Tuesday 20 June 2017

"പാതപണിക്കുള്ള തീരുമാനം ഉന്നതതലത്തിൽ അംഗീകരിച്ചിരിക്കുന്നു , ഇന്നേക്ക് പത്താം നാളുതൊട്ട് പണി തുടങ്ങുമെന്നും എല്ലാ ഗ്രാമവാസികളും സഹകരിക്കണമെന്നും അപേക്ഷിക്കുന്നു "


ചുറ്റും തുരുമ്പ് കണ്ടുതുടങ്ങിയ ജീപ്പ്  സ്പീക്കറിലൂടെ  പഞ്ചായത്തിൽ കൂവിവിളിച്ചു ഓടിക്കൊണ്ടേയിരുന്നു , കട രാമന്റെ സിൽമാ പോസ്റ്ററൊട്ടിക്കുന്ന ചുവരുമുതൽ പാർട്ടി ആഫീസ് വരെ പാതപണിയുടെ ചുവരെഴുത്തുകൾ കൊണ്ട് നിറഞ്ഞു


"ഇനീപ്പൊൾ എവിടെ പോണെങ്കിലും നല്ല വഴിയായി , ഉറവയെടുക്കാത്ത , ചെളി കുത്താത്ത നല്ല വഴി "


"അതെ നമ്മുടെ നാട് പുരോഗമിച്ചു "


"ഇനി മൈലുകൾ നടന്ന് വണ്ടിപിടിക്കാൻ പോവണ്ട , കുട്ടിയോൾക്ക് സ്‌കൂളിൽ പോകാനും സൗകര്യമാണ് "


ചായക്കടയിലും വായനശാലയിലും കുളങ്ങളിലും തോട്ടുവക്കത്തും എന്തിന് പാടത്തെ കളപറിക്കുന്ന പെണ്ണുങ്ങൾക്കും വരെ പാത പണിയുന്ന കാര്യമേ പറയാനുള്ളൂ


"അപ്പു ഏട്ടാ ടാറിട്ട പാതവന്നാൽ കൊറേ വണ്ടികളും വരുമല്ലേ ?"


"വരും ...." അപ്പു സന്തോഷത്തോടെ അനിയത്തിക്ക് മറുപടി നൽകി


"ആ വണ്ടികൾ നമ്മളെ ഇടിക്കോ ?"


'ഇടിക്കില്ല, മാഷ് പറഞ്ഞില്ലേ നടക്കുമ്പോൾ വശം ചേർന്ന് നടക്കണമെന്ന് , നടക്കുന്നോർക്ക് റോഡിൻറെ അപ്രത്തും ഇപ്രത്തും സ്ഥലമുണ്ടാകും "


"മാഷ് കള്ളം പറഞ്ഞതാകുമോ "


"ഇല്ല . മാഷുമാര് കള്ളം പറയില്ല . നീ നോക്കിക്കോ പാത വന്നാൽ നമ്മുടെ നാടും പട്ടണമാവും , "


"പട്ടണമായിട്ട്"


"അപ്പോൾ ഏട്ടന് നല്ല ജോലി കിട്ടും , പിന്നെ എന്തുവേണമെങ്കിലും മോൾക്ക് വാങ്ങിത്തരാം "


നാടിന്റെ മുക്കും മൂലയും വരാൻ പോകുന്ന പാതയുടെ ഉപയോഗത്തെക്കുറിച്ച് വാചാലരായി


പക്ഷെ ഈ സന്തോഷത്തിലൊന്നും പങ്കെടുക്കാതെ ഒരാൾമാത്രം മാറി നിന്നു . "വേലായുധേട്ടൻ " . വേലായുധൻ വെളിച്ചപ്പാട്


"വെളിച്ചപ്പാടുക്ക് എന്തായിത്ര സങ്കടം "?


"ഏയ് ഒന്നൂല്ല ....."


