Monday, 23 May 2016



 അതിജീവനം
*************





കട്ടിലിനരികെ വീണു കിടന്ന വസ്ത്രങ്ങൾ തിരഞ്ഞു പിടിച്ച് തന്റേതു മാത്രം കണ്ടെത്തി തലേന്നെത്തെ പോലെ വീണ്ടും ധരിക്കുമ്പോൾ കട്ടിലിൽ അബോധാവസ്ഥയിൽ എന്നോണം കിടക്കുന്ന മനുഷ്യനെ രൂക്ഷമായൊന്നു കൂടെ നോക്കി


ഇന്നലെയാണ് ഇങ്ങനെയൊരു നോട്ടമെങ്കിൽ തളർന്ന് കിടക്കുന്ന സഹോദരന് വേണ്ടിയുള്ള ധനസമാഹരണത്തിന് ഇനിയും മൂന്നോ നാലോ രാത്രികൾ കൂടെ ഈ ശരീരം വാടകയ്ക്ക് നൽകണമായിരുന്നു


കൊടുങ്കാറ്റിന് അപ്പുറമുള്ള ശാന്തമായ അയാളുടെ ഉറക്കത്തിലേക്ക് വീണ്ടും വീണ്ടും നോക്കവേ അവൾക്ക് ദേഷ്യം കൂടി വന്നു .

ആരുമറിയില്ല ഇങ്ങനെയൊരു സ്ഥലത്ത് തന്നോടപ്പമാണ് ഇയാളെന്ന് ആർക്കും അറിയില്ല . കൊന്നു കളഞ്ഞാലോ എന്ന് പെട്ടെന്ന് തോന്നി


ഭാര്യയുണ്ട് ,

വിവാഹപ്രായം എത്താനായ മകളുണ്ട് ,

എന്നിട്ടും തന്നെത്തെടി വരാൻ നാണമില്ലേ ഇയാൾക്ക് എന്നുള്ളത് അല്പം ദേഷ്യത്തോടെ ഓർത്തു,


അതെ സമയം താൻ പോയിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവേണ്ട സഹോദരനെ ഓർത്തപ്പോൾ തന്നോട് തന്നെ അവന്ജത തോന്നി


നേരം എട്ടുമണിയാവാനായി താൻ ചെന്നിട്ടു വേണം ശരീരം തളർന്ന അവനെ മാറ്റിക്കിടത്താനും,

കുളിപ്പിക്കാനും ,

ബാത്ത്റൂമിൽ കൊണ്ടുപോകാനും ,

ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും മരുന്ന് കൊടുക്കാനും ,

നാളെ അഡ്മിറ്റ്‌ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തു തീർക്കാൻ


എത്ര കഷ്ട്ടപ്പെട്ട് തന്നെ ബി - ടെക് വരെ പഠിപ്പിച്ചതാണ് ,

അവസാന സെമസ്റ്റെർ ആയപ്പോൾ അമിതവേഗത്തിൽ വന്ന ലോറി നശിപ്പിച്ചത് കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ,

ആകെ ഉണ്ടായിരുന്ന മകൻ മരിക്കുകയും ചേട്ടത്തി ആ ദുഖത്തിൽ ഭ്രാന്താശുപത്രിയിൽ ആവുകയും സഹോദരൻ ശരീരം തളരുകയും ചെയ്തപ്പോൾ ഓടി വന്നതായിരുന്നു അവസാന പരീക്ഷയും ഉപേക്ഷിച്ച്


പിന്നീടൊരിക്കലും പഠിക്കാത്തതിനെ കുറിച്ച് ഓർത്തു വിഷമിച്ചിട്ടില്ല .

വലിയ സാമ്പത്തിക സ്ഥിതിയോന്നുമില്ലാത്ത കുടുംബത്തെ രക്ഷിക്കാൻ എന്തൊക്കെ ജോലികൾ ചെയ്തു

എത്ര എത്ര വേഷം കെട്ടലുകൾ....


മാസാവസാനം മുടങ്ങാതെ ചേട്ടത്തിയമ്മയുടെ ചികിത്സയ്ക്കുള്ള ഫീസ്‌ ...

ചേട്ടന്റെ മരുന്നും ചികിത്സയും ...

ഭക്ഷണം ...

കടക്കാരുടെ ബഹളം ....

വാടക ...

ആവശ്യങ്ങൾ കൂടി കൂടി വന്നപ്പോൾ ആദ്യമാദ്യം സഹായങ്ങൾ നീട്ടിയവർക്ക് മുന്നിൽ കൈനീട്ടിത്തുടങ്ങി ....

പിന്നീടെപ്പോഴൊക്കെയോ അവരുടെ കുറ്റപ്പെടുത്തലുകളും വേതാളമായി തോളിൽ തൂങ്ങേണ്ട ഗതി ഓർത്തപ്പോഴും അത്രനാളത്തെ ഗമയും അന്തസ്സും എല്ലാം കളഞ്ഞ് പണിക്കിറങ്ങി തുടങ്ങി

തുണിക്കടയിൽ ,

സൂപ്പർ മാർക്കറ്റിൽ ,

കണക്കെഴുത്തുകാരിയായി ,

പിന്നെ എപ്പോഴൊക്കെയോ

വീട്ടു ജോലിക്കാരിയായി ,

പിന്നെ ഇഞ്ചിപണി,

പാടത്തെ പണി,

കെട്ടുപണിക്കാരുടെ കൂടെ ,

ചായക്കടയിൽ ,ആ പരിചയത്തിൽ ഹോട്ടെലിൽ ,

വെച്ചുകൊടുപ്പിന്,

വിളമ്പി കൊടുപ്പിന്

അവസാനം


 തന്നെത്തന്നെ കാഴ്ചവെക്കാൻ


പഴയകാലം മനസ്സിൽ തെളിഞ്ഞപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

പെട്ടെന്ന് അറിയാതെ തുളുംബിയ കണ്ണുനീരിനെ ദുപ്പട്ടയുടെ തുമ്പ് കൊണ്ട് തുടച്ചു, ബാത്ത്റൂമിലേക്ക്‌ തിരിയുന്നിടത്ത് വാഷ്‌ബേസിന് മുകളിലെ വലിയ കണ്ണാടിയിൽ അൽപനേരം നോക്കിയപ്പോൾ ആ പാട്ട് അവളുടെ കാതുകളിൽ പതിയെ ഇരച്ചു വന്നു ,അതോടൊപ്പം ചെറിയ കണ്ണിലെ നനവിന്റെ വ്യാപ്തം വർദ്ധിച്ചപോലെ അനുഭവപ്പെട്ടു


"ഓരോരോ വാക്കിലും നീയാണെൻ സംഗീതം ...ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ ..ഹൃദയ മന്ദാരമല്ലെ നീ ....."


എൻജിനീയറിംഗ് കോളേജ്ന്റെ ഗ്രൌണ്ട് ലേക്കുള്ള വഴിയരികിലെ പൂവാകച്ചോട്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി തന്റെ വീണയെ കാത്തിരുന്ന മനു ഇപ്പോൾ എവിടെയായിരിക്കുമോ എന്തോ ....


തന്റെ നേർക്ക്‌ നീളുന്ന ഓരോ നോട്ടങ്ങളെയും വെറുത്തിരുന്ന അവന്റെ മാത്രമെന്ന സ്വാർത്ഥതയോടെ തന്നെ സ്നേഹിച്ചിരുന്ന തന്റെ മനു. ... തനിക്കേറെ ഇഷ്ട്ടപ്പെട്ട ഈ പാട്ട് എത്ര തവണ പാടിത്തന്നിരിക്കും ....


കണ്ണാടിയുടെ മുന്നിൽ തന്റെ പ്രതിരൂപം കാണാൻ നിൽക്കാതെ രണ്ടുമൂന്നു തവണ മുഖം കഴുകി ഓർമകളെ ഒപ്പം കഴുകി കളഞ്ഞെന്ന വിശ്വാസത്തിൽ തിരികെ അയാളുടെ അടുത്ത് കട്ടിലിൽ കയറിയിരുന്നു . ടേബിളിൽ മടക്കി വെച്ച പത്രം എടുത്തു


തലേന്ന് രാത്രി ഹോട്ടെലിൽ കയറുമ്പോൾ അയാൾ വെച്ചിരുന്നതാണ് , പിന്നെയതിന്റെ ആവശ്യം വന്നില്ല . ഭക്ഷണം കഴിക്കാൻ പോലും സാവകാശം തന്നില്ല . ഇന്നലെ ചേട്ടത്തിയെ കാണാൻ പോയി ഏറെ ക്ഷീണിച്ചാണ് എത്തിയത് .

ചേട്ടന് ഭക്ഷണം കൊടുത്തതും നൈറ്റ്‌ഡ്യൂട്ടി ക്ക് സമയമായെന്ന് പറഞ്ഞ് ഓടുകയായിരുന്നു , ഒന്നും അറിയണ്ട ചേട്ടൻ ...

അറിയാത്ത ഏതൊക്കെയോ നല്ലവരായ സുമനുസ്സുകൾ തരുന്ന സഹായമായിരിക്കട്ടെ എല്ലാം ...

അങ്ങനെ അറിയൂ ..

അങ്ങനെയേ പറയൂ ഇനിയും ...


എത്രകാലം ഇങ്ങനെ ജീവിക്കുമേന്നറിയില്ല എങ്കിലും ...

ചേട്ടന് അസുഖമൊന്നു ശരിയായാൽ എല്ലാം അവസാനിപ്പിച്ച് മടങ്ങണം തനിക്ക്. പെട്ടെന്നുള്ള അത്യാവശ്യത്തിനു പണം തരാം എന്ന് പറഞ്ഞു വിളിച്ചപ്പോൾ ചേട്ടന്റെ പ്രിയ കൂട്ടുകാരനെ വിശ്വസിച്ചു കൂടെ ചെന്ന ദിവസം ...

ഇല്ല .............മൂന്നു - നാല് മാസമായി അതിനു ശേഷമെത്ര പേരുടെ കൂടെ രാവും പകലും ഈ ശരീരം യാതൊരു മടിയുമില്ലാതെ കാഴ്ച്ചവെചിരിക്കുന്നു

എന്നിട്ടും അതൊന്നും മനു ആ ദിവസങ്ങളിൽ നൽകിയ സ്നേഹചുംബനത്തോളം പോലും തന്നെ ഇഷ്ട്ടപ്പെടുത്തിയിട്ടില്ല .

 അതുകൊണ്ടാവും കണ്ണടച്ച് വരവേറ്റത് ഓരോ അന്നദാതാവിനെയും


അവൾ പത്രമെടുത്ത് പതിയെ നിവർത്തി വച്ച് , ഓരോ വാർത്തയായി മറിച്ചുകൊണ്ടിരുന്നു .


അതിനിടയ്ക്ക് ഉണർന്ന അയാൾ അവളുടെ നനഞ്ഞ മുടി ഒതുക്കി വെച്ച് തന്നോട് ചേർത്ത് പിടിച്ചു . അവൾക്കു ദേഷ്യം തോന്നിയെങ്കിലും ഇഷ്ട്ടമായെന്ന പോലെ ചിരിച്ചു


"വീണ പത്രമൊക്കെ വായിക്കുമോ ?" അതിനു മുൻപും അവളോടൊത്ത് കഴിഞ്ഞ നാളുകളിൽ അയാളീ ശീലം കണ്ടിട്ടിട്ടില്ല


"അതെന്താ ...വായിചൂടെ എനിക്ക് ?" അവൾ തമാശ രൂപേണ മറുപടി കൊടുത്തു


"ഇതിനു മുൻപ് വീണ എപ്പോഴും ഫോണിൽ നോക്കിയിരിക്കുകയാവും ഞാൻ ഉണരുമ്പോൾ...ഇന്നാദ്യമായ പത്രം ...'"


അവൾ അലസമായി അടുത്ത പേജ് മറിക്കുന്നതിനിടയിൽ "അതിനു അന്നൊന്നും മുറിയിൽ പത്രം ഇല്ലായിരുന്നല്ലോ , അതുകൊണ്ട് ഫെയ്സ്ബുക്ക്‌ നോക്കും ..അത്ര തന്നെ "


അയാൾക്ക്‌ ചെറിയൊരു അമ്പരപ്പാണ് ആദ്യം തോന്നിയത് . പുതിയ ഐറ്റം എന്ന് പറഞ്ഞ് കൂട്ടുകാരൻ പരിചയപ്പെടുത്തുമ്പോൾ അക്ഷരാഭ്യാസം ഇല്ലാത്ത സാധാരണ പെണ്ണുങ്ങളെ പോലെ എന്ന് കരുതി ...പിന്നെ ഫോണും പിടിച്ചിരിക്കുമ്പോൾ ചിത്രം നോക്കുകയാവും എന്നും ...


"വീണ എഫ് ബി ഒക്കെ നോക്കുമോ ..."?


"നോക്കും ..."


"അപ്പോൾ തന്റെ ഡീലിംഗ്സ് എല്ലാം അതുവഴിയാണോ ...?"


അവൾക്കു കലശാലായ ദേഷ്യം വന്നെങ്കിലും നിയന്ത്രിച്ചു കൊണ്ട് മുഖത്തൊരു ചിരി വരുത്തി , ടേബിളിനു മുകളില നിന്നും കയ്യെത്തി തന്റെ ഫോൺ എടുത്ത് എഫ് ബി ഓപ്പൺ ചെയ്ത് അയാൾക്ക്‌ നേരെ നീട്ടി

" ഒന്ന് നോക്കൂ "

"എന്താ ....?"

"എന്റെ ഡീലിംഗ്സ് എങ്ങനെയെന്നു അറിയണ്ടേ ?"

അയാൾ ചെറു ചിരിയോടെ അത് വാങ്ങി വെറുതെ ടൈം ലൈൻ നോക്കി , കഥകളും ,കവിതകളും ,മനോഹര ചിത്രങ്ങളും കൊണ്ട് നിരഞ്ഞിരുന്നപ്പോൾ അയാൾ ആവേശത്തോടെ ഇൻബൊക്സ് തുറന്നു ഓപ്പൺ ചെയ്യാതെ കിടക്കുന്ന +99 കിടന്ന ലിസ്റ്റ് അല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല .


ഫ്രണ്ട് ലിസ്റ്റിൽ തിരഞ്ഞപ്പോഴും ഒന്നോ രണ്ടോ പേരെ മാത്രമാണ് അയാൾക്ക്‌ കാണാൻ കഴിഞ്ഞത് . അതിനു ശേഷം ഗ്രൂപുകളിലും ലൈക്കേഡ് പേജുകളിലും നോക്കുമ്പോൾ അയാളുടെ മുഖത്തു അവിശ്വസനീയത നിറഞ്ഞു സാഹിത്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു ഒരിടത്തും . ചെറിയൊരു ജാള്യത്തോടെ അവൾക്കു നേരെ ഫോൺ നീട്ടുമ്പോൾ ചോദിച്ചു


"വീണ ...ഐ അം സോറി ..... ഞാൻ കരുതി ...."


"കുറച്ചു സെക്സ് റാക്കെറ്റ് ന്റെ ഗ്രൂപ്പുകളും ,വരവും പോക്കും ഹൊട്ടെലും പണവും കുറിച്ച സന്ദേശങ്ങളും ,പിന്നെ വിവിധ ഭാവത്തിലുള്ള അർദ്ധനഗ്ന ചിത്രങ്ങളും ...."


"വീണ പ്ലീസ് .... സാധാരണ അങ്ങനെയാണ് കാണാറ് ...അതുകൊണ്ടാണ് ഞാൻ "


"വേശ്യയ്ക്ക് എന്താ മറ്റെല്ലാം നിഷിധമാണോ... ഞങ്ങൾ ഒരു പ്രതേക ജീവി വർഗമല്ല എന്നത് മറക്കണ്ട ...മനുഷ്യർ തന്നെ.... വികാരവും വിചാരവും ഞങ്ങൾക്കും ഉണ്ട് ?"


"അല്ല ...ഞാൻ പറഞ്ഞെന്നു മാത്രം .... ഇതല്ലാതെ എത്ര തൊഴിലുകൾ ഉണ്ടായിരുന്നു ഗതികേടിന്...?


"ആഗ്രഹം ഇല്ലാതെയല്ല ആരും സമ്മതിക്കണ്ടേ ...മാസത്തിൽ കിട്ടുന്ന മൂവായിരം രൂപയ്ക്കായി പണി ചെയ്യാനും വിയർപ്പിന്റെ വില എന്തെന്ന് മനസ്സിലാക്കാനും ഉള്ള സാമാന്യബോധം ഒക്കെയുണ്ട് ...പക്ഷെ ചെലവുകൾ താങ്ങാനാവാതെ വരുമ്പോൾ ...പെട്ട് പോകുന്നതാണ് ....ഒരിക്കൽ പോലും ഇഷ്ട്ടം തോന്നിയിട്ടല്ല "


എന്റെ വീട്ടിലെ സ്ത്രീകളെ ഞാനൊരിക്കലും ഇതുപോലെ അവസ്ഥയിൽ എത്തിക്കില്ല . എന്റെ ഭാര്യയെ ഓർക്കുമ്പോൾ എനിക്കിപ്പോൾ അഭിമാനം തോന്നുന്നു ..അവളെത്ര പാവമാണ് ....."


"ശരിയാകും .....അവരെപ്പോഴും നല്ലവരായി ജീവിക്കട്ടെ ,ഇതുപോലെ ഉള്ളവരാരും മറ്റു പെണ്ണിന് ഈ അവസ്ഥ ഉണ്ടാവണം എന്ന് ആശിക്കില്ല .

ആഗ്രഹമാണ് മക്കളും കുടുംബവും ജീവിതവും പ്രണയവും എല്ലാം ..പക്ഷെ സ്വയം ബലിയാടുകളായി മാറേണ്ടി വരുന്ന ചിലരുണ്ട് ,അമ്മയും മകളും മരുമകളും എല്ലാം ആവാൻ ഒരുപാട് ഇഷ്ട്ടാണ് അതെല്ലാം മനസ്സിലൊതുക്കി മുഖത്തു ചായം തേച്ചു നിങ്ങളുടെ മുന്നിലെത്തുമ്പോൾ ....


ജനിച്ചപ്പോൾ മുതൽ സൌഭാഗ്യങ്ങളുടെ ഇടയിൽ ജീവിച്ച പെണ്ണ് ...എന്ത് ചോദിച്ചാലും നൽകുന്ന രക്ഷിതാക്കൾ ....വിവാഹം ചെയ്ത് കൊണ്ട് വന്നിടത്ത് നിങ്ങളും കുടുംബവും സന്തോഷത്തോടെ സ്വീകരിക്കുന്നു ,,,

ഏറെ സ്നേഹത്തോടെ നോക്കുന്നു ...അവൾക്കു ദൈവ വിശ്വാസവും ...എല്ലാവരോടും സ്നേഹവും ....ശുദ്ധമായ മനസ്സും സ്വഭാവവും എങ്ങനെ ഇല്ലാതിരിക്കും ...


പക്ഷെ അത്പോലെയല്ല മറ്റു സ്ത്രീകളുടെ കാര്യമെന്ന് മറക്കണ്ട ..... സമ്പന്ന വർഗം മാത്രമല്ല മാഷെ സ്ത്രീകൾ ...ഗതികേടിന്റെ അങ്ങേയറ്റം വരെ സഹിച്ചും കുടുംബം നോക്കുന്നവരും ഉണ്ട് ...നിങ്ങള് കാണാതെ പോകുന്നതാ ..


പട്ടുടുപ്പിട്ടു അവൾ കൂടെ വരുമ്പോൾ പാതയോരത്ത് അവളുടെ പ്രായത്തിലുള്ള പെണ്ണ് കീറിപ്പറിഞ്ഞ,മുഷിഞ്ഞ വസ്ത്രവുമായി പണിയെടുക്കുന്നത് കണ്ടിട്ടുണ്ടോ ?

കയ്യും കാലും ഇല്ലാതെ പോലും ഇഴഞ്ഞു നീങ്ങി തെണ്ടുന്നവരെ കണ്ടിട്ടുണ്ടോ ?

കണ്ണ് പൊട്ടുന്ന വെയിലിലും പണിയെടുക്കുന്നത് കണ്ടിട്ടുണ്ടോ ?

വഴിയരികിലെ മരത്തിൽ കെട്ടിയ താൽക്കാലിക തൊട്ടിലിൽ കുഞ്ഞിനെ നോക്കി നോക്കി പണി ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ ....?

വൃദ്ധ സദനത്തിൽ പോലും എത്തിക്കാതെ തെരുവിൽ കിടന്നു ചത്തു മുനിസിപ്പാലിറ്റിക്കാര് എടുത്തോണ്ട് പോകുന്ന കണ്ടിട്ടുണ്ടോ ?


അയാൾ ഒന്നും മിണ്ടാതെ പത്രത്തിൽ മുഖം താഴ്ത്തി സംസാരിക്കുന്ന അവളുടെ വാക്കുകൾക്ക് കാതോർത്തു. വെറുമൊരു വേശ്യയുടെ മാത്രം വാക്കുകളല്ല മറിച്ച് ഏറെ ചിന്തിക്കാൻ കഴിയുന്ന പെണ്കുട്ടിയെ പോലെ തോന്നി .


"ഇല്ല ....." താഴ്മയുടെ സ്വരത്തിൽ അയാൾ മൂളി


" നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല . വീട്ടിൽ സ്നേഹിക്കാൻ ഭാര്യയും കൊഞ്ചിക്കാൻ മക്കളും തളരുമ്പോൾ താങ്ങായി ബന്ധുക്കളും എന്തിനും കൂടെ നിൽക്കാൻ സുഹൃത്തുക്കളും ആരെയും ആശ്രയിക്കാതിരിക്കാൻ ജോലിയും സാമ്പത്തികശേഷിയും ഉണ്ട്

അത് കൂടാതെ ഇതുപോലെ ഇടയ്ക്ക് ശരീരത്തിന്റെ നിലയ്ക്കാത്ത ആസക്തി തീർക്കാൻ എത്രയായാലും എറിഞ്ഞു കൊടുക്കുന്ന പണത്തിനായി ചുറ്റും ഇരച്ചുകൂടുന്ന ഞങ്ങളെ പോലുള്ളവരും അപ്പോൾ ഇങ്ങനെ പറയുന്നതിൽ തെറ്റില്ല .

നിങ്ങൾക്ക് അറിയാമോ വീട്ടിൽ നിങ്ങളെ പ്രതീക്ഷിച്ചുള്ള ഭാര്യയെ മറന്ന് എന്റെ അരികിലെത്തുമ്പോൾ എനിക്കും നിങ്ങൾക്കും വ്യത്യാസമില്ലാതാവുന്നു ....

 അവളുടെ നിങ്ങൾക്ക് വേണ്ടിയുള്ള ഓരോ കാത്തിരിപ്പും,പ്രാർത്ഥനയും നിങ്ങളുടെ മേൽ വന്നു വീഴുന്നത് അറിയുന്നില്ലേ നിങ്ങൾ ?


എനിക്ക് പ്രശ്നമില്ല . ഇപ്പോൾ എനിക്ക് വേണ്ടത് പണമാണ് ...പണം മാത്രം ...നിങ്ങളുടെ കൂടെ കിടന്നു തരുമ്പോഴും നിങ്ങളുടെ പരാക്രമങ്ങൾക്ക് ചെറുചിരിയാൽ മറുപടി തരേണ്ടി വരുമ്പോഴും നിങ്ങളെ ഞാനൊരിക്കൽ പോലും സ്നേഹിച്ചിട്ടില്ല .

നിങ്ങൾ തരുന്ന പണത്തിന്റെ എണ്ണം എന്റെ ആവശ്യത്തിനോത്തു കൂട്ടിക്കിഴിക്കുകയായിരുന്നു
നിങ്ങൾ നാളെയും വരണം ...ഞാൻ വരും .... എന്റെ ആവശ്യം അവസാനിക്കും വരെയും നിങ്ങൾ വിളിക്കുമ്പോൾ ഞാൻ വരും .... അപ്പോഴൊന്നും നിങ്ങൾക്കെന്നെ തൃപ്തിപ്പെടുത്താൻ കഴിയില്ല ,

എനിക്ക് നിങ്ങളെ തൃപ്തിപെടുത്താൻ കഴിയുന്നു എന്ന തോന്നലിൽ നിങ്ങൾ വീണ്ടും വരും ജീവിതത്തിന്റെ എല്ലാ സൌഭാഗ്യവും മാറി മാറി മുന്നിലെത്തുന്ന പെണ്ണിന്റെ മടിക്കുത്തിലാണ് എന്ന മൂഡ വിശ്വാസം കൊണ്ടാവാം ...."


അവളുടെ മീതെയുള്ള പിടി പതുക്കെ അയയുന്നത് അവളറിഞ്ഞു ,അത്രനേരം ലോകം കീഴടക്കിയ സന്തോഷമുഖഭാവം പെട്ടെന്ന് മാഞ്ഞതും , അവൾക്കുള്ളിൽ അന്നുവരെ കിട്ടാത്ത തൃപ്തി തോന്നി


"വീണ .... താൻ പറഞ്ഞത് ശരിയാണ് ..... പിന്നെന്തിനാണ് ഇത്രയും സഹകരിച്ചു ഒരെതിർപ്പും ഇല്ലാതെ നീീയെനിക്കു മുൻപിൽ കിടന്നു തരുന്നത് ?"


"അതെന്റെ ഗതികേടാണ് ..... എന്റെയല്ല ഇതുപോലെ നിങ്ങളുടെ ലോകം ജീവിക്കാൻ സമ്മതിക്കാത്ത ഒരുപാടുപേരുടെ ഗതികേട് ....നിങ്ങൾ തരുന്ന പണത്തിനു വേണ്ടി മാത്രം ..."

"അല്ലെങ്കിലും ആണിന് അവന്റെ മുൻപിലെത്തുന്ന പെണ്ണിനെ വേണ്ട , കിട്ടാത്തത് നേടിയെടുക്കലാണ് ഇഷ്ട്ടം ...തകരുന്ന ഒരുപാട് സ്വപ്നങ്ങളെ കുറിച്ച് അറിയണ്ട ആർക്കും,"

പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു , അത് കണ്ടപ്പോൾ അയാൾ പിന്നെയും അസ്വസ്ഥമായി ....

"അയ്യേ ..ഇത്രയും ഉശിരോടെ സംസാരിക്കുന്ന പെൺകുട്ടി കരയുകയോ ...."

അയാൾ വാക്കുകളിൽ ചിരി വരുത്താൻ ശ്രമിച്ചു പറഞ്ഞു
അതുകേട്ടപ്പോൾ അവൾ മുഖം തുടച്ച് കൊണ്ട് പത്രം അയാൾക്ക്‌ നേരെ നീട്ടി

"കണ്ടോ ഞങ്ങളൊക്കെ ഇവിടെയുണ്ടായിട്ടും .......എന്നിലൊന്നുമില്ലാത്ത എന്താണ് അവളില ഉണ്ടായിരുന്നത് ...."

അയാൾ അത് വാങ്ങി നിവർത്തി നോക്കി "ജിഷ വധക്കേസ് : നാലുപേർ പിടിയിൽ"

അവൾക്കു നേരെ തിരിഞ്ഞ് '"കണ്ടാൽ സഹിക്കില്ല .....പാവം ...."

