Wednesday 16 March 2016




ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും പിന്നെ ഇത്തിരി ഇത്തിരി വിഷമങ്ങളും ഒക്കെ തന്ന് ഇരുപത്തിരണ്ട് വർഷം കടന്നു പോകുമ്പോൾ ആരോടാണ് ഞാൻ നന്ദി പറയേണ്ടത് ????????

എനിക്ക് ജന്മം നൽകിയ മാതാപിതാക്കൾക്ക്

എന്നെ വളർത്തി വലുതാക്കിയ അച്ഛച്ചനും അച്ഛമ്മയ്ക്കും

ഓർമവെച്ച് തുടങ്ങുമ്പോൾ എന്നും കൂടെയുണ്ടായിരുന്ന ചെറിയച്ചൻമാർക്കും അമ്മായിമാർക്കും മാമനും മേമയ്ക്കും ഏട്ടന്മാർക്കും ചേച്ചിക്കും അനിയന്മാർക്കും അനിയത്തിമാർക്കും നന്ദി പറഞ്ഞു കടപ്പാട് തീർക്കുന്നില്ല

അടിതെറ്റാതെ നടന്നു തുടങ്ങിയ കാലം മുതൽ കൂടെയുണ്ടായിരുന്ന ആദ്യ കൂട്ടുകാർക്ക് ...

ചുറ്റുമുള്ള കാഴ്ചകളെ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതൽ കൂടെ ഉണ്ടായിരുന്ന.... എന്നും എന്തിനും കൂടെ നിന്നിരുന്ന പ്രിയ സൌഹൃദങ്ങൾക്ക് .....

അറിഞ്ഞും അറിയാതെയും ഒപ്പിച്ച വികൃതിത്തരങ്ങൾ ചെറിയൊരു പരിഭവത്തോടെയോ അല്ലെങ്കിൽ അധികം വേദനിക്കാത്ത വഴക്കായോ നാല്കിയെനിക്ക് മുന്നിൽ അവസാനിക്കാത്ത ഓർമ്മകൾ ഉണ്ടാക്കിയ നാട്ടുകാർക്ക്

വിട്ടു പിരിയാൻ ആവാത്ത വിധം എന്നെ വലിച്ചടുപ്പിക്കുന്ന എന്റെ നാടിന്

ഇഷ്ട്ടമില്ലാതെയും ആദ്യമായി അച്ചടക്കത്തോടെ പോയിരുന്നു പഠിച്ച അങ്കണവാടിക്ക്...

അന്നുമുതൽ ഹിന്ദു - മുസ്ലിം വേർതിരിവ് കൊണ്ട് തമ്മിൽത്തല്ലുകയും പിന്നെ എന്നോ ബോധോദയത്തിന്റെ കാലത്ത് മാറ്റി നിർത്താൻ ആവാത്ത വിധം അടുത്തു പോയ ആദ്യ സഹപാഠികൾക്ക്..

ഉച്ചക്കഞ്ഞിക്ക് ശേഷം ടീച്ചർ വന്നു നോക്കുന്നുണ്ടോ എന്നെത്തി നോക്കി ഒരുകണ്ണടച്ച് പാളി നോക്കി കള്ളത്തരത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ച സുരേഷേട്ടന്റെ വീടിലെ വരാന്തയിലെ കള്ളഉറക്കത്തിന്

ശക്തിമാനും,മഹാഭാരതവും,യാത്രയും ,ജ്വലയായും കണ്ടിരുന്ന ...ഒരുപാട് ശിവരാത്രികളിൽ ഉറങ്ങാതിരുന്ന വലിയത്തന്റെ വീട്ടിലെ കുഞ്ഞു ടി . വി ക്ക് ... പിന്നെ അത്ര ദൂരം പോകുന്നത് കുറച്ച് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ആണ് എങ്കിലും കോശന്റെ വീട്ടിലെ ടി. വി ക്ക് . ആദ്യമായി ചലച്ചിത്രങ്ങളോട് ഇഷ്ട്ടവും കൌതുകവും തോന്നി തുടങ്ങിയത് അവിടെ വെച്ചാണ്


ആദ്യമായി അക്ഷരം പഠിച്ചു തുടങ്ങിയ എത്തനൂർ ഗവ.ബേസിക് അപ്പർ പ്രൈമറി സ്കൂളിനോട് ... അക്ഷരങ്ങളുടെ വിശാലമായ ലോകത്തേക്ക് എന്നെ കൈപിടിച്ചുയർത്തിയ എന്നെ ഞാനാക്കി തീർത്ത എന്റെ പ്രിയ അദ്ധ്യാപകർക്ക്.... അക്ഷരങ്ങൾ പഠിപ്പിച്ചതും എഴുതി ശീലിപ്പിച്ചതും കഥയുടെയും കവിതയുടെയും ശേഖരമായ ലൈബ്രറി എന്ന അത്ഭുതത്തെ പരിചയപ്പെടുത്തിയ പ്രിയ അദ്ധ്യാപകർ...