"ചില വെളിപാടുകൾ . പാത  ഭഗോതിക്ക്‌ പാടില്ലെന്ന്  '"


പിന്നീടുള്ള ദിവസങ്ങളിലും വെളിച്ചപ്പാട് വേലായുധേട്ടൻ നിരാശനായിത്തന്നെ കാണപ്പെട്ടു . അവസാനം കാത്തിരുന്ന ദിനമെത്തി . പാതപണിക്കുള്ള അളവുകൾ തീരുമാനിക്കപ്പെട്ടു . ഇത്തവണ ഞെട്ടിയത് നാട്ടുകാരാണ് . വേലായുധേട്ടൻ ഒന്നും മിണ്ടാതെ കണ്ടുനിന്നതേയുള്ളൂ


"എന്താ വെളിച്ചപ്പാടെ വിഷമം എന്ന് കാണുമ്പോഴൊക്കെ ചോദിച്ചിരുന്ന കല്യാണിയമ്മയുടെ വീടിന് മുൻഭാഗം പാതയ്ക്കുള്ളതാണ് .
കല്യാണിയമ്മയുടെ പുറകിലെ തൊടിയിരിക്കുന്ന സ്ഥലമേ അവരുടേതായുള്ളൂ , ബാക്കിയെല്ലാം പുറമ്പോക്ക് ഭൂമി കയ്യേറിയതാണെന്ന്


അടുത്ത ദുരന്തം പി. എൻ ജി തറക്കല്ലിട്ട് തുടങ്ങിയ വായനശാല , നാടിന്റെ ആവേശമായിരുന്ന വായനശാല പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റപ്പെട്ടു , പതിറ്റാണ്ടുകളുടെ കൈചൂടേറ്റ പുസ്തങ്ങൾ അന്ന് പിന്തിരിഞ്ഞത് നാട്ടുകാരുടെ മനസ്സിൽ നിന്ന് കൂടിയാണ് .


പിന്നെയാ പാത വിഴുങ്ങിയത് വായനശാലയോട് ചേർന്ന് തോട്ടിന് മുകളിലായി മാനംമുട്ടെ വളർന്നുനിൽക്കുന്ന ആൽമരത്തിനെയാണ് . അത്രനാളും സന്തോഷം തുളുമ്പിയിരുന്ന ഗ്രാമവാസികളുടെ മുഖം മങ്ങിത്തുടങ്ങി


പാതയുടെ കണക്കെടുപ്പ് പിന്നെയും മുൻപിലേക്ക് പോയി ദാസനെയും ചങ്കരന്റെയും തങ്കമ്മയുടെയും   മണ്ണിനുമീതെ അധികാരികൾ കയറുകെട്ടി അടയാളമിട്ട് പുറകെവരുന്ന പണിക്കാർക്ക് വഴികാട്ടിക്കൊണ്ടിരുന്നു


"സാറെ ഇവിടെയുള്ള വഴിക്കുമീതെ കൂടെ പാതവന്നാൽ പോരെ ?'" സഹികെട്ടപ്പോഴാണ് നാരായണൻ അത് ചോദിച്ചത് . അയാൾക്ക് പിന്തുടർച്ചയെന്നോണം ഓരോരുത്തരായി ചോദ്യം ഏറ്റു പിടിച്ചു


ഓഫിസർ അളക്കുന്നത് നിർത്തി അവർ പരാമർശിച്ച ഇടവഴികളിലേക്ക് ഒന്ന് നോക്കി , ശേഷം നിർത്താതെ അൽപ്പനേരം ചിരിച്ചു


"ഹേ ... ഈ വഴിയിൽ പാതയിട്ടാൽ വലിയ വണ്ടികളെങ്ങനെ വരും ?  പിന്നെ ഇതൊന്നും ഞങ്ങളല്ല തീരുമാനിക്കുന്നത് എല്ലാം മുകളീന്നാണ് . നിങ്ങടെയൊക്കെ സ്വത്തുവിവരങ്ങളും വഴികളും സർക്കാരിന്റെ അടുത്തുണ്ട് "


"വികസനം വരണമെങ്കിൽ നിങ്ങൾഇത്തിരിയൊക്കെ വിട്ടുകൊടുക്കണം , ഉത്തരത്തിൽ ഇരിക്കുന്നത് വേണം കക്ഷത്തിലെ പോവാനും പാടില്ല എന്നുവെച്ച എങ്ങനെയാ ?"