"ഇത്തരം കേസുകളിലെ പ്രതികൾക്ക് മരണശിക്ഷ തന്നെ നൽകണം.... ചക്ക പഴുക്കാൻ വെക്കുന്നത് പോലെ വെട്ടി വെച്ചിട്ട് എന്നും പോയി മണപ്പിച്ചു നോക്കുന്ന പോലെയാവരുത് ....കൊല്ലണം എത്രയും പെട്ടെന്ന് ....സ്ത്രീത്വത്തിന്റെ വിലയെന്തെന്ന് മാനിക്കാൻ കഴിയുന്ന പുരുഷന്മാരും ഉണ്ടെങ്കിലെ നാടിനു നിലനിൽപ്പുള്ളൂ..."


"ശരിയാണ് വീണ പക്ഷെ ...ഒരാളെ കൊല്ലുക എന്നൊക്കെ പറയുമ്പോൾ ...."


"ഇന്നത്തെ ഈ ഒരു കൊല ആയിരിക്കും ചിലപ്പോൾ നാളെ നിങ്ങളുടെ ഭാര്യയെയും മകളെയും ഇതുപോലുള്ളവരുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്തുക "

"ഉം ...ശരിയാണ് ..... മറുപടി കൊടുത്തെ മതിയാവൂ .....അതിനു സാധികാതെ പോയത് കൊണ്ടല്ലേ സമീപകാലത്തായി ഇവിടെ ഇരുനൂറ്റി ഇരുപത്തി നാല് സ്ത്രീപീഡനകേസ് പ്രതികളെ വിട്ടയച്ചത് ,,,പറയാൻ എളുപ്പമാണ് വീണ ...പക്ഷെ കാര്യമില്ല ....ഇനിയും ആവർത്തിക്കപ്പെടും..."

"ശരിയാണ് ....ആർക്കും അറിയില്ല ഇഷ്ട്ടമാല്ലാത്ത ഒരാൾ നമ്മളെ തൊടുമ്പോൾ മനസ്സിനുണ്ടാവുന്ന വേദന എന്തുമാത്രമെന്ന്.... തൊഴിൽ ഇതെങ്കിലും ഞാനും ഒരു പെണ്ണല്ലേ മാഷെ സഹിക്കുന്നില്ല കാണുമ്പോൾ ...."

"ഉം ...."

"ശരീരം മുറിയുന്നതിലും വേദനിച്ചിരിക്കും ....മനസ്സിന് ...." അവൾ വാഷ്‌ബേസിന് അരികിലേക്ക് ഒരിക്കൽ കൂടി എഴുന്നേറ്റു പോയി മുഖം കഴുകി വന്നു

"നിന്നെ എനിക്ക് മനസ്സിലാകുന്നില്ല വീണ ..... നിന്റെ അന്നമാണ് ഇത് എന്നിട്ടും എന്താണ് ഇതുപോലെ സംസാരിക്കുന്നത്? "


"നിങ്ങൾ പോയാലും നാളെ രാത്രിയിലേക്ക്‌ ഇതിലുമേറെ പണം നല്കി ചിലപ്പോൾ ആള് വന്നെന്നിരിക്കും ....നൈമിഷികമായ ആ സന്തോഷത്തിലും വലുതല്ലേ നിങ്ങൾ പറഞ്ഞ ഭാര്യയുടെ ആത്മസമർപ്പണം ??????

പിന്നെ അയാൾ ഒന്നും പറഞ്ഞില്ല ധൃതിയിൽ ഷർട്ട് എടുത്ത് അണിഞ്ഞു ,. പേഴ്സ് തുറന്ന് തലേന്ന് ഓഫർ ചെയ്ത പണത്തിലും കൂടുതലായി അയാളുടെ കൈവശം ഉണ്ടായിരുന്നത് എല്ലാം അവൾക്കുനേരെ നീട്ടി


"ഇതെന്താ ഇത്രയും ....കണക്കു തെറ്റിയോ ? അവൾ ചിരിയോടെ അന്വഷിച്ചു

"ഇല്ല വീണ .... നീ പറഞ്ഞത് ശരിയാണ് .... പണത്തിലും പിടിച്ചു വാങ്ങലിലും അല്ലാതെ കിട്ടുന്ന സന്തോഷം മതിയെനിക്ക് ....

അതുമാത്രം.....ഇനിയൊരിക്കലും നിന്നെ പോലെ ഗതികേടുമായി ജീവിക്കാൻ നെട്ടോട്ടമോടുന്ന ഒരു പെണ്ണും എന്റെ മുൻപിൽ അർത്ഥമില്ലാതെ കിടന്നു തരണ്ട .....

ഇത് നിനക്കുള്ള കൂലിയല്ല ....നീ പറഞ്ഞത് പോലെ നിന്റെ ആവശ്യങ്ങൾ ഈ പണത്തിന്റെയത്ര പെട്ടെന്ന് തീരുമല്ലോ അതിനു വേണ്ടി ....

ആവശ്യം നിനക്കാണ് ...എനിക്ക് അനാവശ്യവും ....മടിക്കണ്ട ....ആരെങ്കിലും ചോദിച്ചാൽ ഈ രാത്രികൾ നിനക്കിഷ്ട്ടമുണ്ടെങ്കിൽ മാത്രം പറയാം അല്ലെങ്കിൽ ഏതെങ്കിലുമൊരു പേര് വ്യക്തമാക്കാത്ത ഉദാരമനസ്കന്റെ സംഭാവനയാവട്ടെ ...

നിനക്കെന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല പക്ഷെ നിന്നെ പോലുള്ള പെൺകുട്ടികൾ ജീവിക്കണം ...മനസ്സ് തളർത്താൻ ആയിരം പേര് വരും പക്ഷെ നിന്റെ സ്ഥാനത്ത് അവരായിരുന്നു എങ്കിലും ഇത് തന്നെ ചെയ്യുമായിരുന്നു എന്ന തിരിച്ചറിവ് നിനക്ക് വേണം....


നിന്നെ മുഴുവനായി സഹായിക്കാൻ എനിക്ക് ചിലപ്പോൾ കഴിഞ്ഞേക്കാം പക്ഷെ അത് ഞാൻ ചെയ്യില്ല കണ്ടു മറക്കേണ്ട മുഖമാവട്ടെ എന്റേത്

...കാലമെല്ലാം ഓർത്തിരിക്കാൻ ആവണ്ട ...

അത്ര വലിയ മനുഷ്യനോന്നുമല്ല ഞാൻ ... നിനക്ക് നന്ദി ....നിന്നിലൂടെയ പെണ്ണെന്തെന്നു ഞാൻ അറിഞ്ഞത് .......

ആ പേജിൽ ഞാൻ ഇടയ്ക്ക് നോക്കും ...നീ എഴുതണം ....നിന്റെ ഭാവനയെ ചിന്തകളെ തല്ലികെടുത്തരുത്..അകലെയുള്ള അത്ഭുതമായി "


അവളുടെ കയ്യിൽ ആ നോട്ടുകൾ വെച്ചുകൊടുത്ത് ഒന്നുകൂടെ നോക്കി പുഞ്ചിരിച്ചു അയാൾ നടന്നു .


ആദ്യമായി തന്നെ പങ്കുവെച്ചതിൽ അവൾക്ക് തൃപ്തി തോന്നി ..ആ കണ്ണുകൾ അറിയാതെ നിറഞ്ഞു .
 ഇത് നോവലിന്റെ അല്ലാ


അവകാശികൾ
********************


വർഷങ്ങൾക്ക് ശേഷം വീണ്ടും ആ വീട്ടിലേക്കുള്ള തിരിച്ചു വരവ് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല .


അല്ലെങ്കിൽ ആഗ്രഹിച്ചിരുന്നില്ലെന്നു പറയുന്നതാവും ശരി


ടാക്സി കാറിലിരിക്കുമ്പോൾ അവൻ ഒന്നുകൂടെ എണ്ണി നോക്കി " തുമ്പി ജനിക്കുമ്പോൾ താൻ നാലിൽ പഠിക്കുന്നു ...കഴിഞ്ഞ മാസം ചന്ദ്രമ്മാമയെ കണ്ടപ്പോൾ പറഞ്ഞു അവൾക്ക് പത്തൊൻപത് തികഞ്ഞത് കൊണ്ടാണ് കല്യാണം നടത്തുന്നത് ....


താൻ പോകുമ്പോൾ അവൾ മൂന്ന് കഴിഞ്ഞു ,,അന്ന് തനിക്ക് വോട്ട് ചെയ്യാനുള്ള കടലാസ്സുമായി ബാലേട്ടനും .ചന്ദ്രമ്മാമയും ഒക്കെ വന്നിരുന്നു
മാമ പറഞ്ഞ കണക്കു വെച്ച് നോക്കുമ്പോൾ തനിക്ക് ഇരുപത്തെട്ടു വയസായോ ..? "


യാത്രക്കാരൻ കേറിയത്‌ മുതൽ സ്വയം പിറുപിറുക്കുന്നത് കേട്ട ഡ്രൈവർ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.


എയർപോർട്ടിൽ നിന്നാണ് വരുന്നതെങ്കിലും യാത്രക്കാരന്റെ രൂപത്തിലും പെരുമാറ്റത്തിലുമുള്ള വൈരുദ്ധ്യം കൂലി കിട്ടുമോ എന്ന ചെറിയൊരു ഭയമുണ്ടാക്കി

ചന്ദ്രമ്മാമ കുറിച്ച് കൊടുത്ത നമ്പറിൽ വിളിക്കാൻ വരുന്ന സമയത്ത് ആദ്യമായി ഒരു ഫോൺ വാങ്ങി .

വഴിയറിയാതെ അല്ല സ്വന്തം വീട്ടിലേക്ക്, എങ്കിലും മുബൈയിൽ ചന്ദ്രമ്മാമയും ,അച്ഛനും ,ഏട്ടനും ,വല്യച്ചനും കൂടെ ഉപേക്ഷിച്ച് പോന്ന കുടുംബത്തിന്റെ ശാപത്തോട് വീട്ടുകാർ എങ്ങനെ പ്രതികരിക്കും എന്ന പേടിയായിരുന്നു
"വടക്കഞ്ചേരി....എത്തിയോ ...?"

അവൻ സ്വയം അത്ഭുതപ്പെട്ടു . നെടുമ്പാശ്ശേരിയിൽ നിന്നും കേറിയിട്ട് കഷ്ടി മൂന്നു മണിക്കൂർ ആവുന്നതെയുള്ളൂ ,പോരാത്തതിന് കുതിരാനിലെ ബ്ലോക്കും ...എന്നിട്ടും ....

അല്ലെങ്കിൽ വീട്ടിലേക്കുള്ള കാലങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ്‌ യാത്രയുടെ സുഖം വർദ്ധിപ്പിച്ചിരുന്നു. ഒന്നുകൂടി കണ്ണടയ്ക്കാൻ ഉള്ള സമയമുണ്ട് കണിമംഗലത്ത് എത്താൻ .

ഇന്ന് ഏപ്രിൽ മൂന്നാണ് ...നെന്മാറ വേല ഇതിനിടയ്ക്ക് എപ്പോഴോ ആണല്ലോ നടക്കുക ....എന്നാണെന്ന് കൃത്യമായി ഓർമ കിട്ടുന്നില്ല .

കഴിയുമെങ്കിൽ ഇന്നെന്നെ വീടെത്തി ഫ്രഷ്‌ ആയി ആരെയെങ്കിലും കൂട്ടി നെല്ലിക്കുളങ്ങരയിൽ വന്നു തൊഴണം .

ഫോണെടുത്ത് ചുക്കി ചുളിഞ്ഞ കടലാസ്സ് കഷ്ണമെടുത്തു അക്കങ്ങൾ കൃത്യമായി ഫോണിൽ അടിച്ചു , നല്ല ഫോൺ വാങ്ങാനുള്ള കാശുണ്ടായിരുന്നു പക്ഷെ അതിന്റെ ആവശ്യം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല അതുകൊണ്ട് വേണ്ടെന്നു വെച്ചു

ചെറിയ ടിഫ്ഫെൻ ബോക്സ്‌ ന്റെ ആത്രയുള്ള ഫോണുകളിൽ ആൺ പിള്ളാരും പെൺ പിള്ളാരും കൊഞ്ചികുഴയുന്നതും,ഫോട്ടോ എടുപ്പും ,പിന്നെ ഏതു നേരവും നോക്കിയിരിക്കുന്നതും ,അടുത്ത റൂമിലെ പിള്ളാർ ഗെയിം കളിക്കുന്നതും അവൻ കണ്ടിട്ടുണ്ട് പക്ഷെ അങ്ങനെയൊന്ന് അവനാവശ്യമില്ലായിരുന്നു

മറു വശത്ത്‌ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ അവനൽപം പേടി തോന്നി ,ഇനി എന്തായാലും മയങ്ങണ്ട എന്ന് മനസ്സിലുറപ്പിച്ചു ....

നീണ്ട റിംഗ് നു ശേഷം മറുവശത്ത്‌ സ്ത്രീ ശബ്ദം കേട്ടപ്പോൾ അവനൊന്നു ഞെട്ടി

"ഹലോ ...ആരാണ് ...?"

"ചന്ദ്രമ്മാമയുണ്ടോ ..?" അവൻ പതുക്കെ ചോദിച്ചു

"അച്ഛൻ കുളിക്കുകയാ ....ഇതാര ...?"

"വന്നിട്ട് ഈ നമ്പറിൽ വിളിക്കാൻ പറഞ്ഞാൽ മതി ...... "

"പേര് പറയണ്ടേ ...?." മറുവശത്തുള്ള ചോദ്യത്തിന് മറുപടി പറയാതെ അവൻ ഫോൺ വെച്ചു. താൻ വന്നത് കയറി ചെല്ലുമ്പോൾ അറിഞ്ഞാൽ മതി എല്ലാവരും . അവൻ വീണ്ടും പുറത്തേക്ക് കണ്ണും നട്ടിരുന്നു

മുടപ്പല്ലൂർ ... വണ്ടാഴി ...ചിറ്റിലംചേരി ... ഓരോ ബോർഡുകളായി അവന്റെ മുന്നിലൂടെ കടന്നു പോയി . ഇനി വളരെ കുറച്ചു നേരം മാത്രം .

 ആരാവും ഫോണെടുത്തത് എന്ന ചിന്ത പെട്ടെന്നാണ് അവനുണ്ടായത്


"അമ്മായി ആയിരിക്കുമോ ....അല്ലെങ്കിൽ ......ഇന്ദു ...ദൈവമേ ..!

ഇന്ദു അല്ലാതെ മറ്റാരാണ്‌ അവിടെ ഇത്ര ചെറിയ ശബ്ദത്തിൽ ...." അവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു


"മനു ഏട്ടാ...പ്ലീസ് ...ഇവിടെനിന്നും പോയെ പറ്റൂ ....ഇല്ലെങ്കിൽ എനിക്കീ കല്യാണത്തിന് സമ്മതിക്കാൻ സാധിക്കില്യ ..."


അവൻ അന്നവസാനമായി അവളെ കാണുമ്പോൾ പറഞ്ഞ വാക്കുകൾ ഓർത്തെടുക്കാൻ ശ്രമിച്ചു . "അത് ഇത് തന്നെ...." എത്രകാലായി അവളെയൊന്ന് ഓർത്തിട്ടുപോലും....


ഈ ജന്മം മറക്കില്ലെന്ന് എത്ര തവണ ...നൂറ്...അല്ല ആയിരം ....പതിനായിരം ....എത്ര തവണ വാഗ്ദാനം നല്കിയിരുന്നു .

എന്നിട്ടത് മാത്രം മറന്നു താൻ ....


അല്ല അവൾ പറഞ്ഞതല്ലേ മറക്കാൻ ....

മനു ഏട്ടൻ തന്നെ ഓർക്കരുത് എന്ന് അവസാനം പടിയിറങ്ങി വരുമ്പോൾ നിറഞ്ഞ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു ....എന്നെ മറക്കണം എന്നന്നേയ്ക്കുമായി


വലിയൊരു കൂട്ട് കുടുംബത്തിൽ ആയിരുന്നു ജനിച്ചത്‌ ദൈവ വിശ്വാസവും അന്ധമായ പ്രമാണങ്ങളും കൊണ്ട് നടന്നിരുന്ന അച്ഛനുൾപ്പെടെ കാരണവൻ മാരുടെ വലിയ നിര


വീടിനുള്ളിൽ മറ്റു കുട്ടികളെ പോലെ തളച്ചിട്ട് വളർത്തിയ കുട്ടികൾക്ക് സ്കൂൾ പോലും വലിയ അത്ഭുതമായിരുന്നു അന്ന് . പറമ്പിനു അപ്പുറത്തെ പിള്ളാർ കളിക്കുന്നത് കാണാൻ വേലിക്ക് അറ്റത്ത്‌ ചെന്ന് നിൽപ്പ് വൈകാതെ അവരുടെ കൂടെയായി


എന്നും വേലി ചാടി കളിക്കാൻ പോക്ക് പതിവാക്കി .. ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്തായിരുന്നു അത് .. കൂടെ കളിക്കാനും സ്കൂളിലും വന്നിരുന്ന കൂട്ടുകാരന് ഇന്ദുനോട് ഇഷ്ട്ടം


ഒരു പതിനാലുകാരന്റെ കളി സ്വഭാവം വിടാത്ത മനസ്സ് ഇന്ദുനോട് അക്കാര്യം പറയാൻ തോന്നിപ്പിച്ചു . മനസ്സ് നിറയെ അവർ രണ്ടുപേരും കൂടെ നടക്കുന്ന ചിത്രമായിരുന്നു സിനിമകളിൽ കണ്ടതുപോലെ


അമ്പലത്തിലും , കുളത്തിന് അരികെയും , സ്കൂളിലും , പാടവരമ്പത്തും അവരുടെ പ്രണയം തളിർക്കുന്ന സ്വപ്നം ആയിരുന്നു അന്നേറെ കണ്ടിരുന്നതും
എന്നും ബന്ധുക്കാര് കുട്ടികളോ ,അയലത്തെ കുട്ടികളോ താഴെയുള്ളവരോ കൊണ്ട് ചുറ്റപ്പെട്ട ഇന്ദുന്റെ അടുത്തേക്ക്‌ ചെന്ന് പറയാൻ തക്കം പാർത്ത് നടക്കുന്നതിനിടയിൽ അന്ന് ഒളിച്ചു കളിക്കിടെ അറിയാതെ എന്നോണം തന്റെ മുറിയിൽ കയറി വന്ന ഇന്ദു


പറയാൻ തുടങ്ങും മുന്നേ അവൾ വാതിലടച്ചു കുറ്റിയിട്ടു തന്നെ കട്ടിലിൽ പിടിച്ചിരുത്തി പറഞ്ഞു "മനു ഏട്ടാ ...എനിക്കൊരു കാര്യം പറയാനുണ്ട് ..."

"എനിക്കും ..."

"എന്താ ..."?

"ആദ്യം ഇന്ദു പറ ..."

"വേണ്ട ..ഏട്ടൻ പറ .... എന്നിട്ടേ ഞാൻ പറയൂ ..."

"കേട്ടാൽ നീ അത്ഭുതപ്പെടും ..... നമ്മടെ ഉണ്ണിയില്ലേ....അവനു നിന്നെ ഇഷ്ട്ടാണ് എന്ന് ...പ്രേമം ....ഞെട്ടിയില്ലേ ?"

അത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് ചുവക്കുമെന്ന് കരുതിയ മുഖം പെട്ടെന്ന് കനക്കുന്നതു കണ്ടപ്പോൾ പറഞ്ഞത് അബദ്ധായോ എന്ന് തോന്നി ,

 "വേണ്ടെങ്കിൽ വേണ്ടെന്ന് " പറയാൻ തുനിഞ്ഞതാണ് അപ്പോഴേക്കും തന്നോട് കുറച്ചുകൂടെ ചേർന്നിരുന്നു കെട്ടിപ്പുണരുകയായിരുന്നു

അവളുടെ കണ്ണുനീർ തുള്ളികൾ ചുമലിൽ പതിച്ചപ്പോൾ ,എല്ലാം മറന്ന് തന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന ആ നിമിഷമൊരിക്കലും അവസാനിക്കരുതെന്നു തോന്നിപ്പോയി . ഉണ്ണിയോട് മനസ്സുകൊണ്ട് മാപ്പ് പറഞ്ഞു അവളെ ഒന്നുകൂടെ ചേർത്തു

അല്പസമയത്തിന് ശേഷം "എനിക്ക് മനു ഏട്ടനെ ആണ് ഇഷ്ട്ടം ..ഇനിയുമത് മനസ്സിലായില്ലേ ....എന്റെ ജീവിതത്തിൽ മറ്റാരും വേണ്ട ...." പടികൾ ഇറങ്ങിപ്പോയ കൊലുസ്സിന്റെ ശബ്ദം കാതിൽ നിന്ന് മറയുമ്പോഴും ശരീരത്തിന് അന്നുവരെയില്ലാത്ത എന്തോ ചൂട് തോന്നി ...

പിന്നീട് അവളെ കാണുമ്പോഴെല്ലാം ചേർത്തുപിടിക്കാൻ കൊതിച്ചിരുന്നു ...പലപ്പോഴും അമ്മാവന്റെ മകളെന്ന സൌകര്യം ഞങ്ങളുടെ ആ പ്രണയത്തിന്റെ ആഴം കൂട്ടി

എന്നുമുതലാണ് ആ സാന്നിധ്യത്തെ ഭയപ്പെട്ടു തുടങ്ങിയത് ..... അവളെ കാണുമ്പോൾ ഓടിയൊളിച്ചു തുടങ്ങിയത് ... അവളെ മാത്രമല്ല പേടിയായിരുന്നു എല്ലാത്തിനെയും ..എല്ലാവരെയും ....

മാറിത്തുടങ്ങിയ ശബ്ദം ...നടത്തം ..ഇഷ്ട്ടങ്ങൾ ...തിരിച്ചറിവ് ഉള്ളതുകൊണ്ട് മാറ്റങ്ങൾ ആരെയും അറിയിക്കാതിരിക്കാൻ എത്ര പരിശ്രമിച്ചു
എന്നിട്ടും ....അന്ന് ...............

"ആണും പെണ്ണും കെട്ട് ജനിക്കുന്നത് മുജ്ജമ്മ പാപാണ്‌....." മുത്തശ്ശിയും കണ്ണ് തുടച്ചു കൊണ്ട് എങ്കിലും അമ്മയും അച്ഛൻ പറഞ്ഞതിനോട് അനുകൂലിച്ചു
നാല് ചുവരുകൾക്കുള്ളിലെ ഇരുട്ട് ...

കണ്ണാടി ഓടിന്റെ ഇത്തിരി വെട്ടത്തിൽ എന്നും മങ്ങിയ മുഖവുമായി ഇന്ദു കൊണ്ട് തന്നിരുന്ന പുസ്തകങ്ങൾ വായിക്കുമ്പോഴും മനസ്സിലൊരായിരം പ്രണയകവിതകൾ അവൾക്കായി രൂപപ്പെടുന്നത് മുളയിലെ നശിപ്പിച്ചു


മുത്തശ്ശിയുടെ മടിയിൽ കിടന്നു ഒരിക്കൽ കൂടി ഉറങ്ങാൻ ...

അച്ഛനോടൊപ്പം ഇരുന്ന് അമ്മ വിളമ്പിയ ചോറുണ്ണാൻ ....

തുമ്പിയും കൊണ്ട് പാടത്തോക്കെ നടക്കാൻ ....

കൂട്ടുകാരുടെ കൂടെ കളിക്കാൻ ...

ബന്ധുക്കാരുടെ കൂടെ സംസാരിച്ചിരിക്കാൻ ....

ആരുമില്ലാത്ത നേരത്ത് തന്റെ മാത്രമാക്കി ഇന്ദുവിനെ പ്രണയിക്കാൻ ....

മോഹങ്ങളെല്ലാം മനസ്സിലൊതുക്കി പകൽ വെട്ടവും രാവിന്റെ സൌന്ദര്യവും തനിക്കന്യമാക്കി അച്ഛൻ കൊണ്ട് വന്ന പണിക്കരും പ്രവചിച്ചു

"കുടുംബത്തിലെ ശാപം "

ഇന്ദുന്റെ കല്യാണം ഉറപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ താൻ തന്നെയാണ് ജനലിലൂടെ ചോറ് കൊണ്ട് വന്ന് അകത്തു വെച്ച അമ്മയോട് പറഞ്ഞത് ഇവിടെ നിന്നും പോവണം വാതിൽ തുറക്കാൻ

കാര്യം അറിഞ്ഞു എല്ലാവരും എത്തുന്നതിനു മുൻപേ അപമാനം കയ്യൊഴിയാൻ ഏട്ടനും അച്ഛനും കാണിച്ച ഉത്സാഹം തന്നെ അമ്പരപ്പെടുത്തി,


കോലായിൽ നിന്നിറങ്ങുമ്പോൾ തുമ്പിയുടെ നെറ്റിയിലൊരു ഉമ്മ വെക്കുമ്പോൾ അമ്മ അവളെ പിടിച്ചു നീക്കിയത് ഉള്ളിലൊരു തീരാ വേദനയായി ഇപ്പോഴും മനസ്സില് തെളിയുമ്പോൾ പെട്ടെന്ന് കണ്ണ് നിറയ്ക്കാറുണ്ട്


"മനൂ എങ്ങോട്ടാ പോകുന്നെ ...തുമ്പിയും വരുന്നു ...."

അമ്മയുടെ പിടി മാറ്റി തന്റെ അടുത്തെത്താൻ കഷ്ട്ടപ്പെടുന്ന കുട്ടിയോട് പിന്നെയൊന്നും പറയാൻ കഴിഞ്ഞില്ല . ഒരേ ഗർഭപാത്രത്തിൽ ജനിച്ച അന്യർ എന്ന ബോധം ആദ്യമായി അവിടെ വെച്ച് ഉണ്ടായി

തന്റെ കയ്യിൽ തൂങ്ങി "അതെന്താ ഏട്ടാ ...ഇതെന്താ മനൂ ... എന്തിനാ മനൂ ...മനൂ ..." അവൾക്ക് എന്നും സംശയമാണ് ...ഒരിക്കലും തീരാത്ത സംശയങ്ങൾ..അതിനു തനിക്കെന്ന പോലെ മറുപടി കൊടുക്കാൻ ആർക്കും കഴിയില്ലായിരുന്നു

"മനൂ തുമ്പിയെ ഒന്നെടുത്തിട്ടു പോ ..." അമ്മയും അച്ഛനും സ്ഥിരമായി ഏൽപ്പിക്കുന്ന ജോലി . ഇന്നിപ്പോൾ അവളെ തൊടരുതെന്ന്

"ബാല ....അവനു മുജ്ജന്മ പാപാണ് വെച്ച് ഈ ജന്മത്തിൽ നീ പാപം ചെയ്യാണോ ?" അച്ഛമ്മ മാത്രം തന്നെ സ്നേഹിച്ചിരുന്നുള്ളൂ എന്ന് തോന്നി അപ്പോൾ

"അമ്മ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ...... എത്രകാലം ഇതിനെ നമ്മൾ പോറ്റും എന്നാണ്.... ഇല്ലെങ്കിൽ ഇല്ല പറയാം ,ഇതിപ്പോൾ പുറത്തുള്ളവരോട് എന്ത് പറയും ...ഇപ്പൊ തന്നെ ചെക്കനെവിടെ ന്നു പലരും ചോദിച്ചു തൊടങ്ങി ...


ഇനിയും എന്നെക്കൊണ്ട് വയ്യ ഓരോ കള്ളങ്ങൾ പറയാൻ ...അവൻ നാട് വിട്ടു എന്നണോ ചത്തു എന്നോ പറഞ്ഞോളാം പതിനാറ് ദെവസം പന്തിയൊരുക്കണം എന്നല്ലേയുള്ളൂ ..." എന്ത് ക്രൂരനാണ് അച്ഛനെന്നു അപ്പോൾ തോന്നി ,


വാവ് ബലിക്ക് കണ്ടമുത്തനു കോഴിയറുക്കുന്ന ഭീകരനായ അച്ഛൻ ....ബലിക്കല്ലിൽ കണ്ണുനീർ വറ്റിയ തന്റെ മുഖം അച്ഛൻ ആഞ്ഞു വെട്ടുന്നു .


