Thursday 22 June 2017

"ഓരോ മനുഷ്യനും അവനവന്റേതായ ഒരുപാട് ആഗ്രഹങ്ങളുണ്ട് . എത്തിപ്പിടിക്കാൻ സാധിക്കുന്നത് ചെറുതെന്നും എത്തിപ്പിടിക്കാൻ പറ്റാത്തത് "നടക്കാത്തമോഹമെന്നും " പറഞ്ഞു നമ്മൾ സ്വയം സമാധാനിക്കുകയാണ് . "

ഞാൻ ഫെയിസ്ബുക്കിൽ ഇന്നലെ വായിച്ചു ഒരുപാട് സങ്കടം  തോന്നിയ അനുഭവകഥയ്‌ക്ക്‌ കൊടുത്ത കമന്റ് മനുഎട്ടൻ ഉച്ചത്തിൽ വായിച്ചതാണ് .

"എന്തോന്നാടി ഇത് ..... നീയും നിന്റെയൊരു ഒണക്ക ഫിലോസഫിയും "

"അങ്ങനെ തള്ളിക്കളയരുത് . ഒരുകാലത്ത് ഈ ഫിലോസഫി കേട്ട് എന്തുമാത്രം പുകത്തിയിരുന്നതാ... നീ ബ്രില്യന്റ് ആണ് , നല്ല ചിന്താഗതികൾ ആണ് , എവിടെയൊക്കെയോ എത്തേണ്ട ആളാണ് .....എന്നിട്ടിപ്പോ മണ്ടത്തരം , പൊട്ടത്തരം ഒണക്ക ഫിലോസഫി "

എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു . അല്ലെങ്കിലും പ്രണയിച്ചുനടക്കുന്നകാലത്തെ സുഖമൊന്നും വിവാഹത്തിനപ്പുറം പ്രതീക്ഷിക്കണ്ട എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഞങ്ങൾ

"നീയിങ്ങനെ പിണങ്ങാതെ ...... അന്നൊക്കെ നീ പറഞ്ഞത് എനിക്കങ്ങനെയെ തോന്നിയിട്ടുള്ളൂ  "

"ഇപ്പോഴോ ?"

"ഇപ്പോൾ ഈ മനുവിന്റെ ജീവിതത്തിൽ ഒറ്റ ഫിലോസഫിയെയുള്ളൂ " ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള ഇത്തിരി ദൂരം "

"അതെ ...എന്നാലും ...ജീവിതമാവുമ്പോൾ ആഗ്രഹങ്ങളൊക്കെ വേണ്ടേ "

"അത് വേണം . കുറച്ചുകാലമേ നമ്മൾ ജീവിക്കുന്നുള്ളൂ അത്രയും കാലം നമുക്കിഷ്ടമുള്ളത് പോലെ ജീവിക്കാൻ കഴിയണം . അക്കാര്യത്തിൽ ഞാൻ ഹാപ്പിയാണ് . നീയോ ?"

"ഞാനും ..."

"രണ്ടൂസം മുൻപ് മരം നടുന്ന ദിവസം നീയെന്തോ ആഗ്രഹങ്ങളാണ് നടപ്പില്ല എന്നൊക്കെ എഴുതിയല്ലോ "

"അത് നൊസ്റ്റാൾജിയ കേറിയപ്പോ എഴുതീതാ"

"എന്ന ഒന്നൂടെ പറ , നമുക്ക് നോക്കാം വേണോ വേണ്ടയോ ന്ന് "

"എനിക്ക് വേറെ പണിയുണ്ട് " എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോൾ മനുഎട്ടൻ തിരക്കിട്ട് ഫോണിൽ തിരയുന്നത് കണ്ടു, തിരക്കുകൾ മാറിയപ്പോൾ എന്റെ ടൈം ലൈനിൽ എന്തൊക്കെയുണ്ടെന്ന് നോക്കുന്നത് ആളുടെയൊരു ഹോബിയാണ് .

ഭക്ഷണം തയ്യാറായി ഹാളിലേക്ക് വരുമ്പോഴും അതെ ഇരിപ്പു തന്നെയാണ്

"എന്ത് പറ്റി ?"

