Tuesday, 11 July 2017

അയാളും ഞാനും തമ്മിൽ 21
----------------------



"എനിക്കും അത് തോന്നിയിട്ടുണ്ട് ശരത്തെ ആദ്യമായി ഇവിടെയെത്തിയന്ന് മുതൽ .
എത്രതവണ നേർക്കുവന്നു പിന്തിരിഞ്ഞുപോയ മരണമാണ് ....!



ഇനിയും വരായ്കയുമില്ല .നമ്മളാരെയെങ്കിലും നന്നാക്കാൻ ശ്രമിച്ചാൽ ഇതൊക്കെത്തന്നെയാവും ഫലം . എങ്കിലും ഓരോ തവണ ആക്രമണങ്ങൾ നേരിടേണ്ടിവരുമ്പോഴും ഞാൻ ചെയ്യുന്ന വിഷയത്തിന്റെ നന്മയും അതിന്റെ പ്രസക്തിയും മനസ്സിലാക്കാൻ കഴിയുന്നുണ്ടാരുന്നു .

അതൊരാവേശമാണ് ശരത്തെ , ആണായി ജനിച്ചില്ലേ അഭിമാനത്തോടെ ജീവിക്കണ്ടേ ...


നാളെയവരുടെ ചതിയാൽ മരണപ്പെടാം അല്ലെങ്കിൽ മറ്റെങ്ങനെയെങ്കിലും ... അപ്പോഴും നമുക്കുവേണ്ടി വേദനിക്കാൻ ഇത്രയും പേരുണ്ടാവുന്ന സുഖമൊന്ന് വേറെ തന്നെയാണ് .ജീവിതംകൊണ്ട് പ്രയോചനമുണ്ടായ സംതൃപ്തി ."



"എനിക്കും അങ്ങനെ തോന്നിയിരുന്നു ,അജീഷിനായിരുന്നു ഇവരെക്കുറിച്ചു സ്വപ്‌നങ്ങൾ കൂടുതൽ . പക്ഷേ ... ഇനി പറഞ്ഞിട്ട് കാര്യമില്ല . ചതിയാണോ അപകടമാണോ എന്നറിയില്ല ഇപ്പോഴും "


"അജീഷ് അണ്ണന് എന്തുപറ്റി " ?


അത്രനേരം ഭാവഭേദമില്ലാതിരുന്ന ശെമ്പകം പെട്ടെന്ന് പ്രതികരിച്ചത് ഞാൻ ഞെട്ടലോടെയാണ് കണ്ടത് .


"എന്താ ശരത്ത് ?"



"അന്ന് ഇവിടം വിട്ടുപോയശേഷം പ്രോജക്ട് സമയം തീരാൻ ഏതാണ്ട് രണ്ടാഴ്ചയോളം സമയമുണ്ടായതിനാൽ രണ്ടാളും അവരവരുടെ വീട്ടിൽ പോയി .


മിക്കദിവസവും അവനെന്നെ വിളിക്കുമായിരുന്നു ,അതിനിടയിൽ രണ്ട് ദിവസം വിളിയൊന്നും കാണാതായപ്പോഴാണ് ഞാനവിടെ എത്തുന്നത് .
എന്റെ മനസ്സിലപ്പോഴും അവൻ വയനാട്ടിലേക്ക് പോയിരിക്കുമോയെന്ന സംശയമായിരുന്നു അങ്ങനെയെങ്കിൽ അവിടുത്തെ ശത്രുക്കൾ അവനെ വെറുതെ വിടില്ലെന്ന് എനിക്കറിയാമായിരുന്നു "


"വയനാട്ടിൽ നിങ്ങൾക്കെത്തു ശത്രുക്കൾ ?"


"അത് ..... ഞങ്ങളവിടെ താമസിച്ച സമയത്ത് ഇവർക്ക് എന്തുകൊണ്ട് അടിസ്ഥാനസൗകര്യങ്ങൾപോലും എത്താത്തതിന്റെ കാരണംഅന്വഷിച്ചു .
അപ്പോഴാണ് ഒരുകാര്യം മനസ്സിലായത് ഫോറെസ്റ് ഭൂമിയിൽ നിന്നും ഇവരെ രേഖകൾ പ്രകാരം എന്നോ മാറ്റി പാർപ്പിച്ചതാണ് ,


അതാണ് റേഞ്ച് ഓഫീസർമാർക്ക് എന്തുമാവാം എന്നുള്ള അവസ്ഥ വന്നത് .
എന്നാൽ ഫോറെസ്റ്റിൽ നിന്നുമിറങ്ങുന്നതിന് പകരമായി പതിച്ചുകൊടുത്ത ഭൂമിയെക്കുറിച്ചു ഇവിടുള്ളവർക്കൊരു പിടിയുമില്ല "


"എന്നുവെച്ചാൽ ?"


" "മനുഎട്ട വനഭൂമിയിൽ നിന്നും ഇവരെ കുടിയൊഴിപ്പിച്ചതിനു പകരം ഗവണ്മെന്റ് ഓരോ കുടുംബത്തിനും നിശ്ചിത ഭൂമി വനത്തിനുപുറത്തു പതിച്ചുനല്കിയിരുന്നു .


പിന്നീട് ഏതാണ്ട് ഒരുവര്ഷത്തിനുശേഷം ഇവർ സ്വകാര്യ വ്യക്തികൾക്ക് ഇഷ്ടദാനമായി എഴുതിക്കൊടുക്കുന്നതുപോലെ പ്രമാണങ്ങൾ രെജിസ്റ്റർ ചെയ്തു .


ഇതെല്ലാം നടന്നിട്ട് തന്നെ പത്തുപതിനഞ്ചുവർഷം കഴിഞ്ഞിരുന്നു . നീതിക്കുവേണ്ടി പോരടിക്കാനോ കുത്തിപ്പൊക്കികൊണ്ടുവരാനോ ആരും ഇന്നും താല്പര്യപ്പെടില്ല .


അവിടെയാണ് അവൻ രജിസ്റ്റർ ഓഫീസുകളിലും പഞ്ചായത്തിലും പത്രത്താളുകളിലും തിരഞ്ഞു സത്യാവസ്ഥ ഇവരെ അറിയിക്കാൻ ഉള്ളശ്രമം ആരംഭിച്ചത് . അതിനെതിരെ ഭീഷണിയുമായി പുറകെ ഇവിടുത്തെ പലറിസോർട്ടുകളുടെയും ഫാമുകളുടെയും തോട്ടങ്ങളുടെയും മുതലാളിമാർ വന്നത് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ് . ഞാൻ വേണ്ടെന്ന് വിലക്കിയിട്ടും അവൻ പിന്തിരിഞ്ഞില്ല .



ഭൂരഹിതർക്ക്‌ സർക്കാർനല്കുന്നഭൂമി ഏതാണ്ട് ഇരുപതോളം വർഷത്തോളം കൈമാറ്റം ചെയ്യപ്പെടാൻ സാധിക്കില്ല എന്നൊരു നിയമമുള്ളപ്പോൾ അവരെങ്ങനെ രെജിസ്റ്റർ ചെയ്തു എന്ന് അവൻ കുറെ തിരഞ്ഞു നടന്നു .


പിന്നെയാണ് മനസ്സിലായത് ഇതുപോലെ ഏതെങ്കിലും തലവേദനനകൾ വരുമെന്ന് മുൻകൂട്ടി കണ്ട അവർ പവർ ഓഫ് അറ്റോണിയും ഒപ്പിട്ട് വാങ്ങിയിരുന്നു .കുറച്ചുസ്ഥലങ്ങൾ പാട്ടത്തിന് കൊടുത്തത് നൂറും നൂറ്റമ്പതും വർഷത്തേക്ക് . "


"ഞങ്ങൾക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലാലോ അണ്ണാ "


ശെമ്പകം അത്ഭുതത്തോടെ അവനെ നോക്കിയിരിക്കുകയായിരുന്നു .



" ഇതൊക്കെ നടക്കുമ്പോൾ നീ കൊച്ചുകുട്ടിയായിരിക്കും ശെമ്പകം .അല്ലെങ്കിൽ നീ ജനിക്കുന്നതിനും ഏറെ മുൻപ് മുതൽ ഉണ്ടായിരുന്നത്  അന്നെപ്പോഴെങ്കിലും പുറത്തുനിന്ന് ആളുകൾ കൂട്ടത്തോടെ വന്നതോ എവിടെയെങ്കിലും കയ്യൊപ്പ് വാങ്ങിയതോ ഓർമയുണ്ടാവുമോ "



"അറിയില്ല അണ്ണാ . ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ വല്യവല്യ ആളുകളൊക്കെ വരാറുണ്ട് കയ്യൊപ്പ് പതിപ്പിച്ചു കൊടുക്കാറുണ്ട് അതെന്തിനാണെന്ന് അറിയില്ല ."



"ഉം ..... നിങ്ങള്ക്ക് ലഭിക്കേണ്ട നീതി വേണ്ടെന്ന് നിങ്ങൾതന്നെ ഒപ്പിട്ട് കൊടുത്തപോലെയാണ് ഇത് . നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല കാരണം അവർക്കുള്ള പ്രധാനപ്പെട്ട ഒന്ന് നിങ്ങൾക്കില്ല . വിദ്യാഭ്യാസം . അതിന്റെ കുറവുകൊണ്ടുതന്നെ ആരൊക്കെയോ നിങ്ങളെ വീണ്ടും വീണ്ടും പറ്റിക്കുന്നു . "



"ശരത്ത് വനത്തിനോട് ചേർന്നുള്ള മിച്ചഭൂമികൊണ്ട് അവർക്കൊക്കെ എന്താണ് ഗുണം ? "


"ഏകദേശം എഴുപത് കാലഘട്ടത്തിൽ ഭൂപരിഷ്കരണ നിയമം വന്നിരുന്നു . ഒരാൾക്ക് കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ അളവ് വെട്ടിക്കുറച്ചുകൊണ്ട് . ബാക്കിയുള്ളവ സർക്കാർ മിച്ചഭൂമിയായി കണ്ടുകെട്ടുകയും പതിച്ചു നൽകുകയും ചെയ്യും .


അങ്ങനെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടത് അധികാരികളിൽ സ്വാധീനം ചെലുത്തി ഇവരുടെയൊക്കെ പേരിൽ വനത്തിൽനിന്നും ഇറങ്ങുന്നതിന് പകരമുള്ള മിച്ചഭൂമിയായി പതിപ്പിച്ചു നൽകിയ ശേഷം ആദിവാസിയുടെ കയ്യിൽനിന്നും ഇഷ്ടദാനമായി സ്വീകരിച്ചു .


 ഇത് രേഖകളിൽ മാത്രം ഒതുങ്ങിപ്പോയെന്നത് ഇവരിൽനിന്നാരും ചോദ്യം ചെയ്യാത്തതുകൊണ്ട് പ്രശ്നമായില്ല .


പിന്നീട് എഴുപത്തഞ്ചിലും എഴുപത്തേഴിലും വന്ന ഭേദഗതികൾ ഇത്തരം പകൽക്കൊള്ളകളെ കൂടുതൽ പ്രോത്സാഹിപ്പിച്ചതല്ലാതെ പ്രോയോചനമുണ്ടായില്ല . ഇത് പതിയെ വൻതോതിൽ വനഭൂമി കയ്യേറുന്നതിനും സ്വകാര്യ വ്യക്തികൾക്ക് പതിപ്പിച്ചുകൊടുക്കുന്നതും ഏറിവന്നു .


അതോടൊപ്പം വനഭൂമിക്കരികിലുള്ള മണ്ണിന് വില കുത്തനെയുയർന്നു , അന്നുവരെ വളരെക്കുറച്ചുമാത്രം ഉണ്ടായിരുന്ന ടൂറിസം വനഭൂമിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതായിരുന്നു കാരണം .



വയനാട് ,മലപ്പുറം ,കണ്ണൂർ ജില്ലകളിൽ സന്ദർശകരെ ആകർഷിക്കാനുള്ള പദ്ധതികൾക്കൊപ്പം വനത്തിനുള്ളിൽ അനധികൃതമായി താമസിക്കുന്നുവെന്ന് പറയപ്പെടുന്ന ഇവരുടെനേർക്കുള്ള ചൂഷണവും കൂടി.


ചിലയിടത്ത് ഈ ആദിവാസികളായിരുന്നു വില്പനച്ചരക്കുകൾ . ഞങ്ങളെപ്പോലെ ഉള്ള വിദ്യാർത്ഥികളും സഞ്ചാരികളും അത്ഭുതത്തോടെ ഇവരുടെ ചിത്രങ്ങൾ പകർത്തിയെടുത്തു .


ഉന്തിയ മൂക്കും ചുരുണ്ടമുടിയും കൂർത്തപല്ലുകളും എന്നൊക്കെ വേർതിരിച്ചു പഠിക്കാനുള്ള വസ്തുക്കൾ മാത്രമായി മാറി


ചിലർക്ക് സഹതാപതരംഗങ്ങൾ സൃഷ്ടിക്കാനുള്ള വകയും മാത്രം . ഇവരുടെമണ്ണിൽ പടുത്തുയർത്തിയ ഹോട്ടൽ മുറികളിൽ ഇരുന്ന് ഇവരെയും ഇവരുടെ വനസമ്പത്തും വീക്ഷിക്കുന്ന നമ്മൾ . കാലത്തിന്റെ വിരോധാഭാസം ....!



തുടരും
അയാളും ഞാനും തമ്മിൽ 20
--------------------



"എന്നിട്ടോ ?'"



 "അവളോട് അവിടെയുള്ള സാധാരണക്കാരെ അക്ഷരം പഠിപ്പിക്കാനായിരുന്നു ഞാനാദ്യം ഏൽപ്പിച്ചത് .


ആദ്യം ഒരുമടിയൊക്കെ പ്രകടിപ്പിച്ചെങ്കിലും തുടരെത്തുടരെയുള്ള എന്റെ വാക്കുകളെ അനുകൂലിക്കാതിരിക്കാൻ അവൾക്കായില്ല .


മാറ്റങ്ങൾ തുടങ്ങേണ്ടത് സ്വയം എന്തെന്നുള്ള തിരിച്ചറിവിൽ നിന്നാണ് . ഈയറിവുണ്ടാക്കുന്നതു "അക്ഷരാഭ്യാസം തന്നെ എന്നുള്ള തിരിച്ചറിവ് അവൾക്ക് വന്നുതുടങ്ങിയിരിക്കണം .

അവിടെയുള്ളവരുടെ പ്രധാനപ്രശ്നമായ വനഭൂമിയാക്കി മാറ്റിയതിൽ നിന്നും അർഹതപ്പെട്ടത്‌ പതിച്ചു നൽകിപ്പിക്കാനുള്ള ചെറിയ ശ്രമങ്ങൾ തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു .


വനഭൂമിയാണ് തങ്ങളുടെയെല്ലാം എന്നറിയുന്നവർക്ക് അവിടത്തെ മണ്ണും വായുവും വെള്ളവും പ്രകൃതിയും അവരുടെ അവകാശമാണെന്നുകൂടി മനസ്സിലാക്കാൻ സാധിക്കണം .


അതിനുള്ള ബോധവൽക്കരണം നടത്താൻ അവരുടെ ഭാഷ വലിയ പിടിയില്ലാത്തതുകൊണ്ട് എനിക്ക് സാധിക്കില്ല . അവിടെപ്പോയി ഭാഷാപഠിക്കാം എന്നുവെച്ചാൽ ഹോസ്പിറ്റലിലെ രാത്രിവരെ നീണ്ടുപോകുന്ന തിരക്ക് കാരണം സാധിക്കില്ല , തിരുനെല്ലിയിലെത്താൻ പോലുമുള്ള അവസരമുണ്ടാവാൻ സാധ്യത വളരെ കുറവാണ് .



ദിവസങ്ങൾ കടന്നുപോകുകയല്ലാതെ എനിക്കെവിടേക്കും മാറിനിൽക്കാനോ പ്രവർത്തനങ്ങൾ തുടങ്ങാനോ സാധിച്ചില്ല . എന്റെ അഭാവത്തിൽ ഹോസ്പിറ്റൽ പ്രവർത്തനങ്ങൾ താളം തെറ്റുമെന്നെനിക്കറിയാമായിരുന്നു .


ഒരുവർഷത്തോളം കഠിനമായി പരിശ്രമിച്ചതിന്റെ ഫലമാണ് ഇന്നത്തെ നിലയിലെത്തി നിൽക്കുന്നത് . അതുകൊണ്ടുതന്നെ ആ അവസ്ഥയ്ക്ക് മാറ്റം വരാതിരിക്കണമായിരുന്നു ,ഒപ്പം കണ്ണടയുമ്പോൾ മനസ്സിലിരച്ചെത്തുന്ന


"അണ്ണാ " എന്നവിളികൾ ഉറങ്ങാനും സമ്മതിക്കില്ലായിരുന്നു . എന്റെ നാട്ടിലെ സാധാരണക്കാർക്കുവേണ്ടി ഞാനല്ലാതെ വേറെയാര് പ്രവർത്തിക്കും അല്ലെ വിദ്യാ"
"


"ഉം . ശരിയാണ് . നമ്മൾ തന്നെ വേണം ."


നൂറുമക്കളുണ്ടായതിൽ കൂറുകാണിക്കാൻ ബാക്കി തൊണ്ണൂറ്റൊന്പത് പേരുമുണ്ടല്ലോ , ഇടയിലെങ്കിലും സ്വന്തം ജീവിതം ചുറ്റുമുള്ളവർക്കായി മാറ്റിവയ്ക്കുന്ന ഒരാളും വേണം എന്നെനിക്ക് തോന്നി .


 കാലങ്ങൾ കൂടുമ്പോൾ അതുപോലൊരാൾ പലരൂപത്തിൽ പിറവിയെടുക്കുകയും ചെയ്യണം .
മുൻപൊരു നബിയുടെ രൂപത്തിൽ , യേശുവിന്റെ രൂപത്തിൽ പിന്നെയത് ബുദ്ധനും മഹാവീരനുമായി പിന്നെയും മുൻപോട്ട് വന്നാൽ മണ്ടേലയും ഗാന്ധിയും ഫിദലും ഇനിയും കാലം മുൻപോട്ട് നടക്കുന്നതിനിടയിൽ കൈലാഷും മലാലയുമായി അങ്ങനെയാ തുടർച്ച അവസാനിക്കാതെ മുൻപോട്ട് പോയിക്കൊണ്ടിരിക്കും , മുരുകൻ മാഷ് പാടിയപോലെ " അവനവന് വേണ്ടിയല്ലാതെ ...." ജീവിച്ചുമരിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നവർ ."



പക്ഷേ ലക്ഷ്യമെപ്പോഴും സമാനമായിട്ടും മാർഗങ്ങളിലുള്ള വ്യത്യസ്തതകൾ അവരെ കുറ്റവാളികളും ദേശദ്രോഹികളുമാക്കി എന്നത് തുറന്നുവെച്ച സത്യം .


ഈ കൂടിക്കാഴ്ച അവസാനിക്കരുതേയെന്നെനിക്കു തോന്നുന്നുണ്ടായിരുന്നു പലപ്പോഴും , മാവിൻ തണലിന്റെ നിഴലുകൾ സൂര്യന്റെ വേഗതയ്‌ക്കൊപ്പം മാറിമറിയുന്നത് ഞാൻ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .


"വിദ്യാ അന്ന് ഞാൻ ചെമ്പകത്തോട് കാര്യങ്ങൾ മനസ്സിലാക്കി കൊടുത്ത് തിരിച്ചയക്കുമ്പോൾ നേരിയ പ്രതീക്ഷ മാത്രമേയുണ്ടായിരുന്നുള്ളൂ . പക്ഷേ ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞു പത്ത് പന്ത്രണ്ട് ആദിവാസി യുവാക്കളും ശരത്തെന്ന മറ്റൊരു പയ്യനുമായി അവൾ തിരിച്ചെത്തി .



അന്ന് ഹോസ്പിറ്റലിലെ തിരക്കുകഴിഞ് ഞാൻ എത്തുമ്പോഴേക്കും ശരത്ത് ഏതാണ്ട് സമീപത്തുള്ളവരെയൊക്കെ പരിചയപ്പെട്ടിരുന്നു .
കഴിഞ്ഞ തവണ കാണുമ്പോഴുള്ള നിരാശയുടെ കയത്തിൽനിന്നും ശെമ്പകം പൂർണ്ണമായും റിക്കവറായപോലെ തോന്നി .