എത്ര തവണ ഈ സ്വപ്നം കണ്ടു ഞെട്ടിയുണർന്നു.......അല്ലെങ്കിൽ ഇടയ്ക്കൊക്കെ ഇപ്പോഴും ............അവന്റെ കണ്ണുകൾ നിറഞ്ഞു .


പെട്ടെന്ന് ഫോണിൽ കാൾ വന്നപ്പോൾ ഓർമകളിൽ നിന്നും ഞെട്ടിയുണർന്നു . അറ്റൻഡ് ചെയ്തു


"മാമേ ഇത് ഞാന മനു ....നാളയല്ലേ കല്യാണം ...ഞാൻ വരുന്നുണ്ട് "


അയാൾക്ക്‌ ആദ്യം ഞെട്ടലായിരുന്നു ... മാസങ്ങൾക്ക് മുൻപ് ഡൽഹിയിൽ വെച്ച് അവിചാരിതമായി കണ്ടപ്പോൾ തന്റെ മുന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ ഏറെ കഷ്ട്ടപ്പെടുന്ന അവനെ താൻ തന്നെ പോയി പരിചയം പുതുക്കുകയായിരുന്നു


ഫൈവ് സ്റ്റാർ ഹോട്ടലിലെ റിസപ്ഷണിസ്റ്റ് ,ഒപ്പം പാചകം കൂടി ഉണ്ടെന്നു അറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു . മുംബൈയിൽ കൊണ്ട് ചെന്ന് ഉപേക്ഷിച്ചു പോരുമ്പോൾ ആരും കാണാതെ നീട്ടിയ പൈസ പോലും വാങ്ങാൻ കൂട്ടാക്കിയില്ല


ഇന്ദു ജനിച്ച അന്നുമുതൽ അവന്റെ വധു ആവുന്നത് എത്ര സ്വപ്നം കണ്ടിരുന്നു , നല്ല പുരാതനമായ കുടുംബത്തിൽ പുരോഗമന ആശയങ്ങളും ചിന്താഗതിയുമുള്ള ആൺ കുട്ടി ,


തനിക്കെനും കൂട്ടായിരുന്നവൻ
"ഇല്ല മാമേ എനിക്കിതു വേണ്ട ...ചത്തു പോയവന് വായിക്കരിയുടെ ആവശ്യമില്ല നിങ്ങളുടെ സന്തോഷം മാത്രമാണ് അത് ...ഇനി തമ്മിൽ കാണാതിരിക്കട്ടെ ..."


എല്ലാവരും യാത്ര പറഞ്ഞു തുടങ്ങും മുൻപ് അവൻ ഒന്നിനും ചെവി കൊടുക്കാതെ നടന്നു ,പഴകിയ കെട്ടിടങ്ങളുടെ നടുവിലെ വൃത്തിഹീനമായ വഴികളിലൂടെ ...എങ്ങോട്ടാണ് പോകേണ്ടത് എന്ന് അവൻ മനസ്സിലുറപ്പിച്ച പോലെ

കണ്ണിൽ നിന്നും മറഞ്ഞപ്പോൾ കാറിൽ കയറി എല്ലാവരും ആശ്വസിക്കാൻ ശ്രമിച്ചപ്പോഴും കർക്കിടകത്തിന് അടിച്ചു തെളിച്ചു അഴുക്ക് മൂദേവിയാക്കി കൊണ്ട് കളഞ്ഞിട്ട് പാതി നിറഞ്ഞ കുളത്തിൽ ചാറ്റൽ മഴയ്ക്കൊപ്പം മുങ്ങി കുളിച്ചു വരുന്ന സംതൃപ്തി തനിക്കു കിട്ടിയില്ല

"മാമേ എന്താ മിണ്ടാതെ ...."

അയാൾ ചിന്തകളിൽ നിന്നും ഉണർന്നു "എവിടെയെത്തിയെട മോനെ ..."

"ഞാൻ നെന്മാറ .....അങ്ങോട്ട്‌ വരാൻ പേടിയാവുന്നു ...."

അയാൾ കണ്ണ് തുടച്ചു കൊണ്ട് "നീ വാടാ ....നിന്റെ വീടല്ലേ ..നീയാരെയ പേടിക്കുന്നെ ..."

"പടിയടച്ച് പിണ്ഡം വെച്ചവന് എന്ത് ബന്ധു ,എന്ത് വീട് ....ശല്യവും എല്ലാർക്കും എന്നാലും മാമ പറഞ്ഞപ്പോൾ കല്യാണവേഷത്തിൽ ന്റെ തുമ്പിയെ

....."അവന്റെ ശബ്ദം ഇടറി

"കണിമംഗലത്ത് ഞാൻ നിക്കാം ,,,നീ ധൈര്യായി വാ ...."

അവൻ ഫോൺ കട്ട്‌ ചെയ്ത് ബാഗിലിട്ടു . കണ്ണ് തുടച്ചു.. വഴിയിൽ നിന്നും വാങ്ങിയ വാട്ടർ ബോട്ടിൽ ലെ കുറച്ചു ബാക്കി വന്ന വെള്ളം കൊണ്ട് ഡോറിലെ ഗ്ലാസ്‌ തുറന്നു കാർ നിർത്താൻ പറയാതെ മുഖം കഴുകി .

"അതെ ...എത്രയ ചാർജ് ....?"

"ഇറങ്ങിയിട്ട് പറയാം സാർ .....മീറ്റർ നോക്കണം "

"സാരമില്ലടോ ഒരു നൂറു കിലോമീറ്ററിന്റെ അടുത്തു കാണും ,,താൻ എത്രയായാലും പറഞ്ഞോ ... അവിടെയെത്തിയാൽ തനിക്കു വേഗം മടങ്ങാലോ ..."

"നാലായിരം ....അല്ല മൂവായിരത്തി അഞ്ഞൂറ് ...മതി ..."

"വേണ്ട താൻ ഇത് വെച്ചോ ..." വാഹനം ഓടിക്കുന്ന അയാൾക്ക്‌ സീറ്റിനു മുകളിലൂടെ ആയിരത്തിന്റെ അഞ്ചു നോട്ടുകൾ നീട്ടി . അയാൾ ഒരു കൈകൊണ്ട് വാങ്ങി ...

"സാറേ ഇത് കൂടുതലാണ് ..."

"അറിയാം ....എന്റെ സന്തോഷത്തിന്.....ഞാനൊരു നല്ല കാര്യത്തിന് വന്നതാണ് താൻ ഇത്രനേരവും എന്നെ സഹിച്ചില്ലേ ...ഇത്തിരി പേടിച്ചില്ലേ വാടക കിട്ടുമോ എന്ന് "

അയാൾ തല കുനിച്ചു വിളറിയ മുഖത്തോടെ . അത് മറയ്ക്കാൻ എന്നോണം പറഞ്ഞു

"എന്താ ഇത്ര സന്തോഷം ?"

"എന്റെ ഒരേയൊരു അനിയത്തിയുടെ കല്യാണമാണ് ..."

"നല്ല കാര്യമാണല്ലോ ....ചെക്കൻ എന്ത് ചെയ്യുന്നു ....സ്ത്രീധനം എന്ത് കൊടുക്കുന്നുണ്ട് ....ഇപ്പോഴൊക്കെ പത്തും അമ്പതും ഇല്ലാതെ കല്യാണം നടക്കില്ല "

"എനിക്കറിയില്ല , ഞാൻ കുറച്ചു നാളായി പുറത്താണ് ...."

"എന്നാലും വിളിച്ചു പറയില്ലേ ?"

"ഞാൻ ഫോൺ ഉപയോഗിക്കാറില്ല ....."

അയാൾക്ക്‌ ചെറുതായി അത്ഭുതം തോന്നി " അല്ല അതെന്താ സാർ എവിടെയായിരുന്നു ഇത്ര കാലം ..."?


"കുറച്ചു ദൂരെ ......"

"എന്നുവെച്ചാൽ .... ഇഷ്ട്ടമുണ്ടെങ്കിൽ പറഞ്ഞാൽ മതി ....'"

അയാൾ ചെറുതായൊന്നു ചിരിച്ചിട്ട് ..."തന്റെ പേരെന്താണ് ?

"മഹേഷ്‌ ....."

"മഹേഷേ ....ഞാൻ പതിനെട്ടു വയസ്സിൽ ഇവിടെ നിന്നും പോയതാണ് , ഇപ്പോഴെനിക്ക്‌ ഇരുപത്തെട്ട് ആയിക്കാണും എന്ന് തോന്നുന്നു ..ഇപ്പോഴാണ് തിരിച്ചു വരുന്നത് "

"അതെന്താ സാറേ ?"

"താൻ ഈ ശിഖണ്ടിയുടെ കഥ കേട്ടിട്ടുണ്ടോ ....."?

"ആഹ ..."

"അതാണ്‌ ഞാൻ അതുകൊണ്ട് എനിക്ക് മനുഷ്യരുടെ കൂടെ ജീവിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞു കൊണ്ട് ചെന്ന് വിട്ടതാണ് വീട്ടുകാർ "

അയാൾ ആദ്യം ഒന്ന് ഞെട്ടി .ഇത്രനേരം എന്തോ വ്യത്യാസം ഉണ്ടെന്നു തോന്നിയെങ്കിലും ഇതുപോലൊരു വാർത്ത അയാൾ പ്രതീക്ഷിച്ചില്ല

"സാറേ ....അപ്പോൾ ...."

"താൻ എന്തിനാ വിഷമിക്കുന്നേ ,,എനിക്ക് ഇത് ശീലമായി ...."

"അതിനു എന്തിനാണ് ഉപേക്ഷിച്ചത് ..?

"താനൊരു മണ്ടനാണോ .... നിങ്ങളുടെ ലോകത്ത് ആണും പെണ്ണും മാത്രമല്ലേ ഉള്ളൂ ...ജിവിതം എന്നാൽ കുടുംബവും കുട്ടികളും മാത്രമല്ലേ ...ഇതിലൊന്നും യോഗ്യത തെളിയിക്കാത്തത് കൊണ്ട് കുടുംബത്തിലെ ശാപായിമാറി ...കഴിഞ്ഞ ജന്മത്തിൽ ഞാൻ അത്ര വലിയ വൃത്തികെട്ടവൻ ആയിരിക്കും ....."

അതും പറഞ്ഞു അയാൾ പതിവിലും ഉറക്കെ ചിരിച്ചു

"ഇപ്പോൾ എവിടുന്നാണ് വരുന്നത് ?"

"ഡൽഹി.... അവിടത്തെ ജനങ്ങൾക്ക് കുറച്ചു വകതിരിവ് ഉള്ളതുകൊണ്ട് ജീവിച്ചുപോകുന്നു ...മരിക്കാൻ പേടിയാണ് അതുകൊണ്ട്

"എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപൊലുള്ളോരീജ്ജീവിതം
എന്നുമിതിന്റെ ലഹരിയാലാനന്ദ
തുന്ദിലാമെൻമനം മൂളിപ്പറക്കണം "

"സാർക്ക് കവിതയൊക്കെ അറിയ്യോ ...."?

"ഉം ..കുറച്ച്.....അന്നതൊരു ഹരമായിരുന്നു ....പിന്നെയത് മറന്നു തുടങ്ങി എങ്കിലും നമ്മുടെ മഹാകവികൾ പറഞ്ഞത് ഇടയ്ക്കിടെ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന സത്യം തന്നെയാണ് "

"അതെ ....എങ്കിലും ഇതിപ്പോൾ സാറിന്റെ പ്രശ്നമാല്ലാലോ ...ക്രോമോസോം ന്റെ വ്യതിയാനം കൊണ്ടല്ലേ ...അതിന് ഈ ജന്മമോ മുജ്ജന്മമോ എന്നില്ല ...ചില സമയത്ത് ജെനിറ്റിക്കൽ ആയി ഉണ്ടാവുന്നതുമാണ് ...."

"താൻ എത്രവരെ പഠിച്ചു ?"

"ബി എസ് സി ബോട്ടണി ....പഠിച്ചു മുന്നേറാൻ പറ്റില്ല അതുകൊണ്ട് വണ്ടിയോടിച്ചു കുടുംബത്തെ മുന്നെറ്റെണ്ടി വന്നു .... എനിക്ക് ഒരു കാമുകിയുണ്ടായിരുന്നു പണ്ട് .... അവൾ ഇതുപോലെ വലിയ കവിതാ ഭ്രാന്തിയായിരുന്നു ...."അയാൾ പതിയെ ചിരിച്ചു ...

"ഹ ഹ .....അവളിപ്പോൾ എവിടെയോ എന്തോ ....അല്ലെ ... എന്റെ വീട്ടുകാർക്ക് സയൻസ് അറിയാത്തത് കൊണ്ടാ ?"

"ഉം ....പെണ്ണുങ്ങളുടെ കാര്യമല്ലേ സാറേ ...അവരുടെ കാര്യം അവര് തീരുമാനിക്കില്ല ..ചെറിയ മനസ്സാണ് ...വീട്ടുകാരുടെ പുറകെ പോകും ഇഷ്ട്ടമില്ലെങ്കിലും ....എന്നാലും നമ്മൾ അത്ഭുതപ്പെടും നമ്മളെ അത്രയോകെക് സ്നേഹിച്ചിട്ട് മറ്റൊരുത്തന്റെ കൂടെ ചിരിച്ചു ജീവിക്കുന്നത് കാണുമ്പോൾ .....പാവങ്ങൾ ..ഉറക്കെയൊന്നു കരയാനും കൂടി പറ്റില്ല .....ചില കൽ പ്രതിമകളെ പോലെ ....."

അയാൾ വെറുതെയൊന്നു ചിരിച്ചു ..."മനു ഏട്ടാ .... ഒരുമിച്ചുണ്ടാവണം എന്നും ..അതിൽ കുഞ്ഞുങ്ങളുടെയോ ...മറ്റുള്ളതിന്റെയോ ആവശ്യമില്ല ...കൂടെ ഉണ്ടായിരുന്നാൽ മതി ....നമുക്ക് എങ്ങോട്ടെങ്കിലും പോകാം ...എനിക്ക് മുജ്ജന്മത്തെ പഴിച്ചു തള്ളി കളയാൻ ആവുന്നില്ല ...."
പാവം അവൾ എത്ര സ്നേഹിച്ചു തന്നെ ...അവളുടെ ആ പ്രതികരണം കാരണമാണ് എത്ര കുത്തുവാക്ക് കേട്ടിട്ടും വീട് വിട്ടു പോവാൻ തുനിയാത്ത താൻ പോകണം എന്നുറപ്പിച്ചത് ....

"അതെ ഡോ.....പ്രണയം സുഖമാണ് ...പക്ഷെ അതും വിധിച്ചിട്ടില്ല ഞങ്ങൾക്ക്....കുട്ടികളെ കാണുമ്പോൾ മനസ്സ് നിറയാറുണ്ട് പക്ഷെ ഭാഗ്യമില്ല ഒരു പൊന്നോമനയെ ലാളിക്കാൻ .... ജോലി തേടി അലയാറുണ്ട്...പരിഹസിച്ചു തിരിച്ചയക്കുമ്പോൾ അവരുടെ മുന്നിലൊരു വിഡ്ഢിച്ചിരി ചിരിക്കുമെങ്കിലും ഉള്ളം നീറുന്നതു ആരറിയും ...."

മനു പെട്ടെന്ന് നിർത്തി ,കണ്ണ് തുടച്ചു ,,പത്തുവർഷത്തെ അനുഭവങ്ങൾ അയാളെ ഒരുപാട് വേദനിപ്പിചെന്നു തോന്നിയപ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു .....

"സാർക്ക് വിഷമമില്ലെങ്കിൽ ഞാനും കൂടെ വന്നോട്ടെ .... വീട്ടിൽ കയറിയതിനു ശേഷം തിരികെ പോകാം ...."

ഡ്രൈവറുടെ വാക്കുകൾ അയാളെ പെട്ടെന്ന് സന്തോഷിപ്പിച്ചു എങ്കിലും സ്നേഹത്തോടെ നിരസിച്ചു ,

"വേണ്ടന്നെ ..കാലം കുറെ ആയില്ലേ എന്നെ സ്വീകരിക്കും ...."ആ വാക്കുകളില ആത്മവിശ്വാസം പ്രതിഫലിച്ചു ....അയാൾ ബാഗ്‌ തുറന്ന് ഒരു ജ്വെൽ ബോക്സ്‌ എടുത്തു തുറന്ന് അയാൾക്ക്‌ നേരെ നീട്ടി ...

"കണ്ടോ ...എന്റെ സംബാദ്യത്തിലെ വലിയ പങ്കു കൊണ്ട് വാങ്ങിയതാണ് ...എന്റെ തുമ്പിക്ക് ..." അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി തിളങ്ങുന്ന മാലയിലേക്ക് ..."ഇയാളെ അവർ സ്വീകരിക്കണേ ...ഞാൻ തേങ്ങ ഉടച്ചോളാം..."അയാൾ മൌനമായി പ്രാർത്ഥിച്ചു

വഴിയരികിൽ മുടി നരച്ചു തുടങ്ങിയ മദ്ധ്യവയസ്കനെ കണ്ടപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു ...ഡോർ തുറന്ന് കൊടുത്ത് അയാൾക്ക്‌ കയറുവാൻ
"മനൂ ...നീ വന്നല്ലോ ..മോനെ ....."

"മുത്തശ്ശ മനൂ ദെ ...." കൂടെ കയറിയ കൊച്ചു ആൺ കുട്ടിയിലേക്ക്‌ അവൻ അപ്പോഴാണ്‌ നോക്കിയത് ..

"ഇതാര ...."

"ഇന്ദുന്റെ മോനാ ...മനു ...നിന്റെ പേര് തന്നെയാ ..... നീ പോയപ്പോൾ കല്യാണം വേണ്ടെന്നു വെച്ചതാ ...അങ്ങോട്ടേക്ക് വരാൻ പുറപ്പെട്ടതുമാ...പക്ഷെ ....."
"മാമയ്ക്ക് എന്നോട് ദേഷ്യമില്ലേ.....?"

"എന്തിനാ ...കുട്ടി ...നീയിങ്ങനെ ആയിപ്പോയത്തിനു നീയെങ്ങനെ കാരണാവും..ഇതൊന്നും തീരുമാനിക്കുന്നത് നമ്മളല്ല .... ഈ ഇപ്പോഴും എന്റെ അനന്തിരവൻ തന്നെ .... അവളെ നിനക്ക് കൈ പിടിച്ചു തരാൻ കഴിയാത്ത സങ്കടം മാത്രം ....
മുജ്ജന്മത്തിൽ നീ പാപം ചെയ്തെങ്കിൽ ഈ ജന്മത്തിൽ നിന്നെ വേദനിപ്പിച്ച് ഞാൻ പാപം ചെയ്യില്ല "

അവൻ ആ കുട്ടിയെ എടുത്ത് മടിയിൽ വെച്ചു. "മാമൻ ഒന്നും കൊണ്ട് വന്നില്ലാലൊ മോന് തരാൻ ....മോനുള്ളത് മാമന് അറിയില്ല ..."

"തുമ്പി നിന്നെ കാണാം എന്ന് പറയും ഇടയ്ക്കിടക്ക് ....അന്ന് നിന്നെ കണ്ടത് ഞാൻ ആരോടും പറഞ്ഞിട്ടില്ല ഇവിടെ ..അമ്മയോട് മാത്രം ...അമ്മയ്ക്കായിരുന്നു നിന്നെ കാണാൻ ഏറെ മോഹം ..പക്ഷെ മൂന്നു മാസം മുൻപ് ....

അമ്മ എന്നും പറയ്യായിരുന്നു....."അവൻ പോയതോടെയാണ് വീട്ടിലെ ഐശ്വര്യം പോയതെന്ന് ....." ..എന്നെങ്കിലും നീ വരുമെന്ന പ്രതീക്ഷയായിരുന്നു ....


.നിന്നെ അന്വഷിച്ച് പലതവണ പുറപ്പെടാൻ തുനിഞ്ഞപ്പോഴും ആരും സമ്മതിച്ചില്ല .....ഐശ്വര്യായിരുന്നു നീ ആ വീടിന്റെ അറിയാതെ പോയി എല്ലാരും ..... നീ പറയുന്നത് തെറ്റാണ് മനൂ അന്ധവിശ്വാസങ്ങൾ ചിലപ്പോൾ നല്ലതാണ് എന്ന് ...ചിലപ്പോഴല്ല ..ഇപ്പോഴും നല്ലതല്ല ....."

ഡ്രൈവർ ആരും കാണാതെ കണ്ണ് തുടച്ചു ,,,,വണ്ടി സ്ഥലമെത്തിയെന്ന വൃദ്ധന്റെ നിർദേശം വന്നപ്പോൾ ഒതുക്കിയിട്ടു . എല്ലാവരും പുറത്തിറങ്ങി ...

ഡ്രൈവെരോട് ചിരിച്ചു തലയാട്ടി യാത്ര പറഞ്ഞു അകത്തേക്ക് കയറിയപ്പോഴും അയാൾ ആരെയോ പ്രതീക്ഷിച്ചു അവിടെ തന്നെ നിന്നു
വലിയൊരു കല്യാണം നടത്തുന്നതിന്റെ തിരക്ക് മുറ്റത്തേക്ക്‌ കയറുമ്പോഴേ അവന് അനുഭവപ്പെട്ടു . പണ്ടൊക്കെ കണ്ടു ശീലിച്ച ചില മുഖങ്ങൾ അവന്റെ മുന്നിലൂടെ അപരിചിത ഭാവത്തിൽ സാധാരണ എത്തുന്ന അഥിതി എന്നോണം കടന്നു പോയി . ചിലർ വെറുതെ നോക്കി ചിരിച്ചു ...ചിലർ ശ്രദ്ധിക്കുന്നതെയില്ല ....

"മാമ ...എന്നെ ആർക്കും മനസ്സിലായില്ലാ അല്ലെ ...?"

പറഞ്ഞു തീരും മുൻപേ പടിക്കൽ നിന്നും അവനെ നോക്കി ഒരു ചെറുപ്പക്കാരൻ കയറി വന്നു , പുറകിലായി നന്നായി മേയ്ക്ക് അപ്പ് ചെയ്ത പെണ്ണും ....

"ഏട്ടൻ..." അവനറിയാതെ വിളിച്ചുപോയി .....

"ഓ .... നീയെപ്പോൾ വന്നു ...." അവൻ വന്നത് ഒട്ടും ഇഷ്ട്ടപ്പെടാത്ത ചോദ്യം പോലെ തോന്നി

"വന്നെ ഉള്ളൂ ...."

പിന്നെ ഒരു അലർച്ച പോലെ തോന്നി "അച്ഛാ ....ഇങ്ങോട്ട് വന്നെ ....."

അത് കേട്ടിട്ട് എന്നോണം അകത്തു നിന്നും എഴുപതിനോട് അടുത്ത ഒരാൾ വന്നു
"എന്താടാ വന്നതും ...?"

"അച്ഛാ ...ഈ തെണ്ടിയെ വിളിച്ചിരുന്നോ കല്യാണത്തിന്...?
"
അഥിതിയെ സൂക്ഷിച്ചു നോക്കിയിട്ട് ...."ഇന്ദൂ ...ഒന്നിങ്ങോട്ടു വന്നെ ...കുഞ്ഞിനെ കൊടുക്കാൻ വേറെ ആരെയും കണ്ടില്ലേ നീ .....

സദ്യയ്ക്ക് ആണെങ്കിൽ നാളെ വരൂ പുറത്തു ഇലയിടും ...ഇവിടം കണ്ട തെണ്ടികൾക്ക്‌ കയറി നിരങ്ങാനുള്ളതല്ല ..."

"ഏട്ടാ ...ഇതല്പം കൂടുതലാണ് ..."തല താഴ്ത്തി കുഞ്ഞിനേയും കൊണ്ട് നില്ക്കുന്ന മനുവിനെ നോക്കി ചന്ദ്രൻ പ്രതികരിച്ചു .

അപ്പോഴേക്കും അമ്പതു കഴിഞ്ഞ സ്ത്രീയും കുറെ പെണ്ണുങ്ങളും കല്യാണ പെണ്ണ് പോലെ അണിഞ്ഞൊരുങ്ങിയ പെണ്കുട്ടിയും വന്നു കൂട്ടത്തിൽ
"മനു ഏട്ടൻ ....." മനുവിന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങിയ മകനെ എടുക്കുമ്പോൾ അവൾ അറിയാതെ പറഞ്ഞു . അതുകേട്ടപ്പോൾ മണവാട്ടി അത്ഭുതത്തോടെ ചോദിച്ചു


"ചേച്ചി ഇതാണോ എന്റെ ഏട്ടൻ ? "

"ഇറങ്ങി പോകുന്നുണ്ടോ അശ്രീകരം ...." നാട്ടുകാർ എന്തെന്നറിയാതെ നോക്കി നിൽക്കെ അവൻ ചന്ദ്രൻ താഴെ വെച്ച അവന്റെ ബാഗെടുത്ത് തോളിലിട്ടു ,,,,

വാടിയ മുഖഭാവത്തോടെ തന്നെ ബാഗ് തുറന്ന് ജ്വെൽബോക്സ്‌ കയ്യിലെടുത്ത് മണവാട്ടി നിന്നിരുന്ന വരാന്തയ്ക്കു നേരെ നീങ്ങി
അത്ഭുതത്തോടെ അവനെ നോക്കി നില്ക്കുന്ന പെൺകുട്ടിയോട് "തുംബിയല്ലേ .....?"
ഒന്നും പറയാൻ ആവാതെ കണ്ണുനിറഞ്ഞത്‌ തുടച്ചു അവൾ താഴെയിറങ്ങി അവന്റെ അടുത്തു നിന്നു

"തുമ്പി ...എന്നെ കണ്ടിട്ടുണ്ടോ ...ഞാന മനു ......" അവളൊന്നും പറയാതെ നിറഞ്ഞ കണ്ണുകളോടെ അവന്റെ ചാരെ കെട്ടിപ്പിടിച്ചു നിന്നു ...."

എവിടെയാ എന്റെ ഏട്ടാ ,,,,,,

ഞാൻ അറിഞ്ഞു തുടങ്ങും മുൻപേ തുമ്പിയെ വിട്ടു പോയില്ലേ ....

ഏട്ടാ ...."


അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി . അതുകണ്ടവരുടെയും .... അവൻ ആ സമ്മാനം അവൾക്ക് നേരെ നീട്ടി


"മോൾക്ക്‌ ഒരുപാട് സമ്മാനം ഒക്കെ കിട്ടും ...ഏട്ടന് തരാൻ ഇതേ ഉള്ളൂ ...."


അവൾ അത് വാങ്ങി കയ്യിൽ മുറുകെ പിടിക്കുംബോഴേക്കും . അച്ഛൻ വന്ന് അവനെ പിടിച്ചു മാറ്റി


"എന്റെ മോൾക്ക്‌ കൊടുക്കാൻ എനിക്കറിയാം ...ആരും കയറി വരണ്ട ....."

ആരോടും ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ പത്തുവർഷം മുൻപിലെ പോലെ നിറഞ്ഞു നിന്നത് ഇന്ദുന്റേം തുംബിയുടെയും മാത്രം കണ്ണുകൾ മാത്രമെന്ന് അവൻ ഓർത്തു...