പ്രസിഡന്റിന്റെ വാക്കുകൾ ഗ്രാമവാസികളുടെ അവസാന ആശ്രയവും നശിപ്പിക്കും വിധത്തിലായിരുന്നു

ഇന്ന് വരെ തങ്ങളുടെ സ്വകാര്യമായിരുന്നതെല്ലാം അന്യമാകുന്നത് ഞെട്ടലോടെ അവർ നോക്കിനിന്നു . ചിലരുടെ കണ്ണുകൾ നിറഞ്ഞുവന്നു . പക്ഷെ ഗോപാലൻ മുതലാളിയടക്കം പലരുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു

'ഇനിയൊരു കാറൊക്കെ വാങ്ങാം " എന്ന അയാളുടെ വാക്കുകേട്ട് വേലായുധേട്ടൻ തലതാഴ്ത്തി നടന്നു . പാടമിറങ്ങി ആൽത്തറയിലെ കരിങ്കൽ പ്രതിമയെ നോക്കി അയാൾ കുറേനേരം ഒന്നും മിണ്ടാതെ നിന്നു. ശേഷം ഭരണിവേലയ്ക്ക്  ഉറയാൻ  വേണ്ടി എടുത്തുവെച്ച ചെമ്പട്ട് അണിഞ്ഞു ആലിൽ  ചുറ്റിക്കെട്ടിവച്ച മണികൾ ആഞ്ഞടിച്ചു


അതിന്റെ പ്രകമ്പനം പോലെ വരമ്പിറങ്ങി ഓരോരുത്തരായി വന്നുകൊണ്ടേയിരുന്നു


"ഭഗോതി കോപിച്ചിരിക്കുന്നു " നാരായണേട്ടൻ ഹംസക്കയോട് അടക്കം പറഞ്ഞു .


ചോദ്യക്കാര് എത്രയെത്ര മാറി ചോദിച്ചിട്ടും വെളിപാട് ചൊല്ലാതെ വേലായുധേട്ടൻ ഉറഞ്ഞുതുള്ളിക്കൊണ്ടേയിരുന്നു . അയാൾ ക്ഷീണിച്ചു വീണശേഷം വരമ്പത്തെ തെങ്ങിൽ നിന്നും ഇളനീർ ഇടീപ്പിച്ചു നൽകിയിട്ടും ബോധം വന്നതല്ലാതെ ഒന്നും ഉരിയാടിയില്ല


അതിനിടയ്ക്ക് കയറിവന്ന അധികാരികൾ കൂടിനിന്ന നാട്ടുകാരോട് ആ വാർത്ത കൂടി പറഞ്ഞു


"പാത വരുന്നതിന് വേണ്ടി ഈ ആൽമരവും മുറിക്കേണ്ടി വരും , പാടത്തിന്റെ മുതലാളിമാർ പൈസ കൈപറ്റി സ്ഥലം പാതയ്ക്ക് വേണ്ടി വിട്ടുതന്നു "


"അപ്പോൾ മുത്തപ്പനോ ?"


"മാറ്റി പ്രതിഷ്ഠിക്കേണ്ടി വരും "


"മുനിയാണ് അധികാരികളെ .. സ്ഥാനം മാറിയാൽ വരുന്നത് വല്യ ദുരന്തമാവും " അത്രനേരം മിണ്ടാതിരുന്ന വേലായുധേട്ടൻ വെളിപാട് കിട്ടിയത് പോലെ ഉയർത്തെഴുന്നേറ്റു .


"അതൊന്നും ഞങ്ങളുടെ ഞങ്ങളുടെ വിഷയമല്ല . പരാതിയുണ്ടെങ്കിൽ സർക്കാരിനോട് പറയൂ "


ശേഷമുണ്ടായ ചെറിയ മുറുമുറുപ്പുകളെയും കയ്യേറ്റശ്രമങ്ങളെയും വകവയ്ക്കാതെ അവർ ലാൻഡ് മാർക്ക് ചെയ്ത് മുൻപോട്ട് പോയി . ഹൃദയം നഷ്ട്ടപ്പെട്ടപോലെ ആ നാട് മൗനത്തിലാണ്ടു .