 അതിലേറെ എനിക്കത്ഭുതം തോന്നിയത് കറുപ്പൻ കൂടെയില്ലാത്ത ഏതാണ്ട് അര -മുക്കാൽ ദിവസത്തോളം നടന്ന് ഇത്രെയും പുരുഷന്മാരുടെകൂടെ വനത്തിലൂടെ അവളെത്തിയിരിക്കുന്നു .അപ്പോൾ പേടിക്കേണ്ടത് കാടിനെയോ നാടിനെയോ ? അവിടെ വന്യമൃഗങ്ങൾ, ഇവിടെ അല്പംകൂടി വന്യത്ത്വം കൂടിയ മനുഷ്യ മൃഗങ്ങൾ .



എന്റെ ചികിത്സയും മറ്റുള്ളവരുടെ പരിചരണവും കൊണ്ടൊക്കെ ക്ഷീണം മാറിത്തുടങ്ങിയ സീതയും ശെമ്പകവും ശരത്തും പാക്കരേട്ടനും കൂടെ ഞാനെത്തുമ്പോഴേക്കും കോട്ടേഴ്‌സിൽ ഭക്ഷണം റെഡിയാക്കി വച്ചിരുന്നു .



അവരോടൊപ്പം കഴിച്ച ശേഷം കോട്ടേഴ്‌സിനുമുന്നിലെ പുൽത്തറയിൽ കത്തിച്ച തീയ്‌ക്ക്‌ അടുത്തിരുന്ന് ശരത്ത് എത്തിപ്പെട്ടതിനെക്കുറിച്ചു പറഞ്ഞുതുടങ്ങി



കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്‌ മെയിൻ വിഷയമായി പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രാക്ടിക്കലിന്റെ ഭാഗമായി വയനാടൻ ആദിവാസി ഗ്രാമങ്ങൾ സന്ദർശിക്കാനെത്തിയത് .


കണ്ണിനുമുന്നിൽ തെളിഞ്ഞതെല്ലാം ക്യാമറയിൽ പകർത്തി കൂട്ടുകാർ മടങ്ങിയപ്പോഴും ശരത്തും അജീഷും അവിടെത്തന്നെ നിന്നു .


ഫൈനൽ ഇയർ പ്രോജെക്റ്റിൽ എഴുതിപ്പിടിപ്പിക്കേണ്ടിയിരുന്നത് ഊഹാപോഹങ്ങളല്ല മറിച്ചു ഇത്രകാലം പഠിച്ചതും കൊണ്ടുണ്ടാക്കിയെടുത്ത വ്യക്തമായ ഉത്തരങ്ങളാവണമെങ്കിൽ കഴിയുന്നത്ര അവരുടെകൂടെ നിൽക്കണമെന്ന് തീരുമാനിക്കുകയായിരുന്നു .


നഗരത്തിലെ കുട്ടികളെ അൽപം കൗതുകത്തോടെയും അതിയായ സ്നേഹപരിചരണങ്ങളോടെയും ആണ് ആദിവാസികൾ വരവേറ്റത് .


അവർകൊടുക്കുന്ന ഭക്ഷണം കഴിച്ചു , അയിത്തമില്ലാതെ അവരോടൊപ്പം കിടന്നുറങ്ങി , അവരുടെയൊപ്പം ജോലിചെയ്തു . ശരിക്കും പറഞ്ഞാൽ ഞാനൊരു കാഴ്ചക്കാരനും അജീഷ് അവരിൽ ഒരാളായി മാറുകയുമായിരുന്നു


ആദ്യമായി ഒരുകൂട്ടം യുവാക്കൾക്കും കുട്ടികൾക്കും അക്ഷരം പഠിപ്പിച്ചു കൊടുക്കുകയായിരുന്നു അവർ . നിരന്തരമായ ബോധവൽക്കരണങ്ങൾ ആദിവാസികൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലും ആ കുട്ടികൾ പറയുന്നതെല്ലാം സത്യമാണെന്ന് അവർക്ക് മനസ്സിലായി .


ഇതിനിടയിൽ പലപ്പോഴായി കോളനികൾ തല്ലിപ്പൊളിക്കാനും കുടിയൊഴിപ്പിക്കാനും എത്തിയ ഫോറെസ്റ് ഉദ്യോഹസ്തരുമായി അജീഷും ശരത്തും വാക്കുതർക്കത്തിലും ചെറിയ അടിപിടിയിലും എത്തി .


അവരുടെ ഭീഷണികൾ കേട്ട് കാടുവിട്ട് പോവാതിരുന്നപ്പോൾ കുടുംബത്തിനുനേരെ ആക്രമണം തുടങ്ങി . ഗതിമുട്ടിയപ്പോൾ പെട്ടെന്നൊരു ദിവസം എല്ലാമവസാനിപ്പിച്ചു മടങ്ങേണ്ടി വന്നു .



"എന്തായിരുന്നു പ്രശ്നം "

"അജീഷിന്റെ പ്രശ്നമല്ല , എന്റെ വീട്ടിലായിരുന്നു പ്രശ്നം . എന്റെ ഒരു ബന്ധുവിന്റെ റിസോർട്ട് തിരുനെല്ലിയിലും മുത്തങ്ങയിലും ഉണ്ട് . പുറത്തുനിന്നുവന്ന കുട്ടികൾ ചരിത്രം ചികഞ്ഞുവന്നാൽ അവർക്ക് പ്രശ്നമാവും എന്നുറപ്പുള്ളതുകൊണ്ട് അനിയത്തിയെ മുൻനിർത്തി ഭീഷണിപ്പെടുത്തിയപ്പോൾ എനിക്കുവേണ്ടി അജീഷ് സമ്മതിച്ചതാണ് ,

പക്ഷെ തിരിച്ചുള്ള യാത്രയിലും അവൻ ഈ നിമിഷം പിന്തിരിഞ്ഞു പോകുമോയെന്ന് എനിക്ക് തോന്നിയിരുന്നു . ശരിക്കും പറഞ്ഞാൽ കഥകളിലും സിനിമയിലും മാത്രം കണ്ട " മനുഷ്യനെ " ഞാൻ അവനിലൂടെ തിരിച്ചറിയുകയായിരുന്നു


"അവരെയെപ്പോഴും കാഴ്ചവസ്തുക്കളായി കാണാൻ മാത്രമാണ് മനുഎട്ട ലോകത്തിനിഷ്ടം അതുകൊണ്ടാണ് എത്രപരിശ്രമിച്ചാലും പരാചയപ്പെട്ട് പോകുന്നത് "



തുടരും
അയാളും ഞാനും തമ്മിൽ 19
--------------------



അയാളുടെ ചോദ്യങ്ങൾ ന്യായമാണെങ്കിലും പതിവുപൊലെഞാൻ മൗനം തുടർന്നു .


  മറുപടി കൊടുക്കുമ്പോഴത് ഒറ്റവാക്കിലൊ വ്യക്തിയിലോ ചെന്നവസാനിക്കില്ല ,പെട്ടെന്നവസാനിക്കാത്ത ചങ്ങലക്കണ്ണി കണക്കെ നീണ്ടുപോകും . അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നത് ഉത്തരവാദിത്തം തന്നെയാണെന്ന് മനസ്സിലാക്കി കൊടുക്കുക മാത്രമാണ് ഏക പോംവഴി.


എന്നാൽ അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാത്ത ഇപ്പോഴും കാടിനപ്പുറത്തൊരു ലോകമില്ലാതെ ജീവിക്കുന്നവരെ ബോധവൽക്കരിക്കുക ഏറെ വിഷമം പിടിച്ചതും .


മറ്റൊന്ന് സ്വന്തം ജീവിതവും ജീവനും സമ്പത്തും സംരക്ഷിക്കാൻ അവർക്ക് കഴിയാറില്ല .


കൃത്യമായി പറഞ്ഞാൽ ആദിമനിവാസികൾ എന്ന് അടച്ചാക്ഷേപിക്കും മുൻപൊന്നു ചരിത്രം പരിശോധിച്ച് നോക്കണം , അറിയപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത അറിവുള്ള ആര്യ സമൂഹത്തിനൊപ്പം ചേർന്നുനിന്നത് കുറച്ചുപേരേയുള്ളു .


ബാക്കിയെല്ലാവരും തെക്കും വടക്ക് പടിഞ്ഞാറുമായി പലായനം ചെയ്യപ്പെട്ട് ജീവിച്ചു . കാടുവെട്ടിത്തെളിച്ച നമ്മളെപ്പോലുള്ളവർ ഇന്നിങ്ങനേയും കാടിനുള്ളിൽ കഴിഞ്ഞവർ ആ രൂപത്തിലും തുടർന്നു .


പിന്നീട് ലോകമൊരുപാട് വളർന്നു ,എന്നാൽ കാടിനുള്ളിലുള്ളവരപ്പോഴും തേൻകുടങ്ങൾക്കും കായ്കനികൾക്കുംവേണ്ടിമാത്രം തിരഞ്ഞു .


നോക്കുമ്പോൾ പ്രാകൃതമായ രൂപാവിധാനങ്ങൾ എങ്കിലും നമുക്ക് അവർ അത്ഭുതജീവിയാവുന്നപോലെ അവർക്കും പരിഷ്കാരികളായ മനുഷ്യർ അത്ഭുതജീവികളായിരുന്നു .


മൃഗങ്ങളോട് മല്ലിട്ട് ജീവിച്ചിട്ടും അവർ കാടിന്റെ കവചത്തിൽനിന്നും പുറത്തുകടക്കാൻ ആഗ്രഹിച്ചില്ല . നാട്ടിലെ ഇടങ്ങളിൽ പുതിയ വീടുകളും കൃഷിഭൂമിയും നിറഞ്ഞുതുടങ്ങിയപ്പോഴെല്ലാം അവർ കാടിന്റെയോരോ ഭാഗങ്ങളായി വെട്ടിത്തെളിച്ചെടുത്തു .


ഇതൊന്നുമറിയാതെവർ ഇവിടെ വ്യവസ്ഥിതികളും നിയമങ്ങളും വന്നതറിയാതെ ഫോറെസ്റ് ന്റെ ഭൂമിയിലെ കയ്യേറ്റക്കാരായി . ഓലയും ഈറയും മേഞ്ഞ കുടിലുകൾ തകർക്കലും അവരെ ഒഴിപ്പിക്കലും അവിടെ തുടങ്ങുന്നു .


 കാട്ടിലെ സമ്പത്ത് അന്വഷിച്ചുവന്നവർക്കുമുന്പിൽ കാട്ടുമക്കൾ അടിയറവ് പറഞ്ഞു , തേനും കാട്ടുകിഴങ്ങുകളും തുടങ്ങി വന്മരങ്ങളും ഔഷധസസ്യങ്ങളും മൃഗങ്ങളും അവർ പുറത്തേക്ക് കടത്തി . ടൺ കണക്കിന് മാലിന്യങ്ങൾ കാടിനകത്ത് നിക്ഷേപിക്കപെട്ടു .


എന്തിനേറെ പറയുന്നു ആദിവാസിയുടെ വ്യക്തവും കൃത്യവുമായ ഔഷധക്കൂട്ടുകൾക്ക് ആരൊക്കെയോ പേറ്റന്റുകൾ വാങ്ങിക്കൂട്ടി . ആഗോളതലത്തിൽ അതൊരു ട്രേഡ് മാർക്കും അടിസ്ഥാനത്തിൽ വട്ടപ്പൂജ്യവുമായി മാറുകയായിരുന്നെന്നു പറയാം.



"ശരിയാണ് . എന്നിട്ട് "


"അതുകൂടാതെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയില്ലായ്മ വരുത്തുന്ന പകർച്ചവ്യാധികളും കൂടുതൽ അവർ പേടിച്ചിരുന്നത് ഹോസ്പിറ്റലിൽ പോകേണ്ടി വന്നവരെയാണ് .


അങ്ങനെയുള്ളവരെല്ലാം മരണത്തിലേക്കെന്ന് അവർ വിശ്വസിച്ചിരുന്നു . ഒരുതരത്തിൽ പറഞ്ഞാലതും ശരിയായിരുന്നു ,ആദിവാസികളുടെ നാട്ടുമരുന്നുകളുടെ ഗുണമൊന്നും ലഭ്യമാക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കഴിഞ്ഞിരുന്നില്ല .


ഇപ്പോൾ ഈ സ്ഥിതിയിൽ അൽപം മാറ്റം വന്നിട്ടുണ്ടെങ്കിലും പാതിയോളം ജനവിഭാഗത്തിനും ഇന്നും ഭയമാണ് . രണ്ടാം ക്‌ളാസ്സുവരെ പഠിച്ച ശെമ്പകം എനിക്കൊരു അത്ഭുതമാവുകയായിരുന്നു . ഇവൾക്ക് എന്തൊക്കെയോ ആ ഗ്രാമങ്ങൾക്കുവേണ്ടി ചെയ്യാൻ കഴിയുമെന്നൊരു തോന്നൽ .


ഞാനത്ക്കുറിച്ചു സൂചിപ്പിച്ചപ്പോഴും പോസിറ്റീവ് ആയ മറുപടിയായിരുന്നു . എന്റെ മനസ്സിൽ പുതിയ പദ്ധതികൾ രൂപപ്പെടുകയായിരുന്നപ്പോൾ . എന്റെ മുൻപിൽ രണ്ടുവഴികളെ ഉണ്ടായിരുന്നുള്ളു ഒന്നുകിൽ അച്ഛൻ പറഞ്ഞപോലെ അമ്മയുടെ ആഗ്രഹംപോലെ ട്രാൻസ്ഫർ വാങ്ങിപ്പോകുക .



അല്ലെങ്കിൽ എന്റെ ജീവിതം കൊണ്ട് കുറച്ചുപേർക്കെങ്കിലും പ്രയോചനമുണ്ടാക്കുക ,വഴിയിൽ ഞാനൊരുപക്ഷേ വീണുപോയാലും അതൊരു ചെറുവിരലനക്കമായി കണ്ട് അവർക്കുവേണ്ടി മുന്നിലേക്കുവരാൻ അവരുടെയിടയിൽ നിന്നും പ്രാപ്തരായവരെ ഉണ്ടാക്കിയെടുക്കുക ,അതിനുള്ള വ്യക്തമായ വഴിയാണ് ശെമ്പകം.


എന്തിനും അവളൊരുക്കവുമായിരുന്നു .!


തുടരും
അയാളും ഞാനും തമ്മിൽ 18
-----------------



"വിവാഹവും മരണവും കഴിഞ്ഞു അധികമാവും മുൻപേ അവരെന്തിനാണ് തിരികെയെത്തിയത് "?



  "ഫോറെസ്റ് ഡിവിഷൻ ഓഫീസായതുകൊണ്ട് സി സി ടി വി ക്യാമറ ഉണ്ടായിരുന്നത് അപ്പോഴത്തെ പരവേശത്തിൽ ഞാൻ ശ്രദ്ധിക്കാതെ പോയി .


റേഞ്ച് ഓഫിസറുടെ മരണത്തിന് ശേഷം വന്ന പത്രത്തിൽ തിരുനെല്ലി റേഞ്ച് ഫോറെസ്റ് ആക്രമണം: മാവോയിറ്റുകൾ റേഞ്ച് ഓഫിസറെ വധിച്ചു .


ഇടയ്ക്കിടെ മാവോയിസ്റ് ആക്രമണങ്ങൾ ഈ സ്ഥലത്ത്‌ പതിവാണെന്ന് മറ്റ്‌ ഉദ്യോഹസ്ഥൻ പറഞ്ഞു ,ആദിവാസികളെ ചോദ്യം ചെയ്യും എന്നിങ്ങനെയുള്ള വാർത്തയായിരുന്നത് .


സീതയ്ക്കുവേണ്ടി പ്രൈമറി മെഡിസിൻസ് എന്തെങ്കിലും കിട്ടുമോയെന്നറിയാനായിരുന്നു ആ മുറിയിൽ ഞാൻ പോയത് . അവിടത്തെ ക്യാമറയിലെ തെളിവുമാത്രം വെച്ചാണ് പ്രതി ഞാനെന്ന മാവോയിസ്റ് ആണെന്നവർ കണ്ടെത്തിയത് ."



"അയ്യോ ..... എന്നിട്ട് "

ഇക്കാലത്ത് ഒന്നിലും തലയിടാതെ സ്വന്തംകാര്യം മാത്രം നോക്കുന്നതാണ് നല്ലതെന്ന് എനിക്കൊന്നുകൂടി വ്യക്തമായി .



"കേരളത്തിലെ മിക്ക പത്രങ്ങളിലും ഇത് ആദ്യപുറത്തുതന്നെ അച്ചടിച്ചുവന്നു . എന്റെ ഛായാചിത്രങ്ങൾ മലയാളികൾ കണ്ടുതുടങ്ങി . ടെലിവിഷനിൽ കുറച്ചുകാലത്തേക്കുള്ള ലൈവ് വാർത്തകളായി . എന്നെപ്പിടിക്കാനായി ആദിവാസി ഭൂമിയിൽ രാപകലില്ലാതെ ആളുകൾ കയറിയിങ്ങി .


 വനത്തിലേക്ക് പുതിയ അന്വഷണ സംഘമെത്തി . മരിച്ചയാളുടെ കുടുംബത്തിന് സർക്കാർ ധനസഹായവും ഭാര്യയ്ക്ക് ജോലിയും ,പഠനത്തിനുശേഷം മക്കൾക്കും ജോലികൊടുക്കുമെന്ന ഉറപ്പും നൽകി . "



"ഉം "


 എനിക്കൊന്നും പറയാനുണ്ടായില്ല , അദ്ദേഹം പറയുന്നതെല്ലാം നൂറുശതമാനം ശരിയുമായിരുന്നു


"പക്ഷേ എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരുകാര്യമുണ്ട് വിദ്യാ ഇത്രെയേറെ ചിന്താശേഷിയും വിദ്യാസമ്പന്നരും ആയിട്ടും ആദിവാസിക്കുടിയിലെ അരക്ഷിതാവസ്ഥകൾ ഇത്രയും മാധ്യമങ്ങളിലൂടെ പൊതുജനമധ്യത്തിൽ എത്തിയിട്ടും ഒരാളും അതേക്കുറിച്ചു ചിന്തിച്ചുപോലുമില്ലാലോ ?



എന്താണ് നിങ്ങളെല്ലാം കൂടി തുറന്ന ഒറ്റപ്പെടുത്തൽ ആണോ നടത്തുന്നത് ? ഇതായിരുന്നോ പ്രബുദ്ധ കേരളം ?


ഒന്നുമില്ലെങ്കിലും ഒരുമുറിയിൽ മാത്രമെങ്ങനെയാണ് സി സി ടി വി, മുൻപിലെ ദിവസങ്ങളിലെ ചിത്രങ്ങൾ എവിടെപ്പോയി എന്നെങ്കിലും ചോദിക്കാനാരും വരാതെ പോയതെന്താണ് ? വല്യ വിദ്വാന്മാരായതുകൊണ്ട് മൗനം പാലിക്കുകയാണല്ലേ ?


ഇത്രയും പെൺകുട്ടികളുടെ മാനമപഹരിക്കപ്പെട്ടതും ആണുങ്ങളെ തല്ലിച്ചതച്ചതും ഗസ്റ്റുകൾ എന്നപേരിലെത്തിയവർ കുടിച്ചുകൂത്താടിയതും അവിടെയായിരുന്നല്ലോ ?