കണ്ണിൽ കണ്ടെതെല്ലാം വായിക്കുന്ന സ്വഭാവം വീട്ടിലെ മനോരമ - മംഗളം വീക്കിലികളോടും തുടങ്ങിയപ്പോൾ മൂന്നാം ക്ലാസ്സുകാരിയുടെ മുന്നില് നിന്ന് അതെല്ലാം ഒളിപ്പിച്ചു വെച്ചവർക്ക്.. .

അതിലെന്തു കുഴപ്പമെന്ന് ചിന്തിച്ചു ചിന്തിച്ചു പിന്നീട് എപ്പോഴോ മുകളിലെ ക്ലാസ്സുകളിൽ പഠിക്കുന്ന ചേച്ചിമാരുടെ പാഠപുസ്തകത്തിലേക്ക് തിരിഞ്ഞ പൊട്ട ബുദ്ധിയോട്..

അരിച്ചു പെറുക്കി ഒന്നും വിടാതെ വായിച്ചിരുന്ന പത്രങ്ങളോട് ...

വായനാശീലം സമ്മാനിച്ച സ്കൂളിലെ ക്വിസ് മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനങ്ങളോട് ...

പിന്നീടെപ്പോഴോക്കെയോ ചിതലരിച്ചും അടുപ്പിലെരിഞ്ഞും ഇല്ലാതായ സർട്ടിഫിക്കറ്റുകൾക്ക് ..
ആരും കാണാതെ വലിച്ചെറിയപ്പെട്ട അംഗീകാരങ്ങൾക്ക്....

വായനയും സംസാരവും ചേർന്നപ്പോൾ പ്രസംഗവും എഴുത്തുമായി ചുറ്റുമുള്ളവരെ കുറിച്ച് ചിന്തിച്ചു തുടങ്ങിയ നാളുകൾക്ക്...

വീട്ടുകാരും നാട്ടുകാരും "ബോധമില്ലേ"? എന്ന് പരാതി പറഞ്ഞത് കേൾക്കുമ്പോൾ ഉണ്ടായിരുന്ന കൊച്ചു വിഷമങ്ങളോട് ....

സാമൂഹ്യസേവനം തലയിൽ കയറി പിന്നെയത് തിരിച്ചറിവിന്റെ കാലത്തിൽ സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളോട് തോന്നിയ ആരാധനയും കൂട്ടിച്ചേർത്ത് പോലീസ് ആവണമെന്നുള്ള മോഹത്തോട് ..

പിന്നെയും വളർന്നപ്പോൾ പോലീസുകാരെ വരെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളോടുള്ള ആവേശം പത്ര - പ്രവർത്തനമെന്ന ലക്ഷ്യത്തിൽ എത്തിച്ച സാഹചര്യങ്ങളോട് ...

എന്നിട്ടും മോഹങ്ങളും ലക്ഷ്യങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ച് പ്രൈവറ്റ് ഫിനാൻസിന്റെ ചൂട് കാറ്റ് വീശുന്ന ഫാനിനും ഇരുമ്പ് കസേരകൾക്കും ജീവനില്ലാത്ത എങ്കിലേറെ വിലയുള്ള നോട്ടുകെട്ടുകൾക്കും.. എത്ര ചെയ്താലും അവസാനിക്കാത്ത ടാർജെറ്റ്‌കൾക്ക്...

ആദ്യമായി ജോലിക്ക് പോകുന്ന സാധാരണക്കാരി പെൺകുട്ടിയിലും , അവൾക്കൊരിക്കലും സ്വപ്നം കാണാൻ ആവാത്ത അത്ര ഉയരത്തിൽ നിന്ന് വിരമിച്ച വലിയ ആളുകൾ ചെയ്യുന്നത് പോലെ ഡപോസിറ്റ്‌/ ഇൻഷുറൻസ് ചെയ്യാനും മറ്റും പരിചയക്കാർ ഇല്ലാതെ പകച്ചു നിന്ന നാളുകൾക്ക് മുന്നിൽ ...

