുപക്ഷെ അവളിപ്പോഴും കൂടെയുണ്ടായേനെ
കൂടെ കൊണ്ടുവന്നു എല്ലാവരുടേം ശാപം വാങ്ങിപ്പിച്ചു കൊന്നതല്ലേ ഞാനും കൂടെയവളെ .....
രാവിലെമുതൽ രക്തം വാർന്ന് വീണുകിടന്നപ്പോൾ തിരിഞ്ഞുനോക്കാനാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവളിപ്പോഴും . .....
കുറച്ചു സ്വപ്‌നങ്ങൾ ബാക്കിയുണ്ടായിരുന്നെ അവളും ഞാനും മക്കളും മാത്രമുള്ള ലോകം , മകളെ തന്നിട്ട് എന്നെ പറ്റിച്ചിട്ട് അവളങ്ങു പോയി .
എല്ലാരുമുണ്ടായിട്ടും ആരുമില്ലാത്തവരുടെ ജീവിതമായിപ്പോയി .... ഇനിയെനിക്ക് ആരെയും വേണമെന്നുമില്ല .... എന്റെ മകളില്ലെങ്കിൽ അവളോടൊപ്പം എന്നോ ഞാനും പോയേനെ ...... ഞാൻ ഇല്ലാതാവുന്നത് അവൾക്കിഷ്ടമല്ല അതോണ്ടല്ലേ മോളെ തന്നിട്ട് പോയത് .... "
"മനൂ ...."
"അമ്മയുടെ കണ്ണെന്തിനാണിപ്പോൾ നിറയുന്നത് കാലുപിടിച്ചു പറഞ്ഞതല്ലേ ഞാനന്ന് ..... അമ്മക്കറിയാമോ ഒരായിരം തവണ വേണ്ടെന്നവൾ പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ പ്രണയിച്ചതും മോഹിപ്പിച്ചതും ഞാനാണമ്മേ ..... അമ്മയുടെ മകനൊരു ആൺ കുട്ടിയായതുകൊണ്ട് അവളെ കൂടെ കൂട്ടി ....ആരേം വേദനിപ്പിക്കാനല്ല .....ജീവിക്കാനൊരുപാട് കൊതിയായതോണ്ടാ ."
മുറ്റത്തേക്ക് ഇറങ്ങിവരുന്ന സ്ത്രീയെയും വാർദ്ധക്യത്തിലെത്തിയ മനുഷ്യനെയും കണ്ടപ്പോൾ അമ്മയുടെ മടിയിൽ നിന്നെഴുന്നേറ്റിരുന്നു
"ലക്ഷ്മി ഒറ്റയ്ക്കാണോ ഇപ്പോൾ . ??""
"അതെ ..."
"അമ്മ പറഞ്ഞിട്ട് വന്നതാണോ .."
"ഉം .....എനിക്കും താല്പര്യമുണ്ടായിരുന്നു ......ഞാനാ ദേവിയോട് യോട് പറഞ്ഞത് "
"നിങ്ങളെന്തെലും സംസാരിക്ക് ഞാൻ ചായയെടുക്കാം "
"വേണ്ട ....അമ്മയവിടെയിരിക്കു ....... " എഴുന്നേൽക്കാൻ തുടങ്ങിയ അവർ യഥാസ്ഥാനത്തിരുന്നു .
"അരവിന്ദാ ഞാൻ പറഞ്ഞതല്ലേ നിന്നോടിത് നടക്കില്ലാന്ന് ....നീയെന്നെ നേരിട്ട് ചോദിക്കൂ ...."
"മനു കാര്യങ്ങളറിയാമല്ലോ ...നമ്മളിങ്ങനെയായതുകൊണ്ട് മുഖവുരയുടെ ആവശ്യമില്ല ...."
"ലക്ഷ്മിയെ കല്യാണം കഴിച്ചൂടെ .. ഒരു തുണയൊക്കെ വേണ്ടേ ജീവിതത്തിൽ ...... അവൾക്കും നിനക്കും ഒരേ അവസ്ഥയായതോണ്ട് ഒത്തുപോകുകേം ചെയ്യും
....'"
"മാമ എല്ലാം ശരിതന്നെ .... പക്ഷെ ലക്ഷ്മിക്കുവേണ്ടത് ഒരു ഭർത്താവിനെയാണ് ....എനിക്കുവേണ്ടത് മകളെ നോക്കാനൊരു വേലക്കാരിയെയും .....അതുകൊണ്ട് ഒന്നൂടെ ആലോചിച്ചു തീരുമാനിച്ചേ പറ്റൂ ."
"മനൂ ...."