അന്യനെ നോക്കി പരിഹസിക്കാനല്ലാതെ സ്വയം മാന്യനാകാൻ പഠിച്ചവരുടെയെണ്ണം ഏറ്റവും കുറവ് കേരളത്തിലാണ് വിദ്യാ , ഇങ്ങനെ ഈ നാടിനെ അടച്ചാക്ഷേപിക്കാൻ കാരണമുണ്ട് മറ്റ്‌ ഇടങ്ങളെവെച്ചും ഉയർന്നതലത്തിലുള്ള ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസവും "



"ഉം "

അപ്പോഴുമെനിക്ക് ഉത്തരമുണ്ടായില്ല



" കറുപ്പനും ഭാര്യയും വന്നത് ശരിക്കും വലിയ ഷോക്കായിരുന്നു എനിക്ക് ,എന്നെക്കുറിച്ചുള്ള വാർത്തയിലധികം അവിടെയുള്ളവരെ തല്ലിചതച്ചിട്ടും ഒരാളും എന്നെക്കുറിച്ചൊരു വാക്കുപോലും പറഞ്ഞില്ലെന്നതാണ് . അവരുടെ കണ്ണിൽ പെട്ടാൽ ജീവനോടിരിക്കില്ല എന്നുതോന്നിയതുകൊണ്ട് സീതയ്ക്കൊരു രക്ഷാസ്ഥാനം അന്വഷിച്ചു വന്നവരായിരുന്നു അവർ . "



"എന്തൊരു ലോകമാണല്ലേ "


"ഉം . അർഹിക്കുന്നവർക്ക് ആവശ്യങ്ങൾ ചോദിക്കാൻ അവസരമില്ലാത്തിടത്തോളം കഷ്ടം തന്നെയാണ് വിദ്യാ . ഒരാഴ്ചയോളം എന്റെകൂടെ താമസിച്ചാണ് ശെമ്പകം കാട്ടിലേക്ക് മടങ്ങിയത് .


 അതിനിടയിൽ എനിക്ക് അവളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞ കുറെ കാര്യങ്ങളുണ്ട് . അവയിലധികവും ഊരിലെ അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതയില്ലായ്മയാണ് .


റേഷനരിയെ പൂർണ്ണമായും ചോറുവെക്കാൻ ആശ്രയിക്കുന്ന ഒട്ടുമുക്കാൽ ഭാഗത്തിനും കിട്ടുന്നത് മാസത്തേക്ക് രണ്ടോമൂന്നോ കിലോമാത്രം ,പഞ്ചസാരയും ഗോതമ്പുമൊന്നും അവിടെയെത്താറേയില്ല .


വൈദുതിയില്ലാത്ത കുടുംബങ്ങൾക്ക് ഉള്ളതിന്റെ കാൽഭാഗം പോലും മണ്ണെണ്ണ കിട്ടുന്നില്ല .അതിനെല്ലാമുപരി ഇവർക്ക് സൗജന്യമായി ഇവയൊന്നും ലഭിക്കാറുമില്ലെന്നതാണ് .എന്നാൽ റെക്കോർഡുകളിൽ നിയമമനുസരിച്ചുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു .


സ്ഥിരമായുള്ള പട്ടിണിമരണങ്ങൾ കാണുമ്പോഴെങ്കിലും ഇതൊന്ന് ക്രോസ്സ് ചെക്ക് ചെയ്യാൻ ആരും മുതിരാത്തതെന്താണ് "?




തുടരും
അയാളും ഞാനും തമ്മിൽ 17
-----------------



അവൾക്ക് പിന്നിലായി കുടിയിലേക്ക് നടക്കുമ്പോൾ മനസ്സിലൊരു ശൂന്യതയും ആണായിട്ടും ഈ കൊച്ചുപെണ്ണിന്റെ മുന്നിൽ തോറ്റുപോകുന്നപോലെ



 "അവൻ മരിച്ചോ ?"


"അറിയില്ല , പക്ഷേ മരിക്കണം ഇല്ലെങ്കിൽ ഞങ്ങൾക്കിനിയിവിടെ ജീവിക്കാൻ സാധിക്കില്ല . അവനെന്നെ കണ്ടിരുന്നു ,ജീവിച്ചുവന്നാൽ ..........


വേണ്ട അണ്ണാ ഞാനത്രയും കുത്തിയിട്ടുണ്ട് . എന്റെയും എന്നെപ്പോലുള്ളവരുടെയും ജീവിതത്തിൽ അവനെപേടിക്കാതെ ജീവിക്കാൻ കഴിയുന്ന നാളുകളുണ്ടാവണം ,ഇവിടത്തെ പെൺകുട്ടികൾ സമാധാനമായുറങ്ങിക്കോട്ടെ"



"
"ഉം "


ഞാനൊന്നും പറയാതെ സീതയുമായി നടന്നു , തണുപ്പും അപരിചിതമായ കാട്ടുവഴികളും സീതയെ ചുമന്ന് നടക്കുന്നത് കൂടുതൽ ആയാസമുള്ളതാക്കിയിരുന്നു , നിലാവിന്റെ വെട്ടമെങ്കിലും ഞാൻ പ്രതീക്ഷിച്ചു.


തിരികെയെത്തുമ്പോഴും എല്ലാവരും ഉറക്കത്തിൽ തന്നെയായിരുന്നു , മീനമ്മയെ താൻ കിടക്കുന്ന പായയിൽ കിടത്തി പുതപ്പിച്ചു , അടുത്തുതന്നെ മറ്റൊരുപായയിൽ സീതമ്മയെ കിടത്തി ഞാൻ തിരികെ പോകാൻ നിൽക്കുമ്പോൾ അവൾ വിളിച്ചു


"അണ്ണാ മീനമ്മാവ്‌ടെ സാവ്‌വാർത്ത അറിഞ്ഞാൽ നാളെ കല്യാണം നടക്കില്ല . എന്നെ പോലുള്ള പെണ്ണിനെ കിട്ടാതിരിക്കാൻ ദൈവം കൊണ്ടുതരുന്ന സൂചനയാണിത് "


"അല്ല മോളെ ഇതൊരു പുതിയ തുടക്കമാണ് , നിന്നെ ഇല്ലാതാക്കിയവരോടുള്ള പ്രതികാരം നീ ചെയ്തുകഴിഞ്ഞു .
ഇഷ്ടമില്ലാത്തവൻ തൊടുമ്പോൾ ഏതുപെണ്ണിനും സ്വന്തം ശരീരത്തോടും വ്യക്തിത്വത്തോടും അറപ്പുതോന്നും . നീയാഗ്രഹിക്കാതെ നിനക്കുവന്ന അസുഖംപോലെ ഇതിനെയും മറന്നുകളയണം .


കാട്ടിലൂടെ പോകുമ്പോൾ അറപ്പുണ്ടാക്കുന്നതരം അട്ടകൾ ശരീരത്തിൽ അള്ളിപ്പിടിച്ചു രക്തം കുടിക്കില്ല അതുപോലൊരസുഖം , അതിനെ വേർപെടുത്തിയെടുത്ത് വിഷം പോവാൻ നിങ്ങള് കൊറേ പച്ചിലമരുന്ന് പ്രയോഗിക്കില്ലെ അതുപോലെ ഒരുമരുന്നായിരുന്നു അവനെ നീ കൊന്നത് .


ഇതോടെ നിന്റെയെല്ലാ അഴുക്കുകളും പോയെന്ന് കരുതുക .
നീയാണ് സീതയ്ക്കും ഇതുപോലെ വേദനയനുഭവിക്കുന്ന ഒരുപാടുപേർക്കും താങ്ങാവേണ്ടത് . നിനക്കത്തിന് കഴിയുമെന്നെന്റെ മനസ്സുപറയുന്നു .


സ്വന്തം നിലനില്പിനുവേണ്ടി ആയുധമെടുക്കുന്നവർ കൂടുതലാണ് ശെമ്പകം , എന്നാൽ ചുറ്റുമുള്ളവരുടെയെല്ലാം ക്ഷേമത്തിനായി ആയുധമെടുക്കുന്നവനാണ് ത്യാഗി . അതെല്ലാവർക്കും കഴിഞ്ഞെന്നുവരില്ല നിന്നെപ്പോലെ ചിലർക്കുമാത്രം ."



"ഉം .... ആനാലും മീനമ്മ ഇപ്പിടി കിടക്കുമ്പോത് എപ്പടി കല്യാണം "


"മോളെ നീയതൊന്നും ആലോചിക്കേണ്ട , ഇന്ന് നിന്റെചുറ്റിലും ഞങ്ങളെല്ലാമുണ്ട് പക്ഷേ നാളെമുതൽ നീതനിച്ചാണ് അപ്പോൾ നിനക്കീ താലിയുടെ കവചം കൂടിയേതീരൂ . നാളെ വിവാഹത്തിനുശേഷം ഈ മരണവാർത്ത എല്ലാരുമറിഞ്ഞാൽ മതി ,വിവാഹം കഴിഞ്ഞശേഷം ഞാനെല്ലാവരോടും പറഞ്ഞോളാം . സീതയുടെ കാര്യം രാമയ്യനെ ഏൽപ്പിക്കാം "


"ഉം .."


ചെയ്യാൻ പാടില്ലാത്തതാണെങ്കിലും മരണം മറച്ചുവച്ചു ഞങ്ങളാ വിവാഹം നടത്തി . ആരുടേയും കണ്ണിൽപ്പെടാതെ മീനമ്മയുടെ ബോഡി ഞങ്ങൾ കാട്ടിലേക്ക് മാറ്റിയിരുന്നു . വിവാഹം കഴിഞ്ഞതും രാമയ്യന്റെ സഹായത്തോടെ മീനമ്മയെ എല്ലാവരുടെയും മുന്നിലേക്ക് കൊണ്ടുവന്നു .


നോട്ടം കൊണ്ട് കാരണം കണ്ടുപിടിക്കുന്ന ആദിവാദികളോട് കുറച്ചുമുമ്പേ മരിച്ചെന്ന് പറയാൻ കഴിഞ്ഞില്ല . സത്യങ്ങൾ അവരെയറിയിക്കുമ്പോൾ പ്രതീക്ഷിച്ചപോലൊരു ഞെട്ടലോ ഞങ്ങളെ കുറ്റപ്പെടുത്തലോ ഉണ്ടായില്ല .


എല്ലാമവരുടെ വിധിയെന്നുള്ള സ്വയം സമാധാനമേ ഉണ്ടായുള്ളൂ ഒപ്പം നിയന്ത്രിക്കാനാവാത്ത കരച്ചിലും .
തിങ്കളാഴ്ചയായതുകൊണ്ട് സംസ്കാരത്തിൽ പങ്കെടുക്കാൻ നിൽക്കാതെ രാമയ്യനെയും കൂട്ടിഞാൻ മലയിറങ്ങി .


ഇരുനൂറോളം കിലോമീറ്ററുകൾ കാട്ടുവഴികളിലൂടെ നടക്കുമ്പോഴാണ് രാമയ്യൻ കുറച്ചുനാൾ മുൻപ് കാട്ടിൽ വിപ്ലവമുണ്ടാക്കാൻ വന്നിട്ട് പെട്ടെന്നൊരുദിവസം മടങ്ങിപ്പോയ ശരത്തിനെയും അജീഷിനെയും കുറിച്ച് പറയുന്നത് .


അടിമകൾക്ക്‌ അക്ഷരാഭ്യാസം നൽകാനും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും വീടും നാടുമുപേക്ഷിച്ചു കാടുകയറിയ ചെറുപ്പക്കാർ വൃത്തിയും വെടിപ്പും പഠനത്തിന്റെ ആവശ്യവും അവരെപറഞ്ഞു മനസ്സിലാക്കുന്നതിൽ ഒരുപരിധിവരെ വിജയിച്ചതായിരുന്നെങ്കിലും കൂടുതൽ മുന്നോട്ടുപോവാതെ പിന്തിരിഞ്ഞോടുകയായിരിന്നു.



"അതെന്തുപറ്റി ?"


"അവർക്കവിടെ നിലനില്പില്ലായിരുന്നു "



"എന്നുവെച്ചാൽ ആദിവാസിയെ നന്നാക്കാൻ ആരെയും സമ്മതിക്കില്ലെന്ന് കച്ചകെട്ടിയിറങ്ങിയ ചിലരുണ്ടായിരുന്നു . അവർ പ്രതികരിച്ചതാവും "


"ഉം ....എന്ത് മനുഷ്യർ ആണല്ലേ ...."


"അതെ വിദ്യാ ....അന്ന് രാമയ്യനോടൊപ്പം മലയിറങ്ങിയപ്പോഴാണ് അച്ഛനും അമ്മയും വന്നിട്ട് രണ്ടുദിവസമായെന്നറിയുന്നതു .
അച്ഛനെ എളുപ്പത്തിൽ പറഞ്ഞുമനസ്സിലാക്കാൻ സാധിച്ചെങ്കിലും എത്രെയും പെട്ടെന്ന് മറ്റൊരിടത്തേക്കുള്ള ട്രാൻസ്ഫർ എന്ന വാക്ക് അംഗീകരിക്കേണ്ടി വന്നു .



അമ്മയുടെ ഏറ്റവുംവലിയ പരാതി എനിക്ക് വിവാഹപ്രായം ആയെന്നും പെട്ടെന്നൊരു മരുമകളെ വേണമെന്നുള്ള സങ്കടമായിരുന്നു . ട്രാൻസ്ഫർ കിട്ടിയിട്ട് നോക്കാമെന്ന വ്യവസ്ഥയിൽ അതും അപൂർണ്ണമായി സമ്മതിച്ചു .
എന്നോടൊപ്പം രണ്ടുദിവസം കൂടെ നിന്നിട്ടാണ് അവർ മടങ്ങിയത് .


അതിനിടയ്ക്ക് അച്ഛൻ ആശുപത്രിയും പരിസരവും പരിചയപ്പെട്ടു . ഇറങ്ങാൻ നേരം


 "നിന്നെയോർത്ത്എനിക്കിപ്പോൾ അഭിമാനം തോന്നുന്നുണ്ട് " എന്നച്ഛൻ പറഞ്ഞത് അതുവരെയില്ലാത്ത ആവേശം തോന്നിപ്പിച്ചു .



പിന്നീടുള്ള ദിവസങ്ങളിലായിരുന്നു കറുപ്പന്റെ അഭാവം നന്നായറിഞ്ഞത് . ശനിയാഴ്ച ഉച്ചയ്ക്ക് മലകയറാൻ ഉറപ്പിച്ചിരിക്കുമ്പോൾ അന്ന് രാവിലെത്തന്നെ കറുപ്പൻ തിരികെയെത്തി കൂടെ ശെമ്പകവും .!



തുടരും
അയാളും ഞാനും തമ്മിൽ 16
--------------------



സീതയുടെ മുഖത്ത് വെള്ളം തളിച്ചിട്ടും ഉണരുന്ന ലക്ഷണമൊന്നുമില്ലായിരുന്നു ,കണ്ണുതുറക്കാനുള്ള ശേഷിപോലുംഅവൾക്കു നഷ്ടപ്പെട്ടിരുന്നു . പെട്ടെന്ന് ഗ്ലൂക്കോസ്എത്തിക്കാനുള്ള വഴിയുമില്ല .



  അടുക്കളയിൽ നിന്നും എടുത്തുവന്ന തണുത്ത കഞ്ഞിവെള്ളം സ്പൂണുകൊണ്ട് കോരിക്കൊടുത്തപ്പോൾ അവൾ ഒന്ന് തെളിഞ്ഞപോലെ തോന്നി . അതുമുഴുവൻ അവൾക്കുകൊടുത്തശേഷം കുപ്പിവെള്ളത്തിൽ മുക്കിയ ബെഡ്ഷീറ്റുകൊണ്ട് അവളുടെ മുഖത്തെ ചോരപ്പാടുകൾ തുടച്ചുകൊടുത്തു .


ഒരുകുപ്പിയുടെ അറ്റത്തുണ്ടായിരുന്ന അൽപം മദ്യം കൊണ്ട് മുറിവുകൾക്കുമീതെ വെച്ചൊപ്പുമ്പോൾ അവളിൽ ചെറിയ ഞെരക്കങ്ങൾ ഉണ്ടായിത്തുടങ്ങി .
അവളെ തല്ക്കാലം വിട്ടുഞാൻ ശെമ്പകത്തിന്റെ അടുത്തെത്തുമ്പോൾ അവൾ ഞെട്ടിവിറച്ചു നിൽക്കുകയായിരുന്നു .


"അണ്ണാ മീനാക്ഷി "


രാവിലെ കറുപ്പന്റെ മടിയിലിരുന്ന് കൊഞ്ചിയ പെൺകുട്ടി ചോരയിൽ കുളിച്ചു കിടക്കുന്നു .
ശെമ്പകത്തെ മറികടന്ന് ആ കുഞ്ഞിനെ വാരിയെടുക്കുമ്പോൾ മരവിച്ച ശരീരത്തിന്റെ തണുപ്പേറ്റ് ഞാൻ തളർന്നുപോയി .


"അണ്ണാ എന്താ മീനമ്മയ്ക്ക് "


"മീനമ്മയിനി നമുക്കിടയിലില്ല "


എന്നവളോട് പറയുമ്പോൾ എന്റെശബ്ദവും കരച്ചിലായി മാറിയിരുന്നു "




"മനു ഏട്ടാ ........"


അദ്ദേഹത്തിന്റെ വാക്കുകളിൽ വിടർന്നുവന്ന ചിത്രമോർത്തപ്പോൾ അറിയാതെഞാൻ വിളിച്ചുപോയി .



"കരളുറപ്പില്ലാത്ത ആർക്കും കാണാനാവില്ല വിദ്യാ . പിഞ്ചുദേഹം മുഴുവൻ നഖക്ഷതങ്ങളിൽ നിന്നും ശാരീരികബബന്ധത്തിൽ നിന്നുമേറ്റ രക്തംകൊണ്ട് അവൾക്ക് ഉടുപ്പുതുന്നിയപോലെ .... അതിനിടയ്ക്ക് സീതയുടെ ശബ്ദം കേട്ടു ഞാൻ മീനാക്ഷിയെ ശെമ്പകത്തിനടുത്തു കിടത്തി പോയി .



"വേദനിക്കുന്നു ഡോക്ടർ അണ്ണാ "


 എന്ന അവളുടെ വാക്കുകളിലും അവിടെക്കണ്ട കാഴ്ചകളിലും ഞാൻ തളർന്നിരുന്നു . മീനമ്മയെ വാരിപ്പിടിച്ചു ശെമ്പകവും എത്തിയിരുന്നു


"അണ്ണാ പോകാം "


ഞാനൊന്നും പറയാതെ സീതയെ ബെഡ്ഷീറ്റിനാൽ പൊതിഞ്ഞു അവളുടെ പുറകിലായി നടന്നു , മുൻപുണ്ടാവാത്ത രൂക്ഷമായ രക്തത്തിന്റെമണം എന്തെന്ന് സംശയം തോന്നിയെങ്കിലും മീനാക്ഷിയുടെയോ സീതയുടെയോ ശരീരത്തിലെ മുറിവിൽ മുറിവിൽ നിന്നും പൊടിഞ്ഞതാണെന്ന് കരുതി .


 ആദിവാസികളുടെ ആയുർവേദമരുന്നുകൾ സീതയെ രക്ഷിക്കുമെന്ന ഉറച്ചവിശ്വാസം എനിക്കുണ്ടായിരുന്നു ഒപ്പം ഈ പ്രശ്നത്തിനൊരു പരിഹാരം വേണമെന്നും .


മുതുമലയിലെ ജീവനക്കാരനായ എനിക്ക് വയനാട്ടിലെ പ്രശ്നത്തിനായി എങ്ങനെ പ്രവർത്തിക്കാം എന്നതിന്റെ ചെറിയ പ്ലാനിങ്ങായിരുന്നു മനസ്സിൽ
മണ്ണെണ്ണവിളക്ക് എവിടെവെച്ചെന്ന് കൃത്യമായറിയാത്തതുകൊണ്ട് തിരിച്ചുപോക്കിൽ ഈ കുഞ്ഞുങ്ങളുടെ ഭാരവും വഹിച്ചുള്ളയാത്ര ഞങ്ങൾക്ക് ദുര്ഘടമായിരുന്നു .


പുലർച്ചെ ശെമ്പകത്തിന്റെ വിവാഹമാണ് എന്നാൽ മീനാക്ഷി മരണപ്പെട്ടതറിഞ്ഞാൽ അതുനടക്കില്ല , ശെമ്പകത്തിനു തുടർന്നുള്ളജീവിതത്തിൽ ഇതുപോലൊരുപട്ടിയും വേട്ടയാടപ്പെടാതിരിക്കാൻ താലിയുടെ സുരക്ഷാ കൂടിയേതീരൂ .