കുറവ് മുത്തശ്ശിയുടെ മാത്രമാണ് ഇത്തവണയും പുറത്താക്കുമ്പോൾ വേണ്ടെന്നു പറയുവാൻ ...വെറുപ്പോടെ നിൽക്കുന്ന ഏട്ടന്റെയും അച്ഛന്റെയും ...ഇന്ദുവിന്റെ പുറകിലേക്ക് നീങ്ങി നിന്ന അമ്മയുടെയും മുഖത്തേക്ക് ഒന്നുകൂടെ നോക്കി അവൻ നടന്നു


"മോനെ ....ഇവിടെ നീ നിക്കണ്ട എന്റെ വീട്ടിൽ പോകാം ...."


"വേണ്ട മാമേ ...ഇങ്ങോട്ട് ഞാൻ വരരുതായിരുന്നു ...പിന്നെയെന്തോ വന്നുപോയി ...എല്ലാവരെയും എനിക്കത്ര ഇഷ്ട്ടാണ് ....ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല ....ഞാൻ പോട്ടെ ...."


ആരെയും തിരിഞ്ഞു നോക്കാതെ ആരോടും മിണ്ടാതെ അവൻ നടന്നു , പുറത്തു ആരെയോ കാത്തു അപ്പോഴും ഡ്രൈവർ ഉണ്ടായിരുന്നു ....

"സാറ് വരാതിരുന്നാൽ തിരിച്ചു പോകാൻ നിന്നതാണ് ....."

"വരരുതായിരുന്നു ...ഞാൻ ......അവർ ഈ ജന്മം പാപം ചെയ്യാതിരിക്കാൻ ഞാൻ ഇറങ്ങി വന്നു..."

"ഉം ..."അയാൾ കയറിയിരുന്നു വണ്ടിയെടുത്തു ....

"നിങ്ങള്ക്ക് എന്നോട് വെറുപ്പ്‌ തോന്നിയില്ലേ ?"

"ഇല്ല ....എനിക്കും ഒരു മകനുണ്ട് സാറേ .... നമ്മുടെ അവസ്ഥ നാളെ എന്തെന്ന് പറയാൻ കഴിയില്ല ....അവനങ്ങനെ സംഭവിച്ചാൽ ഞാൻ ഉപേക്ഷിക്കില്ല ....ദൈവം തരുനൻ പാപം അല്ല ..പുണ്യം ആണ് .....അങ്ങനെയേ കരുതൂ ...."


അയാൾ പതിയെ ചിരിച്ചു .....ജീവിക്കാൻ അവകാശമില്ലാത്തവന്റെ ചിരി....!

 ഭാഗം 18

പറയാത്ത പ്രണയം
***************************

അല്ലെങ്കിലും ഈ കാത്തിരിപ്പിന് വല്ലാത്ത ഒരു സുഖമാണ് പറയുന്നത് വെറുതയല്ല . ഇടയ്ക്കൊക്കെ തോന്നും എത്ര കാലം വേണമെങ്കിലും കാത്തിരിക്കാം അവസാനം ഇഷ്ടമാണ് എന്നൊന്ന് പറയാൻ കഴിഞ്ഞാൽ മതിയെന്ന്

തിരികെ വരുമ്പോഴും ആൽമരത്തിന്റെ താഴേയ്ക്ക് നോക്കണമെന്ന് തോന്നി , പക്ഷെ ആഗ്രഹങ്ങളെ ആർക്ക് വേണ്ടിയോ പിടിച്ചു നിർത്തി . മനസ്സിലെ പ്രണയം മനസ്സിൽ തന്നെ കുഴിച്ചുമൂടി മുന്നോട്ടു നടന്നു

എനിക്കറിയാമായിരുന്നു അപ്പോഴും അതിനു ശേഷവും എല്ലാം ചിന്തയിൽ ആ മുഖം മാത്രമായിരിക്കുമെന്ന് . ഇനി അടുത്ത ദിവസത്തിനായി കാത്തിരിക്കുനതും ആ മരച്ചോട്ടിൽ കാത്തിരിക്കുമെന്ന് കരുതിയാണ്

അല്ലെങ്കിലും ഇപ്പോൾ ഇഷ്ട്ടമാണ് എന്നൊക്കെ പറഞ്ഞിട്ടിപ്പോൾ എന്തിനാണ് ,അദ്ദേഹത്തെയും കൂടെ ഈ നശിച്ച ജീവിതത്തിലേക്ക് വലിച്ചിടാൻ വേണ്ടി മാത്രം . എന്നിട്ട് കുറെ സ്വപ്‌നങ്ങൾ നൽകി...പിന്നീട് ഓർക്കാൻ നല്ലതും ചീത്തയുമായ നിമിഷങ്ങളും നൽകി വിട പറഞ്ഞു പോകാൻ വേണ്ടിയെങ്കിൽ പ്രണയിക്കാതിരിക്കുന്നത്‌ തന്നെയാണ് നല്ലത്

ഒന്നുകിൽ അമ്മ വേലി ചാടിയാൽ മകൾ മതില് ചാടുമെന്ന പഴമൊഴി സത്യമാവാതിരിക്കാൻ ...

അതുമല്ലെങ്കിൽ ഇന്നേവരെ തെറ്റിദ്ധാരണയോടെ മാത്രം എന്നെ കണ്ടിരുന്ന ആളുകൾക്ക് മുൻപിൽ അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കാൻ

ഒപ്പം പ്രണയിക്കുന്നത്‌ തെറ്റാണോ അന്തസ്സില്ലായ്മ ആണോ എന്ന് ചോദിച്ചാൽ എനിക്ക് മറുപടിയില്ല

അല്ലെങ്കിലും എട്ടോ ഒൻപതിലോ പഠിക്കുന്ന കാലം മുതൽ കേട്ട് തുടങ്ങിയതാണ്‌ "നീ പെണ്ണാണ് ...." എന്നുള്ള വാക്കുകൾ

ആരോടെങ്കിലും സംസാരിച്ചാൽ .... പറയും ഏതുനേരവും സംസാരിക്കുകയാണ് ..അത് ചിലപ്പോൾ ആണ് ആയാൽ പറയുകയും വേണ്ട

അവൾക്കു എന്നും ഇതാണ് പണി , മിക്ക ദിവസവും സംസാരിക്കാറുണ്ട് , അവനും അവളും തമ്മിൽ എന്തൊക്കെയോ ഉണ്ട് ...പിന്നെയത് അവസാനം അവന്റെ കൂടെ പലയിടത്തും വെച്ച് കാണാറുണ്ട്‌ ... അവന്റെ ബൈക്കിൽ കയറി പോകാറുണ്ട് ....ചിലപ്പോൾ രെജിസ്റ്റെർ വിവാഹം കഴിച്ചെന്നു വരെയെത്തും

ഒന്ന് ചിരിച്ചാൽ .... കാണുന്നവരോടൊക്കെ ചിരിച്ചു നടക്കുകയാണ് ...സ്വഭാവം ശരിയല്ല ...പിന്നെ ആണുങ്ങളെ വളയ്ക്കാൻ ആണ് ഓടിക്കാൻ ആണ് എന്നിങ്ങനെ പോകും ...അതല്ലങ്ങിൽ പിന്നെയൊരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത ജാഡ സ്വഭാവമോ ,മോശം സ്വഭാവമോ എന്ന ലേബലും

ഫോൺ ചെയ്താൽ .... പറയുകയേ വേണ്ട ... അതൊരു അഞ്ചു നിമിഷം ആണ് എങ്കിലും പറയും ഇരുപത്തിനാല് മണിക്കൂറും ഇതാണ് പണിയെന്ന്.... ആരെയൊക്കെയോ വിളിക്കുന്നു ... വരാൻ പറയുന്നു ... രാത്രിവൈകിയും ഫോണിൽ തന്നെ ... ഏതൊക്കെയോ കാമുകനുണ്ട് ....

എന്റെ ദൈവമേ ഓർക്കാനേ വയ്യ ... നമ്മുടെ നാട്ടുകാർക്ക് ഒന്ന് കിട്ടിയ പത്താക്കുന്ന സ്വഭാവമാണ് . പ്രതേകിച്ചു പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കാൻ വല്ലാത്തൊരു അനുഭൂതിയാണ്

ഒന്നുമില്ലെങ്കിലും ഇരുപതു കഴിഞ്ഞിട്ടും കല്യാണം നടത്താതിരുന്നാൽ വീട്ടുകാരിലും പ്രശ്നം നാട്ടുകാർക്ക് തന്നെ . ചിലപ്പോൾ തോന്നും വീട്ടുകാർ നമ്മളെ വളർത്തുന്നത് നാട്ടുകാരെ പേടിച്ചാണ് എന്ന്

എന്തിരെ പറയുന്നു നല്ലൊരു വസ്ത്രം എടുക്കാൻ പോലും സാധാരണ സ്വതന്ത്രം കിട്ടാറില്ല . കുറച്ച് നല്ല വിലയുള്ളത് നോക്കി എടുത്താൽ പറയും "ലാവിഷ് " സ്വഭാവമാണ് ....കുറച്ച് എടുത്താൽ പിശുക്കും ... സാരീ ഉടുത്താൽ ആട്ടം കാണിക്കാൻ , ജീൻസും ടോപ്പും ആണെങ്കിൽ പത്രാസ്സ്...പിന്നെ ചുരിദാർ ഇടുന്നതല്ല പ്രശ്നം ഈൗ ഷാൾ എന്താ ഇങ്ങനെ ഇട്ടിരിക്കുന്നത് ...എന്താ ഇങ്ങനെ സടിച് ചെയ്തിരിക്കുന്നത് അങ്ങനെ നൂറു കൂട്ടം പ്രശ്നങ്ങളാണ് ...

സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ ചെവിക്കല്ല് നോക്കിയൊന്നു കൊടുക്കാൻ പലപ്പോഴും കൈ തരിക്കും , പിന്നെയും അഡ്ജസ്റ്റ് ചെയ്തു പോകേണ്ടി വരും കാരണം നമ്മൾ ഒന്ന് പ്രതികരിച്ചാൽ പിന്നെ ഈ ജന്മം മുഴുവൻ അതിന്റെ പ്രത്യാഘാതം ഉണ്ടാവും

വളർത്തി വലുതാക്കി അറവുശാലയിൽ നിന്നും വിഭാവത്തിനുള്ള പാകമാക്കി വിൽക്കുന്ന ഇറച്ചി പോലെയാണ് പലരും പെൺകുട്ടികളെ കണക്കാക്കുന്നത് എന്ന് മനസ്സിലാക്കാനും ഏറെ വൈകിപ്പോയി

പതിനെട്ടിന് മുൻപ് കഥയിലും പാട്ടിലും ഒക്കെ പറഞ്ഞിരിക്കുന്നത് പോലുള്ള പ്രായത്തിൽ വിവാഹം കഴിപ്പിച്ചു കൊടുക്കണം

അത് കഴിഞ്ഞാൽ പിന്നെ പെണ്ണിന് എന്തോ കുഴപ്പം ഉണ്ടെന്നും ...അല്ലെങ്കിൽ സ്വഭാവദൂഷ്യം എന്നോ അതുമല്ലെങ്കിൽ കിട്ടാച്ചരക്ക് എന്നോ പേരിട്ടു വിളിക്കും

പിന്നെ ഇരുപതൊക്കെ കഴിഞ്ഞാൽ പറയുകയേ വേണ്ട നാട്ടുകാർ തീരുമാനിച്ചിരിക്കും "നമ്മുടെ നല്ല നടപ്പിനെ കുറിച്ച് ..." പിന്നെ നല്ല ജോലിയോ സാമ്പത്തിക ഭദ്രതയോ ഉള്ളവർക്ക് ഈ പ്രശ്നമില്ല ....

"നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും " എന്ന് പറയുന്നത് പോലെയാണ് . അതല്ലാത്തവരുടെ കാര്യം പറയുകയേ വേണ്ട .

ഇങ്ങനൊരു സാഹചര്യത്തിൽ പ്രണയം എല്ലാവരുടെയും മുന്നിൽ എത്ര പാപമാണ് . പക്ഷെ പുരാണങ്ങളും , സമകാലീന വാർത്തകളും അറിയുന്നവർ ..ഉന്നത വിദ്യാഭ്യാസം ഉള്ളവർ ഒക്കെ തന്നെ ഇതിനൊക്കെ കൂട്ടും നിൽക്കും

എന്നായി ജനിച്ചാൽ ആദ്യം പേടിക്കേണ്ടതും ഈ പേരിനെ തന്നെ ... ഗതികേട് ...എനിക്കും എന്നെപ്പോലെയുള്ള ഒരായിരം പെൺകുട്ടികൾക്കും....

***************************************************

ആ പേജ് അവസാനിച്ചപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ഡയറി അടച്ചു വെച്ചു. പിന്നെയും ഓർത്തപ്പോൾ സ്വപ്ന പറഞ്ഞതെല്ലാം ശരിയാണ് എന്ന് തോന്നി . പിന്നെയും വായിക്കാൻ തോന്നുന്നുണ്ട് എങ്കിലും എന്തെന്നറിയില്ല ഉറക്ക ക്ഷീണം കൊണ്ടാവും കണ്ണടഞ്ഞു പോകുന്നതായി തോന്നി .

മുകളിൽ കാര്യമായി എന്തോ തിരയുന്ന ചെക്കനെ ഇടയ്ക്കിടെ നോക്കിക്കൊണ്ട്‌ ആ സുന്ദരി പെൺകുട്ടി ഇരിക്കുന്നത് കണ്ടു . അവൻ പെട്ടെന്ന് നോക്കിയപ്പോൾ അവൾ തിരിഞ്ഞിരുന്നു . എനിക്ക് സ്വപ്നയുടെ അമ്പലത്തിലെ പ്രണയമാണ് അപ്പോൾ ഓർമ വന്നത്

കള്ളി ...അപ്പോൾ മുടങ്ങാതെ പോയിരുന്നത് പ്രണയത്തോട് ഉള്ള ഭക്തി കൊണ്ടാണ് ...!!!!!

മനസ്സിൽ പറഞ്ഞു ,പതിയെ ചിരിച്ചു . ഒറ്റപ്പാലം ആയിക്കൊണ്ടിരിക്കുകയാണ് എന്ന് പാതി തെളിഞ്ഞ അന്തരീക്ഷത്തിലെ വെളിച്ചത്തിൽ കണ്ടു .

അയ്യോ ലക്കിടി മിസ്സായല്ലോ എന്നൊരു സങ്കടം ഇടയ്ക്കുണ്ടായി . അല്ലെങ്കിലും നമ്മൾ വല്ലപ്പോഴും ട്രെയിനിൽ വരുമ്പോഴല്ലേ നമ്മുടെ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം കാണുള്ളൂ (കിള്ളിക്കുറുശ്ശിമംഗലം) ... ഇവിടെക്കൂടെ പോകുമ്പോൾ രോമങ്ങൾ ഒക്കെ എഴുന്നേറ്റു നില്ക്കുന്ന പോലെ ഒരു നിർവൃതി തോന്നും

മലയാള ഭാഷയുടെ എക്കാലത്തെയും മികച്ച പ്രതിഭ . ഹാസ്യ സാമ്രാട്ട് ...അല്ലെങ്കിലും നിങ്ങളോട് ഞാൻ അദ്ദേഹത്തെ കുറിച്ച് പറയുന്നത് ശരിയല്ല . ഒരുവിധമുള്ള മലയാളികൾ എല്ലാം കേട്ടിരിക്കും അദ്ദേഹത്തെ


ഇവിടുന്നു പത്തു മിനുട്ട് ഉള്ളൂ ഒറ്റപ്പാലം എത്താൻ ... ചരിത്രം ഉറങ്ങുന്ന നിളാ തീരത്തെകുറിച്ചും ഒറ്റയ്ക്ക് നിന്നിരുന്ന പാലമരത്തിനോടൊപ്പം വളർന്ന് വന്ന വള്ളുവനാടൻ ഗ്രാമം ...

അത് ശരിയല്ല ഗ്രാമം പണ്ട് ഇപ്പോൾ പാലക്കാടിനെ വെച്ചും പുരോഗമനം ഒറ്റപ്പാലം ആണോ തോന്നിപ്പോകും ചിലപ്പോഴെങ്കിലും ...

ചിത്രങ്ങളിൽ കേരളത്തിന്റെ മുഖമുദ്രയായി തലയുയർത്തി നിന്നിരുന്ന "മന " കളുടെ സ്വന്തം നാട് ..... ഒരുവശത്ത്‌ കുറച്ച് ആടപം കുറച്ചിട്ട് എന്നോണം ശാന്തമായി ഭാരതപ്പുഴ ഒഴുകുന്നത്‌ അവ്യക്തമായി കാണാം .....

തുടരും


ഭാഗം 17

അല്ലെങ്കിലും അവരുടെ കാലത്തെ മണ്ണ് അങ്ങനെയൊക്കെ ആയിരിക്കാം ,ഇപ്പോൾ ഏതാണ്ട് മഞ്ഞ വിരിച്ചു കിടക്കുന്ന പാടത്തിലൂടെ നടക്കാൻ തന്നെ പേടിയാണ് ഞങ്ങൾക്ക്

ഞാങ്ങളിലും പേടിയാണ് ഞങ്ങളുടെ പിന്നിലെ തലമുറയ്ക്ക് ...പാമ്പും ,തവളയും, ഒച്ചും ,പ്രാണികളും ,,പിന്നെ പേരറിയാൻ പാടില്ലാത്ത അനേകം ജീവികളും ഒപ്പം അതിലേറെ ആയിരക്കണക്കിന് സസ്യങ്ങളും ഉള്ള നടവരമ്പുകൾ കാണുമ്പോഴുള്ള കൌതുകം ആസ്വധിക്കുന്നതിൽ ഇല്ലെന്നു തോന്നുന്നു

5 th ക്ലാസ്സിൽ സയൻസ് ആധികാരികമായി പഠിച്ചു തുടങ്ങിയപ്പോൾ ടീച്ചർ പറഞ്ഞു തന്ന കാര്യങ്ങളിൽ വ്യക്തി ശുചിത്വത്തിലെ പ്രധാന പാഠമായിരുന്നു ഇത് "മണ്ണിൽ ചെരുപ്പിടാതെ ചവിട്ടുമ്പോൾ വിര ,കൊക്കപ്പുഴു മുതലായ ക്ഷുദ്ര ജീവികൾ കാലിനടിയിലൂടെ ശരീരത്തിനകത്തെക്ക്‌ കയറിപ്പോകുമെന്ന്,

ആദ്യം കേട്ടപ്പോൾ ഞെട്ടലായിരുന്നു . സ്കൂളിൽ പോകുമ്പോഴോ വിരുന്നുപോമ്പോഴോ അല്ലാതെ ചെരുപ്പിട്ട് നടക്കില്ലായിരുന്നു അന്നൊന്നും . പിന്നെ വീട്ടുകാരുടെ മുന്നിൽ കരഞ്ഞും പരിഭവിച്ചും എത്ര കഷ്ട്ടപ്പെട്ടാണ് ഒരു സ്ലിപ്പെർ വാങ്ങിപ്പിച്ചത്

അപ്പഴും സങ്കടം ചെരുപ്പിട്ട് ഞാൻ നടക്കുമ്പോൾ ഈ അമ്മയൊക്കെ പാടത്തിനരികിലോ കുളത്തിനരികിലോ എത്തുമ്പോൾ അത് അഴിച്ചു വെച്ച് പണി തുടങ്ങും ,ചെളിയിലെ കീടാണ്ക്കൾ എല്ലാം ശരീരത്തിലെത്തും എന്ന് എത്രയാ ഞാൻ പറഞ്ഞു കൊടുക്കുക

അതിൽ തന്നെ മുഖം കഴുകും ,വായ കഴുകും ...ഹോ ...ഒരു വിവരവുമില്ലാാത്തവർ ...അന്നത്തെ സംഭവത്തിന് ശേഷം എന്നും ചെരുപ്പിട്ടെ നടക്കൂ , അനാവശ്യമായി മണ്ണിൽ തൊടില്ല ,ചോറും കറിയും വെച്ച് കളിക്കില്ല , ദിവസവും രണ്ടുനേരം പല്ല് തേക്കും ,കൈകളും കാലുകളും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകും ,ചില സമയത്ത് രണ്ടുനേരം കുളിക്കും ,അതും വീട്ടിൽ ചൂട് വെള്ളം വെച്ച് അണുക്കളെ എല്ലാം കൊന്നിട്ട് .

കുളത്തിനെയും കിണറ്റിലെ വെള്ളത്തെയും ഉമ്മിക്കരിയെയും എല്ലാം പാടെ മറന്നൊരു ജീവിതമായിരുന്നു അത് ,വെള്ള ചോറ് കഴിക്കില്ല (പഴങ്കഞ്ഞി ), പഴയ കറിയൊന്നും കഴിക്കില്ല . അന്നന്നുള്ള വസ്ത്രങ്ങൾ അലക്കിയിടും , നഖം കടിക്കില്ല ,വൃത്തിയായി വെട്ടിക്കളയും ,മഴ നനയാൻ ഇഷ്ട്ടമുണ്ടായിട്ടും നനയില്ല ,

പക്ഷെ എന്തെന്നറിയില്ല ഇത്രത്തോളം വൃത്തിയായി നടന്നിട്ടും ഒന്നും സൂക്ഷിക്കാത്തവർക്ക് വരാത്ത പനിയും,അത് തീരുമ്പോഴേക്കും കാലിൽ ചൊറിഞ്ഞു ചൊറിഞ്ഞു ചെറിയ കുരുക്കളും വന്നിരുന്നു ..പിന്നെയത് ദിവസങ്ങള് ചെല്ലുമ്പോൾ പഴുക്കാനും ...

അന്ന് മുതൽ ഒരു കാര്യം ഉറപ്പിച്ചതാണ് ഈ മണ്ണിനോട് ഇടപഴകുമ്പോൾ ഉണ്ടാവുന്ന ആരോഗ്യം ഒരിക്കലും അതിൽ നിന്നുമകന്നു കഴിയുമ്പോൾ ഉണ്ടാവില്ല

പിന്നെയും എഴുതിയെഴുതി കാടുകയറി അല്ലെങ്കിലും സ്വപ്നയെന്നും സ്വപ്ന ലോകത്താണ് എന്ന് എല്ലാവരും പറയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു അന്തമില്ലാത്ത ചിന്തകളാണ് ...

എവിടെത്തുടങ്ങി എവിടെ അവസാനിക്കുമേന്നറിയാത്ത ഒന്നിൽ തുടങ്ങി പല വഴിയിലൂടെ നടന്നു അവസാനം ഒരു സാധ്യതയുമില്ലാത്ത അനാവശ്യ കാര്യങ്ങളിൽ എത്തുന്നത് വരെയും

പിള്ളാരൊക്കെ പറയുന്നത് ചിലപ്പോഴൊക്കെ ഇക്കാര്യത്തിൽ ശരിയാവുന്നുണ്ട് ,,ആരെങ്കിലും ചോദിക്കുമ്പോൾ ആലോചിക്കുകയും ചോദ്യം അവർ മറക്കുമ്പോൾ ഉത്തരം പറയുകയും ചെയ്യുന്ന സ്വഭാവം അവരുടെ ഭാഷയിൽ പറയുമ്പോൾ "വൈകി കത്തുന്ന ട്യൂബ് ലൈറ്റ് "

എന്തായാലും ഇന്നലെ ഉച്ചയോടെ അജിത പോയപ്പോൾ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞത് പോലെ തോന്നി ,ഇനിയവളുടെ പ്രേമത്തിനു കൂട്ട് നിൽക്കണ്ടാലോ ഒപ്പം എന്നെങ്കിലും അതുപോലെ ഒരുമിച്ചു നടക്കുന്ന കിനാവുകൾ അയാളെ കുറിച്ച് കണ്ടു കൊണ്ടിരിക്കണ്ടാലോ

ഈ രണ്ടു ദിവസവും അയാളെ കണ്ടതേയില്ല ,അല്ലെങ്കിലും അയാളെ പറഞ്ഞിട്ട് കാര്യമില്ല ചിലപ്പോൾ എന്നെ കാണാതെ ബസ്‌ സ്റ്റാൻഡിൽ എത്ര നേരം കാത്തിരുന്നു കാണും

ബൈക്ക് കൊണ്ട് വരാതെ വെറുതെ നടന്നു അമ്പലത്തിൽ വന്നതിനു സ്വയമെത്ര പഴിച്ചുകാണും ...

കാണാൻ ഇനിയിപ്പോൾ എന്താണ് ഒരു വഴി ...ഇല്ലെങ്കിൽ മനസ്സിനൊരു സമാധാനമില്ല ,നാളെ ഞായറാഴ്ച ,,,അതും കഴിഞ്ഞു തിങ്കളാഴ്ച വരെ കാത്തിരിക്കണമല്ലോ ...

ഇപ്പോൾ തോന്നുന്നുണ്ട് പോയി പറഞ്ഞാലോ എനിക്കിഷ്ട്ടാണ് എന്ന് ...അല്ലെങ്കിൽ വേണ്ട നമ്മുടെ ഇഷ്ടം നമ്മുടെ മനസ്സിൽ തന്നെയിരിക്കട്ടെ ..ആരുമറിയാതെ ഒരുപാട് സ്നേഹമായി മനസ്സിന്റെ വിങ്ങലായി ...

എന്റെ കണ്ണടഞ്ഞു പോകുന്നു രണ്ടു മൂന്നു ദിവസ്സമായി നെരെയോന്നു ഉറങ്ങിയിട്ട് തന്നെ അതാകും ,,,,ഇന്നിപ്പോൾ പുറത്തിറങ്ങി അൽപനേരം ആകാശത്തേക്ക് നോക്കി കിടക്കണം എന്ന മോഹം നടക്കില്ല ....

അങ്ങനെ ഈ ദിവസവും തീർന്നു....

03/01

ഇന്ന് രാവിലെ രേരത്തെ എഴുന്നേറ്റു , മറ്റൊന്നും നോക്കിയില്ല അമ്പലത്തിൽ പോകണം എട്ടെ കാലാവുമ്പോൾ അതുമാത്രമായിരുന്നു മനസ്സിൽ .... ഏഴരയാവുമ്പോൾ തന്നെ റെഡിയായി വെള്ളം കോരൽ പിനത്തെക്ക് മാറ്റി വെച്ച് അനൂനേം കൂട്ടി അമ്പലത്തിലേക്ക് പോയി

സമയം തികയ്ക്കാൻ വേണ്ടി വഴിയിൽ നിഷയെ കണ്ടപ്പോൾ അജിതയുടെ കാര്യം സംസാരിച്ചിരുന്നു . അവൾ പറഞ്ഞപ്പോഴാ അവർ തമ്മിൽ ഈ ബന്ധം തുടങ്ങിയിട്ട് കുറച്ചായി എന്ന് അറിയുന്നത് . അപ്പോഴേക്കും സമയം കൂടിപ്പോയി പിന്നെ ഓട്ടമായിരുന്നു എന്ന് തന്നെ പറയാം വിനു ഏട്ടൻ പോവുംമുന്നെ ഒന്ന് അകലെ നിന്നെങ്കിലും കാണണം

കുടുംബക്ഷേത്രത്തിന്റെ ഇറക്കം കഴിയാനാവുമ്പോൾ വെറുതെ കൈകൊണ്ടു ഒന്ന് തൊഴുതി, എന്നെ മറന്നിട്ട് നീ മറ്റു അമ്പലത്തിലൊക്കെ പോകുമെന്ന് ഞങ്ങടെ സ്വന്തം ദൈവം പറയില്ല ,ഞാൻ എന്തിനാണ് പോകുന്നത് എന്ന് തൂണിലും തുരുമ്പിലും ഇരിക്കുന്ന ദൈവം കണ്ടു പിടിക്കാതിരിക്കുമോ

ശിവൻ കോവിലിന്റെ മുന്നിലെ വളവു തിരിയുന്നത് വരെ ഓട്ടമായിരുന്നു . അത് കഴിഞ്ഞപ്പോൾ ദൈവത്തെ കാണാനും നല്ല ബക്തയാവാനുമായി സമാധാനത്തോടെ നടന്നു , ആൽ മരച്ചോട്ടിൽ ഏട്ടനെ കണ്ടപ്പോൾ എന്തെനില്ലാത്ത ആശ്വാസവും ഒപ്പം ശരീരം വിറയ്ക്കാനും തുടങ്ങി

എന്നെ കണ്ടിട്ടാണോ എന്നറിയില്ല പെട്ടെന്ന് നോക്കിയപ്പോൾ ഞാൻ കണ്ണുകൾ പിൻവലിച്ചു ...ഇനി ആ മുഖത്തേക്ക് നോക്കില്ല ....ഇതുവരെ കണ്ടിട്ടുമില്ല എങ്കിലും എത്ര നാളായി അവിടെ ആളുണ്ട് എന്ന വിശ്വസത്തിനായി മാത്രം പോകുന്നു ....!