"അതെ മാമ ..... എന്റെ തീരുമാനത്തിന് മാറ്റമില്ല . മോൾക്ക് അമ്മയെ വേണം എന്നുണ്ടാവും ,പക്ഷെ പുതിയ അമ്മ എന്റെ കുട്ടിയെ നോട്ടം കൊണ്ടുപോലും വേദനിപ്പിക്കുന്നതെനിക്കിഷ്ടമല്ല ... ബുദ്ധിയുറച്ചു തുടങ്ങുന്ന ഏതെങ്കിലും കാലത്തവൾ തിരിച്ചറിയും എന്റെ മനസ്സ് . പിന്നെ ഇരുപത്തഞ്ചാം വയസ്സിൽ ഭാര്യയെ നഷ്ട്ടപ്പെട്ടവന് പത്തുകൊല്ലം കഴിഞ്ഞു മറ്റൊരുത്തിയുടെ താങ്ങുവേണമെന്ന് തോന്നില്ല . "
"ഞങ്ങളുടെ ഒരഭിപ്രായം പറഞ്ഞു ..അത്രേന്നെ .....ഇനി നിങ്ങള് തീരുമാനിച്ചോ "
ദേഷ്യപ്പെട്ട് പുറത്തേക്കെഴുന്നേറ്റുപോയ വൃദ്ധനെ "ഏട്ടാ " വിളിച്ചുകൊണ്ടു മകൻ പറഞ്ഞതിന് മാപ്പുചോദിക്കാൻ അമ്മയുമെഴുന്നേറ്റു പുറകെ പോയി .
"ലക്ഷ്മി ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ..?
എന്തെ ?
"നിനക്കിപ്പോൾ എന്നോട് ദേഷ്യമുണ്ടോ ...?"
"ഇല്ലെന്ന് പറയാൻ പറ്റില്ല "
"ഉം ...... നിനക്കറിയാമല്ലോ ഒരുപാട് പ്രണയിച്ചു എല്ലാവരെയും ഉപേക്ഷിച്ചാണ് ഞങ്ങളൊന്നായത് ..... അത്രമാത്രം ഇഷ്ടമായിരുന്നു പരസ്പരം ..... എന്നെ മനസിലാക്കാൻ അവളോളം മറ്റൊരാൾക്കും കഴിഞ്ഞിട്ടില്ല ...
പ്രണയിച്ചുനടന്നകാലത്തു അവൾക്ക് വിവാഹാലോചനകൾ വരുമ്പോൾ ഞാനനുഭവിച്ചിരുന്ന ടെൻഷനുണ്ടല്ലോ .... ഇടയ്ക്ക് പിണങ്ങിയിരിക്കുമ്പോൾ അവളെന്നെ വിട്ടുപോകുമോ എന്ന ഭയമുണ്ടല്ലോ ... തമ്മിൽ എല്ലാം പറഞ്ഞു പിരിയാൻ തീരുമാനിക്കുമ്പോൾ പുറത്തേക്കുവരാതെ തൊണ്ടയിൽ കുടുങ്ങിനിൽക്കുന്ന കരച്ചിലിണ്ടല്ലോ ...... ആ സമയത്താണ് അവളെത്രമാത്രം പ്രിയപ്പെട്ടതാണെന്നും അവളില്ലാതൊരുനിമിഷം പോലും സാധ്യമല്ലെന്നും തോന്നുക .
അവളെന്നെ പിരിയുമെന്നുള്ള സ്വപ്നങ്ങളിൽ പോലും എന്നെ വേദനിപ്പിച്ചിരുന്നത് അവളില്ലാത്ത സങ്കടമല്ല മറിച്ചു എന്റെ സ്ഥാനത്ത് അവളെ തൊടുകയും ചുംബിക്കുകയും പിന്നെ ആർക്കോ വേണ്ടിയവൾ കാത്തിരിക്കുകയും ആരുടെയോ സന്തോഷത്തിന് വേണ്ടിയവൾ പരിശ്രമിക്കുന്നു എന്നുള്ള തിരിച്ചറിവുണ്ടാകുമ്പോഴാണ് "
"ഉം "
"ആ ഞാൻ അവളുടെ സ്ഥാനം നിനക്കെങ്ങനെ തരും ലക്ഷ്മി .....ഇനിയുമൊരായിരം വര്ഷംഇതുപോലെ ജീവിക്കാൻ ഞാനൊരുക്കമാണ് ......എന്നാലും ആ സ്ഥാനം ആർക്കും നൽകാൻ കഴിയില്ല ..എന്നോട് ക്ഷമിക്കണം
. പെൺകുട്ടിയെ വളർത്താൻ അച്ഛന് കഴിയില്ലെന്ന് ആരാണ് പറഞ്ഞത് ...അവളെന്റെ മോളാണെന്നുള്ള തിരിച്ചറിവ് മാത്രം മതി , പ്രായപൂർത്തിയായ മകൾ അച്ഛനൊരു വിഷമമല്ല ലക്ഷ്മി ....എന്റെ മോൾക്ക് ആന്റി ആയിക്കോളൂ ...പക്ഷെ അവൾക്കമ്മ ഒന്നേയുള്ളു അവൾ ഉണ്ടാവുന്നതിനുമെത്രയോ മുൻപുമുതൽ അവളെക്കുറിച്ചു സ്വപ്നം കണ്ടുതുടങ്ങിയ അമ്മ ... സ്വന്തം ജീവൻ കളഞ്ഞും അവളെ ജനിപ്പിച്ച അമ്മ .... "
"ഉം "
"എന്റെ ഭാര്യയിൽ പൂർണ്ണ സംതൃപ്തനായിരുന്നതുകൊണ്ടാവും ആ പരിശുദ്ധി പങ്കുവെക്കാൻ ഞാനിഷ്ടപ്പെടുന്നില്ല "
"അച്ഛൻ പോയെന്ന തോന്നുന്നത് ...ഒരത്യാവശ്യമുണ്ട് ..ഞാനിറങ്ങട്ടെ "
പറഞ്ഞത് കള്ളമാണെന്നും എന്റെമുന്നിൽ നിൽക്കാനുള്ള മടിയാണെന്നും അറിഞ്ഞിട്ടും ചിരിയോടെ യാത്രാമൊഴി നൽകി .