"അണ്ണാ എന്താ ആലോചിക്കുന്നത് ?"


"ഏയ് ഒന്നുമില്ല മോളെ .... പെണ്ണിനെ ഒറ്റയ്ക്കുകിട്ടിയാൽ ഇങ്ങനെ പെരുമാറുന്നവരുണ്ടാകുമോ "?


"അണ്ണാ നിങ്ങളോടു എപ്പടി സൊല്ലണമെന്നു എനിക്കറിയില്ല , ഒരു രാത്രി അഞ്ചുപേർ ചേർന്ന് ...... ശ്വാസംമുട്ടി ചത്തുപോകുമോ ഞാനെന്ന് തോന്നിപ്പോയി ... ശരീരം മുഴുവൻ കീറിമുറിക്കുന്ന വേദനയായിരുന്നു , ഒന്നിനും കഴിയാത്ത പെണ്ണിന് അവളുടെ മാനം പോലും സ്വന്തമല്ല അണ്ണാ .....

 അവനാണ് എല്ലാത്തിനും കാരണം .....അവനാണ് കോളനിപ്പെണ്ണുങ്ങളെ തേടിപ്പിടിക്കുന്നവൻ ...എന്റെ മീനമ്മയ്‌ക്കെന്തു പ്രായമുണ്ടാവും അണ്ണാ അവന്മാരുടെ മക്കളുടെയത്രെയും വരുമോ ....എന്നിട്ടും ....സീതയ്ക്ക് പതിനാലുവയസ്സുമാത്രം അവൾക്കിനിയൊരു ജീവിതമുണ്ടോ അണ്ണാ ....

അവളെകെട്ടാൻ വരുന്നവന് കൊടുക്കാൻ കുടിക്കാർ എത്രസമ്പാദിച്ചിരിക്കും ... കറുപ്പനെപോലെ ഉള്ള ആണുങ്ങൾ കുറവാണ് അണ്ണാ ... അന്നവിടെനിന്നും പുറത്തുവരുമ്പോൾ ജീവിക്കണം എന്നുള്ള പൂതിയൊക്കെ പോയിരുന്നെനിക്ക്
എങ്ങനെയാ പിടിച്ചുനിന്നെന്ന് ഇപ്പോഴുമറിയില്ല , സത്യം പറഞ്ഞാലിങ്ങനൊരു കല്യാണം പോലും വേണമെന്ന് തോന്നുന്നില്ല അണ്ണാ .."



"മോളെ നമുക്ക് നാളെത്തന്നെ പോലീസിൽ പരാതിപ്പെടാം ,എല്ലാം നിയമത്തിന്റെ വഴിയേ നടക്കട്ടെ , തമിഴ്നാട് പോലല്ല ഇവിടെയുള്ളവർ കുറച്ചുകൂടി പഠിപ്പും വിവരവുമുള്ളവരാണ് "



"അതുവെറും തോന്നലാണ് അവരുവരുമ്പോൾ ആണുങ്ങളെ തല്ലിച്ചതക്കുകയും പെണ്ണുങ്ങളെ കൂട്ടമാനഭംഗം ചെയ്യുകയും ചെയ്യും.
അവനുള്ള ശിക്ഷ ഞാൻ കൊടുത്തുകഴിഞ്ഞു അണ്ണാ ,ഇപ്പോഴവൻ ജീവനോടെയില്ല .


 കൊല്ലില്ലായിരുന്നു മുന്പാണെങ്കിൽ പക്ഷേ മീനമ്മയുടെ മരണത്തിന് മറുപടികൊടുക്കാതിരിക്കാൻ എനിക്കായില്ല . ഇനിയൊരു പെൺകുട്ടിയെയും അവൻ തൊടില്ല . "



ഇരുട്ടിലവളുടെ മുഖം കണ്ടില്ലെങ്കിലും ആ വാക്കുകളിൽ ഞാൻ അറിയുന്നുണ്ടായിരുന്നു പെണ്ണിന്റെ വീര്യം !


പെണ്ണെ,
സൃഷ്ടിയും സ്ഥിതിയും സംഹാരവും നീതന്നെ...!



തുടരും
അയാളും ഞാനും തമ്മിൽ 15
------------------



എന്നെക്കണ്ടതും വഴിമാറിത്തന്ന സ്ത്രീകളെ നോക്കി ചിരിച്ചുകൊണ്ട് ഈറയും മുളയും കൊണ്ടുമറച്ച കുടിലിനകത്തേക്ക് കടന്നു .



 എതിരെവരുകയായിരുന്ന പെൺകുട്ടിയോട് ശെമ്പകത്തെ ചോദിക്കും മുന്നെയവൾ വളം തേച്ചുമെഴുകിയ മുറിക്കുനേരെ കൈനീട്ടി .


അകത്തേക്ക് ചെല്ലുമ്പോൾ വാടിയ താമരപ്പൂവിന്റെ മുഖമാണോ അവള്ക്കെന്ന് തോന്നിപ്പോയി . കാട്ടുപൂക്കള്കൊണ്ടുള്ള മുടിയലങ്കാരത്തിനൊപ്പം കഴുത്തിലെ പൂമാലയും പട്ടുസാരിയും കുപ്പിവളകളും മുത്തുമാലയുമൊക്കെച്ചേർന്നു അന്നുവരെ ഞാൻ പലപ്പോഴായി കണ്ട എല്ലാ മണവാട്ടികളിലും ഭംഗി അവൾക്കാണോ എന്നുതോന്നിപ്പോയി .


ഞാനകത്തെത്തിയതും അടുത്തിരുന്നു മുറുക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന സ്ത്രീകൾ പുറത്തേക്കിറങ്ങി . കറുപ്പൻ എന്നെക്കുറിച്ച് അവരോടെല്ലാം പറഞ്ഞിരിക്കണം .


അവളെന്നെനോക്കി തളർന്നപോലെയൊന്നു ചിരിച്ചു .


" എന്നെ തെരിയുമാ ശെമ്പകം "?


"മലയാളത്തത്തിൽ പറയീൻ എനിക്കറിയാം ."


തമിഴനായി വളർന്ന് ജീവിക്കുന്നതെങ്കിലും എനിക്കിഷ്ടം മലയാളമായിരുന്നു .


"നിന്റെ മുഖമെന്താണ് കല്യാണമായിട്ടും ഇങ്ങനെയിരിക്കുന്നത് മോളെ , കഴിഞ്ഞതെല്ലാം എല്ലാവർക്കും അറിയാം . അതുകൊണ്ട് ഇതുപോലെ വിഷമിക്കേണ്ട കാര്യമില്ല "



"ഉം .....എന്നാലും എനിക്ക് മറ്റൊരാളുടെമുന്നിൽ പോയിനിൽക്കാനാവില്ല .കറുപ്പനെന്നോട് എന്തിഷ്ടമായിരുന്നു ,അവനുവേണ്ടിമാത്രം ജീവിക്കണമെന്നാഗ്രഹിച്ചു പക്ഷേ എല്ലാം പോയി "


അതുവരെ തളർന്നിരുന്നവൾക്ക് പൊട്ടിക്കരയാനുള്ള കാരണമാണോ എന്റെ സന്ദർശനമെന്ന് തോന്നിപ്പോയി .


" എന്തുപറഞ്ഞാണ് മോളെ നിന്നെ സമാധാനിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല ,പക്ഷേ കറുപ്പനോടുള്ള ജീവിതത്തിൽ നീ സന്തോഷവതിയായിരിക്കുമെന്ന ഉറപ്പ് തരാം "


അവൾ കണ്ണുതുടച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല .
കയ്യിലുണ്ടായിരുന്ന മാല അവൾക്കുനേരെ നീട്ടുമ്പോഴും മരവിച്ചമുഖഭാവത്തോടെ അവൾ വാങ്ങി . സാധാരണ പെൺകുട്ടികളെപ്പോലെ അതിന്റെ പുതുമയോ ഭംഗിയോ നോക്കാനവൾ താൽപര്യപ്പെട്ടില്ല , ഇതേ സമയം എന്റെ അനിയത്തിക്കുട്ടി മാളുവിനാണ് കിട്ടിയതെങ്കിൽ എങ്ങനെയാവുമെന്നോർത്തുപോയി .



"നിനക്കിത് ഇഷ്ടായില്ല എന്നുണ്ടോ ? പെട്ടെന്നായതോണ്ട് എനിക്കൊന്നും വാങ്ങാൻ കഴിഞ്ഞില്ല "


"ഇഷ്ടായി . ഞങ്ങൾക്കൊന്നും ജീവിതം മുഴോനും പണിയെടുത്താലും ഇതുപോലൊന്ന് ഉണ്ടാക്കാൻ സാധിക്കില്ല പക്ഷേ മാനംകെട്ടുപോയ പെണ്ണിന് എന്തുണ്ടായാലെന്താണ് "


"മോളെ അങ്ങനൊന്നും പറയരുത് ചെറിയൊരു അസുഖം വന്നു ,അതുമാറിയതായി കരുതിയാൽ മതി . എനിക്കൊരു അനിയത്തിയുണ്ട് ഇപ്പോൾ നിന്നെയും ചേർത്ത് രണ്ട് , നീയിങ്ങനെ വേദനിക്കുന്നതുകാണുമ്പോൾ എനിക്ക് താങ്ങാനാവുന്നില്ല "


"അവൻ മരിക്കാതെ എനിക്ക് സന്തോഷിക്കാൻ കഴിയില്ല . എനിക്കൊരെട്ടനുണ്ടെങ്കിൽ ഇതിന് പകരം ചോദിച്ചേനെ "


"മോളെ നീ പറ ഞാനെന്തുവേണം ?"


"എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ എന്റെകൂടെയൊന്ന് വരണം . ഒറ്റയ്ക്ക് പോവാനുള്ള പേടികൊണ്ടല്ല ,എനിക്കെന്തെങ്കിക്കും പറ്റിയാൽ ഇവിടെവന്ന് പറയാനെങ്കിലും ഒരാളായി "


"ഉം ...."


അവളോടെന്താണ് പിന്നീട് പറയേണ്ടതെന്നെനിക്കറിയില്ലായിരുന്നു , എങ്ങോട്ടാണെന്നോ ,എന്തുചെയ്യാനാണെന്നോ ചോദിച്ചില്ല . എന്തായാലും കൂടെപ്പോകാൻ മനസ്സ്‌ വാശിപിടിക്കുന്നപോലെ "



"എന്നിട്ട് ?"


എന്റെയാകാംക്ഷ നിയന്ത്രിക്കാൻ ആവുന്നില്ലായിരുന്നു


"അന്നുരാത്രി എല്ലാവരും ഏതാണ്ട് പാട്ടും നൃത്തവും ഊണും കഴിഞ്ഞുറങ്ങിത്തുടങ്ങിയപ്പോൾ ഞാനവളുടെ വീട്ടിലേക്ക് നടന്നു .

എത്തുന്നതിന് മുൻപേ ആരോ എന്റെ കൈപിടിച്ച് പുറകിലേക്ക് വലിച്ചു
ആദ്യമൊന്നുഞെട്ടിയെങ്കിലും മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിൽ അവളാണെന്ന് തിരിച്ചറിഞ്ഞു .


"പോകാം "


"ഉം " ഞാനനുസരണയുള്ള കുട്ടിയെപ്പോലെ അവൾക്ക് പുറകെ നടന്നു , വഴിയടയാളത്തെ കുറിച്ചല്ലാതെ അവൾ മറ്റൊന്നും സംസാരിച്ചില്ല . കാടിനുള്ളിൽ എങ്കിലും അവൾക്ക് ഓരോചുവടുമേറെ പരിചയമുള്ളപോലെ തോന്നി .


ഇരുളിൽ നിന്നും വെളിച്ചത്തിലെത്തിയപ്പോൾ തിരുനെല്ലി ഡിവിഷൻ ഓഫീസിന്റെ ബോർഡ് കണ്ടു , വെളിച്ചവും അവിടുത്തെ ബൾബുകളിൽ നിന്നാണ് .


എന്നോട് മറവിൽത്തന്നെ നില്ക്കാനേൽപ്പിച്ചു അവൾ അതിനുനേരെ നടന്നു .
പക്ഷേ അവളുടെപുറകേ പോവാതിരിക്കാൻ എനിക്കായില്ല . ലൈറ്റ് വെളിച്ചത്തിലാണ് അവളുടെ കയ്യിലെ കത്തി ഞാൻ ശ്രദ്ധിച്ചത് . അപ്പോഴും അവളെന്താണ് ചെയ്യാൻപോകുന്നതെനിക്കറിയില്ലായിരുന്നു .


മദ്യത്തിന്റെയും ഇറച്ചിയുടെയും രൂക്ഷഗന്ധം വരുന്ന വഴിയേ ഞങ്ങൾ നടന്നു , വാതിൽ കുറ്റിയിട്ടിരിക്കും കരുതിയെങ്കിലും അവൾ തൊട്ടതും അതുതുറന്നു .
പരിചിതസ്ഥലമെന്നപോലെ അവൾ ചുറ്റിലും നോക്കി .


ഹാളിൽ തലങ്ങനേയും വിലങ്ങനേയും കിടന്നുറങ്ങുന്ന നാല്പത്തഞ്ചിനും മുപ്പത്തഞ്ചിനും ഇടയിലുള്ള രണ്ടുമൂന്നുപേർ , സോഫയിൽ കിടക്കുന്ന ഒരുപയ്യനും ചെയറിൽ ഏതാണ്ട് അതേപ്രായത്തിലുള ഒരുത്തനും ,


കാലിയായ കുപ്പികളും പാർസൽ കവറുകളും കണ്ടപ്പോൾ മനസ്സിലായി പെട്ടെന്നൊന്നും അവരുണരില്ല എന്ന് . അവൾ ഓരോ മുഖത്തേക്കും സൂക്ഷിച്ചുനോക്കിയശേഷം നിരാശയോടെ എന്നോടുപറഞ്ഞു


 "ഇവര് എച്ചിൽപട്ടികളാണ് , അവനിവിടെയെവിടെയെങ്കിലും കാണും "


എന്താണ് നടക്കുന്നതെന്നറിയാതെ ഞാനവളുടെ അടുത്തുതന്നെയുണ്ട്


"ദേ കണ്ടോ വല്യവീട്ടിലെ പിള്ളാരിന്നും ഉണ്ട് ,അപ്പോൾ ഏതോമുറിയിൽ അവനുണ്ട് "


അവിടുള്ള രണ്ടുവാതിലുകളും നിരവധിതവണ തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് കഴിഞ്ഞില്ല , ദേഷ്യം പിടിച്ചതുപോലെ


 "തുറക്ക് ....തുറക്കട "


 എന്നുള്ള വിളികൾ കേട്ടിട്ടാവണം ഉള്ളിൽ കൊളുത്തുനീങ്ങുന്ന ശബ്ദം കേട്ടു .
അവൾ കയ്യിലെ കത്തിയെടുത്ത് വാതിലിനുനേരെ നീട്ടിപ്പിടിച്ചു , പക്ഷേ വാതിൽ തുറന്നുവന്ന ആളെക്കണ്ടപ്പോൾ അവളുടെ കത്തി താഴുന്നതും മുഖം വാടുന്നതും കണ്ടു


"സീതേ നീയോ "


വാതിൽ തുറന്ന് ബെഡ്ഷീറ്റുകൊണ്ട് ശരീരം മറച്ച പത്തു പന്ത്രണ്ടുവയസ്സുള്ള പെൺകുട്ടി . കഴുത്തിൽ നിന്നും ചുണ്ടിൽ നിന്നുമൊക്കെ കട്ടപിടിച്ച ചോരപ്പാടുകൾ


"കണ്ടോ ......കണ്ടോ .... രണ്ടൂസം മുന്നേ തെരണ്ടുകല്യാണം കഴിഞത .....കുട്ടിയുടെ കോലം കണ്ടോ? " 


വീഴാൻ തുടങ്ങിയ സീതയെ താങ്ങുന്നതിനിടയ്ക്ക് ശെമ്പകത്തിന്റെ വാക്കുകൾ തീമഴപോലെയാണ് എന്റെകാതിൽ പതിച്ചത് . വാതിലിനകത്ത് കട്ടിലിൽ നഗ്നനായി ബോധമില്ലാതെ കിടന്നുറങ്ങുന്ന ചെറുപ്പക്കാരൻ .


എന്ത് ചെയ്യണമെന്നറിയാതെ അവളെ അവനടുത്ത് തന്നെ കിടത്തിയ ശേഷം മുണ്ടെടുത്ത് അവന്റെ മുകളിലിട്ടു .


അവന്റെയീകോലം ശെമ്പകം കാണുമോയെന്ന പേടിയുണ്ടായിരുന്നെങ്കിലും തിരിഞ്ഞുനോക്കുമ്പോൾ അവൾ അടഞ്ഞുകിടക്കുന്ന വാതിൽ തുറക്കാനുള്ള ശ്രമത്തിലായിരുന്നു .


" അവശയായിക്കിടക്കുന്ന സീതയെ കണ്ടപ്പോൾ തന്നെയെനിക്ക് മനസ്സിലായിരുന്നു സാധാരണ ആദിവാസിയുടെ പോഷകാഹാരക്കുറവിനൊപ്പം ഈ നേരമത്രെയും മാറിമാറി കയറിയിറങ്ങിയ ആൺശരീരങ്ങളവളെ ജീവച്ഛവമെന്ന അവസ്തയി ലെത്തിക്കാതിരുന്നത് എന്തോ സുകൃതം .


ഹാളിലേക്ക് വെള്ളമെടുക്കാനായി ഞാൻ ചെല്ലുമ്പോൾ ശെമ്പകം ചെയറുവച്ചു ഫൈബർ വാതിലിന്റെ ലോക്ക് മുകളിലെ ഇത്തിരിവിടവിലൂടെ അവളുടെകത്തിയുപയോഗിച്ചു ശ്രമപ്പെട്ടു മുറി ക്കുകയായിരുന്നു ,

ക്രോധം പ്രതിഫലിക്കുന്ന ആ മുഖത്ത് ഒലിച്ചിറങ്ങുന്ന കണ്ണുനീർ ഒരു ജനവിഭാഗത്തിന്റെ നിസ്സഹായതയുടേതാണെന്ന് എനിക്കുതോന്നി .



തുടരും
അയാളും ഞാനും തമ്മിൽ ഭാഗം 14 ----



"അവനവളെ വിവാഹം ചെയ്തെന്നോ "?

എനിക്ക് വിശ്വസിക്കാനല്പം വിഷമം തോന്നി , അല്ലെങ്കിലും നല്ലതുകണ്ടാൽ നമ്മുക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കില്ല


  "വിദ്യാ അറിവില്ലാത്തവർക്കുപോലും പെണ്ണിനേയും മണ്ണിനെയും തിരിച്ചറിയുമ്പോൾ അതെല്ലാമുണ്ടായിട്ടും മാനഭംഗത്തിനിരയാവുന്നവരുടെ ലിസ്റ്റ് നമ്മുടെയിടയിലെത്ര വലുതെന്നോർക്കണം .


ആ ദിവസം കറുപ്പൻ ഏല്പിച്ചുതന്ന രാമയ്യനുമായി ഞങ്ങൾ മലകയറി വീണ്ടും ഏതൊക്കെയോ ഊരുകളിൽ.... കോളനികളിൽ.


കുടികൾ തോറും കയറിയിറങ്ങി . ഞങ്ങൾ പറയുന്നത് അത്ഭുതമെന്നപോലെ നോക്കിനിന്നതല്ലാതെ പുരോഗതിയൊന്നും കണ്ടില്ലെങ്കിലും ഇടയിൽ വച്ചൊരു സ്ത്രീ ഓടിവന്നിട്ട് പ്രസവ വേദനയെടുത്ത് നിലവിളിക്കുന്ന പെൺകുട്ടിയുടെ കാര്യം പറഞ്ഞു .


പക്ഷേ അവളുടെ കുടുംബത്തിന് ഊരുവിലക്ക് പൂർത്തിയാവാത്തതിനാൽ ഊരുനിയമം അനുസരിച്ചു ആർക്കും അടുത്തുപോവാൻ കഴിഞ്ഞില്ല , അത് ദൈവകോപമുണ്ടാക്കുമെന്ന വിശ്വാസത്തെ ഭയന്ന് വേദനയോടെ അവളെ നോക്കി നിൽക്കാനേ അവർക്ക് സാധിച്ചുള്ളൂ .