***************************************************************


വർഷങ്ങൾക്കുശേഷം മലയാള സാഹിത്യലോകം  അംഗീകരിച്ച എഴുത്തുകാരൻ  ജന്മം നൽകിയ നാട്ടിലേക്ക് തിരികെ പോവുകയാണ് . അംഗീകാരങ്ങൾ പുതുമയാല്ലാതിരുന്ന ആ കഥാകാരന് ആദ്യമായി അക്ഷരമെഴുതിപ്പഠിച്ച വിദ്യാലയത്തിന്റെ മുറ്റത്തെത്തുവാൻ അല്പം മടിയുണ്ടായിരുന്നു .


 ഭാര്യക്ക് ഒപ്പം വരാൻ ലീവില്ലെന്ന് പറഞ്ഞു ഒഴിഞ്ഞത് 'തന്റെ തറവാട്ടിലേക്ക് ഞാൻ വരുന്നില്ല '" എന്ന തീരുമാനത്തോടെയാണെന്ന് മനസ്സിലായതുകൊണ്ടും , മക്കളെ അവധിക്കാലത്തെ സന്തോഷത്തിന് വിട്ടുകൊടുക്കാതെ സംഗീതത്തിനും നൃത്തത്തിനും അടുത്തവർഷത്തേക്കുള്ള ട്യൂഷനും അയക്കുന്നത് മുടങ്ങുമോയെന്ന വിഷമം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നോ ?


കുറച്ചുനാളുകൾക്ക് മുൻപ് എപ്പോഴോ നൊസ്റ്റാൾജിയ തികട്ടി വന്നപ്പോൾ കുത്തിക്കുറിച്ച പഴയ ഗവ . എ എൽ പി സ്‌കൂളിലെ നെല്ലിക്കയുടെയും , പുളിയുടെയും , ഞാവല്പഴത്തിന്റെയും മഷിത്തണ്ടിന്റെയും ഓർമകൾക്ക് വീട്ടിൽ നിന്നും കിട്ടിയ " ആ പട്ടിക്കാട്ടിലെ ആണെന്ന് നാട്ടുകാരെ അറിയിച്ചപ്പോൾ സമാധാനമായോ " എന്ന മറുപടിയും അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു



എങ്കിലും സ്വയം ഡ്രൈവ് ചെയ്ത് പാലക്കാട്ടേയ്‌ക്കൊരു തിരികെയാത്ര അയാളുടെ സ്വപ്നങ്ങളിൽ എവിടെയോ അക്കമിട്ട് വെച്ചത് നേടിയെടുക്കുന്ന സന്തോഷമുണ്ടായിരുന്നു . കോളേജിൽ മധ്യവേനലവധിയ്ക്കും ഒഴിവുകൊടുക്കാതെയുള്ള സെമ് എക്‌സാമുകളുടെ കാവൽക്കാരനായി നിൽക്കാനുള്ള ഉത്തരവാദിത്തത്തെ മനപ്പൂർവ്വം അവഗണിച്ചു .



തട്ടുകടയിലെ ദോശയും പരിപ്പുവടയും പഞ്ചാരയിടാത്ത കട്ടൻ ചായയും ട്രെൻഡ് ആവും മുൻപേ അവ ശീലമാക്കിയ നാടിന്റെ നന്മയിലേക്ക് , പത്തു കഴിഞ്ഞശേഷം പ്രീ ഡിഗ്രിയും , ഡിഗ്രിയും , മാസ്റ്ററ്‍ഴും ചെയ്ത്    വിവാഹം കഴിച്ചു അവിടെത്തന്നെ സെറ്റിൽ ചെയ്യുകയായിരുന്നു


വല്ലപ്പോഴും ഉള്ള വഴിപാട് യാത്രകളും  മടക്കങ്ങളും അല്ലാതെ വീടുമായും നാടുമായും അടുപ്പം ഇല്ലാതെയായിട്ടെത്ര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .


ചിറ്റൂരെത്തുമ്പോൾ നേരം പുലർന്ന് തുടങ്ങുന്നേയുള്ളൂ , അയാൾ വണ്ടിയുടെ വേഗത അൽപ്പം കൂടെ കൂട്ടി , സ്‌കൂളിലെ പരിപാടിക്ക് പറയേണ്ട വാക്കുകളെ ഒന്നുകൂടി മനസ്സിൽ ഉറപ്പിച്ചുകൊണ്ടിരുന്നു . "കുട്ടികൾ വായിച്ചും കളിച്ചും വളരേണ്ടവരാണ് , മുത്തശ്ശിയുടെ കഥകളും മുത്തശ്ശന്റെ ഊഞ്ഞാലാട്ടവും ആസ്വദിക്കേണ്ടവരാണ് "





 വഴിയോരത്തെ ചെറിയ ഹോട്ടലിന്മുന്നിൽ   വണ്ടി നിർത്തി കാറിൽ നിന്നും ചായകുടിക്കാനായി ഇറങ്ങുമ്പോഴാണ് അയാൾ ഹോട്ടലിനോട് ചേർന്നുള്ള ഷട്ടറിന്റെ മുന്നിൽ കുനിഞ്ഞിരിക്കുന്ന മനുഷ്യനെ കണ്ടത്

"വേലായുധേട്ടനല്ലേ ?" അയാൾ സംശയം പ്രകടിപ്പിച്ചു

"ആരാ മനസ്സിലായില്ലാലോ ..."

"വേലായുധേട്ടന്  എന്നെ അറിയില്ലായിരിക്കും എനിക്കറിയാം , ഞാൻ ഗോപാലന്റെ മോനാണ് "

"തിരോന്തോരത്ത് അല്ലെ ?"

"അതെ ...."

"കാശുണ്ടെങ്കിൽ അഞ്ചുറുപ്പിക താരോ ?"

അയാൾ പോക്കെറ്റിൽ നിന്നും നൂറിന്റെ നോട്ടെടുത്ത് നീട്ടി . അതുവാങ്ങി കണ്ണിൽ വച്ചശേഷം അയാൾ വീണ്ടും ആരാഞ്ഞു

"പേരെന്താ ?"

"രാജേഷ് "

"നക്ഷത്രം ?"

"ആയില്യം "

"അർച്ചന മാത്രക്കണില്ല, നൈവേദ്യം കൂടെ ആവാലെ "


പിന്നെ  അയാൾ ഒന്നും മിണ്ടാതെ ആ പൈസയുമായി പോകുന്നതും നോക്കി രാജേഷ് ഹോട്ടലിലേക്ക് കയറി .


"സാറ് പൈസ കൊടുത്തോ ?"


"ഉം "


"നമ്മളെന്ത് കൊടുത്താലും വാങ്ങില്ല , അർച്ചനയ്ക്ക് വഴിമുട്ടിയാലേ ആരോടെങ്കിലും ചോദിക്കൂ "


"എന്ത് പറ്റിയതാണ് ?"


"പത്തുമുപ്പത് കൊല്ലമായി സാറേ , ഇവിടെ മെയിൻ റോഡ് വരുന്നതിന് മുൻപ് പടത്തിനു നടുക്കൊരു കാവുണ്ടായിരുന്നു , അത് പൊളിച്ചു കളഞ്ഞശേഷം വെളിച്ചപ്പാടായിരുന്ന ഇങ്ങേര് ആ ദൈവങ്ങളെയെടുത്ത് വീട്ടിൽ കൊണ്ടുവച്ചു , വീട്ടുകാര് വഴക്കുപറഞ്ഞു തുടങ്ങിയപ്പോൾ കാട്ടിലും ഒഴിഞ്ഞയിടങ്ങളിലും തോട്ടുവക്കത്തും ഒക്കെ മാറി മാറി വച്ചു"


"എന്നിട്ട് "


"എന്നിട്ട് അവിടെയെല്ലാം വികസനം വന്നപ്പോൾ അയാള് ദൈവത്തെയും ഭാണ്ഡത്തിൽ കെട്ടി അലഞ്ഞുനടന്നു , ഇപ്പോൾ പഞ്ചായത്ത് വേസ്റ്റ് കൊട്ടുന്നതിന്റെ പുറകിലാ "


"അപ്പോൾ വേറെ അമ്പലമൊന്നുല്ലേ ?"