"അങ്ങനെയതും പോയില്ലേ .....നീയെന്തോ ആയിക്കോ .."
"അമ്മ പിണങ്ങാതെ ......"
"ആരും കണ്ടിട്ടില്ലാത്തൊരു പ്രേമവും കൊണ്ട് വന്നിരിക്കുന്നു "
"ഹ ഹ അതുപോട്ടെ ..... അമ്മയെന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞിരുന്നല്ലോ ...?
"എന്റെ കാലം കഴിയും മുൻപേ ഈ കാണുന്നതൊക്കെ നിങ്ങള് മൂന്നുമക്കളുടേം പേരിലെഴുതി വെക്കണം ..... ഈ വീടുമതിയോ നിനക്ക് ..?
" എനിക്കൊന്നും വേണ്ടമ്മേ ..... വല്ലപ്പോഴും ഇങ്ങനെ വരുമ്പോ മടിയിൽ കിടന്നുറങ്ങാനും എന്റെമോളെ സ്നേഹിക്കാനും .....എന്റെയമ്മയുണ്ടായാൽ മാത്രം മതി ."
"എന്നാലും ..."
"അവളുടെ വല്യ ആഗ്രഹമായിരുന്നു ഈ വീട്ടിലൊരിക്കലെങ്കിലും വരാൻ . അത് നടത്തിക്കൊടുക്കാൻ കഴിയാത്ത എനിക്കിനിയിതിന്റെ ആവശ്യമില്ല .... "
"അവള് സുന്ദരിയായിരുന്നല്ലേ .."
"ഉം ......എനിക്കങ്ങനെ തോന്നിയിരുന്നു "
"നല്ല സ്വഭാവമായിരുന്നല്ലേ "
"ഉം ... അമ്മയെപ്പോലെ ..."
"നന്നായി സംസാരിക്കുമല്ലേ .."
"ഉം ...കുഞ്ഞു മനസ്സായതുകൊണ്ടാവും "
"നിന്നെ വല്യ ഇഷ്ടമായിരുന്നല്ലേ .."
"ജീവനായിരുന്നു ....."
"നിനക്കും ..??"
"ഉം .......... "
"ഞങ്ങളുടെ വാശികരണം അല്ലെ നിങ്ങളാനാട്ടിൽ പോയിക്കിടക്കേണ്ടി വന്നത് ... അവളെന്നോട് ക്ഷമിക്കുമോ മനൂ "
"അവൾക്ക് അമ്മയെ വെറുക്കാനാവില്ലമ്മേ ..അവളും ഒരു അമ്മയാണ് ...."
"എന്നാലും ....."
"ഒരെന്നാലുമില്ല
അമ്മ പോയൊരു ചായയിട്ടേ ..."
ഇത്രകാലമായിട്ടും അമ്മയുടെ ഉള്ളിൽ നിന്നും ആ കുറ്റബോധം മാഞ്ഞിട്ടില്ലെന്നെനിക്കറിയാം ....ഇനിയും മിണ്ടിയാലമ്മയെ സമാധാനിപ്പിക്കാനെനിക്ക് കഴിയില്ലായിരിക്കും
"ഉം ...." അമ്മ അകത്തേക്ക് പോകുമ്പോൾ മുറ്റത്ത്‌ മോളെനോക്കിയിരിക്കുന്ന എനിക്കുമാത്രം കാണാമായിരുന്നു അനുവാദം കാത്തെന്റെ പെണ്ണപ്പൊഴും പടിപ്പുറത്ത് നിൽക്കുന്നത് ... !

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...