തുടരും
ഭാഗം 16

കുളത്തിനരികിലൂടെ പാടത്തേക്ക്

**********************************


എത്ര മനുഷ്യരാണ് ...

എന്തുമാത്രം തിരക്കുപിടിച്ച ജീവിതമാണ് ഓരോരുത്തർക്കും, എന്റെ കുടം ആദ്യം നിറച്ചു കഴിഞ്ഞു കിണറ്റിന്റെ വക്കത്ത് കയറിയിരിക്കുമ്പോൾ ചിന്തകൾ കാടുകയറി പോകുന്നത് പോലെ തോന്നി .അല്ലെങ്കിലും എന്നും ഇങ്ങനെയാണ് ഒഴിഞ്ഞ സമയമോ സ്ഥലമോ അല്ലെങ്കിൽ മനസ്സിന് പ്രതേകിച്ചു ഒരു കർമവും ചെയ്യാനില്ലെങ്കിൽ ചിന്തകളുടെ നിലയ്കകാത്ത പ്രവാഹമാണ്

ഈ കുളവും കിണറും  ഞങ്ങളുടെ നാട്ടിലെ വലിയൊരു അത്ഭുതമാണ് ,ഒട്ടുമിക്ക വീടുകളിൽ നിന്നും കുളിക്കാൻ ആളുണ്ടാകും . അതിന്റെ പ്രധാന കാരണം കിണറ്റിൽ നിന്നോ പഞ്ചായത്ത് പൈപ്പിൽ നിന്നോ വെള്ളം കോരി വീട്ടാവശ്യത്തിന് എടുത്തു വെക്കുന്നതിനെ ഇത്തരം ആർഭാടങ്ങൾക്കു ദുരുപയോഗം ചെയ്യാൻ വീട്ടമ്മമാർ സമ്മതിക്കില്ല.

കുളത്തിലാവുമ്പോൾ അലക്കലും കുളിയും നടക്കും പ്രതേകിച്ചു കഷ്ട്ടപ്പാടില്ലാതെ തന്നെ , പിന്നെ സൌഹൃദം പുതുക്കാനും കുശുമ്പ് പറയാനും ഏഷണി കൂട്ടാനും ,ഞങ്ങൾ ചിലർക്കൊക്കെ ആകെ കിട്ടുന്ന ഒഴിവു ദിനം നീന്തി പഠിക്കാനും നാട്ടുകാരുടെ തെറി കേൾക്കാനും എല്ലാം കൂടെയുള്ള അവസരം ഒരുക്കുന്നത് ഈ കുളമല്ലേ


കുളത്തിന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ്‌ എങ്കിൽ അത് നിറഞ്ഞു തുടങ്ങുന്ന കാലത്തിന് ആദ്യ സ്ഥാനം കൊടുത്ത് മെയ് അവസാനം മുതൽ മാർച്ച്  വരെയെന്നു പറയാം . ആദ്യത്തെ രണ്ടുമൂന്ന് മഴയിൽ ഉണങ്ങിത്തുടങ്ങിയ കുളത്തിന്റെ അകത്തും ,പാടത്തും പറമ്പത്തും എല്ലാം ചെറിയ പച്ചപ്പ്‌ വന്നുതുടങ്ങും കണ്ണിനും കരളിനും അന്തരീക്ഷത്തിനും കുളിരേകി കാലാവസ്ഥയും മാറിത്തുടങ്ങിയിരിക്കും അപ്പോൾ ...

പിന്നെ മഴയാണ് ചറ പറ മഴ ,വീടിന് പുറത്തിറങ്ങാൻ കഴിയില്ല അത്രയ്ക്കും  മഴയാണ് .വിതച്ച പാടത്തെല്ലാം ചെറിയ ചെറിയ നെൽച്ചെടികൾ വന്നിരിക്കും ,ഇനിയുള്ളത് പറിച്ചു നടലും ,വിളയിരുത്തലും ഒക്കെയാണ് ,സത്യം പറഞ്ഞാൽ ഏതൊരാൾക്കും പെട്ടെന്നൊന്നും മറക്കാൻ കഴിയാത്ത കാഴ്ചയാണ് ഈ നടീൽ .

തോരാത്ത മഴ,  ഇടയ്ക്ക് അകമ്പടിയായി മിന്നലും ഇടിയും ,

മഴയെത്തും മുൻപേ കറന്റ്‌ പോകുന്ന ലൈനുകൾ

ചില വീടുകളിൽ ഇന്നും പഴയത് പോലെ മണ്ണെണ്ണ വിളക്ക് തന്നെ .

എന്നും ഉറവയെടുക്കുന്ന നാടൻ വഴി

അതിലൂടെ നടന്നു നടന്നുണ്ടായ ചെളിക്കെട്ടുകൾ

വഴിയരികിലൂടെ സ്കൂളിൽ പോകുന്ന പാതി നനഞ്ഞ യൂണിഫോം അണിഞ്ഞ കുട്ടികൾ

മഴക്കടലാസും അരയിൽ കെട്ടി രണ്ടുപേരെ കൊള്ളാൻ പാകത്തിലുള്ള ഷർട്ടും തലയിൽ തോർത്തുകൊണ്ടൊരു കെട്ടുമായി നിർത്താതെ സംസാരിച്ചു നീങ്ങുന്ന പെണ്ണുങ്ങൾ

ഇന്നുവരെ അലക്കിയിട്ടില്ലെന്നു തോന്നുന്ന തരത്തിലുള്ള മുഷിഞ്ഞ  ലുങ്കി മുണ്ടോ ,തോർത്തോ ഉടുത്ത് ഒരു കെട്ട് ബീഡിയും ,തീപ്പെട്ടിയും കള്ളിന്റെയോ വിയർപ്പിന്റെയൊ മണമുള്ള ആണുങ്ങൾ കയ്യിലൊരു കൈക്കൊട്ടോ ,വെട്ടുകത്തിയോ ആയി നടപ്പുണ്ടാകും


പിന്നെയൊന്ന് ഇവരുടെ കോമൺ ആയിട്ടുള്ള "ലൂണാർ "ന്റെ കാലങ്ങൾക്ക് മുന്നേ ഉള്ളതെന്ന് തോന്നിപ്പിക്കുന്ന ഓട്ട വീണതും പഴകിയതുമായ ചെരുപ്പുകൾ ഓരോ അടി വെക്കുമ്പോഴും ചെളി തെറിപ്പിച്ചുകൊണ്ടേയിരിക്കും

വെള്ളം നിറഞ്ഞ പാടങ്ങളിൽ നിന്നും ചാലുകീറി അധിക വെള്ളത്തെ കുളത്തിലേക്ക് ഒഴുക്കി വിടുന്നു ,കുളം നിറയുന്ന സമയത്ത് ഇത് പാടത്തേക്ക് ബണ്ട് പൊട്ടിച്ചു ഒഴുകി പോകുമ്പോൾ കുളത്തിലെ  മീനും നീർക്കോലികളും തവളകളും കൂടെ ഒഴുകിപ്പോകും , പിന്നെയാ വെള്ളം ഓരോ പാടങ്ങളിലൂടെ കടന്ന് കടന്ന്  കാനാലിലെക്കൊ തോടിലെക്കോ ഒഴുകിപ്പോകുന്നു ...

അവിടെ നിന്നും ചെറിയ തോടുകൾ രണ്ടു മൂന്നെണ്ണം കൂടുമ്പോൾ ചെറു പുഴകളായും....പിന്നെയും പോകുമ്പോൾ നദിയായും..അവസാനം കടലിലേക്കും

മഴക്കാലത്ത് ഇങ്ങനെ വയലിലെയും ,വഴിയിലെയും വെള്ളം വീണ് നിറയുന്ന ഞങ്ങടെ കുളം ഞങ്ങടെ ചെറിയ ഗ്രാമം തുടങ്ങുന്നതിന് അടുത്ത് തന്നെയാണ് .എന്നുവെച്ചാൽ ഗ്രാമത്തിലേക്ക് കയറിവരുമ്പോൾ തന്നെ കണി കുളവും കിണറും പാടവും ആണെന്ന് .

 കുളിച്ചു നേരെ കടവിന് മുകളിൽ നിന്ന് നോക്കിയാൽ കാണുന്നത് (ഉയരം ഉള്ളവർക്ക്) മുൻപിലെ അമ്പലത്തിലെ മാരിയമ്മയെയാണ്  . ഒന്ന് തൊട്ടു തൊഴുതി ദൈവത്തെ വിളിച്ചു വഴിയിലേക്ക് കയറിപ്പോകും പലരും  , പക്ഷെ  കർക്കിടകത്തിൽ അമ്പലത്തിൽ മുടങ്ങാതെ ഉള്ള കഞ്ഞിയുടെ വലിയോരാരധിക എന്നതിലുപരി അമ്പലത്തോട് വല്യ പ്രതിപത്തിയൊന്നും  എനിക്കില്ല

പല വീടുകളിൽ നിന്നും പല രീതിയിലുള്ള അരിയായിരുന്നിട്ടും  എന്ത് രുചിയാണ് കഞ്ഞിക്ക് , എത്ര ശ്രമിച്ചിട്ടും ഉണ്ടാക്കാൻ കഴിയില്ല അതുപോലെ വീട്ടിൽ , നിഷയുടെയും,ബിൻസിയുടെയും,എന്റെയും ഒക്കെ വീട്ടിൽ നിന്നും ശേഖരിക്കുന്ന പച്ചരിയും പുഴുങ്ങലരിയും ഒരുമിച്ചിട്ടു ഒരുപാട് തവണ പരീക്ഷിച്ചിട്ടും രക്ഷയില്ല .

നനുത്ത മഴ പെയ്യുന്ന കള്ള കർക്കിടകത്തിൽ കഞ്ഞി വാങ്ങി പാടവരമ്പിൽ മാവിലയോ ,പ്ലാവിലയോ കൊണ്ട് കുമ്പിളുണ്ടാക്കി ചൂടോടെ കഴിക്കുമ്പോൾ മുന്നിലൂടെ ഒഴുകുന്ന കൊച്ചു അരുവികളിൽ കാലിട്ടിരിക്കും.മീൻ ഇല്ലെങ്കിലും തവള മുടി ധാരാളമായി ആ സമയത്തുണ്ടാകും

കുളം നിറഞ്ഞു തുടങ്ങുന്ന കാലത്ത് ട്രാക്ട്ടർ പൂട്ടുമ്പോൾ വെള്ള കൊക്കുകളും വേറെന്തൊക്കെയോ പേരറിയാത്ത പക്ഷികളും പറന്നും താഴ്ന്നും ഇരപിടിക്കുന്ന ഭംഗി  . അതിനു ശേഷം ഭാഗിച്ചു രണ്ടോ മൂന്നോ ചെടി വെച്ച് നടുന്ന സ്ത്രീകൾ.. ഗ്രാമഭംഗി

വരമ്പ് വൃത്തിയാക്കിയും കതിര് എറിഞ്ഞും ചാല് കീറിയും അടച്ചും സഹായിക്കുന്ന ആണുങ്ങൾ ....
പതിനൊന്നു മണിയാവുമ്പോൾ രാമേട്ടന്റെ കടയിൽ നിന്നും  മുതലാളിമാർ വാങ്ങി നൽകുന്ന ചായയും പരിപ്പുവടയോ പൊക്കവടയോ നിറഞ്ഞ   ന്യൂസ്‌ പേപ്പറിൽ എണ്ണമയം തട്ടിയ കൊച്ചു പൊതികൾ ,ചിലത് ചെളിപുരണ്ട കൈകളോടെ വീട്ടിലെ കുഞ്ഞുങ്ങൾക്കായി പോക്കെറ്റിലേക്ക് ...

കഴിച്ചു കഴിഞ്ഞു ചെറു നീർച്ചാലുകളിൽ കയ്യും മുഖവും വായും കഴുകി വൃത്തിയാക്കി വീണ്ടും പണിയിലേക്കും.....
 ഈ ചെളി വെള്ളത്തിൽ തന്നെയാണ് ഭക്ഷണം കഴിക്കുമ്പോഴും ,പണി മാറി പോകുമ്പോഴും അവർ ശരീരം വൃത്തിയാക്കുന്നത് എന്ന് ഇന്നത്ത തലമുറയ്ക്ക് അംഗീകരിക്കാനാവാത്ത സത്യം ...!

എന്നിട്ടും വൈകിട്ട് പണിമാറി വരുമ്പോൾ കിട്ടുന്ന കാശിനെ ഇടുപ്പിൽ തുരുകി ,അപ്പോഴും പറഞ്ഞു തീരാത്ത വിശേഷത്തോടെ തോർത്തിൽ ചുരുട്ടിപ്പിടിച്ച പൂളകിഴങ്ങൊ,ചക്കരവള്ളിയോ അതുമല്ലെങ്കിൽ ഇപ്പോഴും മൂന്നു രൂപയ്ക്ക് തന്നെ വിൽക്കുന്ന ടൈഗർ  ബിസ്കെറ്റോ ഉണ്ടാവും ഒപ്പം, അരിയും ,മണ്ണെണ്ണയും ,ഇത്തിരി പഞ്ചാരയും ചായപ്പൊടിയും സോപ്പും അത്യാവശ്യം പച്ചക്കറിയും ....


ഈ വരവിനായി ഒഴിവു ദിവസങ്ങളിൽ ഞാനടക്കമുള്ള എല്ലാ  കുട്ടികളും  കാത്തിരിക്കുമായിരുന്നു ....
എത്ര പണി ചെയ്താലും  പിന്നെയും ഏതെങ്കിലും ഒരു  നാൾ പണി ഇല്ലെങ്കിൽ അന്നം മുടങ്ങുന്ന വീടുകളായിരുന്നു പലതുമെങ്കിലും കടം ചോദിച്ചാൽ അരിയും ,കറിയും മാത്രമല്ല സ്വർണ്ണമോ ഉള്ള പണമോ വരെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തരുന്ന അയൽക്കാരും ഉണ്ടായിരുന്നു ...

അല്ലെങ്കിലും അന്നൊന്നും പുറത്തു നിന്ന് വാങ്ങുന്ന സാധനങ്ങൾ കുറവാണ് തേങ്ങയും ,മുളകും ,പുളിയും ,പച്ചക്കറിയും എല്ലാം മിക്ക വീടുകളിലും ഉണ്ടാവും ,കൈ കഴുകിന്നിടത്ത് എങ്ങനെ പോയാലും ചെറിയൊരു അടുക്കളത്തോട്ടം വെച്ച് പിടിപ്പിക്കാത്തവർ കുറവാണ് , മത്തനും കുംബളവും വെള്ളരിയും ചേമ്പും ചേനയും കാച്ചിലും തകരയും മുരിങ്ങയും പൊന്നിയിലയും എല്ലാം ഉണ്ടായിരുന്നു പറമ്പുകളിൽ  സമൃദ്ധമായി ..അതുകൊണ്ട് തൃപ്തിപെടുമായിരുന്നു അംഗങ്ങളും ...


ചുട്ടരച്ച ചമ്മന്തിയോ ,ഉണക്കമീൻ കറിയോ,തേങ്ങ ചമ്മന്തിയോ ...ഒന്നുമില്ലെങ്കിൽ ഉള്ളിയോ പച്ച മുളകോ കൂട്ടി ഭക്ഷണം കഴിച്ചിരുന്ന എനിക്കിപ്പോൾ അതൊന്നും താല്പര്യമില്ലാതെ ആയതാണോ അതോ പഴയ രുചി കൈമോശം വന്നു പോയതാണോ എന്നൊരു സംശയം മാത്രം ....!!

ആയലത്തെ മുത്തപ്പൻ അന്ന് സ്കൂളിൽ പോണ കാലത്ത് പറഞ്ഞത് ഇടയ്ക്കൊക്കെ ഓർമ വരുമ്പോൾ കണ്ണ് നിറയാറുണ്ട് "നിങ്ങൾക്കെന്തറിയാം ഇത് ഞങ്ങടെ മണ്ണാണ് പൊന്നു വിളയുന്ന ഞങ്ങണ്ടെ മണ്ണ് "!


തുടരും

Friday, 6 May 2016

ഭാഗം 15

ഉത്സവപിറ്റേന്ന്

**********************

02/01/2012

ഓരോ പുതുവർഷവും നമ്മളിലെക്കെത്തുമ്പോൾ ഒരായിരം പ്രതീക്ഷകളോടെയാണ് നാം വരവേൽക്കുന്നത്. അന്നുവരെ മനസ്സിൽ തോന്നിയിട്ടുള്ള നല്ല തീരുമാനങ്ങൾ തുടങ്ങാൻ ഏറെ നല്ല ദിനം അതാണ്‌ എന്നുള്ള സാധാരണ ചിന്തയാവാം


പക്ഷെ സത്യം പറയട്ടെ എന്നത്തെയും പോലെ ആദ്യ ദിനം തന്നെ ശപഥം പാലിക്കാൻ കഴിയാതെ വരുമ്പോൾ ചെറിയൊരു വിഷമത്തോടൊപ്പം അടുത്ത വര്ഷത്തേക്ക് നോക്കുന്ന സ്വഭാവമാക്കില്ല ഞാൻ എന്നൊക്കെ ഇന്നലെ കരുതിയതാണ്


എങ്കിലും ഏറ്റവും വലിയ തീീരുമാനമായ പഠനം ആരംഭിക്കുക ,ദിവസവും അര മണിക്കൂർ എങ്കിലും എന്നുള്ളത് ഇത്ര നേരമായിട്ടും നടന്നില്ല . ഇന്നലത്തെ തിരക്കെല്ലാം കഴിഞ്ഞു ഉറങ്ങുംബോഴേ നേരം ഒരുമണിയോട് അടുത്തിരിക്കും .


എന്നിട്ട് രാവിലെ അഞ്ചര ക്ക് അമ്പലത്തിൽ പടക്കം പൊട്ടുന്ന ശബ്ദം കേൾക്കുന്നതിന് ഒപ്പം അമ്മയുടെ വിളിയും വന്നു ,വെള്ളത്തിനു പോകാൻ ,ഇന്നലെ വൈകുന്നരവും ഉചയ്ക്കലുമായി എത്ര വെള്ളം കോരിയതാണ് ഞാൻ കയ്യൊക്കെ പൊട്ടിപ്പോയി തോന്നണു ,ഇന്നലെ രാത്രി കയ്യും മുഖവും കഴുകുന്ന നേരത്ത് കൈക്ക് നല്ല നീറ്റലായിരുന്നു.


ഉറക്കം മതിയായില്ലെങ്കിലും ധനുമാസ കുളിരിനെ വക വെയ്ക്കാതെ എഴുന്നേറ്റു , അടിയെത്താറായ സിമെന്റ് തൊട്ടിയിലെ വെള്ളമെടുത്തു മുഖം കഴുകിയപ്പോൾ പാതി ഉറക്കം പോയി ,എന്തൊരു തണുപ്പാണ് വെള്ളത്തിന്‌ ,ഇനിയെന്തിനു വേറെ ഫ്രിഡ്ജ്‌


അയയിലെ തോർത്ത് എടുത്തു മുഖം തുടച്ചു തോളിലിട്ടു ,അടുക്കളയിൽ കുദമെദുക്കാൻ പോകുമ്പോൾ അമ്മ വലിയ തിരക്കിലാണ് ഇന്നലത്തെ കറി ചൂടാക്കുന്നു അടുത്ത അടുപ്പിൽ ചായയ്ക്ക് വെള്ളം വെച്ചിരിക്കുന്നു


അമ്മയും മക്കളും അച്ഛന്റെ കൂട്ടുകാരും അമ്മയുടെ അനിയത്തിയും കുടുംബവും പിന്നെ മറ്റൊരു അനിയത്തിയും മക്കളും ,ചേച്ചിയും എല്ലാവരും കിടന്നുറങ്ങുകയാണ് അകത്ത്,ഒരു വലിയമ്മ മാത്രം അടുപ്പിനരികെ തീ കാഞ്ഞ് അമ്മയോട് കൂട്ടം കൂടിയിരിക്കുന്നു


അവരുടെ ഇടയിൽ കയറിയാൽ പെട്ടെന്ന് പണി നടക്കില്ല എന്നറിയാവുന്നത് കൊണ്ട് കുടമെടുത്ത് നടന്നു , ചെരുപ്പിടാത്ത കാലിൽ റോഡിൽ പതിച്ച കല്ലുകൾ തട്ടുന്നത് തണുപ്പിൽ നേരിയ വേദന ഉണ്ടാക്കുന്ന പോലെ തോന്നി


സമയം ഇത്രയേ ആയുള്ളൂ എങ്കിലും വഴിയിൽ ആരെയെങ്കിലുമൊക്കെ കാണുമെന്ന പ്രതീക്ഷ തെറ്റിക്കാതെ ഉത്സവം കഴിഞ്ഞു പുലർച്ചെ ഉള്ള കുളത്തേരും കണ്ടു മടങ്ങുന്നവരും പിന്നെ വിരുന്നു കഴിഞ്ഞു സ്വന്തം വീടുകളിലേക്ക് തിരികെ പോകുന്നവരും ഇടയ്ക്കൊക്കെ കാണുന്നുണ്ടായിരുന്നു


ഒറ്റയ്ക്ക് വെള്ളം കോരേണ്ട മടിയോടെ നടന്നു,ആരെങ്കിലും ഉണ്ടാവും എന്ന പ്രതീക്ഷയിൽ , വീടുകള കഴിഞ്ഞു കുടുംബക്ഷേത്രം തൊട്ടുള്ള ഇറക്കം നേരെ വയലിനും കുളത്തിനും ഇടയിലൂടെ ഉള്ള വഴിയിലാണ് ചെന്നെത്തുന്നത് പിന്നെ വീടുകൾ ഇല്ല,


കുളത്തിനു നേരെ ഉള്ള വഴിയിലൂടെ നടന്നാൽ അമ്പലമാണ് ,കുളത്തിൽ കുളിച്ചു കരയ്ക്ക്‌ കയറിയാൽ നേരെ കാണുന്നത് "ദേവിയെ "ആണ് ..അതിനു ശേഷം ആമ്പൽ കുളം അതിനു ശേഷമാണ് പിന്നെയും വീടുകൾ ആരംഭിക്കുന്നത് ,


എന്തൊരു മഞ്ഞാണ് ...ഒന്നും കാണാൻ കഴിയുന്നില്ല ,എങ്ങും പുകച്ചുരുളുകൾ മാത്രം ....വേനലിൽ വെന്തുരുകുന്ന നാട്ടിൽ മഞ്ഞുകാലം ഇത്ര തീവ്രമാണോ എന്ന് തോന്നിപ്പോയി ഒപ്പം കാറ്റും തണുപ്പും ...എന്ത് സുഖാണ് .....


കിണറ്റിനു അടുത്തെത്താനായപ്പോൾ നിഷയെ കണ്ടു ,ഇവിടെയുള്ള മിക്ക വീടുകളിലെയും അവസ്ഥ ഇത് തന്നെയാണ് ,ഈ സമയം അവളുടെ അമ്മയും അടുക്കളയിൽ ഇന്നലത്തെ കറി ചൂടാക്കുകയും ,ചോറിനു വെള്ളം വെക്കുകയും ,ചായ വെക്കുകയും ചെയ്യുന്നുണ്ടാകും ,,


അവളുടെ ആങ്ങളമാർ നേരത്തെ എഴുന്നേറ്റു ഉത്സവത്തിന് പോയി മടങ്ങി കാണില്ല ..അവളുടെ അച്ഛനും മറ്റും ഇന്നലെ കള്ള് കുടിയ കെട്ട് ഇറങ്ങാതെ കിടപ്പുണ്ടാകും മണ്ണ് മെഴുകിയ മുറ്റത്ത്....വിരുന്നുകാർ അകത്തും ....എന്റെ വീട്ടിലും ഇതുപോലെ തന്നെ


എന്നെ കണ്ടതും അവൾ വിളിച്ചു , പിന്നെ രണ്ടുപേരും കൂടെ സംസാരിച്ചു കൊണ്ട് വെള്ളമെടുക്കുന്ന ഇടയ്ക്ക് പ്രസന്ന ചേച്ചിയും വന്നപ്പോൾ കുറച്ചുകൂടി രസമായി തോന്നി , എന്ത് വിശേഷം വന്നാലും  ഞങ്ങളുടെ ഈ പ്രശ്നത്തിന് പരിഹാരമേ ഇല്ല


കുറച്ചു കൂടി വെളുക്കുമ്പോൾ മുതൽ കുളത്തിലെ തിരക്ക് തുടങ്ങും പിന്നെ ആ വഴിക്ക് പോകേണ്ടി വരില്ല ,അത്രയും തിരക്കാണ്



തുടരും

Wednesday, 4 May 2016

ഭാഗം പതിനാല്

****************

എത്രനേരം അവരങ്ങനെ നിന്നിട്ടുണ്ടാവും എന്നറിയില്ല , എന്താണ് അപ്പുറത്ത് നടക്കുന്നത് എത്തിനോക്കാൻ എന്റെ ധാർമികത  അനുവദിക്കുന്നുമില്ല , പക്ഷെ ഈ തിരക്കിനിടയിലും പുതിയ വർഷത്തിലെ ആദ്യ ദിനം തന്നെ ഡയറി എഴുതാൻ കഴിയാതെ വരുമോ എന്ന വിഷമം മാറി .


ഓർമിക്കുവാൻ ഒത്തിരി സന്തോഷത്തോടെ നല്ലൊരു വർഷത്തിന് ആരംഭം കുറിക്കുകയാണ് . ഇനിയെങ്കിലും നന്നായി പഠിച്ചു തുടങ്ങണം എങ്കിലെ ഈ വർഷം നല്ല മാർക്കോടെ പാസാവാനും പി ജിക്ക് പോകാനും സാധിക്കൂ


ചിലപ്പോൾ വീട്ടിൽ സമ്മതിക്കില്ലായിരിക്കും എന്നാലും സാരമില്ല ലോൺ എടുത്തെങ്കിലും പഠിക്കണം , വെറുതെ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും ഒന്നും ആർക്കുവേണ്ടിയും  നശിപ്പിച്ചു കളയരുത് .