ജോലിയോടൊപ്പം കൂടെ ജോലി ചെയ്യുന്ന ചില "മഹാത്മാക്കളുടെ സ്വാർത്ഥതയ്ക്കു" മുന്നിൽ എല്ലാവരുടെയും മുന്നിൽ കുറ്റക്കാരിയും അഹങ്കാരിയും ആയിത്തുടങ്ങിയ നാളുകളിൽ "ഫിനാസിൽ നിന്നൊക്കെ ജോലി മതിയാക്കി പോകുമ്പോൾ നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാകും " എന്ന പേടിപ്പിക്കലുകളിൽ കഷ്ട്ടപ്പെട്ടു പിടിച്ചു നിന്ന യാന്ത്രിക ദിനങ്ങൾക്ക്‌
പിന്നീട് എന്നോ സഹോദരിയായി കയറി വന്ന ചേച്ചിക്ക് ....

ഏട്ടന്റെ സ്ഥാനത്ത് കയറി വന്ന് ബിരിയാണി കഴിക്കാനും ജോലി പകുത്തു ചെയ്യാനും മാത്രമല്ല , ഉപദേശിക്കാനും നല്ല വഴി പറയാനും സഹോദരനെപ്പോലെ ഇപ്പോഴും കൂട്ടായി ഉണ്ടായിരുന്ന മാഷ്ക്ക് ...

വിരസമായ ഓഫീസ് ദിനങ്ങൾക്ക്‌...

എപ്പോഴൊക്കെയോ കാണാതെ വരുമ്പോൾ എവിടെയെന്നു ചോദിച്ച് അടുത്തു വന്നു തുല്യ ദുഖിതരായി സ്വയം അവരോധിച്ചു ഞങ്ങൾ തന്നെ ഉണ്ടാക്കിയ ബസ്‌ കൂട്ടായ്മയ്ക്ക് ...
ഓരോ രൂപയ്ക്കും കണക്കു പറഞ്ഞു ചിലവാക്കിത്തുടങ്ങിയ... ജീവിക്കാനുള്ള അറിവ് നേടിത്തുടങ്ങിയ ജീവിതമാറ്റത്തിനു

പഠിച്ചിരുന്ന കാലത്ത് ഒരിക്കലും "വിദ്യ " എന്ന് വിളിക്കാത്ത...ചെല്ലപ്പേരുകൾ യഥേഷ്ടം ഇട്ടു തന്നിരുന്ന .... എന്തിനും കൂടെ നിന്നിരുന്ന ...ഹോം വർക്ക്‌ ,അസ്സൈന്മെന്റ് ,പ്രൊജക്റ്റ്‌ എല്ലാം കാണിച്ചു തന്നിരുന്ന ... ഓരോ വേദിയിൽ നിന്നും സമ്മാനവുമായി വരുമ്പോൾ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവെച്ചു അതുവാങ്ങി നോക്കിയിരുന്ന ...

എന്ത് ഭക്ഷണം കൊണ്ട് വരുമ്പോഴും പകുത്തു തരുന്ന ..വാങ്ങുന്ന മിട്ടായി ഒന്ന് ആണ് എങ്കിൽ പോലും എത്ര ആയി വേണമെങ്കിലും പങ്കുവെക്കാൻ കഴിയുമെന്ന് പഠിപ്പിച്ച ....തല്ലുകൊള്ളുമ്പോഴും കരയുമ്പോഴും ചിരിക്കുമ്പോഴും കൂട്ടായി നിന്ന ....ഏതു പ്രതിസന്ധിയിലും കൂടെ നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക്....

അകലെനിന്നൊരു മൌനത്തിന്റെയടുപ്പത്തിൽ മാത്രം വർഷങ്ങൾ കൊഴിയുന്നത് അറിയാതെ ഞാൻ പോലുമറിയാതെ എന്നെ സ്നേഹിച്ച പിന്നെ എപ്പോഴോ തിരിച്ചറിവിന്റെ സമയത്ത് വേണം എന്ന് ഞാൻ ആഗ്രഹിക്കുംബോഴേക്കും ഒരു വിരൽത്തുംബിന്റെ അകലത്തിൽ പറഞ്ഞു തീരാത്ത വിശേഷങ്ങൾ മൌനത്തിൽ ഒതുക്കി ഞാനറിയാതെയകന്നുപോയ പ്രണയത്തിന്... ഒരു ചെറു പുഞ്ചിരിയാലെങ്കിലും പ്രണയിക്കാതെയകന്നില്ലേ നമ്മൾ ....

എന്നോ എന്റെ ജീവിതത്തിൽ എല്ലാമെല്ലാമായ് മാറിയ എന്റെ പ്രിയ ശോകനാശിനിക്ക്...