ഇതിനിടയിൽ ഞാൻ ഡോക്റ്ററാണെന്ന തിരിച്ചറിവുവന്ന ആരോ ഓടിവന്നെന്നോട് യാചിച്ചു , പിന്നെ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു ,


അവരുടെ നിയമപ്രകാരം പുറത്തുനിന്നും വരുന്ന ഞങ്ങൾക്ക് പ്രശ്നമില്ല ത്രെ .
പക്ഷേ ഒരാണായതുകൊണ്ട് അവൾക്കടുത്തേക്ക് വിടാനും മടി .


എം ബി ബി എസ് മാത്രമുള്ള എനിക്ക് ഗൈനക്കോളജി വല്യ കയ്യടക്കമില്ലെങ്കിലും എന്തൊധൈര്യത്തിൽ അവൾക്കടുത്തേക്ക് ചെന്നു .


 എന്റെ മനസ്സിലുണ്ടായിരുന്ന അവളെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും തെറ്റിയത് അവളെ കണ്ടപ്പോഴാണ് . ഏകദേശം പതിനാലോ പതിനാറോ പ്രായമുണ്ടാവുന്ന മെലിഞ്ഞൊട്ടിയ പെണ്ണ് . ഇവളെങ്ങനെ ഗർഭിണിയായി എന്നതിനുപകരം ഇവളെങ്ങനെ ഇത്രകാലം ഈ വയറുംപേറി നടന്നു ... ആ
പെണ്ണിനെയോർത്തു അഭിമാനം തോന്നിയ നിമിഷമായിരുന്നത് .



എന്നെക്കണ്ടതും ചുറ്റുമുള്ളവർ എഴുന്നേറ്റ് ഓലമറയിൽ നിന്നും പുറത്തുപോയി . അവൾ അടുത്തുവരേണ്ടെന്ന അർത്ഥത്തിൽ എന്നെനോക്കികൊണ്ടിരുന്നു , എന്താ ചെയ്യേണ്ടതെന്ന് പിടികിട്ടാതായപ്പോൾ കയറ്റുപിരി കട്ടിലിൽ ഞാനിരുന്നു .



പേടികൊണ്ടോ ക്ഷീണംകൊണ്ടോ വേദനകൊണ്ടോ തേങ്ങുന്ന അവളുടെ നെറ്റിയിൽ വീണുകിടന്ന ചെമ്പൻ മുടിയൊതുക്കി നെറ്റിയിൽ തലോടിയപ്പോൾ അവളൊന്ന് ശാന്തമായപോലെ തോന്നി പിന്നെയും ഒരുറപ്പിനു വേണ്ടി


" നീയെന്റെ പെങ്ങളല്ലേ മോളെ ...പേടിക്കണ്ട "


എന്നുപറഞ് എഴുന്നേൽക്കുമ്പോൾ അവളെന്റെ കൈകൾ മുറുകെ പിടിച്ചിരുന്നു ,എവിടുന്നോ വന്ന കണ്ണുനീർത്തുള്ളിയിൽ അവളുടെ മനസ്സുവായിക്കാനെനിക്ക് കഴിഞ്ഞു .


അതിനിടയ്ക്ക് വീണ്ടുമവൾക്ക് വേദന കൂടി , പിന്നെയെല്ലാം പെട്ടെന്നായിരുന്നു , ആധൂനിക സൗകര്യങ്ങളൊന്നുമില്ലാതെ പ്രസവമെടുത്തുള്ള അനുഭവമില്ലാത്ത എന്റെ കൈകളിലേക്ക് കാടിന്റെ മകൾ പിറന്നുവീണു
"


"അയ്യോ ....!"


എനിക്കുമുന്നിൽ അയാൾ വലിയൊരു അത്ഭുതമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു .


" പൊക്കിള്ക്കൊടിയറുക്കാൻ കൊണ്ടുവന്ന മുളയുടെ ചീളുകണ്ട്‌ ഞാനാദ്യം അമ്പരന്നെകിലും പിന്നെ മറ്റുവഴികളില്ലാതെ അതുവാങ്ങിയുപയോഗിച്ചു . അതിനിടയ്ക്ക് ആരൊക്കെയോകൊണ്ടുവന്ന പച്ചിലമരുന്നുകൾ അവർ പറയുംപോലെ ചെയ്തുകൊടുത്ത് നിമിഷങ്ങൾക്കകം അവൾ കണ്ണുതുറന്നു ,


പട്ടിണിയിലും വേദനയിലും തളരാത്ത അവളുടെ മകളെ അരികിൽ കിടത്തുമ്പോൾ ലോകം ജയിച്ച സന്തോഷമുണ്ടായിരുന്നെനിക്കു ഒപ്പം ആ കുഞ്ഞിനുവേണ്ടുന്ന മുലപ്പാലുപോലും നൽകാനുള്ള ശേഷിയവൾക്കില്ലെന്നവിഷമവും .


ഇതുപോലെ എത്രയെത്ര കുഞ്ഞുങ്ങൾ വയറ്റിനുള്ളിലും പുറത്തുംവെച്ചു ആഹാരമില്ലാതെ ജീവൻ വെടിയുന്നുണ്ട് . ഉടുമുണ്ട് മാറ്റിയുടുക്കാനില്ലാത്തവന്റെ നിലവിളിയൊന്നും കേൾക്കാനുള്ള മനസ്സ്‌ മുന്നിലെത്തുന്ന ഭക്ഷണത്തെ വലിച്ചെറിയുന്ന നമ്മൾക്കെങ്ങനെയറിയും "



"ഉം ,ശരിയാണ് എങ്കിലും പ്രസവം നോക്കുമ്പോൾ മടി തോന്നിയില്ലേ ?"



"ആതുരസേവകന്റെ മുന്നിൽ ആണും പെണ്ണും എന്നവ്യത്യാസമില്ല മനുഷ്യനെന്ന വിശ്വാസം മാത്രം . പിന്നെ ലോകത്തുള്ള എല്ലാ മനുഷ്യ സ്ത്രീകളുടെയും പുരുഷൻമാരുടെയും ശരീരഘടന ഒന്നാണ് വിദ്യാ എത്ര മറച്ചുവെച്ചാലും പരസ്പരമറിയുന്ന സത്യമാണത് ...


പക്ഷേ മറ്റുമൃഗങ്ങളിൽ നിന്നും നമ്മളെ വ്യത്യസ്തരാകുന്നത് മനസ്സാണ് , അമ്മയെയും അച്ഛനെയും പെങ്ങളെയും മക്കളെയും തിരിച്ചറിയാനുള്ള വിവേകവും , പരസ്പരം നൽകുന്ന മതിപ്പും വിലയും ആണ് നമ്മുടെ പ്രേതെകത .


കോലിൽ തുണിചുറ്റിയാലും ഭോഗവസ്തുവായി കാണുന്നൊരുത്തൻ കൊടുത്ത സമ്മാനത്തെ ഊരുവിലക്കും വാങ്ങിയാ പെൺകുട്ടി കൊണ്ടുനടക്കേണ്ടി വരില്ലായിരുന്നു മനുഷ്യഗണത്തിൽ പെട്ട ചിലരെങ്കിലും അന്നാ ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് എല്ലാം കഴിഞ്ഞുമലയിറങ്ങുമ്പോൾ രാമയ്യനെന്നോട് പറഞ്ഞുതന്നു .


അന്ന് മരണത്തിൽനിന്നും പച്ചമരുന്നുകളുടെ ബലത്തിൽ നേരിയ വ്യത്യാസത്തിലാണ് അവൾ ജീവിതത്തിലേക്ക് മടങ്ങിവന്നതത്രെ.


ശെമ്പകത്തിനും ഞാൻ പ്രസവം നോക്കിയ രാധമ്മയ്ക്കും മാത്രമല്ല ഈ ദുരന്തമെന്നും ഏതുപെണ്ണിനും എപ്പോൾവേണമെങ്കിലും സംഭവിക്കാവുന്ന കാട്ടിലെ ഏറ്റവുംവലിയ ആപത്ത് ഇങ്ങനെ കയറിവരുന്ന ദുരന്തങ്ങളാണെന്നും ഒപ്പം തന്റെ പെങ്ങൾക്കും ഇതേയവസ്ഥ ഉണ്ടായത് പറഞ്ഞുകരഞ്ഞപ്പോൾ മറുപടിയില്ലാതെ ഒരായിരം നിലവിളികൾ കാതിലും വേദന നെഞ്ചിലുമേറ്റുവാങ്ങി രാമയ്യൻ കാണിച്ച വഴിയിലൂടെ നടക്കുകയായിരുന്നു ഞങ്ങൾ .


കറുപ്പന്റെ കുടിയിലെത്തുമ്പോഴേക്കും വിവാഹത്തിന്റെ ചടങ്ങുകൾ തുടങ്ങിയിരുന്നു..


ഇത്ര ചുരുങ്ങിയസമയം കൊണ്ട് ഇല്ലായ്മകളിൽ തളരാതെ അവിടൊരു കല്യാണവീടൊരുങ്ങിയിരിക്കുന്നു . അവന്നുകൂട്ടായി നിൽക്കുന്ന സുഹൃത്തുക്കളെയും കോളനിക്കാരെയും കണ്ടപ്പോൾ സമൃദ്ധിയുടെ നടുവിൽ പരസ്പരം പാരവെച്ചും ഏഷണിക്കൂട്ടിയും ചതിച്ചും പറ്റിച്ചും കഴിയുന്ന മാനുഷികമൂല്യങ്ങൾക്കു ദാരിദ്രം വന്ന നഗരജീവികളെ ഓർത്തുപോയി .


ഇത്രകാലം കൊണ്ട് ഉറ്റവനായ കറുപ്പനെന്താണ് സമ്മാനം കൊടുക്കേണ്ടതെന്നറിയാതെ കുഴങ്ങിപ്പോയിരുന്നു .


കോട്ടേഴ്‌സിൽപോയി പൈസയെടുത്തു ടൗണിൽ ചെന്നു സമ്മാനംവാങ്ങി വരാനുള്ള നേരമില്ല . ഈ രാത്രി വനത്തിലൂടെ യാത്ര അസാധ്യവും , ജോലികിട്ടി ഇവിടേക്കുംവരും മുൻപ് അമ്മയിട്ടുതന്ന മാലയഴിച്ചു കയ്യിൽ വെച്ച് എന്റെ പെങ്ങളെ കാണുവാനായി അകത്തേക്ക് നടന്നു ...




തുടരും
അയാളും ഞാനും തമ്മിൽ 13--------



"അങ്ങനെ ആദിവാസികളുടെ നേതാവായി ഡോക്ടർ മാറുകയാണല്ലേ ?"


"നേതാവല്ല വിദ്യാ , സേവകൻ . "


 " സേവകനോ .... അവരുടെയോ ? "


എനിക്കാവാക്കുകൾ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല . ഇത്രയൊക്കെ പഠിച്ചു മികച്ചജോലിയും കിട്ടിയിട്ട് ആർക്കുംവേണ്ടാത്തവരുടെ ജോലിക്കാരനെന്ന് പറയുന്നത് .


" വിദ്യാ എനിക്ക് മാസാമാസം ഗവണ്മെന്റ് ശമ്പളംതരുന്നത് അവരുംകൂടെഉൾപ്പെടുന്ന പൊതുജനത്തിന് സേവചെയ്യാനാണ് . മെഡിസിൻ പഠിച്ചതും കയ്യുംകെട്ടി വീട്ടിലിരിക്കാനല്ലാലോ ആളുകളെ ശുസ്രൂഷിക്കാനല്ലേ ? എന്റെ മുന്നിലെത്തുന്ന ആവശ്യക്കാരുടെ സേവകനെന്നുപറയുന്നതിൽ എന്താണ് തെറ്റ് ? എന്റെ മുന്നിലെത്തുന്നയാൾ നാളെ എനിക്ക് ജോലിചെയ്തുതരുമ്പോൾ അവരെന്റെ സേവകനാണ് ."



 "ഉം " എനിക്കെന്തോ അതപ്പോഴും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല .



" ഞങ്ങളുടെ യാത്രകൾ ഇതിനിടയ്ക്ക് മുതുമലയിൽ നിന്നും അതിർത്തിമാറി വയനാട്ടിലും മലപ്പുറത്തും കർണ്ണാടക മേഖലകളിലും എത്താറുണ്ടായിരുന്നു . വനത്തിനകത്തേക്ക് പോകുംതോറും അല്പവസ്ത്രധാരികളും സാധാരണമനുഷ്യരിൽ നിന്നുമേറെ വ്യത്യാസം ഉള്ളവരും എനിക്കോ കൂടെവന്നവർക്കോ മനസ്സിലാവാത്തരീതിയിൽ സംസാരിക്കുന്നവരുമൊക്കെയായിരുന്നു .


പക്ഷേ ഞങ്ങൾ കൊടുത്തതെല്ലാം അവർ വല്ലാത്തൊരു പരവേശത്തോടെ പിടിച്ചുവാങ്ങിത്തിന്നു . ഒപ്പം ഞങ്ങളോട് സംസാരിക്കാനോ അൽപനേരം ചിലവഴിക്കാനോ താല്പര്യമില്ലാതെ ശരിക്കുംപറഞ്ഞാൽ എറിഞ്ഞുകൊടുക്കുന്നത് ഓടിവന്ന് എടുത്തിട്ട് നന്ദിസൂചകമായൊരു ചിരിപോലും അവരിൽ നിന്നുണ്ടായില്ല ...


ആചാരങ്ങളാലും അനുഷ്ടാനങ്ങളാലും ഇപ്പോഴും അപരിഷ്‌കൃതരായ കുറച്ചുമനുഷ്യർ . തിരിച്ചറിയൽ രേഖകളോ ജീവിച്ചിരുന്നതിന് എന്തെങ്കിലും തെളിവോ ഇല്ലാത്തവർ .

നമ്മളെത്ര സൗകര്യം നൽകിയാലും അവർക്കതുവേണ്ട , പിന്നെയും കാട്ടിലെക്ക് പോകും നമ്മുടെ ഭാഷയിൽപറഞ്ഞാൽ കാടത്വത്തിൽ നിന്നും പുറത്തുവരാണിഷ്ടപ്പെടാത്തവർ .


എന്നെപ്പോലെത്തന്നെ കൊവാലെട്ടനും ശങ്കരേട്ടനും മലമുകളിലെ വിശേഷം കേൾക്കുമ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ട് ,
അവരുടെ കാഴ്ചകളിൽ കാടിന്റെ മക്കളിൽ ഇങ്ങനെയുള്ള വിഭാഗങ്ങളെ അന്നുവരെ കണ്ടിട്ടുപോലുമില്ലാത്തവർ , അത്രയ്ക്കും ഉൾക്കാട്ടിൽ അതിജീവനം നടത്തുന്നവരെ ബോധവൽക്കരിക്കുകയെന്നത് ഞങ്ങളുടെമുന്നിൽ ചോദ്യ ചിഹ്നമായി മാറിത്തുടങ്ങിയിരുന്നു . എങ്കിലും വിട്ടുപോരാനും സാധിച്ചില്ല .


കാടിനോടടുത്തെങ്കിലും ആ സമയത്തുഞാൻ വീട്ടിൽനിന്നും ഒരുപാടകന്നിരുന്നു .. വല്ലപ്പോഴും ഉള്ള ഫോൺ കോളിനായി എന്റെയമ്മയെത്ര കാത്തിരുന്നിരിക്കും
"



"അതെന്താ വീട്ടിൽ വിളിക്കാതിരിക്കുന്നെ "



"മലയോരവും വനവുമൊക്കെയായതുകൊണ്ടു റേഞ്ച് ഇല്ലാത്തതിനാൽ മൊബൈൽ ഉപയോഗിക്കാൻ എപ്പോഴും കഴിയില്ല . ഹോസ്പിറ്റലിലെ ഫോണിൽ വിളിക്കാമെന്നുവെച്ചാൽ തിരക്കൊഴിഞ്ഞ നേരമെനിക്കില്ലാലോ
അമ്മയെ സമാധാനിപ്പിച്ചു മടുത്ത അച്ഛൻ ഒരുദിവസം മുതുമലയിൽ എന്നെക്കാണാൻ വന്നു .


പക്ഷേ ശനിയാഴ്ച ഉച്ചയ്ക്ക് അവരെത്തും മുൻപേ മലകയറിയ ഞാൻ തിങ്കളാഴ്ച രാവിലെയേ തിരിച്ചെത്തിയുള്ളു . ആ തവണ ഞങ്ങളുടെ യാത്രാലക്ഷ്യം വയനാടുവരെ കവർ ചെയ്യുകയെന്നതായിരുന്നു . "



"എന്നിട്ട് എല്ലായിടത്തുമെത്തിയോ ?"


"എത്തി . പക്ഷേ ആദിവാസികളുടെ നേർക്കുള്ള ചൂഷണത്തിന്റെയാഴം കൂടുതലായി മുന്നിലെത്തി

അവർക്ക് അവകാശപ്പെട്ടത് കൊടുക്കാത്തത് പണത്തെ മോഹിച്ചാണെന്നുപറയാം എന്നാൽ അവിടത്തെ പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളെപ്പോലും മറ്റുള്ളവർ നോക്കിനിൽക്കെ മാനഭംഗം ചെയ്യുന്നവരുണ്ട് . കാടിന്റെ മറവ് ആദിവാസിക്ക് ശാപമാവുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്


ഓരോന്ന് കണ്ടും കേട്ടും മനസ്സുമടുത്താണ് ഞങ്ങൾ ബാണാസുരൻമല വരെയെത്തിയത് .


കറുപ്പന്റെ ജന്മനാട് പ്ലാനിൽ ഇല്ലായിരുന്നെങ്കിലും അവിടെയൊന്ന് പോവണമെന്ന എന്റെ ആഗ്രഹം അവരാരും തള്ളിക്കളയാതെ കൂടിവന്നു .


ഞങ്ങളെയെല്ലാം കണ്ടപ്പോൾ കറുപ്പന്റെ വീട്ടുകാരുടെ സന്തോഷമിപ്പോഴും മനസ്സിലുണ്ട് , അവരുണ്ടാക്കിത്തന്ന കാട്ടുകിഴങ് പാകംചെയ്തത് കഴിക്കുന്നതിനിടയിലാണ് അവൾ ഓടിവന്ന് കറുപ്പന്റെ മടിയിൽ കയറിയിരുന്നത് .


കറുപ്പന്റെ സഹോദരീ പുത്രി മീനാക്ഷിയായിരുന്നു അത് . മുഷിഞ്ഞ വസ്ത്രവും ഒട്ടിയ കവിളുകളും പാറിപ്പറക്കുന്ന ചുരുണ്ട ചെമ്പൻ മുടിയും ഒക്കെയുള്ള കറുപ്പന്റെ വാക്കുകളിൽ നിന്നും എന്നെപരിചിതയായ പെൺകുട്ടി .
അത്രനേരം ഉണ്ടായിരുന്ന സന്തോഷത്തെ നശിപ്പിച്ചാണ് അവൾ തിരികെ പോയത് "


"എന്തുപറ്റി "?


അവളുടെ അച്ഛൻ പെങ്ങൾ ശെമ്പകത്തെ കറുപ്പനുമായി പണ്ടുതൊട്ടേ പറഞ്ഞുവെച്ചതാണ് ,അവർക്കും പരസ്പരം ഇഷ്ടമായിരുന്നു .അവന്റെ വാക്കുകളിൽ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നായിരുന്നവൾ


നല്ല വസ്ത്രമോ ആഭരണമോ കണ്ടാൽ അവൾക്കുവാങ്ങാൻ ആഗ്രഹിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ... അന്തിമയങ്ങുന്ന നേരത്ത് ആകാശംനോക്കി അവളെക്കുറിച്ചോർത്തിരിക്കലും സ്വപ്നം കാണലുമായിരുന്നു അവന്റെ ദിനചര്യ ...

കാടിനോടും പുഴയോടും പൂമ്പാമ്പാറ്റയോടും പൂക്കളോടും ഇഷ്ടമുള്ള ശെമ്പകം അവന്റെ ഭാഗ്യമായിട്ടാണ് അവൻകാണുന്നത് .

