Thursday 8 June 2017


"ഹലോ മാഡം എനിക്ക് സച്ചിൻസാറിന്റെ ഓട്ടോഗ്രാഫ് വാങ്ങിച്ചുതരാമോ ?"

"ടീം ടയേഡ് ആണ്,ഇപ്പോൾ പറ്റില്ല  "

എയർഹോസ്റ്റസിന്റെ മറുപടികേട്ട് നിരാശയോടെ പിന്തിരിഞ്ഞ അവൾ അടുത്ത സീറ്റിൽ ഇരിക്കുന്ന ക്രിക്കറ്റ് ടീം ജേഴ്സിയണിഞ്ഞ യുവാവിനോട് ചോദിക്കുകയാണ്

 " നിങ്ങൾക്ക് സച്ചിനെ അറിയാമോ ?"

'അറിയാം "

"എങ്കിൽ ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചുതരാമോ ?"

ആദ്യം വിസമ്മതിച്ച അവൻ അവളുടെ നിർബന്ധത്തിന് വഴങ്ങി ഓട്ടോഗ്രാഫ് വാങ്ങി നൽകുന്നു .

"താങ്ക്യൂ , നിങ്ങളും ടീമിൽ ഉള്ളയാളാണോ ?"

"അതെ " ശാന്തമായ മറുപടി

"പക്ഷെ ഞാൻ നിങ്ങളെ കണ്ടിട്ടില്ലാലോ , നിങ്ങളാരാണ് ?"

"അറിയാൻ മാത്രം ഞാൻ ക്രിക്കെറ്റിൽ ഇതുവരെ ഒന്നും നേടിയിട്ടില്ല ."

"നോക്കിക്കോളൂ നാളത്തെ മാച്ചിൽ നിങ്ങളെ എല്ലാവരും ശ്രദ്ധിക്കും ."

"താങ്ക്യൂ , നിങ്ങൾ പറഞ്ഞതുപോലെ ഞാൻ അറിയപ്പെടുകയാണെങ്കിൽ നിങ്ങളെ ഞാനെങ്ങനെ കണ്ടുമുട്ടി നന്ദി പറയും ?"

അവൾ സന്തോഷത്തോടെ തന്റെ നമ്പർ കൈമാറുന്നു

"നിങ്ങളുടെ പേരെന്താ പറഞ്ഞില്ലാലോ ?"

"നാളത്തെ മാച്ച് കഴിയുമ്പോൾ അറിയും "

'ഓക്കേ " പ്രണയം തളിരിടുന്നത് ഏതുമനുഷ്യന്റെ ജീവിതത്തിലും ഏതാണ്ടിങ്ങനെയൊക്കെയാണ്

അടുത്തദിവസം അവൾ പറഞ്ഞത് പോലെ അവൻ മികച്ചപ്രകടനം കാഴ്ചവെയ്ക്കുകയും , ആവേശത്തോടെ ഭാരതീയർ പുതിയൊരു താരോദയത്തിന് കൂടെ സാക്ഷിയാവുന്ന നിമിഷത്തിൽ അവൾ തലേന്ന് കണ്ട മുടി നീട്ടി വളർത്തിയ യുവാവിന്റെ പേര്  ടി വി സ്‌ക്രീനിൽ നിന്നും  വായിക്കുന്നു

"മഹേന്ദ്ര സിങ് ധോണി "

കളിക്ക് ശേഷം അവൻ തലേന്ന് നൽകിയ വാക്ക് മറക്കാതെ അവളെ വിളിക്കുന്നു . പിന്നീട് സൗഹൃദമോ പ്രണയമോ എന്നറിയാത്ത നാളുകൾക്കൊടുവിൽ വാലന്റൈൻസ് ഡേ , തമ്മിൽ പറയാതെ അറിയുന്ന നിർവൃതിയാണ് പ്രണയമെന്ന് ആ യുവാവും വിശ്വസിച്ചിരിക്കണം

"നിനക്കെന്ത് സമ്മാനമാണ് വേണ്ടത് മഹേന്ദ്രാജി "

"കോസ്റ്റലി അല്ലാത്ത എന്നാൽ ഒരുപാടുകാലം നിൽക്കുന്ന വാച്ച് മതി "

"നിനക്കെന്താണ് വേണ്ടത് പ്രിയങ്ക ?"

"ഒന്നും വേണ്ട നാളത്തെ മാച്ച് ജയിക്കണം "

"അതല്ലാതെ "

"വേഗം വരണം എനിക്കുവേണ്ടി "

"ഓക്കേ .."