 ഒരേയൊരു ജീവിതമെയുള്ളൂ അത് വെറുതെ കളയുന്ന വിഡ്ഢി ആവില്ല ഞാൻ ഒരിക്കലും . പഠിച്ചേ പറ്റൂ ...എന്ത് വന്നാലും അതിനൊരു മാറ്റവുമില്ല

ബസ് സ്റ്റോപ്പിലെ  ഏട്ടനെ എനിക്ക് വലിയ ഇഷ്ട്ടമാണ് എങ്കിലും ആ ഇഷ്ട്ടം ഞാനോടെ തന്നെ ഇല്ലാതാവട്ടെ , ഇത്രകാലം കാത്തിരിക്കാൻ മാത്രം ഒരു പുണ്യവും ഞാൻ ചെയ്തിട്ടില്ല .

അല്ലെങ്കിൽ അയാളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലാനുള്ള യോഗ്യത എനിക്കെന്താണ് ഉള്ളത് . ഒന്നുമില്ലെങ്കിലും അവരുടെ വീട്ടുകാർ പെണ്ണ് ആലോചിച്ചു വരുമ്പോൾ ഇവിടെത്തെ സാഹചര്യങ്ങൾ എങ്ങനെയാണ് കാണിച്ചു കൊടുക്കുക ?

വേണ്ട പ്രണയം വേണ്ട എന്റെ ജീവിതത്തിൽ .... ഒരുപാട് ഇഷ്ട്ടമുണ്ടായിട്ടും അറിയാതെ പോവുന്നത് തന്നെയാണ് നമുക്ക് രണ്ടുപേർക്കും നല്ലത് .

നാളെ ജാതിയുടെയോ മതത്തിന്റെയോ കുടുംബത്തിന്റെയോ  പേരിൽ പിരിയേണ്ടി വരുമെങ്കിൽ വേദനിക്കെണ്ടാതില്ലാലോ ...ഇന്നത്തോടെ ഈ തീരുമാനം കൂടെ ഞാൻ ഉറപ്പിക്കുകയാണ് ഇനി അയാളെ കണ്ടാലും നോക്കുകയില്ല ,  അയാളെ കാണാനായി ഇനിയൊരിക്കലും അമ്പലത്തിലേക്ക് പോകില്ല . അയാൾ വരുന്ന നേരത്തിനും മുൻപേ ഇനി മുതൽ ക്ലാസ്സിൽ പോകും


അജി കാമുകനോട് സല്ലപിക്കാൻ തുടങ്ങിയിട്ട് സമയമേറെയായി , എനിക്കുമാത്രമെന്താണ് ഇത്ര ധൈര്യമില്ലാതെ പോയത് .
 ആ! ...എന്തെങ്കിലും ആവട്ടെ ,എന്റെ ഒരു ആഗ്രഹം സാധിച്ചു .ഈ അരണ്ട പോസ്റ്റ്‌ കാലിന്റെ വെളിച്ചത്തിൽ കഷ്ട്ടപ്പെട്ട് എഴുതാനും ഒരു സുഖം തണുത്ത കാറ്റും കുറച്ചേറെ ഇരുണ്ടതെങ്കിലും   ഒരുപാട് നക്ഷത്രങ്ങളുള്ള ആകാശവും ...ഹോ എന്തൊരു സുഖാണ് .....!!!!!!!!


ഉത്സവപറമ്പിൽ നിന്നും  ഗാനമേളയുടെ നേർത്തശബ്ദം കടന്നു വരാൻ തുടങ്ങിയിട്ടുണ്ട് . ഇനി ഇപ്പോൾ ഈ വഴിയിലൂടെ ഒരുപാട് പേര് പോകാൻ ഇടയുണ്ട് , ഗാനമേളയും കഴിഞ്ഞു രാവിലെ കുളത്തേരും കഴിഞ്ഞു പുലരുമ്പോൾ പായും പുതപ്പും ചുരുട്ടിക്കൂട്ടി വരുന്നവരെ കാണാനും നല്ല രസാണ്


ഞാൻ അടുത്തുള്ള മുത്തിയമ്മയോടൊപ്പം പണ്ടൊരിക്കൽ കാണാൻ പോയിട്ട് കിടന്നുറങ്ങിയ കഥ ഓർമപെടുത്തും എല്ലാവരും . പിന്നെ കുളത്തെരൊക്കെ കാണാൻ പോയവർ ഫോട്ടോയെടുത്ത് കാണിക്കും . നേരിട്ട് പോയി തിക്കിത്തിരക്കി എന്റമ്മേ! ഓർക്കാനേ വയ്യ . എങ്കിലും ചുറ്റും ഇരുട്ടും വെള്ളത്തിലൂടെ സ്വർണ്ണ നിറമുള്ള രഥം കറങ്ങുന്നത് അപൂർവ്വ കാഴ്ച തന്നെ .


അല്ലെങ്കിലും ഈ ആണുങ്ങളുടെ ഒരു സ്വഭാവം ഇതാ അവരുടെയൊക്കെ വിചാരം അവർക്കൊക്കെ വേണ്ടി മാത്രാണ് എല്ലാ ഉത്സവവും എന്നാണ്. നമുക്ക് നേരെ ഒന്ന് കാണാനോ ,ചെണ്ടമേളം കണ്ടു നിക്കാനോ ആനയെ കാണാനോ പറ്റില്ല ,,എല്ലാം കൂടിയങ്ങ്‌ തിരക്കിക്കൊണ്ട് വരും അപ്പോഴേക്കും വീട്ടുകാർ പറയും വാ പോകാം ...വല്യ കഷ്ട്ടം തന്നെ


02/ ജനുവരി

തുടരും
ഭാഗം പതിമൂന്ന്



 രഥോൽസവം

***************



എനിക്കിന്ന് മതിയായിട്ടുണ്ട് .

എത്രയാണെന്ന്  വെച്ചാണ് ഒരു മനുഷ്യൻ വെള്ളം കോരുന്നത് കാണുന്നവർക്ക് നല്ല കാഴ്ചയാണെങ്കിലും  അനുഭവിക്കുന്നവരോട് ചോദിക്കണം .  പൊതു പൈപ്പിൽ വല്ലപ്പോഴും വരുന്ന വെള്ളത്തിനായാലും ഇതുപോലെ കിണറ്റിൽ നിന്ന് എടുക്കാനായാലും ഇത്രയും ദൂരം നടക്കേണ്ട അവസ്ഥ ചിലപ്പോൾ മരുഭൂമിയിൽ താമസിക്കുന്നവർക്കെ അറിയൂ

പുഴയും കിണറും അടുത്തില്ലാത്ത നാട്ടിൽ വന്നു ജനിച്ചതിനിന്നും  ദൈവത്തെ പഴിച്ചു . കള്ളുഷാപ്പിന്റെ അപ്പ്രത്ത്‌ കൂടിയൊഴുകുന്ന തോടെങ്കിലും  ഞങ്ങടെ വീടിനടുത്തുകൂടെ വന്നാൽ മതിയായിരുന്നു .വേനലെത്തും മുന്നേ ഇവിടെത്തെ കിണറുകളും കുളവും വറ്റിത്തുടങ്ങും അച്ഛമ്മ പറയണത് പോലെ "പെട്ടെന്ന് നിറയുകയും പെട്ടെന്ന് കൊറയുകയും"ചെയ്യുന്ന നാട്ടുകാരുടെ സ്വഭാവം പോലെ ആണത്രേ ഇതും


എങ്ങനെയൊക്കെയോ ഒരു വിധം ഒപ്പിച്ചു പതിവുപോലെ ഒരു ബക്കെറ്റ്ന്റെ മുക്കാലും നിറച്ച്,ടാങ്ക് നിറയ്ക്കുമ്പോൾ മനപൂർവ്വം ഓരോ കുടം കുറച്ചും എല്ലാം പണി ലാഭിച്ച സന്തോഷത്തിൽ കുളത്തിൽ വെറുതെയിറങ്ങിയപ്പോൾ അറിയാതൊന്നു കാൽ വഴുതി വെള്ളത്തിൽ വീണു .പിന്നെ എന്ത് ചെയ്യാനാണ് ചെറുതായൊന്നു കുളിച്ചിട്ട് കയറി   .ഇങ്ങോട്ടെന്തെങ്കിലും പറയാൻ അമ്മയ്ക്ക് അവസരം കൊടുക്കാതെ പറഞ്ഞു


"നല്ല വിയർപ്പ്...അതാ കുളിച്ചത് ..."


അമ്മ കാര്യമായി മൈൻഡ്
 ചെയ്യാതെ അകത്തേക്ക് കയറിപ്പോകുന്നതിന്റെ ഇടയ്ക്ക് വിളിച്ച് പറഞ്ഞ് ഇവിടെ വേറെ കറിയൊന്നും വെക്കുന്നില്ല . നിനക്ക് ചിക്കെൻ വേണ്ടെങ്കിൽ വേറെ എന്തെങ്കിലും ഉണ്ടാക്കിക്കോ . അപ്പോഴേക്കും കോയബത്തൂർ നിന്ന് മേമയും (ചെറിയമ്മ ) അച്ചുവും വന്നപ്പോൾ രാത്രി പട്ടിണി ആയാലും ഇനിയൊന്നും ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു .

അവരോടു വിശേഷം പറഞ്ഞ് പറഞ്ഞ് കുറെ നേരമിരുന്നപ്പോൾ മനസ്സിനെന്തോ വലിയ സന്തോഷം കിട്ടിയത് പോലെ തോന്നി . ഇനി ചിലപ്പോൾ ഇതുപോലെ ഒരു ദിവസം വന്നില്ലെങ്കിലോ എന്ന് തോന്നി .അതിനിടയ്ക്ക് അമ്മ കയറി വന്നപ്പോൾ ഞാൻ സംസാരം നിർത്തി അച്ചൂനേം കൂട്ടി മുറ്റത്തേക്ക്‌ വന്നു

അവൾ അവിടെയൊക്കെ രണ്ടുമൂന്നു തവണ നടന്നു നോക്കിയിട്ട് "നന്നായിട്ടുണ്ട് ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല സ്ഥലമില്ല ഒട്ടും എന്ന് ആവലാതി പറഞ്ഞു,അവൾക്ക് അറിയില്ലാലോ ഈ കാറ്റ് കാലത്ത് മുറ്റമടിക്കുന്ന കഷ്ട്ടം ..ഇങ്ങോട്ട് അടിക്കുമ്പോൾ എല്ലാം കൂടെ അങ്ങോട്ട്‌ പോകും അതും പോരാതെ മുറ്റം മണ്ണിട്ട്‌ തേച്ചില്ലെങ്കിൽ മണൽ പറന്നു വരും അകത്തേക്ക് ... അഥവാ മുറ്റം വൃത്തിയാക്കിയാൽ വളപ്പൊടിയും.


 ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് പോകുന്നത് എങ്കിലും എന്തെന്നില്ലാത്ത സന്തോഷമാണ് ഓരോ തവണയും  ഉത്സവപ്പറമ്പിലെത്തുമ്പോൾ . ഒരിക്കൽ രാവിലെയും ഒരിക്കൽ ഉച്ചയ്ക്കും ഇപ്പോൾ രാത്രിയും ...എല്ലാ രീതിയിലും ഉത്സവം കാണണമല്ലോ .

നടന്നു പകുതിയായപ്പോഴാണ് അജിതയും അച്ഛനും വന്നത് .പിന്നെ വീട്ടിലേക്കു പോകാതെ ഞങ്ങളുടെ കൂടെ വന്നു . അവൾ വന്നതുകൊണ്ട് എനിക്ക് കൂടെയൊരു ആളായി. അച്ചുവിന് അനുവും ഉണ്ട് കൂട്ട് .

ദേവ രഥങ്ങൾ സംഗമിച്ചതും
  പതിവുപോലെ ചെറിയൊരു വലിയ വെടിക്കെട്ടോടെ പരിപാടി അവസാനിച്ചു .അടുത്തവർഷം ഇനി എന്നൊരു സങ്കടത്തോടെ തിരികെ വരുന്ന വഴിയിൽ  നിന്ന് അച്ചൂനും അനൂനും കളിപ്പാട്ടങ്ങൾ വാങ്ങി . കണ്ണടയ്ക്കുന്ന പാവക്കുട്ടി എനിക്കിന്നും വലിയ ആഗ്രഹമാണ് എങ്കിലും വെറുതെ കണ്ട് മാത്രം സന്തോഷിച്ചു നടന്നു .കൂടുതൽ നേരം ചുമക്കാതിരിക്കാൻ അവസാനത്തെ കടയിൽ നിന്നും കരിമ്പും വാങ്ങി . അതോണ്ട് പല്ലുതേച്ചാൽ പാലുപോലെ വെളുക്കും എന്നാണ് എല്ലാരും പറയുന്നത് . ഇന്നേവരെ മാറ്റമൊന്നും കണ്ടിട്ടില്ലെങ്കിലും മാറുന്നുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം .

ഉത്സവയാത്ര അവസാനിക്കുമ്പോൾ ഞങ്ങൾ കുറച്ചുപേർ മാത്രമറിഞ്ഞ പ്രണയം കൂടുതൽ പേരിലേക്ക് എത്തിയിരുന്നു . അജിത ആദ്യം നിഷയുടെ ഏട്ടനോട്   നന്നായി പെരുമാറിയതിൽ എനിക്ക് തെറ്റൊന്നും കണ്ടില്ല, അല്ലെങ്കിലും എനിക്കെല്ലാം വൈകിയേ മനസ്സിലാവൂ .  പക്ഷെ ഇപ്പോൾ അവളുടെ ഏട്ടനോട് സംസാരിക്കുകയാണ് കിണറിന്റെ അപ്പുറത്ത് ഇരുട്ടിൽ നിന്നും സംസാരിക്കുന്നത്ര അവരുടെ ഇഷ്ടം വിപുലമായപ്പോഴാണ് ഞാനറിയുന്നത് .  കൂട്ട് നിന്ന് ഞാൻ എന്റെ ഇന്നത്തെ ദിവസം എഴുതി തീർക്കുന്നു, ഉച്ചത്തിൽ ഇപ്പോഴും ചീവീടുകൾ കൂവിവിളിക്കുന്നുണ്ട് ...


അടുക്കളയിൽ അമ്മമാർ നല്ല തിരക്കാണ് ... അച്ഛന്റെയും കൂട്ടുകാരുടെയും കുടിയുടെ ബഹളം .അനൂം അച്ചുവും മുറ്റത്ത്‌ തന്നെ കളിക്കുന്നുണ്ട് ,ഇന്ന് പൂർണ്ണ സ്വതന്ത്രമാണ് എവിടെ പോയാലും ആരും ശ്രദ്ധിക്കില്ല അതാവും അവളുടെ ധൈര്യം. 
ഭാഗം - 12

രഥോൽസവം

******************


ബസ്‌ സ്റ്റോപ്പ്‌ വരെ എല്ലാരേം അനുഗമിച്ചാണ്  ഞാൻ തിരിച്ചു വന്നത് ,ഓരോരുത്തരായി പോകുമ്പോൾ കൈവീശി കാണിച്ചു അവസാനം ഇന്ദുനേം അയച്ചിട്ട് പതുക്കെ നടന്നു .

അഞ്ചുവർഷം സ്ഥിരമായി നടന്നിരുന്ന വഴിയാണ് എങ്കിലും അന്നത്തേതിൽ നിന്നും ( മൂന്നു വർഷം) കൊണ്ട് ഒത്തിരിയേറെ മാറിപ്പോയിരിക്കുന്നു .

ഹൈ സ്കൂളിന് മുന്നിലായി ഇടതുവശത്ത്‌ ഉണ്ടായിരുന്ന ഓട്ടോ സ്റ്റാന്റ് ന്റെ നീളം ഒരുപാട് കൂടിയിരിക്കുന്നു . സ്റ്റാൻഡിൽ തികയാത്തത് കൊണ്ടാവും മുന്നിലെ ആൽമരച്ചോട്ടിലെ തറയുടെ അടുത്തും തിക്കിത്തിരക്കി നിൽപ്പുണ്ട് പുത്തൻ ഓട്ടോകൾ .

ഉച്ചനേരത്തും ഉത്സവ പറമ്പിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും തിരക്ക് തന്നെ , ചിലരൊക്കെ വഴിയരികിലെ സാധനങ്ങളുടെ അടുത്തു തന്നെ തുണി വിരിച്ച് മയങ്ങുന്നു , മറ്റു ചിലർ വർത്തമാനം പറയുന്നു, ഈ മനുഷ്യത്തിരക്കിന്റെ ഇടയിലൂടെ നുഴഞ്ഞുനീങ്ങുന്ന വണ്ടികളും ഉണ്ട്


സ്കൂളിന്റെ മതിൽ അവസാനിക്കുന്നിടത്ത് അന്ന് സിദ്ധിക്കാന്റെ കടയായിരുന്നു ,ഇന്നും കട ഉണ്ടെങ്കിലും കുറെ കൂടി വലുതായി ,സാധനങ്ങൾ കൂടി അടുത്ത് അടഞ്ഞു  കിടന്ന മുറികൾ എല്ലാം പുതിയ പുതിയ കടകളായിരിക്കുന്നു,

അതിനു നേർ വശത്ത്‌ ഏ കെ ജി സെന്റെർ ഇപ്പോഴുമുണ്ടെങ്കിലും അതിനടുത്തുണ്ടായിരുന്ന പച്ചക്കറി കടയ്ക്കു പകരം പുതിയ വലിയ വലിയ കടകൾ ,അവിടം മുതൽ എത്തനൂർ വരെ ആ ഭാഗത്ത് കടകൾ ഒന്നുമില്ലായിരുന്നു ഒരു പെട്രോൾ പമ്പ്  അല്ലാതെ .ഇന്നിപ്പോൾ ആ വഴിയെല്ലാം തിരക്ക് പിടിച്ചതായിക്കഴിഞ്ഞു

അങ്ങിങ്ങായി ഉണ്ടായിരുന്ന മരങ്ങൾ ഒന്നും കണ്ടില്ല ,വലിയ പടർന്നു പന്തലിച്ചു നിന്നിരുന്ന ആ പുളിമരത്തിനും മുകളിൽ  താമസമാക്കിയ കൊക്കുകളൊക്കെ എങ്ങോട്ട് പോയിക്കാണുമോ എന്തോ ,ധനുമാസമായിട്ടു കൂടി വെയിലിന് എന്തൊരു ചൂടാണ് .

ആ മരങ്ങൾ ഉണ്ടെങ്കിൽ ഇത്ര കഷ്ട്ടപ്പാടില്ലായിരുന്നു . വലിച്ചു കെട്ടിയ കൊച്ചു കൊച്ചു കടകൾക്ക് ഉള്ളിലുള്ളവർ വഴിയെ പോകുന്ന എല്ലാവരെയും പോലെ എന്നെയും പ്രതീക്ഷയോടെ  നോക്കുന്നത് കണ്ടപ്പോൾ അവരുടെ അടുത്തു നിന്നും ഒന്നും വാങ്ങാതെ നടക്കുന്നതിൽ വിഷമവും തോന്നി .


ബാഗിലുള്ളത് ഇനിയാകെ ഇരുപതു രൂപയാണ് ,അതിൽ കൂടുതലൊന്നും ഞാൻ സൂക്ഷിക്കാറില്ല ,അത് ചിലവാക്കിയാൽ നാളെ സെമിനാർ എഴുതാനുള്ള എ ഫോർ  പേപ്പർ വാങ്ങാൻ കഴിയില്ലെന്ന് അറിയാമായിരുന്നു  . അതുകൊണ്ട് തന്നെ വൈകുന്നേരം വീട്ടുകാരുടെ കൂടെ ഉത്സവത്തിന് പോകുമ്പോഴും അതെടുത്തില്ല


പെട്രോൾ പമ്പിനു മീതെ ബിവറേജ്ന്റെ മുന്നിൽ പാതി ഉത്സവത്തിന്റെ ആളുണ്ട് ,ഇടയിലെവിടെയോ പരിചയമുള്ള മുഖങ്ങളും കണ്ടു , വീട്ടുകാരിൽ ആരെങ്കിലും അതിനിടയ്ക്ക് വരിയിലുണ്ടാവും എന്നുറപ്പുള്ളത് കൊണ്ട് അധികം അങ്ങോട്ട്‌ നോക്കാതെ നടന്നു .

എത്തനൂർ സ്കൂളിന്റെ മുന്നിലെത്തിയപ്പോൾ ആണ് ഒന്ന് സമാധാനമായത് . ഇനിയിപ്പോൾ ചൂടുമില്ല ,തിരക്കുമില്ല ,തല താഴ്ത്തിയും നടക്കണ്ട .....ഇനി വീടുവരെ ഒറ്റപ്പെട്ട ആ വഴിയിലൂടെ ഫ്രീയായി നടക്കാം ...

പണ്ട് സ്കൂൾ വിട്ട് ഒറ്റയ്ക്ക് വരുന്ന സമയത്ത് മൂളിപ്പാട്ട് പാടി നടക്കുന്ന സ്ഥലം . ഉച്ചനേരത്തൊക്കെ ആരും ഒറ്റയ്ക്ക് പോകരുത് പ്രേതം പിടിക്കുമെന്ന് ഞങ്ങൾക്കിടയിൽ പേരുണ്ടായിരുന്ന സ്ഥലം .അതിന്റെ പാതി മുതൽ ഏതാണ്ട് അവസാനം വരെ ഒരു വശത്ത്‌ പുളിമരങ്ങളും ഒരു വശത്ത്‌ അടുത്തുള്ള ടൂട്ടോറിയൽ   കോളേജിലെ സാറിന്റെ വീടിന്റെ മതിലുമാണ്


അക്ഷരം എഴുതി തുടങ്ങിയ അന്നുമുതൽ കോപ്പി എഴുതിയില്ലെങ്കിലും മുടങ്ങാതെ മതിലിൽ കരിക്കട്ട കൊണ്ടും പച്ചില , ചോക്ക് ,ക്രയോൺ എന്നിവയാൽ  എന്തെങ്കിലും എഴുതാതെ പോയാൽ  അന്നൊന്നും സമാധാനമാവില്ലായിരുന്നു .


വർഷത്തിലൊരിക്കൽ മുടങ്ങാതെ മാഷ്‌ വെള്ള പൂശാറുണ്ട് എങ്കിലും വലിയ കാര്യമില്ല . അവിടെ പ്രണയവും ,സൌഹൃദവും ,സന്ദേശങ്ങളും ,കുറച്ചു തെറിയും അങ്ങനെ അങ്ങനെ എല്ലാം ഉണ്ടായിരുന്നു. ആശാന്റെ നെഞ്ചത്ത് തന്നെ വേണമെന്ന് ടൂഷൻ പിള്ളാരോട് സാറ് പറയുമായിരുന്നത്രെ .


എന്റെ കൂട്ടുകാരിക്ക് പ്രേമം ഉണ്ടായിരുന്ന കാലത്ത് ,ചേട്ടൻ ആദ്യം പോയി മതിലിൽ എഴുതി വെക്കും ,ഞങ്ങൾ പോകുമ്പോൾ മറുപടി എഴുതും,വൈകുന്നേരം  വരുമ്പോഴേക്കും വീണ്ടും എഴുതിയിട്ടുണ്ടാകും ,ഞങ്ങൾ മറുപടി എഴുതും അങ്ങനെ അങ്ങനെ ..ഇതിനിടയ്ക്ക് ചിലർ അതിന്റെ ഇടയിൽ കയറി എഴുതും ...


വീടിനടുത്തെത്തുംബോഴേക്കും പ്രസന്ന ചേച്ചിയുടെ വിളി വന്നു , വെള്ളം  കോരാൻ പോകാൻ ,ഇവിടെയൊക്കെ എന്നാണാവോ ദൈവമേ പൈപ്പ് ലൈൻ എത്തുക എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ബാഗ്‌ തിണ്ണയിൽ തന്നെ വെച്ച് ,ഷാൾ അഴിച്ചു വെച്ച് ,അടുക്കളയിൽ ചെന്ന് കുടമെടുത്ത് നടന്നു ,ചെറുതായി ദാഹിക്കുന്നുണ്ടായിരുന്നു പക്ഷെ പാടത്തെ കിണറ്റിലെ തണുത്ത വെള്ളം കുടിക്കാമെന്ന് തീരുമാനിച്ചു ,എന്നിട്ടൊന്ന് മുഖം കഴുകണം . ഇന്നത്തെ വിശേഷങ്ങൾ ചേച്ചിയോട് പറഞ്ഞാൽ മനസ്സിനൊരുസംതൃപ്തിയാണ് .


കുറച്ചുകൂടി കഴിഞ്ഞാൽ ആരെങ്കിലും  വിരുന്നുകാർ വരും ,അപ്പോൾ പിന്നെ വെള്ളത്തിന് ചിലവും കൂടുതലാണ് , അമ്മയാണെങ്കിൽ അടുക്കളയിൽ കറി വെക്കുന്ന തിരക്കിലും ,ഇന്ന് പോകണ്ട പറഞ്ഞിട്ടും ക്‌ളാസിൽ  പോയിട്ട് ഉത്സവപറമ്പിൽ കറങ്ങി വന്നതാണ് എങ്ങാനും അറിഞ്ഞാൽ ഉള്ള പേടിയായിരുന്നു മനസ്സിൽ അപ്പോഴും . അല്ലെങ്കിലും എന്ത് വിശേഷം വന്നാലും ആഘോഷിക്കണം എങ്കിൽ അതിനൊപ്പം കഴുത്തോളം പണിയും ഉണ്ടാവും നമുക്ക് .


ചെറു ചൂടുള്ള പൂഴി മണ്ണിലൂടെ രണ്ടു കുടവും അയയിലെ തോർത്ത് എടുത്ത് കഴുത്തിലുമിട്ടു നടന്നു.അകലെ നിന്നും എന്നും വരാറുള്ള കൈനോട്ടക്കാരൻന്റെ കോടങ്കി ഉടുക്കിന്റെ ശബ്ദം ചെറുതായി കേൾക്കുന്നുണ്ടായിരുന്നു.നാട് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു രഥോത്സവത്തിന്റെ സമാപനം ഗംഭീരമാക്കാൻ ...





Saturday, 23 April 2016


പതിനൊന്ന്





രഥോൽസവം


അല്ലെങ്കിലും വീട്ടിൽ നിന്നും രാത്രിയോടടുക്കുന്ന നേരത്ത് വരുമ്പോൾ ഇത്തരം കാഴ്ചകളൊന്നും കാണാൻ  കഴിയില്ല,  പ്രതേകിച്ചു രഥങ്ങളുടെ ഭംഗി , പിന്നെയൽപ്പസ്വൽപം കാണാൻ കൊള്ളാവുന്ന ചേട്ടന്മാർ

വൃത്തിയായി മണ്ണ് തേച്ചതും  കോണ്ക്രീറ്റ് ചെയ്തതുമായ മുറ്റങ്ങളിൽ അരിമാവുകൊണ്ടും,മഞ്ഞൾപ്പൊടിയും,കുങ്കുമവും കൊണ്ടും പിന്നെ അല്പം കൂടി മോഡേൺ ആയവർ കോലം വരയ്ക്കാനുള്ള പൊടിയിൽ  വൈവിധ്യമായ  കളർ മിക്സ്‌ ചെയ്തും സാധാരണയും, രംഗോലി ചിത്രങ്ങളും, മോഡേൺ ആർട്ടുകളും  ഭംഗിയായി വരച്ചു വെച്ചിരിക്കുന്നത് അഗ്രഹാരങ്ങളിലെ മാത്രം  കൌതുക കാഴ്ചയാണ് .