അവളോടൊപ്പം ജീവിക്കാനുള്ള മൊതലുണ്ടാക്കാനാണല്ലോ അവൻ കാടുവിട്ടിറങ്ങിയതും

അവളെ ഫോറെസ്റ് ഗസ്റ്റ് ഹൗസിലെ ആരോ വന്ന് ഇന്നലെ വിളിച്ചോണ്ടുപോയെന്നും തിരികെയെത്തിയപ്പോൾ മുതൽ അവളാരോടും മിണ്ടിയിട്ടില്ലെന്നും എപ്പോഴുമെന്തൊക്കെ ചിന്തിച്ചിരിക്കുകയാണെന്നും മുഖത്തും കഴുത്തിലുമൊക്കെ ചോരപൊടിഞ്ഞ പാടുകളുണ്ടായിരുന്നു എന്നുമൊക്കെയുള്ള അവളുടെ വിവരണത്തിൽ നിന്നുതന്നെ എനിക്കുമനസ്സിലായി .


അവൻ പ്രതീക്ഷയറ്റ മുഖത്തോടെയെന്നെ നോക്കി , മനുഷ്യന് വരുന്ന അസുഖങ്ങളെപ്പോലെ ഇതിനെയെങ്ങനെയാണ് ചികിൽസിക്കേണ്ടതെന്നും കറുപ്പന്റെ ശെമ്പകത്തെ തിരിച്ചുനല്കുന്നതെങ്ങനെയെന്നും ആലോചിക്കുകയായിരുന്നു ഞാനപ്പോൾ"



"അവരിപ്പോഴും ഇതൊന്നും നിർത്തിയിട്ടില്ലലേ എന്ന കറുപ്പന്റെ വാക്കുകളിൽ നിന്നാണ് ആ സംഭവം അവിടെ പുതുതായുള്ളതല്ലെന്ന്‌ മനസ്സിലായത് .
"റേഞ്ച് ഓഫീസിലെത്തുന്നവർക്കും ,വേട്ടയ്ക്ക് വരുന്നവർക്കും ,നേരംകളയാൻ വരുന്നവർക്കുമൊക്കെ ആദിവാസിപ്പെണ്ണിന്റെ ചൂടുംകൂടെ വേണമത്രേ .

 സഞ്ചാരികൾക്കുള്ള കോട്ടേഴ്‌സിൽ ആളുവന്നാൽ പ്രായപൂർത്തിയായി കെട്ടാതെനിൽക്കുന്ന പെണ്ണുങ്ങളുടെ കാര്യത്തിലൊരു തീരുമാനം ആവും .
ആ തവണത്തെ നറുക്കുവീണത് അവള്ക്കെന്ന് മാത്രം"



"കഷ്ടമാണ് അല്ലെ ?"



എനിക്കെന്താ പറയേണ്ടതെന്ന് അറിയുന്നില്ലായിരുന്നു ,ഒരുപെൺകുട്ടിയുടെ സ്വപ്നങ്ങളാണ് നിമിഷനേരത്തെ സുഖത്തിനുവേണ്ടി ഇല്ലാതാക്കിയിരിക്കുന്നത് ,ഇതുപോലെ അടച്ചുറപ്പില്ലാത്ത സാഹചര്യങ്ങളിൽ ഇതുപോലുള്ള അപകടത്തെ പ്രതീക്ഷിക്കാം .



"ഉം , അവൾപിന്നെ ജീവിതം മുഴുവനൊരു പരിഹാസവസ്‌തുവായേനെ ഇവിടെയാവുമ്പോൾ എന്നാൽ മനസ്സുകൊണ്ട് അവളെ വരിച്ച ആണിന് ഇതൊരു പ്രശ്നമല്ല എന്ന് അവളെ പിറ്റേന്നുതന്നെ വിവാഹം ചെയ്തവൻ കാണിച്ചുതന്നു .


അവഗണിക്കപ്പെട്ട ജനവിഭാഗവും അധിനിവേശങ്ങളാൽ നശിപ്പിക്കപ്പെടുന്ന കാടും ഞാനും സാക്ഷി ..!


തുടരും
അയാളും ഞാനും തമ്മിൽ ഭാഗം 12
-------------------


അതിരാവിലെ പലപ്പോഴും സ്‌കൂളിലേക്കുവരുന്ന കുട്ടികളുടെകൂടെ മലയിറങ്ങാൻ ഞങ്ങളുമുണ്ടായിരുന്നു ,


   കൂടുതൽദൂരത്തുള്ള കോളനികളിലേക്കുപോകുമ്പോഴെല്ലാം ആശുപത്രിയിലെത്തി ഭക്ഷണം കഴിക്കാൻ പോലും നേരം കിട്ടാറില്ല .

പാക്കരേട്ടന്റെ കടയിൽ നിന്നും കൊണ്ടുവരുന്ന ചായ പലപ്പോഴും ആറിത്തണുത്തുപോയിരിക്കും ,
ആദ്യമൊക്കെ ജനലിലൂടെ പുറത്തേക്കൊഴിച്ചു കളയുമെങ്കിലും കോളനികളിലെ അനുഭവങ്ങൾ ഓർക്കുമ്പോൾ ഏറെ സ്വാദോടെ കഴിക്കാറുണ്ട് അല്ലെങ്കിൽ ഏതെങ്കിലും രോഗികൾക്ക് നീട്ടും .


ചിലദിവസങ്ങളിൽ എന്റെഭക്ഷണം ഈ ചായമാത്രമായിരുന്നു .എത്ര സമയംകിട്ടിയാലും കറുപ്പനും ഞാൻകഴിച്ചില്ലെങ്കിൽ ഒന്നും കഴിക്കാറില്ല ,നന്ദിയുള്ള കാവൽക്കരനെപ്പോലെ അവനെനിക്ക് കൂട്ടുനിൽക്കും .


 " നീയെന്റെ സുഹൃത്തല്ലേ നിനക്കുവിശക്കുമ്പോൾ കഴിച്ചൂടെ ചോദിച്ചാൽ

"നൻപൻ പസിയായിരുക്കുമ്പോത് നാൻ എപ്പടി " എന്നുള്ള മറുപടിയിൽ ഞാൻ കുഴഞ്ഞുപോകും ."


"നിങ്ങളുടെ ഭാഗ്യമാണ് "


എനിക്കില്ലാത്ത ഇത്തരം സന്തോഷങ്ങളെക്കുറിച്ചോർത്തപ്പോൾ ആദ്യമായെനിക്ക് നിരാശ തോന്നി .


"ഭാഗ്യം വന്നുചേരുന്നതല്ലേ വിദ്യ , ബന്ധങ്ങൾ നമ്മളുണ്ടാക്കുന്നതും . കുടുംബത്തെയും കുറച്ചു സൗകര്യങ്ങളെയും തല്ക്കാലം മാറ്റിവെച്ചപ്പോൾ എനിക്കുകിട്ടിയ സന്തോഷം ആണിവരെല്ലാം .


പക്ഷേ അവനതൊന്നുമൊരു ക്ഷീണവുമായിരുന്നില്ല ട്ടോ . നാലുദിവസം പട്ടിണികിടന്ന അനുഭവങ്ങളൊക്കെ ഉണ്ട് അവന് , ആഴ്ചക്കണക്കിന് പട്ടിണികിടന്നത് പറയാൻ കോളനിക്കാർക്കും .എന്റെമുന്നിലെത്തുന്നവരിൽ ഓരോരുത്തരും ഇല്ലായ്മകളുടെ കൂമ്പാരങ്ങളായിരുന്നു .



ആശുപത്രിയിലെത്തി ചടങ്ങു തീർത്ത് മരുന്നുമായി തിരിക്കാൻ വരുന്ന
രോഗികളെ നോക്കാൻ ഞാനേറെ സമയമെടുക്കുന്നുണ്ടെന്ന് ചിലപ്പോഴൊക്കെ കാത്തുനിൽക്കുന്നവരുടെ പരാതി വരാറുണ്ടെങ്കിലും എം ബി ബി എസ് മാത്രം കഴിഞ്ഞ എന്റെ അനുഭവക്കുറവും പിന്നെ മെഡിക്കൽ എത്തിക്സ് പ്രകാരം മുന്നിലെത്തുന്ന രോഗിയെ വിശദമായി പരിശോധിക്കണമെന്ന നിർബന്ധവും ,എഴുതിക്കൊടുക്കുന്ന മരുന്നുകളെക്കുറിച്ചുംവിശദമായി പറഞ്ഞുകൊടുക്കുമ്പോൾ നേരമെടുക്കാതെങ്ങനെയാണ് ."



"ങേ ...! അതെന്തിനാ മരുന്നിനെക്കുറിച്ചു പറയുന്നേ ? "


 എനിക്കിതൊന്നും പതിവില്ലാത്തതുകൊണ്ടും , രോഗംപറയും മുന്നേ കുറിപ്പടിയെഴുതുന്നത് കണ്ട് ശീലിച്ചതുകൊണ്ടും പുതുമയായിത്തോന്നി


" നമ്മളെന്താണ് കഴിക്കുന്നതെന്ന ബോധ്യം നമുക്കുവേണം , ഇല്ലെങ്കിൽ അറിയുന്നവർ പറഞ്ഞുകൊടുക്കണം , അതവരുടെ അവകാശമാണ് നമ്മുടെ കടമയും , മെഡിസിൻ കഴിക്കുന്നതുകൊണ്ടുള്ള എഫക്ട് എന്തെന്ന് പറയണം ,എങ്ങനെ സൂക്ഷിക്കണമെന്നും ,എത്രകാലം ഉപയോഗിക്കാമെന്നും . .
കവർ പൊട്ടിച്ചതോ ,കാലാവധി കഴിഞ്ഞതോ ,കൃത്യമായ താപനിലയിൽ സൂക്ഷിക്കാത്തതോ ആയ മെഡിസിൻസ് വിഷത്തിന് തുല്യമാണ് . പലരും ഇതൊന്നും മനസ്സിലാക്കുന്നില്ലെന്ന് മാത്രം ."



"ഉം "

 ശരിയാണ് അയാൾ പറയുന്നത് എങ്കിലും കൂടുതൽ അതേക്കുറിച്ചു ചർച്ച ചെയ്യാനെനിക്ക് നേരമില്ലായിരുന്നു .


"എന്നാലും ഹോസ്പിറ്റലിലെ ആർക്കുമിതിൽ പരാതിയൊന്നുമില്ല ട്ടോ . അവരുടെ അനുഭവത്തിൽ ആദ്യമായാണ് ഇത്രയും ആളുകളിവിടെ ഉണ്ടാവുന്നത് .


 അവർ ഉത്തരവാദിത്തങ്ങളുടെ പുതിയ ലോകത്തായിരുന്നു
ശങ്കരേട്ടൻ രാവിലെ വനാതിർത്തിവരെ ആംബുലൻസുമായി ചെന്ന് ആശുപത്രിയിലേക്ക് വരുന്നവരെയും , ഒപ്പം സ്‌കൂൾകുട്ടികളെയും കയറ്റിവരും , ഉച്ചയ്ക്ക് രോഗികളെ വിടാനും ഒരു ട്രിപ്പ് ,വൈകുന്നേരം എന്റെയൊപ്പം കോളനി സന്ദർശനങ്ങൾക്കു വന്നില്ലെങ്കിലോ ഞാൻ പോവാതിരുന്നാലോ സ്‌കൂൾ വിടുമ്പോൾ കുട്ടികളെ വനാതിർത്തിവരെ നാലഞ്ചു കിലോമീറ്റർ കൊണ്ടുവിടലുമായി തിരക്കിലാവും .


ഇപ്പോൾ ശങ്കരേട്ടന് അറിയാം ആംബുലൻസിനുവേണ്ടി എത്ര സഹായം ഗവണ്മെന്റിൽനിന്നും കിട്ടുമെന്നും അത് ജനസേവനത്തിന് വേണ്ടിയാണെന്നും .എങ്കിലും ആർക്കും ഉപദ്രവമില്ലാത്ത കുപ്പിപെറുക്കൽ നിർത്തിയില്ല ട്ടോ ,ആശുപത്രിയുടെ പുറകിലെ വാട്ടർ ടാങ്കിനടിയിലേക്ക് അവർ "കുടിസ്ഥലം "ഷിഫ്റ്റ് ചെയ്തിരുന്നു , ആരും നിർബന്ധിച്ചല്ല അവർക്കുസ്വയം തോന്നിയിട്ട് . "



"ഹ ഹ മാതൃകാ കുടിയന്മാർ "


"നമുക്കുമുന്നിൽ വ്യക്തമായ ലക്ഷ്യവും അതുനേടാമെന്നുള്ള അതീയായ ആഗ്രഹമുണ്ടെങ്കിൽ എല്ലാം വഴിയേ വന്നുചേരുമെന്ന് കേട്ടിട്ടില്ലേ ? അതനുഭവത്തിൽ വന്നത് ഇതുപോലെ ഒരുപാട് സൂചകങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിരുന്നു


അറ്റൻഡർ കൊവാലെട്ടന് നിന്നുതിരിയാൻ നേരമില്ല , ഞാനെഴുതിക്കൊടുക്കുന്ന മരുന്നുകൾ ഫാർമസിയിൽനിന്നും എടുത്തുകൊടുക്കലുംഎന്റെയൊപ്പം മുടങ്ങാതെ കോളനി സന്ദർശനവും തുടങ്ങി ആശുപത്രിയിലെ മിക്കജോലികളും ആൾക്കുതന്നെ ആയിരുന്നല്ലോ


സുനിതേച്ചിക്കു അതിലേറെ തിരക്കാണ് , ഇൻജക്ഷനും ,മറ്റുപരിശോധനകളും ഇതിനോടകം അവരെഞാൻ പഠിപ്പിച്ചിരുന്നു , എങ്കിലും സുനിതേച്ചിയുടെ അർപ്പണബോധമാണ് ഇത്രകഷ്ട്ടപ്പെടാനും അവരെ പ്രാപ്തയാക്കിയത് .


കറുപ്പനാണെങ്കിൽ പൂന്തോട്ടം ,പച്ചക്കറിത്തോട്ടം തുടങ്ങിയ വെച്ചുപിടിപ്പിക്കലും പരിപാലനവും പരിശോധനകഴിയുമ്പോൾ മുതൽ എന്റെനിഴലിന്റെ ജോലിയും ഏറ്റെടുത്തു.


ഒരാശുപത്രി എന്നതിനപ്പുറം അവരുടെയെല്ലാം പ്രിയപ്പെട്ട സ്ഥലം എന്നുവേണമെങ്കിൽ പറയാം . അതുപോലെത്തന്നെ സ്‌കൂളും നാട്ടുകാർക്കേറെ പ്രിയപ്പെട്ടതായിത്തുടങ്ങി .


ഉച്ചഭക്ഷണം മാത്രം ഉന്നംവെച്ചെത്തുന്ന കുട്ടികളിൽ പലരും ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു ഇല്ലായ്മയിൽ നിന്നുവന്നിട്ടും അവരുടെ ഗ്രാസ്‌പിങ് പവർ എടുത്തുപറയേണ്ടതാണ് . പാക്കരേട്ടന്റെ കടയിൽ ഇപ്പോൾ നല്ല തിരക്കാണ് .


എന്നാലും എനിക്കുള്ള ഭക്ഷണം കൃത്യമായി ഉണ്ടാക്കാറുണ്ട് , കൂടാതെ പൈസകൊടുത്താൽ വാങ്ങുകയുമില്ല .

"നിങ്ങൾ ഈ നാടിന്റെ വെളിച്ചമാണ് ,വെച്ചുവിളമ്പാന് കഴിഞ്ഞതെന്റെ ഭാഗ്യമാണ് " എന്നുപറഞ്ഞൊഴിയും .


ഇടയ്ക്കൊക്കെ എന്റെകൂടെ മലകേറാൻ വരുമ്പോൾ കടയിൽ ബാക്കിയായത് കൂടെ പൊതിഞ്ഞെടുക്കും , കോളനിയിലെ ആൾക്കാർക്ക് വീതിച്ചുകൊടുത്തശേഷം "ശരിയല്ലേ " എന്ന രീതിയിലെന്നെ നോക്കും .


 അതിനായി കാത്തിരിക്കുന്ന കോളനിക്കാരെ കണ്ടപ്പോഴാണ് ഓരോ മലകയറ്റത്തിലും കറുപ്പന്റെ ചുമലിന് അരിച്ചാക്കിന്റെ ഭാരംകൂടിഞ്ഞാൻ നൽകിത്തുടങ്ങിയത് ...!!!


തുടരും
11
-----



മാവിൻചുവട്ടിലെ തണലിൽ ആയതുകൊണ്ടാവും സൂര്യൻ ഉച്ചിയിലെത്തിയിട്ടും കാര്യമായി ചൂടൊന്നും ഞങ്ങളെ ബാധിച്ചിരുന്നില്ല കൂടാതെ അയാളുമായുള്ള സംസാരം ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായി മനസ്സിന്റെ ഗാലറിയിൽ ഞാൻ സേവ് ചെയ്യുന്നുണ്ടായിരുന്നു .

 കാവൽനിന്ന പോലീസുകാർ അപ്പോഴും ജനലിലൂടെ അകത്തേക്ക് നോക്കി നിൽക്കുകയായിരുന്നു . തിരികെപോകുമ്പോൾ അവിടെന്താണെന്ന് ഒന്നെത്തിനോക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു .



 "എന്നിട്ടെന്തായി മനു " ?


"മനുവെന്ന് എന്നെയിപ്പോഴാരും വിളിക്കാറില്ലല്ലോ വിദ്യാ , "


"ഒളിച്ചുകളിക്കുവേണ്ടിയല്ലേ മനു രൂപേഷായി മാറിയത് , രണ്ടും ഒരാളാണെന്ന് എനിക്കറിയാവുന്ന സ്ഥിതിക്ക് വിളിച്ചൂടെ "


"ഉം .... എന്നാൽ പ്രായം കൂടിയവരെ ഏട്ടാ എന്നുവിളിക്കുന്ന കാര്യവും മറക്കണ്ട ..."


"സമ്മതിച്ചിരിക്കുന്നു മനുഎട്ടൻ പറയൂ കോളനികളിലെ ബോധവൽക്കരണം കൊണ്ടെന്തെങ്കിലും മാറ്റമുണ്ടായോ " ?


"കുറച്ചുണ്ടായി , പക്ഷേ അതിനുപിന്നിൽ മറ്റ്‌ കാരണങ്ങൾ ഉണ്ടെന്ന് കൂട്ടിക്കോളൂ .

ഓരോ ദിവസം കഴിയുമ്പോഴും ഞങ്ങൾക്ക് പോകേണ്ട ദൂരം കൂടിക്കൂടി വന്നു . അതിനൊപ്പം ഹോസ്പിറ്റലിലെ തിരക്കും വർദ്ധിച്ചു കൊണ്ടിരുന്നു , രാവിലെ പത്തുമണിയെന്ന ഒഫീഷ്യൽ സമയത്തെ ഓ പിയിൽ വരുന്ന രോഗികളെ നോക്കിത്തുടങ്ങാനാവൂ എന്നൊരു പ്രശ്നമുള്ളതുകൊണ്ട് അതിവേഗം തീർത്തിട്ട് മലകയറുമ്പോഴേക്കും ഉച്ചമയങ്ങിയിരിക്കും ,


നാട്ടുകാരായ ചിലർ മാറിമാറി ഞങ്ങൾക്കൊപ്പം വരുന്നത് ഓരോ കോളനികളെയും അപരിചിതഭാവത്തിൽ അഭിസംബോധന ചെയ്യേണ്ട ബുദ്ധിമുട്ട് കുറച്ചുതന്നു .


ഞാൻ പോയി ഒന്നുതൊട്ട് പറഞ്ഞു തുടങ്ങുന്നതിലും എളുപ്പത്തിൽ " ഇവര് അടിവാരത്തിലെ ആശുപത്രിയിൽ നിന്നാണ് , എന്തെങ്കിലും അസുഖമുണ്ടാവുമ്പോൾ അങ്ങോട്ട് വരണം പറയാൻ വന്നതാ " എന്നും തമിഴും മലയാളവും കൂടിക്കലർന്ന പ്രാചീന സ്ലാങ്ങിൽ പറയുന്നത് എളുപ്പത്തിൽ അവരിലെത്തിച്ചു .