"നിങ്ങൾക്കറിയാമോ മഹേന്ദ്രാജി നിങ്ങളെ എനിക്കെത്ര ഇഷ്ടമാണെന്ന് ഞാനെന്റെ ബെസ്റ്റ്  ഫ്രണ്ടിനോട് പോലും പറഞ്ഞിട്ടില്ല "

"അതാരാ നിന്റെ ബെസ്റ്റ്  ഫ്രണ്ട് ?"

"നീ തന്നെ "

"നമ്മുമുന്നിൽ ഒരുപാട് സമയമുണ്ടല്ലേ പ്രിയങ്ക "


"അതെ , ഒരുപാട് സമയമുണ്ട് "


പക്ഷെ വിധി അവർക്കുവേണ്ടി കാത്തുനിൽക്കാതെ ഏറെ മുൻപോട്ട് പോയി ,
അവൾ അകന്നുപോയതറിയാതെ അവൻ ആ സീരീസ് മുഴുവൻ കളിച്ചു , ഓരോഭാരതീയന്റേയും ആവേശമായിമാറിയിരുന്നു . അവളുടെ  വിയോഗം അറിഞ്ഞശേഷവും അവൻ കളിച്ചു  വിഷമങ്ങൾ കടിച്ചമർത്തി സ്റേഡിയങ്ങളിലെ കരഘോഷത്തിലൂടെ മുന്നേറി , ട്വന്റി ട്വൻറിയിൽ അവന്റെ ക്യാപ്റ്റൻസിയിൽ തിളങ്ങുന്ന വിജയം , ഇരുപത്തെട്ട് വർഷത്തിന് ശേഷം വേൾഡ് കപ്പ് ഇന്ത്യൻ മണ്ണിലെത്തിച്ചു .മാധ്യമങ്ങൾ ആ ജാർഖണ്ഡുകാരനെ പുകഴ്ത്തിപ്പാടി

അവൻ വളരുന്നതിനൊപ്പം ആരോപണങ്ങളും ഗോസിപ്പുകളും അവനൊപ്പം വളർന്നു ,പലപ്പോഴുമവനെ തളർത്തുകയും ചെയ്തു . എന്നിട്ടും ശക്തമായ നിലപാടുകളിലൂടെ തീരുമാനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കെറ്റ് ടീമിനെ മികവുറ്റതാക്കി .


"അവസരങ്ങൾക്കുവേണ്ടി കാത്തിരുന്നു മടങ്ങുന്നത് മാച്ചിൽ തോറ്റുപവലിയനിൽ നിന്നും മടങ്ങുന്നത് പോലെയാണ് " എന്ന് നിരാശപ്പെട്ടിട്ടും പമ്പ് ഓപ്പറേറ്ററുടെ മകനായ  സാധാരണ റെയിൽവേ ജോലിക്കാരനിൽ നിന്നും ഈ നിലയിലെത്തിയെങ്കിൽ അദ്ദേഹത്തിന്റെ കഴിവും ക്രിക്കറ്റിനോടുള്ള അർപ്പണബോധവും കൊണ്ട് മാത്രമാണ് ."


മഹേന്ദ്രസിംഗ് ധോണി അഥവാ മാഹി എന്ന നമ്മുടെ കൂൾ ക്യാപ്റ്റന് മുന്നിൽ മനസ്സുനിറഞ്ഞൊരു സല്യൂട്ട് നൽകാതെ ആരും "MS  DHONI UN TOLD  STORY " കണ്ട് തീയേറ്ററിന് പുറത്തെത്തില്ല . നേടിയ കളക്ഷൻ നോക്കരുത് ലക്ഷ്യത്തിനുവേണ്ടി ജീവിതം മാറ്റിവെച്ച  മനുഷ്യനെ  നോക്കൂ , നിങ്ങൾക്കിത് ഇഷ്ടമാവാതിരിക്കില്ല . കഥപറയുന്നില്ല കണ്ടുനോക്കുക


ഇന്ന് ലോകംമുഴുവൻ അറിയപ്പെടുന്ന ക്യാപ്റ്റന്റെ വ്യക്തിജീവിതം   നാമോരോരുത്തർക്കും മാതൃകയാണ് ... 'അവസരങ്ങൾ എത്തിപ്പെടാൻ വൈകും അതുവരെ നമ്മൾ പരിശ്രമിച്ചുകൊണ്ടേയിരിക്കണം "

സംവിധാനം : നീരജ് പാണ്ഡെ

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...