ചിലപ്പോഴെല്ലാം ചിത്രത്തിന് മുന്നിൽ നിന്നും മാറാൻ കഴിയാത്ത വണ്ണം എന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ .അതിന്റെ വരകളിലൂടെ മനസ്സുപതിപ്പിച്ചു നോട്ടുബുക്കിന്റെ പേജിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട് . പക്ഷെ "നാലുദീപമുള്ള " കോലമല്ലാതെ മറ്റൊന്നും എനിക്ക് വഴങ്ങില്ല . ലോകമറിയാതെ പോയ അടുക്കളപ്പുറത്തെ  കലാകാരന്മാരുടെ കൈകൾക്ക് അഭിനന്ദനങ്ങൾ


ഞങ്ങൾ കാഴ്ചകൾ കണ്ടും തമ്മിലടിച്ചും കോളേജ് വിശേഷങ്ങൾ പങ്കുവയ്ച്ചും ചരിത്രം തിരഞ്ഞും ആസ്വദിച്ചും നടന്നു .  രണ്ടും മൂന്നും കൂടിയ മൊക്കുകളിൽ എല്ലാം കളിപ്പാട്ടങ്ങളും, പൊരിയും അലുവയും ,കൊലുമിട്ടായിയും ,കരിമ്പും തകൃതിയായി വിറ്റഴിയുന്ന താൽക്കാലിക കടകൾ. ഈ കാലത്ത് പൊതുവെ പകലിനും ചൂട് കുറവാണ് അതൊരു അനുഗ്രഹം തന്നെയാണ് ഉത്സവം കാണാൻ വരുന്നവർക്കും അവിടെ ജീവിതമാർഗം തേടിയെത്തുന്നവർക്കും.


ഗ്രാമത്തിലെ വീടുകൾ ഞങ്ങളുടെ പട്ടിണി ഉൾനാടൻ സാധാരണ ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമാണ് . അടുപ്പിച്ചടുപ്പിച്ചുള്ള വീടുകളും , നമ്പൂതിരി സഭ കൂടാനുള്ള തിണ്ണകളും , രണ്ടും മൂന്നും നിലയും , വീടിനകത്ത് കിണറും  , ഓരോ സ്ട്രീറ്റിലും അമ്പലങ്ങളും കല്പടവുകളോടെയുള്ള കുളങ്ങളും കിണറുകളും  ..അതിലൂടെ നടക്കാൻ എന്തെന്നറിയാത്ത സുഖമാണ് . ക്ഷേത്രപ്രവേശന വിളംബരം ,തൊട്ടുകൂടായ്മ നിര്ത്തലാക്കിയത് തുടങ്ങിയവ കാരണം സാധാരണക്കാരനുണ്ടായ ഗുണം .

പണ്ടൊക്കെ പറഞ്ഞു കേട്ടതുപോലെ അഗ്രഹാരവീഥിയുടെ പരിശുദ്ധി വിളിച്ചറിയിക്കാൻ എന്നോണം ചില വീടുകളിൽ നിന്നും പാട്ട് പഠിപ്പിക്കുന്നതിന്റെയും ചിലയിടത്ത് നിന്നും ശബ്ദം കുറച്ചു വെച്ച ശാന്തമായ സംസ്കൃതഗാനങ്ങളും കേൾക്കാം. മലയാളികൾ ആണെന്നാലും തമിഴിന്റെ സ്വാധീനം മറ്റു ജില്ലകളെ വെച്ചും കൂടുതലെന്ന് തോന്നുന്നത് ഈ ആഗ്രഹാരവീധിയിലൂടെ നടക്കുമ്പോഴാണ് .മടക്കിക്കുത്തിയ പതിനെട്ടുമുഴം ചേലയും ,മുണ്ടും കുടുമയും സൂക്ഷിക്കുന്നവരും ഇപ്പോഴുമുണ്ട് .


അതിലേറെ ഞങ്ങളെ പോലുള്ള സാധാരണക്കാരെ ഏറെ അസൂയാലുക്കൾ ആക്കിയിരുന്നത് അവിടത്തെ പെങ്കുട്ടികളുടെ ഭംഗിയെ കുറിച്ചും പരിശുദ്ധിയെകുറിച്ചും എല്ലാവരും പുകഴ്ത്തി പറയുമ്പോഴാണ് . സത്യം പറഞ്ഞാൽ ഞങ്ങളും നോക്കി നിന്നു പോകാറുണ്ട് , നീണ്ടമുടിയും ,കാതിലെ ജിമിക്കിയും ,പട്ടുപാവാടയോ ദാവണിയോ അണിഞ്ഞും, പിന്നെ നന്നായി കിലുങ്ങുന്ന പാദസ്വരവും ,വെളുത്തു തുടുത്ത മുഖവും  ...പിന്നെ കുറച്ചു ആഭരണങ്ങളും കൂടെ ആവുമ്പോൾ അല്ലെങ്കിലും ആരാ നോക്കിപോകാതിരിക്കുന്നത്


ആ സമയത്ത് ഞങ്ങൾ ഞങ്ങളിലേക്ക് നോക്കും എത്ര പാടിയാലും നന്നാവാത്ത ശബ്ദം , അവരെപ്പോലെ ഒരിക്കലും പതുക്കയോ മനോഹരമായോ സംസാരിക്കാനോ ചിരിക്കാനോ കഴിയാത്തത് ,


കല്യാണം ആയാൽ പോലും പൊന്നുണ്ടാക്കാൻ ഓടി നടക്കുന്ന പാവപ്പെട്ട വീട്ടുകാർ ..ആധാരവും,മറ്റു സാധനങ്ങളും കൈ വായ്പയും ,ചിട്ടിയും ,ബ്ലേഡുകാരും  ഉള്ളതുകൊണ്ട് നടക്കുന്ന വിവാഹങ്ങൾ ആയിരുന്നു മിക്കതും .

എങ്ങോട്ടെങ്ങിലും പോകുമ്പോൾ ചുവരിലെ ആണിയിൽ തൂക്കി വെച്ചിരിക്കുന്ന റോൾഡ് ഗോൾഡ്‌ചെയിൻ  "മുക്കാൻ " (ഗോൾഡ് കവറിങ്  ) കൊടുക്കാത്തതിൽ പരിഭവം പറഞ്ഞു കഴുത്തിലെ കറുത്ത ചരടിനോട് ഒപ്പം അതും അണിഞ്ഞ് ,പണ്ടെങ്ങോ ഏതോ കല്യാണത്തിന്  വാങ്ങിയ സാരിയും ഉടുത്ത് പോകുന്ന അമ്മമാരോട് എങ്ങനെ പറയുമായിരുന്നു " ഞങ്ങൾ ഈ മുത്തുമാലയ്ക്കു പകരം അതുപോലെ ഉള്ളത് തന്നൂടെ എന്ന്"


കാട്ടിലും മേട്ടിലും അലഞ്ഞു തിരിഞ്ഞും ഇവിടുത്തെ നല്ല പൊടിക്കാറ്റിൽ വിറക് പെറുക്കി വെച്ചും കാലിൽ കുത്തിയ മുള്ളിനെ വലിച്ചൂരി കളഞ്ഞും  ഓടി നടന്നിരുന്ന വീട്ടിലെ ആളുകൾക്കും കറിവെക്കാനും  ചേർത്ത് വാങ്ങുന്ന നൂറും നൂറ്റമ്പതും ഗ്രാം വെളിച്ചെണ്ണയ്ക്ക് ഞങ്ങളുടെ മുടിയെ അതുപോലെ സൂക്ഷിക്കാൻ കഴിയുമായിരുന്നില്ല . വെലിയിൽന്റെ ഉറ്റ തോഴരായത് കൊണ്ടായിരിക്കും പാലിന്റെ നിറവും ഇല്ലായിരുന്നത് .


 ആണ്ടിലൊരിക്കൽ എടുക്കുന്ന വസ്ത്രത്തിനായി കാത്തിരുന്നവർക്ക് അതൊക്കെ കാഴ്ചകൾ മാത്രമായിരുന്നു എന്നറിഞ്ഞിട്ടും അതുപോലെ ഒന്ന് എത്ര മോഹിച്ചിരുന്നു ...

ഞങ്ങളെ കാണുമ്പോൾ മുഖം  തിരിച്ചു നടക്കുന്നവരെ ആരാധനയോടെ കണ്ടത് ഓർക്കുമ്പോൾ പിന്നീട് ഒരുപാട് പുച്ഛം തോന്നിയിട്ടുണ്ട് എന്നോട് തന്നെ . പിന്നെ ഇത്തിരി  സങ്കടം വരുന്നത് കൂട്ടുകാരന്മാാരും ,സിനിമയിലും ,പുസ്തകങ്ങളിലും അവരെ മാത്രം പുകഴ്ത്തുന്നത് കാണുമ്പോഴാണ് , സാധാരണക്കാരായ ഞങ്ങളും ഇവിടെ ജീവിച്ചിരുന്നു എന്ന് അവരാരും കാണാതെ പോയത് എന്താണാവോ ...സൗന്ദര്യസങ്കൽപങ്ങളിൽ അവരെല്ലാം കണ്ട അഴകുകൾ ഞങ്ങൾക്ക് അന്യമായിരുന്നത് കൊണ്ടോ

എന്നിട്ടും വീണ്ടും വീട്ടിൽ തമ്മിൽത്തല്ലി വഴക്കിട്ട് മുഖം വീർപ്പിച്ച് (എന്നാലും അന്നൊന്നും വീട്ടുകാർ അത് കാര്യമാക്കിയിരുന്നില്ല എന്നത് വാസ്തവം .) കണ്ടിട്ടോ എന്തോ പെട്ടെന്ന് പൊട്ടി പോകുന്ന കുപ്പിവളയ്ക്കു പകരം റബ്ബർ വളയും ,ഇരുമ്പ് വളയും ,അല്ലെങ്കിൽ പെട്ടെന്ന് അഴിക്കാൻ കഴിയാത്ത കുപ്പിവള ആയിയമ്മ (വള വിക്കാൻ വരുന്നവർ) തന്നെ ഇട്ടു തരും ..മാസങ്ങളോളം അതങ്ങനെ തന്നെ കിടക്കും ...... ആ അഭിമാനത്തിൽ ഉത്സവം കാണാൻ പോകും ....


ഓർമ്മകൾ പങ്കുവയ്ച്ചു പിന്നെയും പിന്നെയും മുന്നോട്ട് നടന്നപ്പോൾ രമ്യയ്ക്ക് പടക്കം പൊട്ടുന്നത് അടുത്തുനിന്നും കേട്ടുണ്ടായ ഞെട്ടൽ മറ്റുള്ളവരിലേക്കും വ്യാപിക്കും മുന്നേ ഞങ്ങൾ അമ്പലപ്പറമ്പിൽ നിന്നും പിന്തിരിഞ്ഞു , കൊടുവായൂർ രഥോത്സവമെന്ന ഒരേടുകൂടി കലാലയഓർമകളിൽ ചേർത്തുവച്ചുകൊണ്ട്.







Friday, 15 April 2016

part - 10

പുതുവർഷം
----------------


ധൈര്യത്തോടെ വേലിചാടി ആദ്യം കടന്ന അനു അമ്മയെ കണ്ട് പതറി നിൽക്കുന്നത് ഇരുട്ടിന്റെ മറവിൽ  കാണാതെ ഞാനും ചാടിക്കടന്നു ,അമ്മയെ കണ്ടതും ഞാനും പതറിപ്പോയി . പാതിരാത്രി വേലിചാടി വീട്ടിലേക്ക് വരുന്ന പെൺകുട്ടിയോട് ഒരമ്മയ്ക്ക് എന്തുവേണമെങ്കിലും പറയാം . പക്ഷെ ഇവിടെ അതുണ്ടായില്ലെന്ന് മാത്രമല്ല

 " പരിപാടിയൊക്കെ കഴിഞ്ഞോ ?'"

 എന്ന ചോദ്യത്തോടെ 'അമ്മ ഞങ്ങളുടെ മുന്നിൽ വലിയൊരാളായി കാണപ്പെട്ടു , ദൈവത്തിനും മീതെയൊരാൾ . കട്ടിലിന് ചുവടെ നിന്നും ഏതോ ബ്രാണ്ടിയുടെയും ശർദ്ധിച്ചതിന്റെയും ചിക്കെൻ കറിയുടെയും രൂക്ഷഗന്ധം വരുന്നുണ്ടായിരുന്നു . അത്രനേരമുണ്ടായിരുന്ന സന്തോഷം മുഴുവൻ ആവിയായി പോയതുപോലെ ഞാനും അനുവും അൽപനേരം മുഖത്തോടുമുഖം നോക്കി നിന്നു

പായവിരിച്ചു കിടക്കാൻ തുടങ്ങുമ്പോൾ 'അമ്മ അനുവിന്റെ അപ്പുറത്തായി വന്നുകിടക്കുന്നത് കണ്ടു. കാര്യമായി അടിപിടി നടന്നതിന്റെ ലക്ഷണം ഉണ്ട് . ഈ സമയത്ത് ഞങ്ങളിവിടെ വേണമായിരുന്നു എന്നൊരു കുറ്റബോധം ഉണ്ടെങ്കിലും അതിനപ്പുറം വർഷത്തിൽ പാതിയോളം ദിവസവും അരങ്ങേറുന്ന ഈ കലാപരിപാടിക്കുവേണ്ടി വർഷത്തിൽ അൽപനേരം മാത്രം നീടുനിൽക്കുന്ന സന്തോഷത്തെ നശിപ്പിക്കുവാൻ തോന്നിയില്ല .
ഒരുവശത്ത് മാനം മുട്ടെ സ്വപ്നം കാണുന്ന മക്കൾ , ഒരുവശത്ത് മൂക്കുമണ്ണിൽ മുട്ടെ കുടിക്കുന്ന ഭർത്താവ് , അതിനിടയിൽ എന്തെന്നറിയാതെ ഒരമ്മ . സ്ത്രീസ്വാതന്ത്രമൊക്കെ ആദ്യമെത്തേണ്ടത് ഗ്രാമങ്ങളിലെ അടുക്കളപ്പുറങ്ങളിലാണ് എന്ന് ആരുചിന്തിക്കാൻ


പുതിയദിനം തുടങ്ങിയതിന്റെ സന്തോഷവും നിമിഷങ്ങളുടെ വ്യത്യാസത്തിൽ സംഭവിച്ച മൂടാപ്പും പുതിയ ഡയറിയിൽ എഴുതിയാലോ തോന്നിയതാണ്. പക്ഷെ ലൈറ്റ് ഇട്ടാൽ പ്രശ്നമാകും ,ഞങ്ങൾ രണ്ടും  ആരോടും  പറയാതെ പോയതിന്റെ വിചാരണ പുലരും വരെ നീണ്ടുനിന്നെന്നും വരാം .

 മണ്ണെണ്ണ വിളക്ക് എടുക്കാൻ പോവണം എന്നുണ്ടെങ്കിൽ വാതിലോരത്തു കിടക്കുന്ന അമ്മയെ ചാടിക്കടന്ന്  പോകണം, അത് പ്രശ്നമാണ് .പരിപാടി കഴിഞ്ഞു വീടെത്തി കിടക്കും വരെയും അനുഭവിച്ച ടെൻഷൻ ഞങ്ങൾക്കേ അറിയൂ .


ജീവിക്കാൻ വയ്യാതെ മരണത്തെ സ്വയം വരിച്ചവർ ഒരുപാടാണ് ഞങ്ങൾക്ക് ചുറ്റും , പാമ്പ് കടിച്ചുമരിച്ചവർ , പനിവന്ന് മരിച്ചവർ , അപകടത്തിൽപ്പെട്ട് മരിച്ചവരെന്ന് ആ ലിസ്റ്റ് നീണ്ടുപോകും . അതുകൊണ്ടുതന്നെ പെൺകുട്ടികൾ പുറത്തിറങ്ങുന്നതിന് നാടൊട്ടുക്കും വിലക്കാണ് , എങ്ങനെയേലും വല്ല ബാധയും കൂടിയാൽ ആര് കെട്ടിയെടുക്കും എന്ന പേടി . വല്യ തറവാടാല്ലാത്തോണ്ട് "ഗന്ധർവ്വൻ ,യക്ഷി " എന്നിവയെ അധികം ഭയപ്പെടേണ്ടതില്ല .



എന്നാൽ എനിക്കൊന്നിനെയും പേടിയില്ല . ഇത്തിരിയെങ്കിലും ഭയമുണ്ടെങ്കിൽ അത് ജീവിച്ചിരിക്കുന്നവരെ മാത്രമാണ് . പാത്തും പതുങ്ങിയും വന്ന് മനസ്സിലൊരു കരടായി ബാക്കി നിൽക്കുന്നവരെ . നാട്ടിലെ വയസ്സായ പ്രമുഖ തള്ളമാരുടെ സദസ്സുകളിൽ ഈ രാത്രിയാഘോഷം വൈകാതെ വിഷയമാകും , വല്ലപ്പോഴും കഥ പറഞ്ഞുതരുന്ന ഇഷ്ടമുണ്ടെങ്കിലും അമ്മയോട് എന്തുകണ്ടാലും വന്ന് ഏഷണികലർത്തി പഴിയെടുക്കുമ്പോൾ ദേഷ്യം വരും . ഈ തള്ളമാരാണ് നാട്ടിലെ പ്രധാന ഏഷണിക്കാരും അസൂയാലുക്കളും വിദൂഷകരും


 "ഇന്നുരാവിലെ  പതിവുപോലെ അമ്മയുടെ ചീത്തകേട്ടു എണീച്ചു ". ഇനിയെന്നും ഡയറിയിൽ ആവർത്തിക്കേണ്ട വാചകം ഇതാണ്. ഇന്നുപുലർച്ചെ വന്നുകിടന്നതും ഉറങ്ങാത്തത്തിന്റെയും ക്ഷീണം എന്നെ നന്നായി ബാധിച്ചിട്ടുണ്ടായിരുന്നു ഇന്ന് . പക്ഷെ പെൺകുട്ടികൾക്ക് "അന്യന്റെ വീട്ടിൽ ചെന്നുകയറേണ്ട പെണ്ണാണ് " എന്ന ലേബലിൽ നിന്നും മോചനമില്ലാത്തോണ്ട് സൂര്യനെത്തും മുന്നേ ഉണർന്നു .


സമയം ആറുമണിയോടടുത്തിരുന്നു . ആറെകാലൊക്കെ ആവുമ്പോഴേക്കും കുളത്തിൽ ആണുങ്ങളുടെ തിരക്ക് വരും അതിനുമുന്നെ കുളിച്ചു വരണം  ,ഇന്നുമുതൽ അഞ്ചു മണിക്ക് എണീക്കണം പഠിക്കണം എന്നുള്ള ശപഥം ആദ്യ ദിനം തന്നെ പൊളിഞ്ഞ സങ്കടം ഉണ്ടായിരുന്നു .


രാവിലെ കോളേജിൽ പോകുന്ന നേരം ആയപ്പോൾ പണിയൊക്കെ പതുക്കെയായി മനസ്സ് സ്വപ്നത്തിലും ഇന്ന് അവർക്കൊക്കെ ലീവായിരിക്കും  ആൽത്തറയിൽ അയാളെ കാണാതിരിക്കില്ല   മനസ്സിൽഉറപ്പിച്ചാണ് ചെന്നത് പക്ഷെ മെയിൻ റോഡിലേക്കുള്ള വളവ് തിരിഞ്ഞപ്പോഴേ അവിടെ കാണാതായപ്പോൾ എന്തെന്നില്ലാത്ത ദേഷ്യം തോന്നി നടത്തം പതുക്കെയാക്കിയതെയുള്ളൂ . അകലെ നിന്നും "ഗുരുവായൂരപ്പൻ(ബസ്‌ ) വരുന്നുണ്ടായിരുന്നു , പിന്നെ ഓടി പോയി കയറി കോളേജിൽ എത്തുന്നത് വരെയും കാണാതെ പോയ വിഷമം ഉണ്ടായിരുന്നു മനസ്സിൽ . കാണാതിരിക്കാനും വയ്യ പറയാനും വയ്യ വല്ലാത്തൊരു അവസ്ഥ തന്നെ പ്രേമം പിടിപെട്ടാൽ


കോളേജിൽ നല്ല തിരക്കായിരുന്നു  ഞങ്ങളുടെ അവസാനത്തെ ആഘോഷമാണ് . വാർഷികപ്പരീക്ഷകൾ സെമസ്റ്ററിലേക്ക് വഴിമാറിയ പുതുതലമുറയ്ക്ക് വഴിമാറി ഞങ്ങൾക്ക് പിന്തിരിയാൻ നേരമായെന്നുള്ള ഓര്മപ്പെടുത്തലാണോ ഈ പുതുവർഷമെന്ന് ഞാൻ ഭീതിയോടെ ഓർമ്മിക്കുന്നു .

ഇവിടുത്തെ ശിവമല്ലിയും , ഗുൽമോഹറും , വാകപ്പൂവും ഇല്ലാത്ത വഴികളിലൂടെ നടക്കേണ്ടി വരും ...
യൂക്കാലിപ്റ്റസ് മരങ്ങളുടെ എണ്ണമെടുക്കാൻ പറ്റാത്ത ദിവസങ്ങൾ ...
തേക്കിൻ പുഴുക്കളെ പേടിക്കേണ്ടാത്ത ദിനങ്ങൾ ...
ഇലന്തിക്കായ പഴുക്കുന്നതും കാത്തിരിക്കേണ്ടാത്ത വേനലുകളാവും ഇനിയെല്ലാം
കാറ്റാടിമരങ്ങളും കരിമ്പനകളും ചുടലിച്ചെടികളും കൊടുക്കാപ്പുളിമരവും കാലമെത്ര കഴിഞ്ഞാലും ആ ശോകനാശിനി തീരത്തുണ്ടാവുമോ
ഇവിടെ ജീവിച്ചു സന്തോഷിച്ചു പോയ ഓരോ കാലഘട്ടത്തിന്റെയും കഥ പറയാൻ
അതോ ഹെറാക്കിളീറ്റസിന്റെ വാക്കുപോലെ " ഈ പുഴയും ഒഴുകിപ്പൊമോ ?"

ഹോ എനിക്ക് പേടിയാവുന്നു . ഈ കലാലയമില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ , പക്ഷെ അംഗീകരിച്ചേ മതിയാവൂ ഈ മുത്തശ്ശിമരത്തണലിൽ മൂന്നുമാസം കൂടി ശേഷിക്കെ ആഗ്രഹങ്ങളെല്ലാം വ്യാമോഹങ്ങളാണെന്ന്.


 കയ്യിലുള്ളതെല്ലാം എടുത്ത് പിരിവിട്ട് കേക്കുവാങ്ങി മുറിച്ചു , പക്ഷെ പാതിപോലും ആരുടേയും വയറ്റിലെത്തിയില്ലെന്ന് മാത്രം . പാവം കേക്കിന് മുഖസൗന്ദര്യം കൂട്ടാനും വാഷ് ബേസിനിൽ ഒഴുകിപ്പോകാനും ചവറ്റുകുട്ടയിൽ പേപ്പറിൽ പറ്റിപ്പിടിച്ചുകിടക്കാനുമാണ് വിധി .

വികാരഭരിതമായ ഗിഫ്റ്റുകൈമാറൽ ചടങ്ങുകഴിയുമ്പോൾ കഴിഞ്ഞ രണ്ടുതവണത്തേയും പോലെ എല്ലാവരും എന്റെ സമ്മാനം കണ്ട് ഞെട്ടി . ഇരുപതുകടന്ന സുഹൃത്തിന് അൻപതുരൂപന്റെ ബാറ്റും പോലും ഞാനല്ലാതെ ആരാണ് നൽകുക അല്ലെങ്കിലും . ചിലപ്പോൾ കുട്ടിക്കാലത്ത് ഏതെങ്കിലും ഉത്സവപ്പറമ്പുകളിൽ നിന്നും അങ്ങനെയൊരെണ്ണം മോഹിച്ചിട്ടും കിട്ടാതെ വന്ന ബാല്യത്തിൽ നിന്നും ഏറെ ദൂരത്തെത്തിയെന്ന ഓർമപ്പെടുത്തലിനായി ഇതിലും നല്ലൊരു സമ്മാനം ഞാൻ വേറെ കണ്ടില്ല .

പിടിച്ചുപറിയും കയ്യിട്ടുവാരലും പങ്കുവയ്പ്പും ഒക്കെയായി ഉച്ചഭക്ഷണവും കഴിഞ്ഞശേഷം ഞങ്ങളെല്ലാവരും കൂടെ രഥോത്സവം കാണാൻ വന്നു, ഞങ്ങളുടെ കലാലയജീവിതത്തിലെ അവസാനനിമിഷങ്ങളെ ആഘോഷിക്കാൻ ഞങ്ങൾ കണ്ടെത്തിയ മാർഗമാണ് ചുറ്റുമുള്ള എല്ലാ ഉത്സവങ്ങളിലും പങ്കെടുക്കുക . വരണ്ട പാലക്കാടൻ മണ്ണും ചുടുകാറ്റും ആവേശമൊട്ടും കുറയാത്ത ജനങ്ങളും കൗതുകം തന്നെ . ക്‌ളാസ്സിലെ പതിനഞ്ചുപേരും കട്ട് ചെയ്തതുകൊണ്ട് ബാക്കിയുള്ള അഞ്ചാറുപേർക്കായി ആരും പഠിപ്പിക്കില്ല എന്നൊരു വിശ്വാസവുമുണ്ട് .


ദേവരഥങ്ങൾ പ്രദക്ഷിണം വെക്കുന്ന അഗ്രഹാര വീഥിയിലൂടെ ജാതി - മത ഭേതമില്ലാതെ ഞങ്ങൾ നടന്നു നീങ്ങി ...




തുടരും

.ഇത് വെറും സാങ്കൽപികം മാത്രമാണ് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരുവിധ ബന്ധവുമില്ല .
 part- 9

പുതുവർഷം
------------------




പറഞ്ഞിട്ട് കാര്യമില്ല പെണ്ണായി പോയില്ലേ

പാതിരാവിനെ പേടിക്കേണ്ട പെണ്ണ്

ഇഷ്ട്ടങ്ങളെ ത്യജിക്കേണ്ട പെണ്ണ്

സ്വപ്നം കാണാൻ അവകാശമില്ലാത്ത പെണ്ണ്

സദാചാരം കൂട്ടിലിട്ടടച്ച പെണ്ണ്

അടിമയായി മാത്രം കഴിയാൻ ഉള്ളതെന്ന് കരുതുന്നവരുടെ ഇടയിലുള്ള പെണ്ണ്

പ്രസവിക്കാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും എന്ന് മാത്രം ചരിത്രവും വിധിയെഴുതിയ പെണ്ണ്

ആണിന്റെ കൂട്ടും അടുക്കളയും മാത്രം അടിച്ചേൽപ്പിക്കപ്പെട്ട പെണ്ണ്

അത് നാട്ടിൻ പുറത്താവുമ്പോൾ കോഴിക്കൂടും കോഴികളും പോലെയും നഗരത്തിലാകുമ്പോൾ ഏതു നിമിഷവും ശത്രുവിനെ പേടിച്ചിരിക്കുന്ന മാനിനെ പോലെയും കഴിയെണ്ടുന്ന പെണ്ണ്

അവകാശങ്ങൾ നല്കാതെ ആദരവ് നല്കാതെ ഒന്നുമല്ലാതെ ജീവിച്ചുമരിക്കുന്ന ഒരുപാട് പെണ്ണുങ്ങളിൽ  ഒരാൾ തന്നെയാണ് ഞാനും

ആണായി ജനിക്കണം എന്ന് മോഹിച്ചത് പെണ്ണായി പോയ സങ്കടം കൊണ്ടല്ല എന്റെ ഇഷ്ടങ്ങൾക്ക് അംഗീകാരം കിട്ടണം ഈ സമൂഹത്തിൽ എങ്കിൽ ഒന്നുകിൽ ആണാവണം അല്ലെങ്കിൽ കുറെയധികം കാശുള്ളവൾ ആവണം ...