 ഹോസ്പിറ്റലിന്റെ കാര്യം മാത്രമല്ല സ്‌കൂളിന്റെ വിഷയവും ഞങ്ങൾ അവതരിപ്പിച്ചിരുന്നു .
വിദ്യാഭ്യാസത്തിന്റെ മഹത്വവും വിലയുമൊന്നും തിരിച്ചറിയാൻമാത്രം പ്രാപ്തരാവാത്ത അവരോട്

" ഉച്ചയ്ക്ക് സൗജന്യമായി വയറുനിറയെ കഞ്ഞികൊടുക്കാം സ്‌കൂളിൽ പഠിക്കാൻ വരണം " എന്ന കറുപ്പന്റെ വാക്കുകളിലായിരുന്നു അധികംപേരും വീണത് "


"ഹോ .....ഇങ്ങനെയൊക്കെ ഉള്ളവർ നമുക്കുചുറ്റിലുമുണ്ടെന്ന് വിശ്വസിക്കാൻ വയ്യ "


"വിശാസിക്കാതിരിക്കാൻ ഇവയൊന്നും കള്ളമല്ല വിദ്യാ . പതിയെ പതിയെ ദൂരത്തുള്ള കോളനികളിൽ ഒറ്റയാനെയും ,വിഷജന്തുക്കളെയും ഭയന്ന് രാത്രി തങ്ങാൻ നിർബന്ധിതരായി .


ആരൊക്കെയോ ഞങ്ങൾക്കുവേണ്ടി മുളങ്കുറ്റികൾ കൊണ്ട് മണിക്കൂറുകൾക്കുള്ളിൽ കട്ടിലുണ്ടാക്കി തന്നു

ആരൊക്കെയോ ഞങ്ങൾക്കുവേണ്ടി ഒറ്റമുറിക്കുടിൽ ഒഴിഞ്ഞുതരാൻ തയ്യാറായി

പിന്നെയുമാരൊക്കെയോ ചേർന്ന് വിശേഷാവസരങ്ങൾക്കായി സംഭരിച്ചതും കൊണ്ട് ഭക്ഷണമുണ്ടാക്കി

ഞങ്ങൾക്കുവേണ്ടി ആനശല്യം ഉണ്ടാവുമെന്നറിഞ്ഞും ഏറുമാടങ്ങൾ ഒഴിഞ്ഞു തന്നവരുമുണ്ട്

ഞങ്ങൾക്കെങ്ങനെ വിരുന്നൊരുക്കുമെന്നറിയാതെ പതറിപ്പോയവരുമുണ്ട്

ഒന്നും വേണ്ടെന്നുപറയുമ്പോഴും ഉള്ളതിൽവെച്ചേറ്റവും സുഖങ്ങൾ ഞങ്ങൾക്കായി ത്യജിച്ചവർ .

 സത്യം പറഞ്ഞാൽ കാട്ടിലെ ഭക്ഷണത്തോളം രുചിയൊന്നും മറ്റെങ്ങും കിട്ടില്ല വിദ്യാ .

കാരണം അതിലവരുടെ നിഷ്കളങ്കമായ സ്നേഹവും ആഥിത്യമര്യാദയും ബഹുമാനവും അടങ്ങിയിട്ടുണ്ട്


ഞങ്ങളുണരും വരെ ഉറങ്ങാതെ കാവൽ നിന്നവരെ കണ്ടുണരുന്ന സുഖമൊന്ന് വേറെതന്നെയാണ് , അത്ഭുതവസ്തുവിനെപ്പോലെ ഞങ്ങളെക്കണ്ട് പോകുംവരെ ചുറ്റുംകൂടുന്ന കാടിന്റെ പുതുതലമുറയുടെ ഒട്ടിയുണങ്ങിയ മക്കൾക്കുനൽകാൻ ഒന്നുമില്ലാതെ അവരെനോക്കിച്ചിരിക്കുമ്പോൾ തിരികെത്തരുന്ന പുഞ്ചിരിയിൽ അനുഭവിക്കുന്ന സംതൃപ്തിയെത്ര വലുതാണെന്നോ ,


 ഞാൻ ചിരിക്കുമ്പോഴും കൈവീശി കാണിക്കുമ്പോഴും അവരുടെ കണ്ണും മനസ്സും നിറയുന്നത് എന്തുസുഖമാണെന്നോ ..

ഞങ്ങളെകാണുമ്പോൾ ഒളികണ്ണിട്ടുനോക്കുന്ന കൗമാരക്കാരികളായ പെൺകുട്ടികൾ ....

സിനിമയിലും മറ്റും കാണുന്ന സ്ട്രെയ്റ്റൻ ചെയ്തമുടിയും സൈഡിലേക്കൊരു കെട്ടും കരിമഷിയെഴുതിയ കണ്ണുകളും കുപ്പിവളക്കിലുക്കവും ചാന്തുപൊട്ടും തൂവെള്ളനിറവും കരിനീലക്കണ്ണുമൊന്നും പ്രതീക്ഷിക്കണ്ട , അതല്ല കാട്ടുപെണ്ണ് വിദ്യ "


"പിന്നെ ......"


കാടിനെക്കുറിച്ചുപറയുമ്പോൾ എന്റെയുള്ളിൽ ആദ്യം തെളിഞ്ഞുവന്നത് അത്തരത്തിലുള്ള പെണ്ണിന്റെ മുഖമാണ് .


" പാറിപ്പറന്ന ചുരുണ്ടമുടിയും ഒരുവിധം പൂച്ചക്കണ്ണിന്റെ ഷേഡുള്ള കണ്ണുകളും മെലിഞ്ഞുണങ്ങിയ ശരീരവും ..... പ്രായപൂർത്തിയായാൽ പിന്നെ അവൾ വിവാഹിതയായിരിക്കും , ചെറിയ പ്രായത്തിൽത്തന്നെ വിധവകളായവർ വേറെ . അവരുടെ മുഖത്തേക്കുനോക്കാന്പോലും പലപ്പോഴുമെനിക്ക് കഴിഞ്ഞിട്ടില്ല .


കാടിന്റെ തുടക്കം മുതൽ ജനജീവിതമുള്ളിടം വരെ ഉള്ള ഏറ്റവും വലിയ പ്രശ്നം ഈ ഇല്ലായ്മയും പട്ടിണിയും തന്നെ .
അമ്മ വെച്ചുണ്ടാക്കുന്നത് അറിഞ്ഞിട്ടും പുറത്തുപോയി കഴിചുവന്നും വീട്ടിൽ പിണങ്ങുമ്പോൾ വേണ്ടെന്നുപറഞ്ഞു പട്ടിണികിടക്കുമ്പോഴും ഒരു ദാക്ഷിണ്യവുമില്ലാതെ കൊണ്ടുകളഞ്ഞിരുന്ന ഭക്ഷണത്തെയോർത്ത് ഞാൻ അവിടുന്നാണ് ആദ്യമായി വേദനിച്ചത് ...


കാടിറങ്ങുമ്പോൾ സുരക്ഷിതസ്ഥാനമെത്തും വരെയും പുറകെ വരുന്നവരുണ്ട് വിദ്യ ,


 എന്നിട്ടും അധികമാരും അവിടെനിന്നും ആശുപത്രിയിലേക്ക് വന്നില്ല . പക്ഷേ സ്‌കൂളിൽ അതിരാവിലെ ദുർഘടം പിടിച്ച വനവീഥിയിലൂടെ ഉച്ചഭക്ഷണത്തിനായി പഠിക്കാൻ വരുന്ന കാടിന്റെ കൺമണികൾ ഞങ്ങൾക്കെല്ലാം കണ്ണുനിറയ്ക്കുന്ന കാഴ്ചകളായിരുന്നു ..."


മനു ന്റെ കൂടെയൊരു തുണക്കാരിയായി ഞാനും യാത്രചെയ്യുകയാണെന്ന് തോന്നുന്നുണ്ടായിരുന്നപ്പോൾ


"തുടരും
അയാളും ഞാനും തമ്മിൽ - 10
----------------



"സ്‌കൂളിലേക്ക് പോകുന്നതെങ്ങനെയാണ് നാടിൻറെ മാറ്റത്തിന് കാരണമാവുന്നത് " ?



  ഞാനൊക്കെ എത്ര സ്‌കൂളുകൾ കണ്ടതാണ് എന്ന ഭാവമായിരുന്നപ്പോൾ . അയാൾ പറയുന്നതെല്ലാം അംഗീകരിക്കേണ്ടി വന്നപ്പോൾ മനസ്സിലിത്തിരി അസൂയയും കുശുമ്പും കേറിയിരിക്കണം



"വിദ്യാഭ്യാസം എന്നത് അറിവിലേക്കുള്ള വാതിലാണ് വിദ്യാ . അന്നുവരെ കണ്ടതും കേട്ടതിനുമപ്പുറം ശരിയും തെറ്റും മനസ്സിലാക്കി ഉത്തമബോധമുള്ളൊരു പൗരനെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വലുതാണ് . മാറിക്കൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിൽ വാമൊഴിയായി പകർന്നുകിട്ടുന്നതുമാത്രം അറിവെന്ന് അംഗീകരിക്കാൻ വയ്യ , അതുകൊണ്ടുതന്നെ അക്ഷരാഭ്യാസത്തിന് വളരെ പ്രാധാന്യമുണ്ട് .


 ജനങ്ങൾക്കുവേണ്ടിയുള്ള ഏതുഭരണഘടനവേണമെങ്കിലും പരിശോധിച്ചോളൂ അവിടെയെല്ലാം "വിദ്യാഭ്യാസത്തിന് " നൽകുന്ന പ്രാധാന്യമെന്തെന്ന് കണ്ടറിയാം .നമ്മുടെ ഗവ . വന്നപ്പോൾ ആദ്യം പ്രാധാന്യം കൊടുത്തത് വിദ്യാഭ്യാസ ബില്ലിനായിരുന്നു . ഒന്നുമില്ലെങ്കിലും ഈ ഓണംകേറാമൂലയിൽ പള്ളിക്കൂടം പണിതുവെച്ചത് അധിക ചിലവുണ്ടാക്കാനല്ല .


വികസനത്തിലേറെ പിറകിൽ നിൽക്കുന്ന ഇതുപോലുള്ള അപരിഷ്‌കൃത മേഖലകളിൽ നിന്നുള്ളവരും നമ്മളെപ്പോലെ മുന്നോട്ട് വരാൻ വേണ്ടിയാണ് . അതിനുവേണ്ടിയല്ലേ ആർക്കുമില്ലാത്ത അത്രയും ആനുകൂല്യങ്ങളും റിസർവേഷനും അവർക്കായി മാറ്റിവെക്കപ്പെട്ടിട്ടുള്ളത് ? എന്നിട്ടും എന്താണ് അവരെപ്പോഴും ഈയവസ്ഥയിൽ നിന്നും പുറത്തുവരാത്തതെന്ന് വിദ്യ ചിന്തിച്ചിട്ടുണ്ടോ ?"



"അങ്ങനൊന്നുമില്ല ".


ഇടയ്ക്കൊക്കെ ഓർക്കാറുണ്ടെങ്കിലും അയാൾ പറയുന്നതുകേൾക്കാൻ വേണ്ടി പിന്നെയും കള്ളം പറഞ്ഞു .


"കാരണം അവർക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ചു അവർക്കറിയില്ല , വിലപിക്കാൻ പഠിച്ചവർ ....
വിധിയെന്നോർത്തു സമാധാനിക്കുന്നവർ
വിദ്യാഭ്യാസമില്ലാത്തവർ ..
 ചോദ്യം ചെയ്യാനോ അവകാശങ്ങൾ നേടാനോ വേണ്ട അറിവവർക്കില്ല .


ഇവരുടെ കൂട്ടത്തിൽ നിന്നും ഉയർച്ചയിലെത്തിയ ആളുണ്ടെങ്കിലല്ലേ വിദ്യ ഇവരുടെ ജീവിതനിലവാരവും ഉയർത്താൻ കഴിയൂ .. ? "



"ശരിയാണ് "


"കുട്ടികൾ വന്നതോടെ സ്ഥിരമായി കണക്കിൽ കാണിക്കാതെ ലീവെടുത്ത് വീട്ടിലിരിക്കുന്ന അധ്യാപകർക്കും ഇതിനെല്ലാം മുന്നിട്ടുനിൽക്കുന്ന ഞങ്ങളോട് നീരസമുണ്ടാവാൻ തുടങ്ങി .


പിന്നെയാണ് മനസ്സിലായത് കോളനിയിലെ കുട്ടികളുടെ പേരിൽ സൗജന്യമായെത്തുന്ന പാഠപുസ്തകങ്ങൾ പ്രൈവറ് സ്‌കൂളുകളിലേക്ക് മാറ്റപ്പെട്ടിരുന്നു എന്നത് . അതുകൂടാതെ അരിയും ധാന്യങ്ങളും മറിച്ചു വിൽക്കുന്നത് വേറെ , എല്ലാ വിദ്യാലയങ്ങളെയും പോലെ അവിടേയ്ക്കു അനുവദിക്കുന്ന ലൈബ്രറി -സ്പോർട്സ് -ഫർണീച്ചർ -മറ്റ്‌ അലവൻസുകളും -എസ് ടി (ഷെഡ്യൂൾഡ് ട്രൈബ് ) സ്കോളർഷിപ്പുകളും എവിടെപ്പോയെന്ന് ആർക്കുമറിയുകയുമില്ല .


അവകാശങ്ങൾ നേടിയെടുക്കാൻ അവിടുത്തെ കുട്ടികൾ പ്രാപ്തരാവുന്ന കാലം ..അതായിരുന്നു എന്നെപ്പോലെ അന്ന് തോളോടുചേർന്നു നിന്ന ഓരോരുത്തരുടെയും ലക്ഷ്യം ."



എനിക്കയാളോട് പറഞ്ഞറിയിക്കാനാവാത്ത മതിപ്പ് തോന്നുന്നുണ്ടായിരുന്നു .


"എന്നിട്ട് "?


"പിന്നീടുള്ള കുറേനാളുകൾ തിരക്കുപിടിച്ചതായിരുന്നു .... ആശുപത്രിയിൽ നാൾക്കുനാൾ വരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു . എങ്കിലും വനത്തിനകത്തുള്ള കോളനികളിൽ നിന്നെത്തുന്നവരുടെ എണ്ണത്തിൽ മാറ്റമൊന്നുമുണ്ടായില്ല .


ഇതിനിടയിൽ അജ്ഞാതരുടെ ആക്രമണങ്ങൾ ഭീഷണികൾ .....പക്ഷേ വീണുപോകുമ്പോൾ ധൈര്യം തരാനും ശുസ്രൂഷിക്കാനും ഒരു നാടുതന്നെ കൂടെയുണ്ടായപ്പോൾ എനിക്കൊന്നിനെയും പേടിക്കാൻ തോന്നിയതുമില്ല .



ആ ദിവസങ്ങളിൽ കറുപ്പൻ എന്നെയൊരുപാട് സഹായിച്ചിട്ടുണ്ട് ഞാൻ പറയുന്നത് അവിടുത്തെ സാധാരണക്കാരിൽ എത്തിക്കാനും അവരുടെ നിലപാട് എന്നിലെത്തിക്കാനും അവൻ ഇടനിലക്കാരനായി തുടർന്നു .


ആദ്യമാദ്യം ഹോസ്പിറ്റലിന് അടുത്തുള്ള വീടുകൾ എന്നുപറയാൻ കഴിയാത്ത കുടികളിൽ ഞങ്ങൾ കയറിയിറങ്ങി . ആശ്രയമില്ലാതെ കിടക്കുന്നവരെ അവിടെപ്പോയി പരിപാലിക്കാനും തുടങ്ങി .


ഓരോ വീടുകൾ കയറിയിറങ്ങുമ്പോഴും ഞങ്ങൾക്കുമുന്നിൽ അവിടുത്തെ യഥാർത്ഥ പ്രതിസന്ധി തെളിഞ്ഞുവന്നു , മാസാമാസം നമ്മുടെ സർക്കാർ എത്ര പെൻഷൻ പ്രഖ്യാപിച്ചിട്ടും ഒരുചില്ലിപോലും കിട്ടാതെ , മലയിലും കാട്ടിലും തോട്ടങ്ങളിലും രാവടുക്കുംവരെ കഴുതയെപ്പോലെ പണിയെടുത്തിട്ടും അവരുടെ ഉൽപ്പന്നങ്ങളുടെ ലേബൽ കണ്ടാൽ നമ്മളെപ്പോലുള്ളവർ "പരിശുദ്ധമെന്ന " പട്ടം ചാർത്തിക്കൊടുത്ത് വാങ്ങിച്ചിട്ടും പിന്നെയും അവിടുള്ളവർ രണ്ടുനേരമെങ്കിലും ഭക്ഷണം കിട്ടാനായി പരക്കംപായുന്നു . "



അയാൾ അല്പനേരമൊന്ന് നിർത്തിയശേഷം വീണ്ടും പറഞ്ഞുതുടങ്ങി .



"ആദ്യത്തെ കുഞ്ഞിനെ സ്‌കൂളിൽ വിടേണ്ട പ്രായമാവുമ്പോഴേക്കും രണ്ടാമത്തേതുണ്ടാവും . അപ്പോൾ അമ്മയും അച്ഛനും പണിക്കുപോവാനായി മൂത്തതിന്റെ അടുത്ത് ഏല്പിച്ചുപോകും പണിക്ക് .


അന്നന്നുകൊണ്ടുവരുന്നത് ഉപയോഗിച്ച് അന്നന്ന് കഴിയുക എന്നതിനപ്പുറം അവർക്കൊന്നുമറിയില്ല . പ്രായപൂർത്തിയായെന്ന് തോന്നുമ്പോൾ വിവാഹം കഴിപ്പിച്ചുവിടുക ,


അവരും ഇതുപോലെ കാട്ടിൽ നിന്ന് സംഭരിച്ചത് നാട്ടിൽ വിറ്റു ജീവിതമാർഗം തേടുന്നു .ഈ ആവർത്തനത്തിനിടയ്‌ക്കു വരുന്ന വനനശീകരണവും പുറത്തുള്ളവരുടെ കയ്യേറ്റവും അവരെയൽപമൊന്നുമല്ല തളർത്തുന്നത്

കാട്ടിലെ സസ്യസമ്പത്തിനേയും ജന്തുസമ്പത്തിനേയും പോലെത്തന്നെ കാടിനെയാശ്രയിച്ചുജീവിക്കുന്ന ഇവരെയും കൂടിയാണ് .

മനുഷ്യജീവിതമെത്രമാത്രം സങ്കീർണ്ണമാണെന്ന് ഇവരോടിടപഴകുമ്പോൾ മനസ്സിലാക്കാം വിദ്യാ "



തുടരും
9
----



"ആളുകളെത്താത്ത ഹോസ്പിറ്റലിൽ എന്ത് തട്ടിപ്പ്  ? വല്ല സ്വകാര്യ ആശുപത്രികളിൽ തിരക്കുള്ളിടത്താകുമ്പോൾ അവയവക്കച്ചവടമോ കഴുത്തറുക്കുന്ന ഫീസോ ഉണ്ടെന്നുപറയാം"



" തനിക്കറിയാതെയാണ് ഗവ . ആശുപത്രികളിൽ മാസാമാസം സർക്കാരിൽ നിന്നെത്തുന്ന സഹായം ഇവിടുള്ളവർ മറിച്ചു വിൽക്കുകയോ കള്ളക്കണക്കെഴുതി പോക്കെറ്റിലാക്കുകയോ ചെയ്യുന്നു . "


"ഓ ...സർക്കാരിന്റെ മരുന്നുകൾ മറിച്ചു വിറ്റാൽ ആര് വാങ്ങാനാണ് "


മന്തുരോഗത്തിനും ,റൂബെല്ലയും ,പോളിയോയും ഒക്കെ നാട്ടുകാർ തിരിഞ്ഞുനോക്കാതെ കുറ്റപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട് . പോരാത്തതിന് പഞ്ചായത്ത് ആശുപത്രികളിലോ ഹെൽത്ത് സെന്ററുകളിലോ പണ്ടെപ്പോഴോ സി എസ് എസ് വർക്കിനുവേണ്ടി കേറിയപരിചയമേ എനിക്കുള്ളൂ , എല്ലാ രോഗത്തിനും അടുത്തുള്ള പ്രൈവറ് ക്ലീനിക് ആണ് ഞങ്ങളുടെ ആശ്രയം . രോഗം  മാറണമെങ്കിൽ ഗവൺമെന്റിൽ പോയിട്ട് കാര്യമില്ല .