അതിലൊക്കെ ശിവനും ലക്ഷ്മിയും കൃഷ്ണനും  മുരുകനുമൊക്കെയാ ....കറുപ്പനേം മുത്തപ്പനേം മുനിയെയും അവിടെടുക്കില്ല "

മോഡേൺ ദൈവങ്ങൾ ...! അയാൾ അടുത്ത കഥയ്ക്കുള്ള തലക്കെട്ട് മനസ്സിൽ കുറിച്ചിട്ടു .


ഭൂതകാലത്തിൽ വേലായുധേട്ടന്റെ വാള് കൊണ്ടുള്ള മുട്ടും ഭസ്മവും വാങ്ങാൻ നിന്നിരുന്ന കൊച്ചുകുട്ടിയായതുപോലെ അയാൾക്ക് തോന്നി . ഓരോ ക്ലസ്സിലും ജയിക്കാനായി അയാളിട്ട കാണിക്കകൾ കറുത്ത റോഡിൽ വണ്ടിച്ചക്രമേറ്റു നണുങ്ങിചുരുങ്ങുന്നത് പോലെ തോന്നി  .



"പ്രിയകുട്ടികളെ ,

   മധ്യവേനലവധി ആഘോഷിക്കുന്നതിനിടയിൽ എനിക്കുവേണ്ടിയൊരു ദിനം മാറ്റിവച്ച നിങ്ങൾക്കെന്റെ ഹൃദയം നിറഞ്ഞ നന്ദി . ഞാൻ അക്ഷരമുറപ്പിച്ചത് ഇവിടെ നിന്നാണ് എന്റെ ഓരോ കഥാപാത്രങ്ങളും കഥകളും ഈ നാട്ടിൽ നിന്നും കടം കൊണ്ടവയാണ് , മനസ്സിലാദ്യമായി കഥയുടെ പണിപ്പുര തളിഞ്ഞുവന്നത് ഇവിടുത്തെ അനുഭവങ്ങളിലൂടെയാണ് ........"


സ്‌കൂളിന്റെ ആദരം ഏറ്റുവാങ്ങി സ്വന്തം വീട്ടിലേക്ക് കയറുമ്പോൾ കാത്തിരിക്കുന്നത് പോലെ അമ്മയും അച്ഛനും ഉണ്ടായിരുന്നു . മുറ്റത്ത് ആരാലും പെറുക്കപെടാത്ത മാമ്പഴങ്ങളും

അതിലൊന്നെടുത്ത് അവരുടെയടുത്തേക്ക് നടക്കുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു

"ഇന്ന് മടക്കമുണ്ടാവോ ?"

"ഇല്ലമ്മേ ....ഈ മധ്യവേനലവധി .... ഈ മാമ്പഴക്കാലം കഴിയും വരെ ഇവിടെയുണ്ടാകും "

ഇത്തവണ നിറഞ്ഞത് അച്ഛന്റെ കണ്ണുകളാണ്


 "ഏതാ കാലമായി ന്നറിയോ ?"

"അച്ഛാ വികസനം വരാൻ അന്ന് വാശി പിടിച്ചത് ഓർമ്മയുണ്ടോ ....അച്ഛന്റെ കാറുകൾ തുരുമ്പെടുത്ത് കിടക്കുന്നു ...മക്കൾ മൈലുകൾക്കപ്പുറവും ..."

അയാളൊന്നും മിണ്ടാതെ മകനെ ചേർത്തു പിടിച്ചതേയുള്ളൂ . കാലം തന്റെ പഴക്കം കൊണ്ട് ശരികളാക്കുന്ന തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു . പഞ്ചായത്ത് മാലിന്യസംസ്കരണ പ്ലാന്റിന് പിന്നിൽ നിന്നും  നരച്ച മുടിയിഴകളൊതുക്കി   ദ്രവിച്ചുതുടങ്ങിയൊരു ശബ്ദം ഉരുവിട്ടുകൊണ്ടിരുന്നു "ലോക സമസ്ത സുഖിനോ ഭവന്തു "...!




No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...