ഇല്ല പൈസയുണ്ടായിട്ടും കാര്യമില്ല , സംരക്ഷണം  അപ്പോഴും പുരുഷന്റെ കയ്യിൽ വെച്ച് കൊടുത്തിട്ടുണ്ട് സമൂഹം ... ഈ ചിന്താഗതികൾ തെറ്റെന്ന് വിളിച്ചു പറയാൻ വേണ്ടി മാത്രം എനിക്കൊരു ആണായി ജനിക്കണം ഇനിവരും ജന്മമെന്നൊന്നുണ്ടെങ്കിൽ  .

ക്ലബ്ബിന് മുന്നിലേക്ക്‌ തിരിച്ചെത്തുമ്പോൾ  ആരോ ഇരുട്ടിന്റെ മറവിൽ നിന്നും മാറുന്നത് ഞാൻ കണ്ടു , നിഷയെ വിളിച്ചു കാണിച്ചു കൊടുത്തപ്പോൾ "നീ മിണ്ടാതെ വാ " എന്നുള്ള മറുപടി അവിടെ എന്തോ നടക്കുന്നുണ്ടെന്ന് അവൾക്ക്  മനസ്സിലായിട്ടുള്ളതുപോലെ  തോന്നി .

പ്രസന്നചേച്ചിയുടെയും ബിൻസിയുടെയും അസാന്നിധ്യത്തിൽ നിഷയോട് ചോദിക്കണമെന്നുറപ്പിച്ചെങ്കിലും തിരക്കുകൾക്കിടയിൽ സാധിച്ചില്ല . ആ നിഴലനക്കം എന്നെ ശല്യപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു . എന്റെ മുൻപിലൂടെ ഞാനറിയാതെ എന്തോ നടക്കുന്നുണ്ട് എന്നുമാത്രം മനസ്സിലായി .


ഞങ്ങളെ കണ്ടതും  ചീത്ത പറഞ്ഞുകൊണ്ട് അപ്പൂ ഇറങ്ങി വന്നു

"എവിടെ പോയി കിടക്കുകയായിരുന്നു "

"ഞങ്ങളൊന്നു നടക്കാൻ പോയി "

"രാത്രിയാണോ നടക്കുന്നത് ..."?

"നീ പോടാ ..ആകെ അടിച്ചുപൊളിക്കാൻ കിട്ടുന്ന വർഷത്തിലെ ഒരേയൊരു രാത്രിയാണ് ..."

ചില നേരത്ത്  ഇവന്മാരുടെ പറച്ചിൽ കേട്ടാൽ തോന്നും അച്ഛന്മാരാണോന്ന്  . അവനെ വാക്കുകൾ കൊണ്ട് ഒതുക്കി കഴിഞ്ഞുപോയ സംഭവം നടന്നിട്ടേയില്ല എന്ന മട്ടിൽ ഞങ്ങൾ അകത്തുപോയിരുന്നു നാട്ടുകാരെ പരദൂഷണം പറയൽ പരിപാടി ഏറ്റെടുത്തു ,

മുറ്റത്ത് കുട്ടികൾ പാട്ടുപാടി കളിക്കുന്നുണ്ട് . ആരുടെയോ ഫോണിൽ പാട്ടുവെച്ചിട്ടുണ്ട് . ഒന്നുരണ്ട് മുതിർന്നവർ ഏതുനിമിഷവും എന്തും സംഭവിക്കാം എന്ന മട്ടിൽ നിൽക്കുന്നു , ആൺപിള്ളാർകാര്യമായ ചർച്ചയിലാണ് . നാടിന്റെ പൊതുസ്വത്തായ അഞ്ചാറുപട്ടികൾ കാര്യമറിയാതെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ട് .

എന്തോ കാര്യമായത് സംഭവിക്കാൻ പോകുന്നു , ഒരുവർഷത്തെ കഷ്ടനഷ്ടങ്ങൾ മറന്ന് ജീവിക്കാൻ പുതുവർഷം എത്താനിനി നിമിഷങ്ങൾ മാത്രം . .. !


പതിനൊന്നേ മുക്കാലിനോട് നേരമടുത്തപ്പോഴേക്കും റോഡിൽ എഴുതാൻ പോയവരും ചെറിയ പിള്ളാരും വരാൻ ബാക്കി ഉണ്ടായിരുന്നവരും എത്തിത്തുടങ്ങി .ചെറിയ തമാശയും വർത്തമാനവും പന്ത്രണ്ടിലെക്കുള്ള കാത്തിരിപ്പും ഒക്കെയായി മൂന്നും കൂടിയ മുക്കിൽ ടേബിളിന് മുകളിലായി വെച്ച  കേക്കിനു ചുറ്റും നിരന്നു നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ആരവം എല്ലാ മനസ്സുകളിലും അലയടിക്കുന്നത് എനിക്കറിയാമായിരുന്നു ... ഇനി ഏതാനും നിമിഷങ്ങൾ മാത്രം എന്ന നിലയിലെത്തിയപ്പോൾ സമ്പൂർണ്ണ നിശബ്ദത .

ഇപ്പോഴും കലപില പറയുന്ന ഞങ്ങടെ നാട്ടിലെ പുതുതലമുറ ഇത്ര നിശബ്ദമായി ആദ്യമായാണ് . പക്ഷെ ഒരുമിനുട്ട് സ്ലോവായ ആ പൊട്ടൻ സാനുവിന്റെ ഫോണിൽ 11 : 59  ആയപ്പോഴേക്കും അകലെനിന്നും ആരവമുയർന്നു തുടങ്ങിയിരുന്നു , പിന്നൊന്നും നോക്കിയില്ല സാനുവിനുള്ളത് അവസാനത്തേക്ക് മാറ്റിവച്ചു വർണ്ണക്കടലാസ്സുകൾ മുകളിലേക്ക് വിതറി ... കൂവിവിളിച്ചു .... ചിരിച്ചു ...സന്തോഷിച്ചു ... മുറിക്കും മുൻപേ കേക്കിന്റെ ഓരോ വശങ്ങളിൽ നിന്നും കൈയ്യിട്ടുവാരലിലൂടെ നേടിയതുകൊണ്ട് ഫേഷ്യൽ പരിപാടി ആരംഭിച്ചു ... എന്തൊക്കെയാണ് ഞങ്ങൾ ചെയ്തത് ...എന്തൊരു ആവേശമായിരുന്നു ...മൊബൈൽ കയ്യിലുള്ളവർ ആരെയൊക്കെയോ വിളിക്കുന്നു , ആരൊക്കെയോ ഇങ്ങോട്ടും ... ഇതൊന്നുമില്ലാത്ത ഞങ്ങളിൽ ചിലർ കുട്ടിപ്പട്ടാളത്തിന് കൂടെ ചുവടുവെച്ചു . അടുത്ത തിരുവാതിരയ്ക്ക് എങ്ങനെയാവുമെന്നറിയാതെ ...


ആദ്യത്തെ പടക്കം  സാനൂന്റെ  മേലെ പൊട്ടിച്ചു ഞങ്ങൾ ആഘോഷം തുടങ്ങി .കേക്ക് മുറിച്ചു , നല്ലവരായ കൃത്യം പന്ത്രണ്ടു മണിക്ക് എഴുന്നേറ്റു വന്ന നാട്ടുകാർക്കുംകാശ് തന്നു സഹായിച്ചു കള്ളും കുടിച്ചു മാറിയിരുന്നിരുന്ന ചേട്ടന്മാർക്കും ഞങ്ങടെ കുട്ടി പട്ടാളത്തിനും കൊടുത്ത് ഞങ്ങൾ കമ്മിറ്റിക്കാർ ബാക്കിയുള്ളതും ചുമന്ന് നാടുചുറ്റൽ ആരംഭിച്ചു

ചീവീടുകളാണോ ഞങ്ങളാണോ കൂടുതൽ ഉച്ചത്തിൽ അലറുന്നതെന്ന മത്സരമുള്ളത് പോലെ , പടിയടച്ചുവെച്ച വീടുകളിലെ പട്ടികളാണോ ഞങ്ങളാണോ എന്നപോലെ , എത്രവലിയ ഉറക്കമാണെങ്കിലും ഞങ്ങൾക്കുവേണ്ടി അൽപനേരം മാറ്റിവെക്കാനും ഞങ്ങൾ നൽകുന്ന മധുരം സ്വീകരിക്കാനും ഞങ്ങടെ നാട്ടുകാർ ബാധ്യസ്ഥരാണ് എന്ന മട്ടിൽ സന്തോഷത്തോടെ വരവേറ്റവരായിരുന്നധികവും ...



നാടുചുറ്റലും കഴിയുമ്പോൾ രണ്ടുമണിയോടടുക്കുന്നുണ്ടായിരുന്നു നേരം , അടുത്തടുത്തുള്ളവർ സംഘങ്ങളായി യാത്രപറഞ്ഞുപിരിഞ്ഞു . ഞങ്ങളും ...ഇനിയൊരുത്സവക്കാലത്തെ സ്വപ്നം കണ്ടുകൊണ്ട് ...നാളെ ക്‌ളാസിൽ പോയിപ്പറയാൻ ഒരുപിടി ഓർമകളുമായി


countinuos
പ്രതീക്ഷയോടെ പുതുവർഷം
-------------------------------------------------part 8


  



കണക്കുകൂട്ടലുകൾ തെറ്റിയില്ല . രഥോത്സവത്തിന്റെ ആധിക്യത്താൽ വീട്ടിൽ വഴക്ക് തുടങ്ങിയിരുന്നു , അതിനിടയ്ക്ക് ഞാനും വിനുവും ക്ലബ്ബിലേക്ക് പോകേണ്ടതിന്റെയും അവിടെനിന്നും ഏറ്റെടുത്തുവന്ന ഉത്തരവാദിത്തങ്ങൾ യഥാസമയത്ത് നടക്കുമോയെന്ന ടെൻഷനിലുമായിരുന്നു .

"ഇതുപോലെ ഒരുപാട് വീടുകളിൽ ഉണ്ടായേക്കാം , മദ്യം തകർക്കുന്ന കുറെയേറെ സ്വപ്നങ്ങളുണ്ട് , അതിലേറ്റവും വലുതെന്തെന്നറിയോ വിനൂ ?"

"എന്താ ?"

"ആ വീട്ടിലെ കുട്ടികളുടെ ബാല്യം , അവരുടെ സന്തോഷം "

"ഉം . നമുക്ക് ആരും കാണാതെ പോയാലോ ?"

വേണ്ടെന്ന് പറയാൻ എനിക്ക് തോന്നിയില്ല , കാരണം ഇത് ഞങ്ങളുടെ വീട്ടിൽ പുതുമയുള്ളതല്ല . ആരെന്ത് പറഞ്ഞാലും ബഹളം വെച്ചാലും പ്രശ്നമില്ലെന്നുറപ്പിച്ചു ഞങ്ങൾ രണ്ടും ഇരുട്ടിൽ തപ്പി ക്ലബ്ബിനടുത്തേക്ക് നടന്നു . കാലങ്ങളായി സ്ട്രീറ്റ് ലൈറ്റിനുവേണ്ടി അപേക്ഷിച്ചു കാത്തിരിക്കുന്ന ഞങ്ങൾക്ക് ക്ലബ്ബിന് മുന്നിൽ മാത്രം ഒരെണ്ണം നൽകി പഞ്ചായത്ത് മാതൃകയായതാണ് .

പാതിയെത്തുമ്പോഴേക്കും സാനു ഞങ്ങളെ അന്വഷിച്ചു വരുന്നുണ്ടായിരുന്നു .


"എന്താ ഇത്ര നേരം ?"


"അതല്ല ചെറിയൊരു പ്രശ്നമുണ്ട് അതാണ്‌..."


"ഓ നിനക്കെന്നും പ്രശ്നം തന്നെ ..."


ഞങ്ങൾ മൂന്നുപേരും കൂടി  അവസാനത്തെ വേലി കൂടി ചാടി ക്ലബ്ബിനു മുന്നിലെത്തി . എന്നെക്കണ്ടപ്പോൾ പതിവുപോലെ പിള്ളാരൊക്കെ "അമ്മുചേച്ചി   വന്ന് "  പറഞ്ഞു ഒത്തുകൂടി


പിന്നെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ചെന്ന് ആങ്ങളമാരുടെ കണക്കു പറയലും കൂടെ കഴിയുമ്പോഴേക്കും തലവേദനയെടുത്തു എന്ന് പറയാം പക്ഷെ എന്തോ ആ തലവേദന ഞാൻ ഒരുപാടിഷ്ടപ്പെട്ടിരുന്നു എന്താണ് സത്യം, സ്വയം ഏൽക്കുന്ന ചില ഉത്തരവാദിത്തങ്ങൾ തരുന്ന സുഖം .ഞങ്ങൾരണ്ടും ഒരുപണിയും ചെയ്യാൻ ഉണ്ടായില്ലെന്ന വിഷമവും .

അപ്പോഴേക്കും രഞ്ജിനിയും അനിയനും എത്തി , അവരും "രഥോത്സവം വക " കഴിഞ്ഞു വീട്ടിലെത്തിയ അച്ഛൻ മയങ്ങാൻ കാത്തിരുന്നവരാണ് . പ്രസന്നചേച്ചിയും അനിതയും നിഷയും വരുന്നുണ്ടായിരുന്നപ്പോൾ, അവർ കേസരിയുണ്ടാക്കി തീർത്ത സന്തോഷത്തിലാണ് . ഞാനും കൂടെ ആ സമയത്ത് വേണ്ടതായിരുന്നു . ഇവിടെ വേറെ കൂട്ടുകാരുണ്ടെങ്കിലും ഞങ്ങൾ നാലുപേരും തമ്മിൽ എന്തോ മാനസിക അടുപ്പമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .



ഞങ്ങൾക്ക് സംസാരിക്കാൻ എന്താണ് ഉള്ളത് എന്നാവും എല്ലാവരും കരുതുന്നത് എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ ഉണ്ടായിരുന്നു എന്നും സ്കൂളിലെ ,കോളേജ് ലെ ,പോകുന്ന ബസ്സിലെ ,ജോലി സ്ഥലത്തെ .അമ്പലത്തിലെ ,അടുക്കളയിലെ ,വീട്ടിലെ ,നാട്ടിലെ ,ടി വി യിലെ ,കാമുകന്റെ ,ബന്ധുക്കളുടെ ,മറ്റു കൂട്ടുകാരുടെ എല്ലാം വിശേഷമാണല്ലോ. കൂട്ടുകാരെ അറിയിക്കാതിരിക്കുമ്പോൾ ശ്വാസം മുട്ടലാണ് എപ്പോഴും.


വലിയ വലിയ പാർട്ടികളും ആഘോഷങ്ങളും ഒക്കെയായി ലോകം   ഉറങ്ങാതെ പുതുവർഷത്തെ കാത്തിരിക്കുമ്പോൾ ഒന്നുമറിയാതെ എല്ലാവർഷവും സുഖമായി കിടന്നുറങ്ങുകയും ഞങ്ങൾ ചെറുതായി അലറി വിളിക്കുന്നതിന് കുറച്ചു നേരം   പിറു പിറുക്കുകയും ചെയ്യുന്ന പ്രിയ നാട്ടുകാർക്ക് ഇത്തവണ നല്ലൊരു വെറുപ്പിക്കൽ "പണി " കൊടുക്കണമെന്ന് കഴിഞ്ഞവർഷത്തെ ആഘോഷങ്ങളുടെ അവസാനം തീരുമാനിക്കപ്പെട്ടതാണ് .

ഞങ്ങൾ പണി കഴിയുമ്പോഴേക്കും ഒരു കൂട്ടുകാരിയുടെ കാമുകനും സുഹൃത്തും കാണാൻ വന്നിട്ടുണ്ട് എന്ന വാർത്ത രഹസ്യമായി പരന്നു.

വർണ്ണക്കടലാസുകൾക്ക് വിലകൂടിയതിനാൽ പകരമായി  പാതി ചീന്തിയും മുറിച്ചും കൊണ്ടിരിക്കുന്ന ന്യൂസ് പേപ്പറുകൾ അവിടെവച്ചുഞങ്ങൾ പാടത്തേക്ക് നടന്നു . പുതുവർഷത്തിലെത്തുന്ന അതിഥിയെ കണ്ടില്ലെങ്കിൽ മോശമല്ലേ ?

മൂന്നും കൂടിയ മുക്കിൽ സ്ഥിതിചെയ്യുന്ന ഞങ്ങടെ ക്ലബ്ബിന്റെ ഏറ്റവും മുൻപിലുള്ള വഴിയേ നടന്നാൽ ചെറിയ ഇറക്കമാണ് , സൈക്കിൾ ഒക്കെയാണെങ്കിൽ ചുമ്മാ കാലുവെച്ചു കൊടുത്താൽ മതി , പക്ഷെ ഈ കയറ്റം കയറാനാണ് കഷ്ടം , നാലഞ്ചുവീടുകൾ കഴിഞ്ഞാൽ പിന്നെ വെറുതെയിട്ടിരിക്കുന്ന സ്ഥലങ്ങൾ കാടുപിടിച്ചുകിടക്കുന്നു , അതിന് താഴെയായി ഞങ്ങളുടെ കുടുംബക്ഷേത്രം പിന്നെയും താഴേക്കിറങ്ങിയാൽ "പൊറ്റപാടം"


ഏറ്റവും മുകളിലായി കാലങ്ങളായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്ന സമീപത്തെ ഏതോ തറവാടിന്റെ വകയിലുള്ള കാട് , അതുകഴിഞ്ഞാൽ ജലലഭ്യത കുറഞ്ഞതിനാൽ ആദ്യകാലത്ത് ചോളവും കടലയും കൃഷിചെയ്തിരുന്ന , ഇപ്പോൾ തരിശിട്ടിരിക്കുന്ന മൂന്ന് പാടങ്ങൾ , അതിന് അപ്പുറം ഞങ്ങളുടെ നാടിന്റെ "സാംസ്കാരിക കേന്ദ്രമായ " കുളം .


അടുത്ത് ആയിരത്തിത്തൊള്ളായിരത്തി അൻപത്താറിൽ കേരളസംസ്ഥാനം രൂപീകൃതമായതിന്റെ ഓർമപ്പെടുത്തൽ പോലെ "പഞ്ചായത്ത് കിണർ " .ഈ ഒഴിഞ്ഞ പാടവരമ്പുകളെയും കുളത്തിനെയും കീറിമുറിച്ചു പാമ്പുപോലെ  കിടക്കുന്ന റോഡ് , അതിനൊരരുകിലായി പാടത്ത് കളിക്കാനെത്തുന്നവരുടെ വിശ്രമകേന്ദ്രം "തറവാട് " .

"വിജനത " എന്ന പദത്തിന് അർഥം കിട്ടണമെങ്കിൽ നിങ്ങളുടെ നാട്ടിലെത്തണമെന്ന എന്റെ കൂടെപഠിക്കുന്നവരുടെ വാക്കുകൾ അനുസ്മരിക്കുന്നു , കാരണം കാലങ്ങളായി ടാറിടാം എന്നുപറഞ്ഞു പറഞ്ഞു പറ്റിച്ചതിന്റെ തെളിവായി കിടക്കുന്ന കല്ലിട്ട നടപ്പാതയ്ക്കിരുവശവും വിജനമാണ് , പാതിരാത്രിയും നട്ടുച്ചയ്ക്കും അങ്ങോട്ടൊന്നും പോവരുതെന്ന താക്കീതുവരെ ഉണ്ടായിരുന്നു പണ്ട് . പക്ഷെ ഇവിടെത്തെ മണ്ണിനെയും പ്രകൃതിയെയും നന്നായറിയുന്ന ഞങ്ങൾ പിന്നെയും തനിച്ചവിടെ വന്നു . അല്ല , അവിടെ ഓടിക്കളിച്ചായിരുന്നു ഞങ്ങളെല്ലാം വളർന്നത് .ഇവിടെയുള്ള ഓരോ പുൽക്കൊടിക്കും മണൽത്തരിക്കും ഞങ്ങളെ അറിയാമെന്നൊരു അഹങ്കാരത്തോടെ തന്നെ ഞാൻ പറയുന്നു .

ആരും വരില്ലെങ്കിലും ആരെങ്കിലും കാണുംമുമ്പേ അവനെ കണ്ട് മടങ്ങണമെന്ന നിശ്ചയത്തോടെ ഞങ്ങൾ നടന്നു , ഇപ്പോളവളുടെ ഹൃദയമിടിപ്പ് കൂടിയിരിക്കുമെന്ന് കൈപിടിച്ചുനടക്കുമ്പോൾ മനസ്സിലായി .

ഹോ ഈ പ്രണയമൊക്കെ തലയ്ക്കുപിടിച്ചാൽ തമ്മിൽ കാണുമ്പോൾ കൈകാലുകൾ വിറയ്ക്കുന്നതെന്തിനെന്ന് എത്ര ആലോചിച്ചിട്ടുമെനിക്ക് മനസ്സിലായില്ല . അവളെവെച്ചും ആവേശത്തിലാണ് ഞങ്ങൾ , ഇന്നുവരെ നാട്ടിലാരും ചെയ്യാത്ത എന്തോ മഹാകാര്യം ഞങ്ങൾ ചെയ്യാൻ  പോവുകയാണെന്ന ധാരണയാണ് എല്ലാവർക്കും.

ധനുമാസക്കുളിരിനെക്കുറിച്ചു അറിയാമെങ്കിലും അതിന്റെ ഉച്ചസ്ഥായിയിൽ അനുഭവിച്ചത്‌ അപ്പോഴാണ് , എന്റമ്മേ ...!!!!!!! പാലക്കാട് ഇത്രയൊക്കെ തണുപ്പുണ്ടാകുമോയെന്ന് ഞാൻ സംശയിച്ചു , അതിരാവിലെ കാണുന്ന മഞ്ഞിന്റെ മൂടാപ്പില്ലെങ്കിലും തണുത്തകാറ്റ് ഞങ്ങളെ തലോടിക്കൊണ്ടിരുന്നു .അകലെയെവിടെയോ നായ്ക്കളുടെ കുരയും , ചുറ്റിലും ചീവീടുകളുടെ കൂട്ടക്കരച്ചിലും മാത്രം ഉയർന്നുകേൾക്കാം .

ദൂരെനിന്നും വരുന്ന വണ്ടിയുടെ ഹെഡ് ലൈറ്റ് കണ്ടപ്പോഴേ മനസ്സിലായി അവനാകുമെന്ന്, ആളെയറിയാൻ അടുത്തെത്തേണ്ടി വന്നെന്ന് മാത്രം . ഇരുട്ടിൽ ആദ്യമായി കൂട്ടുകാരിയുടെ എംകാമുകന്റെ മുഖം കാണുന്ന ബിൻസി കയ്യിലെ നോക്കിയ ഫോണിന്റെ ടോർച്ചു അവന്റെ മുഖത്തടിച്ചതും ഞാനും കണ്ട് ആ ചമ്മിയ മുഖം .


തിരുവാതിരത്തണുപ്പും നിലാവും പ്രണയിതാക്കൾക്ക് ആസ്വദിക്കാൻ വിട്ടുകൊടുത്ത് ഞങ്ങൾ പാടത്തേക്കിറങ്ങി , ചെരുപ്പിടാത്തതിന്റെ ഫലം ആദ്യം തന്നെ തൊട്ടാവാടി മുള്ളിന്റെ രൂപത്തിലും മഞ്ഞുവീണ നനവായും കാലുകളെ തലോടി . മിന്നാമിനുങ്ങുകൾ കൂട്ടത്തോടെ പാറിനടക്കുന്നു , ആകാശത്ത് പൂർണ്ണചന്ദ്രനും താരകങ്ങളും

ആ  രാവിൽ  നിന്നോട്  ഞാൻ   ഓതിയ  രഹസ്യങ്ങൾ
ആരോടും  അരുളരുതോമലെ  നീ
താരകാകീർണ്ണമായ നീലാംബരത്തിൽ  അന്ന്
ശാരദ  ശശിലേഖ  സമുല്ലസിക്കെ

എന്ന് ചങ്ങമ്പുഴ പാടിയത് ഇങ്ങനൊരവസ്ഥയിൽ നിന്നാവുമെന്നതിൽ സംശയമില്ല . ചെയ്യുന്നത് കള്ളത്തരമാണെങ്കിലും ഇപ്പോൾ ഞങ്ങളെയതൊന്നും തീണ്ടാത്തപോലെ ആവോളം ആ രാത്രിയെ മൂവരും ആസ്വദിക്കുകയായിരുന്നു . ഒറ്റയ്ക്കാണ് വന്നതെങ്കിൽ പ്രേതമുണ്ടോ എന്നാലോചിച്ചുതന്നെ ബോധം കെടുന്ന ഞാൻ എത്രനേരം ഓടിക്കളിച്ചെന്ന് അറിയില്ല . ജീവിതത്തിലെ ഏറ്റവും മധുരമായ നിമിഷങ്ങളുടെ കൂട്ടത്തിൽ ഈ രാത്രിയെ കൂടി ഞാൻ എഴുതി ചേർക്കട്ടെ ...?

ഒരിക്കലും അവസാനിക്കരുതെന്ന് തോന്നിയ രാവിന്റെ ഓർമയ്ക്ക് .

പ്രണയിതാക്കളുടെ സല്ലാപം കഴിഞ്ഞവൻ തിരികെ പോകുമ്പോഴും ഞാനും ബിൻസിയും ഒന്നുച്ചത്തിൽ കൂവിയാലോ എന്ന ചിന്തയിലായിരുന്നു . അർദ്ധരാത്രി എന്നെ പേടിപ്പെടുത്തി അകന്നുപോകുന്ന പാദസ്വരക്കിലുക്കം കടന്നുപോകാറുള്ളതെന്ന് എനിക്കുതോന്നിയ ഇടത്ത് അതെ പാതിരാത്രിയിൽ ഞാൻ നിൽക്കുന്നു .


നിഷയുടെ ഫോണിൽ സമയം നോക്കുബോൾ പതിനൊന്നര കഴിഞ്ഞിരിക്കുന്നു , മൂത്രമൊഴിക്കാൻ വന്നതാണെന്ന് കാരണം പറയാമെങ്കിലും ഇതല്പം കൂടുതൽ സമയമായിരിക്കുന്നു , ഗദ്യന്തരമില്ലാതെ മുൻപോട്ട് നടക്കുമ്പോഴും മനസ്സ് പിന്നോട്ടായിരുന്നു ...


ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ആൺകുട്ടിയായി ജനിക്കണം ... എന്നിട്ടിതുപോലെ   രാവിന്റെ മറവിൽ പ്രകൃതിയുടെ മടിത്തട്ടിൽ കുറച്ചു കള്ളും കുടിച്ചു കൂട്ടുകാരുമൊത്ത് സംസാരിച്ചു സംസാരിച്ചു ഉറങ്ങണം ...

എന്നിട്ട് പാതിരാവിൽ ബോധം വരുമ്പോൾ പതുക്കെ എഴുന്നേറ്റ് അകലെയെങ്ങൊ വിളിച്ചിട്ടും എടുക്കാത്തതിൽ പരിഭവിച്ചുറങ്ങിയ കാമുകിയെ വിളിച്ചു ക്ഷമ പറയണം .

എന്നിട്ട് ആരും  അറിയാതെ വീട്ടിൽ കയറി ചെല്ലണം ... രാവിലെ അമ്മയോ അനിയത്തിയോ വന്നു വെള്ളം കോരി മുഖത്തോഴിക്കും വരെ പുറത്തു തന്നെ കിടക്കണം ...!!!!!!!!

തുടരും

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...