Friday, 6 May 2016

ഭാഗം 15

ഉത്സവപിറ്റേന്ന്

**********************

02/01/2012

ഓരോ പുതുവർഷവും നമ്മളിലെക്കെത്തുമ്പോൾ ഒരായിരം പ്രതീക്ഷകളോടെയാണ് നാം വരവേൽക്കുന്നത്. അന്നുവരെ മനസ്സിൽ തോന്നിയിട്ടുള്ള നല്ല തീരുമാനങ്ങൾ തുടങ്ങാൻ ഏറെ നല്ല ദിനം അതാണ്‌ എന്നുള്ള സാധാരണ ചിന്തയാവാം


പക്ഷെ സത്യം പറയട്ടെ എന്നത്തെയും പോലെ ആദ്യ ദിനം തന്നെ ശപഥം പാലിക്കാൻ കഴിയാതെ വരുമ്പോൾ ചെറിയൊരു വിഷമത്തോടൊപ്പം അടുത്ത വര്ഷത്തേക്ക് നോക്കുന്ന സ്വഭാവമാക്കില്ല ഞാൻ എന്നൊക്കെ ഇന്നലെ കരുതിയതാണ്


എങ്കിലും ഏറ്റവും വലിയ തീീരുമാനമായ പഠനം ആരംഭിക്കുക ,ദിവസവും അര മണിക്കൂർ എങ്കിലും എന്നുള്ളത് ഇത്ര നേരമായിട്ടും നടന്നില്ല . ഇന്നലത്തെ തിരക്കെല്ലാം കഴിഞ്ഞു ഉറങ്ങുംബോഴേ നേരം ഒരുമണിയോട് അടുത്തിരിക്കും .


എന്നിട്ട് രാവിലെ അഞ്ചര ക്ക് അമ്പലത്തിൽ പടക്കം പൊട്ടുന്ന ശബ്ദം കേൾക്കുന്നതിന് ഒപ്പം അമ്മയുടെ വിളിയും വന്നു ,വെള്ളത്തിനു പോകാൻ ,ഇന്നലെ വൈകുന്നരവും ഉചയ്ക്കലുമായി എത്ര വെള്ളം കോരിയതാണ് ഞാൻ കയ്യൊക്കെ പൊട്ടിപ്പോയി തോന്നണു ,ഇന്നലെ രാത്രി കയ്യും മുഖവും കഴുകുന്ന നേരത്ത് കൈക്ക് നല്ല നീറ്റലായിരുന്നു.


ഉറക്കം മതിയായില്ലെങ്കിലും ധനുമാസ കുളിരിനെ വക വെയ്ക്കാതെ എഴുന്നേറ്റു , അടിയെത്താറായ സിമെന്റ് തൊട്ടിയിലെ വെള്ളമെടുത്തു മുഖം കഴുകിയപ്പോൾ പാതി ഉറക്കം പോയി ,എന്തൊരു തണുപ്പാണ് വെള്ളത്തിന്‌ ,ഇനിയെന്തിനു വേറെ ഫ്രിഡ്ജ്‌


അയയിലെ തോർത്ത് എടുത്തു മുഖം തുടച്ചു തോളിലിട്ടു ,അടുക്കളയിൽ കുദമെദുക്കാൻ പോകുമ്പോൾ അമ്മ വലിയ തിരക്കിലാണ് ഇന്നലത്തെ കറി ചൂടാക്കുന്നു അടുത്ത അടുപ്പിൽ ചായയ്ക്ക് വെള്ളം വെച്ചിരിക്കുന്നു


അമ്മയും മക്കളും അച്ഛന്റെ കൂട്ടുകാരും അമ്മയുടെ അനിയത്തിയും കുടുംബവും പിന്നെ മറ്റൊരു അനിയത്തിയും മക്കളും ,ചേച്ചിയും എല്ലാവരും കിടന്നുറങ്ങുകയാണ് അകത്ത്,ഒരു വലിയമ്മ മാത്രം അടുപ്പിനരികെ തീ കാഞ്ഞ് അമ്മയോട് കൂട്ടം കൂടിയിരിക്കുന്നു


അവരുടെ ഇടയിൽ കയറിയാൽ പെട്ടെന്ന് പണി നടക്കില്ല എന്നറിയാവുന്നത് കൊണ്ട് കുടമെടുത്ത് നടന്നു , ചെരുപ്പിടാത്ത കാലിൽ റോഡിൽ പതിച്ച കല്ലുകൾ തട്ടുന്നത് തണുപ്പിൽ നേരിയ വേദന ഉണ്ടാക്കുന്ന പോലെ തോന്നി