ഗുൽമോഹറും ശിവമല്ലിയും കാറ്റാടിമരങ്ങളും യൂക്കാലിപ്റ്റ്സും ഇലന്തി കായകളും ...ചരിത്രം കുറിച്ചിട്ട ചുവരുകളും ... തിളയ്ക്കുന്ന യൌവ്വനവും ... അറിവും ..കൌതുകങ്ങളും ...ആഗ്രഹങ്ങളും ..സ്വപ്നങ്ങളും ...ഏറെ സന്തോഷങ്ങളും പിന്നെ മാർച്ച്‌ എന്ന വിഷദാത്മക വിടവാങ്ങലും ..... പ്രിയപ്പെട്ട ബസ്‌ സ്റ്റൊപ്പിനു...

പത്ര പ്രവർത്തനത്തിന് ഒപ്പം സിനിമാമോഹവും തലയിലേറ്റി നടന്ന ദിനങ്ങൾക്ക്‌ .... വാർഷിക പരീക്ഷയ്ക്ക് ആദ്യമായി എഴുതിയ തിരക്കഥ പൂർത്തിയാകാത്ത വിഷമത്തിലും രാത്രി മുഴുവൻ ഇരുന്നെഴുതി എക്സാം ഹാളിൽ ഉറങ്ങി പരീക്ഷകളോട് പ്രതികരിച്ച ആവേശത്തിന് ....

ജീവിതത്തിലെ നല്ല കാലമെല്ലാം തെറ്റിദ്ധാരണകളും സംശയങ്ങളുമായി എന്നും മറ്റുള്ളവരുടെ മുന്നിൽ അഹങ്കാരിയും പിന്നീട് സ്വഭാവദൂഷ്യം ഉള്ളവളും അക്കിമാറ്റിയ പ്രിയ കൂട്ടുകാരിക്ക് ....

ഒരിക്കലുമെന്നെ വിശ്വസിക്കാതിരുന്ന പ്രിയപ്പെട്ടവർക്ക്...

എന്തിനാണ് ഇനിയൊരു ജീവിതം എന്ന് തോന്നിത്തുടങ്ങിയിടത്തു നിന്ന് ജീവിതത്തിന്റെ മറുവശം പഠിപ്പിച്ച് തന്ന, നിഷ്കളങ്ക സൌഹൃദമായി അടുത്തുണ്ടായിരുന്ന ചൈതുവിനും ഇന്ദുവിനും ശരത്തേട്ടനും...

എനിക്ക് കേൾക്കാൻ കഴിയാതെ പോകുന്ന ശബ്ദങ്ങൾക്ക്‌ "അശ്രദ്ധ " എന്നും അഹങ്കാരം എന്നും പേരിട്ട് എന്നെ പരിഹാസകഥാപാത്രമാക്കിയവർക്ക്... മുഖം നോക്കി പറയുന്നത് മനസ്സിലാക്കി തുടങ്ങിയ ഗതികേടിന് .....

സൌഹൃദ സംഭാഷണങ്ങളിൽ ചിരിക്കാൻ മറന്നു പോയതിനെക്കുറിച്ച് ഓർമിപ്പിച്ചു കൂടെ വന്ന സഹൃദയന്.....

പിന്നീട് അപരിചിതത്വത്തിന്റെ ലോകത്ത് നിന്ന് പരിചയത്തിന്റെ സുഖമറിഞ്ഞു ആത്മ മിത്രങ്ങൾ ഉണ്ടായത് എനിക്കിവിടുന്നാണ് ...മുഖപുസ്തകത്തിന്റെ താളുകളിൽ.....

മുഖമറിഞ്ഞും അറിയാതെയും എപ്പോഴൊക്കെയോ എന്റെ ചുറ്റുമൊരു സൌഹൃദവലയം തീർത്ത പ്രിയ കൂട്ടുകാർക്ക് ...

ബന്ധങ്ങൾ ഉണ്ടാക്കുന്നതിൽ അല്ല നിലനിർത്തുന്നതും നമ്മൾ എത്ര മാത്രം പ്രിയപ്പെട്ടവരാകാം എന്ന് പഠിപ്പിച്ച സൈബർ ലോകത്തിന്

എന്നോ വിരസതയിൽ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ വീണ്ടുമെന്റെ മുന്നിൽ ഗ്രൂപ്പുകളും ബ്ലോഗുകളും ആയി കൊണ്ട് വന്ന കാലത്തിന്...

എന്നൊക്കെയോ എഴുതിക്കൂട്ടുന്നതിന് എല്ലാ അംഗീകാരവും തന്നവർക്ക്... പിന്നെയും പിന്നെയും എഴുതാൻ പ്രോത്സാഹനം തന്നവർക്ക് ....

ഇതിനപ്പുറത്ത് ഒന്നുമില്ല എനിക്ക് എനിക്കീ ഇരുപത്തിരണ്ട് വർഷങ്ങളെ കുറിച്ചെഴുതാൻ ....

ഒരു വർഷവും കടന്നു പോയി ...

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...