"ഒന്നൂല്ലടി .... ഒരുവശത്ത് പാടങ്ങളും, ഒരുവശത്ത് വലിയ കുളവും , ഒരുവശത്ത് മാനംമുട്ടെ നിൽക്കുന്ന മരങ്ങളും ഉള്ള ഒരുവീട്ടിൽ താമസിക്കാൻ എന്ത് സുഖമാവും എന്നോർത്തതാ"

"അപ്പോൾ വായിച്ചു ലെ "

"ഉം .... എന്റെയൊക്കെ കുട്ടിക്കാലത്ത് വീടിനടുത്ത് കുളവും കാടും ഒക്കെയുണ്ടായിരുന്നു ... ശരിക്കും പറഞ്ഞാൽ അന്നൊക്കെ ആയിരുന്നു ഏറെ സുഖം . എത്ര കാലം കഴിഞ്ഞാലും ഇനി അത് നമുക്ക് തിരിച്ചു കിട്ടില്ല .... നമ്മുടെ മക്കൾക്കും "

"മനുഷ്യർ അവരുടെ സാർത്ഥതയ്ക്കുവേണ്ടി എല്ലാം നശിപ്പിച്ചു , മണ്ണും ,പാടവും ,തോടും ,പുഴയും ,കാവുകളും ,മാലയും എല്ലാം ...."

ഇങ്ങനെത്തെ വിഷയം വരുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആവേശമാണ് ഉത്തരം പറയാൻ .

"ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയിൽ  നിനക്കാത്മശാന്തി .... കേട്ടിട്ടുണ്ടോ നീയിത്"

"ഓ എൻ വി സാറിന്റെ "

അതെ ലൈൻസ് ബൈ ദി ഗ്രേറ്റ് പോയറ്റ്... അദ്ദേഹം എഴുതിയത് ശരിയാണ് . പക്ഷെ  അദ്ദേഹം പറയുന്ന മറ്റൊരു കാര്യം കൂടെ നമുക്കിത് നിന്നും വായിക്കാൻ പറ്റും"

"അതെന്താ ?"

"എടി ഈ ഓ എൻ വി സാർക്ക് എത്ര സഹോദരങ്ങൾ ഉണ്ടെന്നറിയാമോ ?"

"ഇല്ല ."

"എനിക്കുമറിയില്ല . എന്തായാലും രണ്ടോ മൂന്നോ എങ്കിലും കാണും . രണ്ടു മക്കളുമുണ്ട്‌ . "

"അതിന്"

"ആദ്യം ഇവരുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു , അവർക്ക് മക്കളുണ്ടായി , മക്കൾക്കും മക്കളുണ്ടായി , അവർക്കും മക്കളുണ്ടായി ... ഓരോരുത്തർക്കും ഈരണ്ടു മക്കൾ വച്ച് കൂട്ടിയാലും അവരിൽ നിന്നും സൃഷ്ടിക്കപ്പെട്ട മൂന്ന് നാല് കുടുംബമായി "

"വല്യ കണ്ടുപിടുത്തം . എല്ലായിടത്തും അങ്ങനെയാണല്ലോ "

"അതെ .... പക്ഷെ നീയൊരു കാര്യം മറക്കരുത് . അംഗങ്ങൾ കൂടുന്നതിനനുസരിച്ചു ഭൂമിയുടെ അളവിൽ വ്യത്യാസം വന്നിട്ടുണ്ടോ ? അന്നും ഇന്നും നാല്പത്തിനായിരവും ചില്ലറയും അല്ലെ ?"

"ഉം "

"കവിയുടെ കുട്ടിക്കാലത്ത് രണ്ടുകോടിയോളം ഉണ്ടായിരുന്ന ജനസംഖ്യ ഇതെല്ലാം കുത്തിക്കുറിക്കുന്ന  കാലമാവുമ്പോഴേക്കും മൂന്നുകോടി കവിഞ്ഞു , മരണസമയം ആവുമ്പോഴേക്കും മൂന്നരക്കോടിയായി . ഈ മൂന്നരക്കോടി ജനങ്ങൾക്ക് താമസിക്കാൻ അന്നും ഇന്നും കേരളത്തില് മുപ്പത്തെട്ട് പോയിന്റ് എണ്ണൂറ്റി എൺപത്താറ് അല്ലെ അളവ് ?"