സമയം ഇത്രയേ ആയുള്ളൂ എങ്കിലും വഴിയിൽ ആരെയെങ്കിലുമൊക്കെ കാണുമെന്ന പ്രതീക്ഷ തെറ്റിക്കാതെ ഉത്സവം കഴിഞ്ഞു പുലർച്ചെ ഉള്ള കുളത്തേരും കണ്ടു മടങ്ങുന്നവരും പിന്നെ വിരുന്നു കഴിഞ്ഞു സ്വന്തം വീടുകളിലേക്ക് തിരികെ പോകുന്നവരും ഇടയ്ക്കൊക്കെ കാണുന്നുണ്ടായിരുന്നു


ഒറ്റയ്ക്ക് വെള്ളം കോരേണ്ട മടിയോടെ നടന്നു,ആരെങ്കിലും ഉണ്ടാവും എന്ന പ്രതീക്ഷയിൽ , വീടുകള കഴിഞ്ഞു കുടുംബക്ഷേത്രം തൊട്ടുള്ള ഇറക്കം നേരെ വയലിനും കുളത്തിനും ഇടയിലൂടെ ഉള്ള വഴിയിലാണ് ചെന്നെത്തുന്നത് പിന്നെ വീടുകൾ ഇല്ല,


കുളത്തിനു നേരെ ഉള്ള വഴിയിലൂടെ നടന്നാൽ അമ്പലമാണ് ,കുളത്തിൽ കുളിച്ചു കരയ്ക്ക്‌ കയറിയാൽ നേരെ കാണുന്നത് "ദേവിയെ "ആണ് ..അതിനു ശേഷം ആമ്പൽ കുളം അതിനു ശേഷമാണ് പിന്നെയും വീടുകൾ ആരംഭിക്കുന്നത് ,


എന്തൊരു മഞ്ഞാണ് ...ഒന്നും കാണാൻ കഴിയുന്നില്ല ,എങ്ങും പുകച്ചുരുളുകൾ മാത്രം ....വേനലിൽ വെന്തുരുകുന്ന നാട്ടിൽ മഞ്ഞുകാലം ഇത്ര തീവ്രമാണോ എന്ന് തോന്നിപ്പോയി ഒപ്പം കാറ്റും തണുപ്പും ...എന്ത് സുഖാണ് .....


കിണറ്റിനു അടുത്തെത്താനായപ്പോൾ നിഷയെ കണ്ടു ,ഇവിടെയുള്ള മിക്ക വീടുകളിലെയും അവസ്ഥ ഇത് തന്നെയാണ് ,ഈ സമയം അവളുടെ അമ്മയും അടുക്കളയിൽ ഇന്നലത്തെ കറി ചൂടാക്കുകയും ,ചോറിനു വെള്ളം വെക്കുകയും ,ചായ വെക്കുകയും ചെയ്യുന്നുണ്ടാകും ,,


അവളുടെ ആങ്ങളമാർ നേരത്തെ എഴുന്നേറ്റു ഉത്സവത്തിന് പോയി മടങ്ങി കാണില്ല ..അവളുടെ അച്ഛനും മറ്റും ഇന്നലെ കള്ള് കുടിയ കെട്ട് ഇറങ്ങാതെ കിടപ്പുണ്ടാകും മണ്ണ് മെഴുകിയ മുറ്റത്ത്....വിരുന്നുകാർ അകത്തും ....എന്റെ വീട്ടിലും ഇതുപോലെ തന്നെ


എന്നെ കണ്ടതും അവൾ വിളിച്ചു , പിന്നെ രണ്ടുപേരും കൂടെ സംസാരിച്ചു കൊണ്ട് വെള്ളമെടുക്കുന്ന ഇടയ്ക്ക് പ്രസന്ന ചേച്ചിയും വന്നപ്പോൾ കുറച്ചുകൂടി രസമായി തോന്നി , എന്ത് വിശേഷം വന്നാലും  ഞങ്ങളുടെ ഈ പ്രശ്നത്തിന് പരിഹാരമേ ഇല്ല


കുറച്ചു കൂടി വെളുക്കുമ്പോൾ മുതൽ കുളത്തിലെ തിരക്ക് തുടങ്ങും പിന്നെ ആ വഴിക്ക് പോകേണ്ടി വരില്ല ,അത്രയും തിരക്കാണ്



തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...