"അതെ "

"അന്നത്തെ ഓലക്കുടിലുകൾക്കുപകരം വന്നതെല്ലാം ഓടും വാർപ്പും ഉള്ള വീടുകൾ ഇതിനുള്ള മരമെല്ലാം എവിടെ നിന്ന് വരുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ ? എടി ഒറ്റവെട്ടിന് കടപുഴകിവീഴുന്ന മരങ്ങൾ പകരം നമ്മൾ വെച്ചാലും വളർന്ന്‌ വലുതാവാൻ വർഷങ്ങൾ വേണം . അറിയാമോ ?"

"ഉം "

"പിന്നെ മരങ്ങൾ ഇല്ലാത്തിടത്തെങ്ങനെ മഴപെയ്യും ? മലകൾ ഖനനം ചെയ്തു വീടുപണിതിട്ട് ആ അവസരവും നശിപ്പിച്ചതും നമ്മളല്ലേ ? കാലങ്ങളായി മണ്ണിനടിയിൽ സംഭരിക്കപ്പെട്ട ശുദ്ധജലം കാശുള്ളവൻ ബോർവെൽ താഴ്ത്തി ഊറ്റിയെടുത്ത് ഗാർഡൻ നനയ്ക്കുമ്പോൾ നമ്മള് ഫെയിസ്ബുക്കിൽ പ്രസംഗിച്ചു രണ്ടുമൂന്നു ദിവസത്തിലൊരിക്കൽ വരുന്ന മുനിസിപ്പാലിറ്റി ലോറി വെള്ളത്തിനായി അടിപിടി കൂടുകയല്ലേ പതിവ് ?"

"അതെ ...."

"അതുകൊണ്ട് ഇക്കാര്യത്തിൽ നൊസ്റ്റാൾജിയ അയവിറക്കിയിരിക്കാൻ മാത്രമേ തൽക്കാലം നിവൃത്തിയുള്ളൂ ... ഇപ്പോഴുള്ള സുഖസൗകര്യങ്ങൾ വെടിഞ്ഞു പണ്ടത്തേതുപോലുള്ള അസ്വകര്യങ്ങളിൽ ജീവിക്കാൻ ഈ നിലവിളിക്കുന്ന നീയടക്കം ആരെങ്കിലും തയ്യാറാവുമോ ?"

"ഇല്ല ...."

"അഹ് ...ഉണ്ടാവില്ല ... കാരണം മാറ്റങ്ങൾ നമ്മൾ ആഗ്രഹിക്കുന്നു , മാറിപ്പോയ കാലത്തിരുന്ന്‌ മടുപ്പ് പിടിക്കുമ്പോൾ തിരിഞ്ഞുനോക്കുന്നതിൽ എന്താണ് വിദ്യ കാര്യം ."?

" ഉള്ളത് നശിപ്പിക്കാതിരിക്കാൻ നമുക്ക് നോക്കാം ..." ഞാൻ എന്റെ അഭിപ്രായം പറഞ്ഞു .

"ഈ വാടകവീട്ടിൽ എട്ടുകൊല്ലമായി നമ്മൾ താമസിക്കുന്നു . രണ്ടുപേരും എത്രത്തോളം പിശുക്കി പിശുക്കി സംഭരിച്ചിട്ടും മൂന്നോ നാലോ സെന്റ്‌ ഭൂമി പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടോ ?"

"അതില്ല ....പക്ഷെ വൈകാതെ ഉണ്ടാവുമല്ലോ "

"അങ്ങനെയുണ്ടായാലും ആ ഇത്തിരിമണ്ണിൽ മരം നടുമോ അതോ വീട് വെക്കുമോ ? "

"അത് ..പിന്നെ ...."

"സംരക്ഷിക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു . പക്ഷെ സംരക്ഷിക്കപ്പെടാനുള്ളത് അന്യന്റെയാണ് . അതിലെന്ത് ചെയ്യണമെന്ന് നാമെങ്ങനെ തീരുമാനിക്കും ...അതുകൊണ്ട് നമുക്കിങ്ങനെ അഭിപ്രായങ്ങൾ പറഞ്ഞോണ്ടിരിക്കാമല്ലേ ഒഴുക്കിനൊപ്പം നീന്താം ..."

എന്നത്തേയും പോലെ ഉത്തരമില്ലാതെ ഞാൻ വെറുതെ ഫോണും നോക്കിക്കൊണ്ടിരുന്നു .

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...