"വിദ്യ ഏറ്റവും ഗുണമേന്മയുള്ള ഒരുപാട് വിദഗ്ധ പരിശോധനയ്ക്ക് ശേഷമെത്തുന്ന മെഡിക്കൽ എത്തിക്സിന്റെ എല്ലാഭാഗവും ഉൾക്കൊള്ളുന്ന മെഡിസിൻസ് സൗജന്യമായി നൽകുമ്പോൾ നിനക്കൊക്കെ പുച്ഛം പക്ഷേ നീയൊരു കാര്യം മനസ്സിലാക്കണം സ്വകാര്യ മെഡിക്കൽ മാർക്കെറ്റുകളും ,ഷോപ്പുകളിലും ,ആശുപത്രികളിലുമൊക്കെ ഇതിന് നല്ല ഡിമാൻഡാണ് .


പിന്നെ ഏറ്റവും കൂടുതൽ ക്വാളിഫിക്കേഷനും സ്പെഷലൈസേഷനും ഉള്ളതും സർക്കാർ ഡോക്ടർമാർക്ക് തന്നെയാണ് . നീയൊന്നു ചിന്തിച്ചുനോക്കൂ ഇത്രെയേറെ സൗകര്യങ്ങൾ ചെയ്യുന്നത് സർക്കാർ എന്ന വ്യക്തിയുടെ പണമല്ല ,നിന്നെപ്പോലുള്ള കോടിക്കണക്കിനാളുകൾ കൊടുക്കുന്ന നികുതികൊണ്ട് ലഭ്യമാക്കുന്നതാണ് അതും നിനക്കൊക്കെ വേണ്ടി ,ആ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താതെ പോകുമ്പോൾ നഷ്ടം ആർക്കാണ് വിദ്യ ?"



"ഉം "


അയാള് പറഞ്ഞത് ശരിയാണെങ്കിലും മനസ്സുകൊണ്ട് പൊരുത്തപ്പെടാനൊരു ബുദ്ധിമുട്ട് എനിക്ക് തോന്നി .


"ഞാൻ പറഞ്ഞു കാടുകയറുന്നുണ്ടല്ലേ ....? "


"ഏയ് ഇല്ല .... ഇങ്ങനെ പറയാൻ ആളുകൾ കുറവായിരിക്കും "


"ഓരോ ആശുപത്രികൾക്കും അവിടെയെത്തുന്ന രോഗികളുടെ തോതനുസരിച്ചു മെഡിസിനായും ,അടിസ്ഥാനസൗകര്യങ്ങൾക്കുള്ള പണമായും വിതരണം ചെയ്യപ്പെടാറുണ്ട് . പക്ഷേ ഒരിക്കൽ വിതരണം ചെയ്യപ്പെട്ടത് ചെലഴിച്ചാലേ പുതിയ സ്റ്റോക്കുകൾ കിട്ടൂ .


 അതിന് കൃത്യമായ രോഗികളുടെ ലിസ്റ്റും ചെലവായ മരുന്നിന്റെ ലിസ്റ്റും ഇനി ആവശ്യമുള്ളതും തുടങ്ങിയവ നൽകണം .


 പക്ഷേ ഇവിടെ സംഭവിച്ചത് എന്താണെന്നുവെച്ചാൽ കോളനിക്കാരുടെ എലെക്ഷൻ ലിസ്റ്റും കുറച്ചു സ്വയം സൃഷ്ടിക്കപ്പെട്ടതുമായ പേരും വിവരങ്ങളും ചേർത്ത് സർക്കാരിൽ നിന്നും കൈക്കലാക്കുന്ന പണം മുഴുവൻ കുറച്ചുപേരുടെ പോക്കെറ്റിൽ മാത്രമെത്തുന്നു കൂടാതെ മെഡിസിൻസ് മറിച്ചു വിൽക്കുന്നു ,പകരം ഡേറ്റ് കഴിഞ്ഞവ ഇവിടെക്കൊണ്ട് വെയ്ക്കുന്നു ,നിശ്ചിതകാലം കഴിയുമ്പോൾ സർക്കാരിന്റെ ചെലവിൽത്തന്നെ ഇവ സംസ്കരിക്കപ്പെടുന്നു .


ഇവിടെ പേരിന് വെയ്ക്കുന്ന പാരസെറ്റമോൾ പോലും അന്വഷിച്ചു കോളനികളിലെ ജനങ്ങൾ വരുന്നുമില്ല . ഇതേക്കുറിച്ചു വല്യ പിടിപാടിലാത്ത സുനിതേച്ചിയെയും കൊവാലെട്ടനെയും ഒക്കെ മനോഹരമായി പറ്റിക്കുന്നു . "



"അയ്യോ ...! ഇങ്ങനൊക്കെ ഉണ്ടാവുമോ ?"


എനിക്കൊരു ഞെട്ടലായിരുന്നു ആദ്യം


"ഇങ്ങനെയേ ഉണ്ടാവൂ . ഞാൻ ആദ്യമേ പറഞ്ഞില്ലേ സർക്കാരിന്റെ സൗകര്യങ്ങൾ ഫസ്റ്റ് ക്വാളിറ്റി ഉള്ളതായിരിക്കും ,പക്ഷേ അതിൽ കയ്യിട്ടുവാരുന്നവരുടെ അഴുക്കുകൾ കൊണ്ട് വേസ്റ്റ് ആവുന്നുവെന്നേയുള്ളു ."


"എന്നിട്ട് ?"


"പിന്നെയാണ് യഥാർത്ഥ പ്രശ്നം ഉണ്ടാവുന്നത് . ഇതിനെതിരെ പ്രതികരിക്കാൻ ഞാൻ മാത്രം പോരാ മറിച്ചു കോളനിക്കാർ തന്നെ വേണമായിരുന്നു . പക്ഷേ അവിടെയും പ്രശ്നമാണ് ആ ഹോസ്പിറ്റൽ തങ്ങളുമായി ഒരുബന്ധവുമില്ലാത്തതാണ് എന്ന രീതിയിലായിരുന്നു അവരുടെ സമീപനം .

 അവരെ ബോധ്യപ്പെടുത്തിയെടുക്കുക എന്നാൽ കുഞ്ഞുങ്ങൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുന്നതുപോലെ കഷ്ടവും ."



'അപ്പോൾ ഹോസ്പിറ്റലിലെ ആരും കൂടെ നിന്നില്ലേ ?"


"ഈ സത്യങ്ങൾ ആദ്യം പറഞ്ഞപ്പോൾ അവർക്കൊന്നും ഉൾക്കൊള്ളാൻ സാധിച്ചില്ല , പക്ഷേ തെളിവുകൾ മനസ്സിലാക്കിപ്പിച്ചു പറഞ്ഞുകൊടുത്തപ്പോൾ തെറ്റുമനസ്സിലായി , എല്ലാത്തിനും കൂടെനിൽക്കാമെന്ന് സമ്മതിക്കുകയും ചെയ്തു .


വിദ്യാ നമ്മളൊരു ജോലിചെയ്യും മുൻപ് അത് നമുക്കുവേണ്ടിയാണെന്ന ചിന്ത ഉണ്ടാക്കിയെടുക്കണം ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാണിക്കണം കൂടാതെ എന്താണ് നമ്മുടെ ജോലി/ധർമം യെന്ന് കൃത്യമായി അറിഞ്ഞിരിക്കണം അതിന്റെയൊരു കുറവ് നികത്താനും ഇവിടുള്ളവരെ ബോധവൽക്കരിക്കാനും തന്നെ ഏറെ പണിപ്പെടേണ്ടി വന്നെങ്കിലും പതിയെ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങി ,


കൊവാലെട്ടന്റെ വീട്ടിലെയും കുറച്ചു ബന്ധുക്കാരുടെയും ഒപ്പം സുനിതേച്ചിയുടെയും ശങ്കരേട്ടന്റെയും പാക്കരേട്ടന്റെയും ബന്ധുക്കളും വർക്ക്‌ഷോപ്പിലെ ജോലിക്കാരുടെയും ദൈനംദിനം കണ്ടുപരിചയിച്ച മുഖങ്ങളും ഹോസ്പിറ്റലിലേക്ക് ഓരോ ആവശ്യത്തിനായി വന്നുതുടങ്ങി . അതിനൊപ്പം ഒരുവശത്ത് പ്രശ്നങ്ങളും തുടങ്ങി"


"എന്ത് പ്രശ്നം ...ഇതൊക്കെ നല്ലകാര്യമല്ലേ ?"


"ഹ ഹ നല്ലകാര്യമാവുന്നത് ഞങ്ങൾ കുറച്ചുപേർക്കല്ലേ വിദ്യാ , വർഷങ്ങളായി വിഹിതം പറ്റി ജീവിച്ചവർക്ക് കിട്ടാവുന്ന വലിയ തിരിച്ചടിയല്ലേ ഇത് . മുൻപ് മറ്റ്‌ സ്ഥാപനങ്ങളിലെ എസ്സ്‌പെയറി കഴിഞ്ഞവ കൊണ്ടുവരുന്നതും ഫാർമസിയിൽ വെക്കുന്നതും ആയിരുന്നു ശീലം .


 അന്ന് കൊണ്ടുവന്ന മരുന്നുകൾ ചെക്ക് ചെയ്ത് ബോധ്യപ്പെട്ടശേഷമേ ഫാർമസിയിൽ വെക്കുള്ളു എന്നുഞാൻ ഉറപ്പിച്ചു പറഞ്ഞു , ആശുപത്രിയിലെ മറ്റുള്ളവരും അന്നുവന്ന ഒന്നുരണ്ട് രോഗികളും കൂടെ എന്നോടൊപ്പം നിന്നപ്പോൾ അവർക്ക് മാറ്റിവഴിയൊന്നുമില്ലെന്നായി .

 അവർ സൂപ്രണ്ടിനേയും ഹെൽത്ത് ഇൻസ്പെക്ടറെയും വിളിച്ചുവരുത്തി , ഒപ്പം ഈ മരുന്നുകളുടെ സ്ഥിരം ഉപഭോക്താക്കളായ കുറച്ചുപേരും കൂടെയെത്തി . ആദ്യം നിർബന്ധമായിരുന്നു പിന്നെ പിന്നെ ആജ്ഞയും ഭീഷണിയുമൊക്കെയായി . ചെറിയൊരളവിൽ അടിപിടിവരെയെത്തിയെന്ന് പറയാം .

 ആശുപത്രിയുടെ എല്ലാ ഉത്തരവാദിത്വവും തങ്ങൾക്കാണെന്ന് ഇൻസ്പെക്ടറും സൂപ്രണ്ടും വാദിച്ചെങ്കിലും ഇതൊക്കെ കണ്ടപ്പോൾ ഫാർമസി അഴിമതിയുടെ തീവ്രത മനസ്സിലായ ആശുപത്രിയിലെ മറ്റുമൂന്നുപേരും എനിക്കൊപ്പം ഉറച്ചു നിന്നു . അവർക്കുനേരെയും ഭീഷണിയുണ്ടായി ,

 പതിയെ അവിടെയൊത്തുകൂടിയവർ ഇടപെട്ടപ്പോൾ മറ്റ്‌ വഴികളില്ലാതെ അവർക്ക് കീഴടങ്ങേണ്ടി വന്നു . അങ്ങനെ സർക്കാരിൽ നിന്നെത്തുന്ന മരുന്നുകൾ ഹോസ്പിറ്റൽ ഫാർമസിയിൽ സ്റ്റോക്ക് ചെയ്യപ്പെട്ടു .


അതിനുശേഷം ജനങ്ങളുടെ അവകാശത്തെക്കുറിച്ചും ആശുപത്രിയുടെ ആവശ്യകതയും ധർമ്മവും എല്ലാം എനിക്കറിയുന്ന രീതിയിൽ അവരിലെത്തിച്ചു .


കൂടാതെ ആ ആശുപത്രിപോലെ സ്‌കൂളും ഹെൽത്ത് സെന്ററും പൂട്ടിക്കിടക്കുന്ന അങ്കൺവാടിയും ഒക്കെ അവിടുത്തെ സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് കുറച്ചുപേരെങ്കിലും തിരിച്ചറിഞ്ഞത് അപ്പോഴാണ് . രാവിലെ എത്തുന്ന ഒന്നോരണ്ടോ രോഗികളെ നോക്കിക്കഴിഞ്ഞാൽ ശേഷിച്ചസമയം കോളനിക്കാരെ ബോധവൽക്കരിക്കാൻ ഞങ്ങൾ തീരുമാനിച്ചു .



ഞങ്ങളുടെ കൂടെ തിരിച്ചറിവുണ്ടാകുന്ന നാട്ടുകാരും ചേർന്നപ്പോൾ അവിടെ ചെറിയ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങി . ആദ്യമായി മുതുമല ഗവ .യു പി സ്‌കൂളിൽ കുട്ടികളുടെയെണ്ണം കൂടിത്തുടങ്ങി . അതൊരു മാറ്റമായിരുന്നു എന്റെയും ആ നാടിന്റെയും ....!"



തുടരും
8
----


"ഉം ശരിയാണ് ..., ചോദിക്കാൻ ആളില്ലാത്തിടത്ത് എന്തുമാവാമല്ലോ . എന്നിട്ടെന്തായി " ?


അയാൾ ഒന്നുചിരിച്ചിട്ട് എഴുന്നേറ്റുനിന്നു .


"ദേ താനിപ്പോൾ വന്നിട്ട് ഒരുമണിക്കൂർ ആവാറായി , അരമണിക്കൂറിൽ കൂടുതൽ സന്ദർശനസമയം നിയമങ്ങളിൽ ഇല്ലാത്തതാണ് . ഇവിടെന്തുപറ്റിയെന്ന് മനസ്സിലാവുന്നിലാലോ ?"


സത്യം പറഞ്ഞാൽ ഞാനുംഅപ്പോഴാണ് അതേക്കുറിച്ചാലോചിച്ചത് .പതിനഞ്ചു മിനുട്ടെന്നാണ് എന്നോട് പറഞ്ഞത് എന്നിട്ടിപ്പോൾ നേരമിത്രയായിട്ടും ആരും വരുന്നുമില്ല . കൊണ്ടുവിട്ട പോലീസുകാർ തറയുടെ അങ്ങേവശത്തും .


"എനിക്കറിയില്ല മനു "


"ഇതിലെന്തെങ്കിലും ചതിയുണ്ടാവണം ഇല്ലെങ്കിൽ നീ വെറുതെ ഒരു കൗതുകത്തിനെന്നെ കാണാൻ വന്നവളല്ല "


"ഞാൻ പറഞ്ഞത് സത്യമാണ് എന്റെ വരവിനുപിന്നിൽ ചാരത്തിയുടെ ലക്ഷ്യങ്ങളൊന്നുമില്ല "


"ഉം "


അയാൾ ചുറ്റിലും നന്നായി വീക്ഷിച്ചശേഷം പഴയ സ്ഥാനത്തുതന്നെ വന്നിരുന്നു .


"എന്നിട്ടെന്തായി പറയൂ ?"


"തനിക്ക് ധൃതിയായല്ലേ ..."?


"ഏയ് ...അതല്ല , എപ്പോഴാ പോലീസുകാർ വരുന്നതെന്നറിയില്ലാലോ , ഇനിയൊരനുമതി സംഘടിപ്പിക്കാൻ പെട്ടെന്നൊന്നും കഴിയില്ലെന്നറിയാമല്ലോ "


" ഉം ..... എന്നും രാവിലെ വന്ന് പണിയില്ലാതെ വൈകീട്ട് പോകുന്നതെനിക്കും പതിയെ മടുപ്പായി തുടങ്ങി , ഏകദേശം ഒരുമാസത്തിനിടയ്‌ക്ക് അവിടെ വന്നുപോയവരുടെയെണ്ണം പത്തിൽ താഴെയായിരുന്നു .


പക്ഷേ ഓരോ ദിവസം കൂടുംതോറും കറുപ്പൻ കൂടുതൽ സന്തോഷവാനായി കാണപ്പെട്ടു , നഗരമവന് സമ്മാനിച്ച ദുരന്തങ്ങളിൽ നിന്നും അവൻ ജനിച്ചുവളർന്നതുപോലൊരു അന്തരീക്ഷത്തിൽ എത്തിപ്പെട്ടതിന്റെയാവാം .


അതിരാവിലെ കോളനിയിലെ ഏതോ കുടിയിൽ പോയി പാലുവാങ്ങിവന്ന് കോട്ടേഴ്‌സിന് സൈഡിൽ അവനുണ്ടാക്കിയ അടുപ്പിൽ എനിക്കും അവനുമുള്ള ചായയുണ്ടാക്കി എന്നെ വിളിച്ചുണർത്തുന്നതോടെ അവന്റെയും എന്റെയും പുതിയ ദിനം തുടങ്ങുകയായി . ഈ ചായ ഞാനിവിടെ വന്നശേഷം അവന് പഠിപ്പിച്ചുകൊടുത്തതാണ് .


മിക്ക ദിവസങ്ങളിലും ഞാനുണർന്നിരിക്കുമെങ്കിലും കറുപ്പന്റെ മലയാളവും തമിഴും പിന്നെ കേട്ടുപരിചയമില്ലാത്ത സ്ളാങ്ങും ചേർത്തിയുള്ള

"അണ്ണാ " എന്നുള്ള വിളി കേൾക്കുന്ന സുഖത്തിനായി വെറുതെ കിടക്കും . അല്ലെങ്കിലും അലാറം വിളിച്ചെഴുന്നേൽപ്പിക്കുന്നതും 'അമ്മ വിളിച്ചുണർത്തുന്നതും വ്യത്യാസമില്ലേ , അമ്മയില്ലാത്തോണ്ട് പ്രിയ ചെങ്ങായി എന്ന് മാത്രം


കോട്ടേഴ്‌സിൽ ഗ്യാസ് കണക്ഷനും അടുപ്പും ഫോറെസ്റ് ഓഫീസിൽ നിന്നും താൽക്കാലികമായി കൊണ്ടുതന്നിട്ടുണ്ടെങ്കിലും അതിനെ അവൻ "തീ തുപ്പുന്ന പൂതമായാണ് " കണക്കാക്കുന്നത് .

പെട്ടെന്ന് അതിന് ദേഷ്യം വന്നാൽ എല്ലായിടവും തീതുപ്പി കത്തിക്കുമത്രേ . അതുകൊണ്ട് എന്നെയും അതിനടുത്തേക്ക് വിടില്ല .

അവരുടെ ഊരിലെ യക്ഷിക്കഥകളിൽ കമ്പുവീശിയാൽ തീവരുന്നതാണെന്നാണ് അവന്റെ വിശ്വാസം , എവിടുന്നൊക്കെയോ ബാധയകറ്റാൻ ഭസ്മം തൊട്ടിട്ടുണ്ട് . എനിക്കുമെന്തോ ഇടയ്ക്കൊക്കെ അവനെ തിരുത്താൻ തോന്നാറില്ലായിരുന്നു .അവന്റെ വിശ്വാസങ്ങളിൽ ജീവിക്കാൻ ഞാനേറെ ആഗ്രഹിച്ചിരുന്നു


പൊതുവെ രാവിലെനേരത്ത് അഞ്ചു - പത്ത്  റേഞ്ചിൽ നിൽക്കുന്ന തണുപ്പിൽ അടുപ്പുകൂട്ടി തീക്കത്തിക്കുമ്പോൾ അവന്റെ തണുപ്പും മാറുമെന്നൊരു വശം കൂടിയുണ്ട് .


ചായ വെച്ചുകഴിഞ്ഞാൽ എനിക്ക് കുളിക്കാനും കുടിക്കാനുമുള്ള ചൂടുവെള്ളം കൂടെ ആയിരം ഡിഗ്രിയിലെങ്കിലും തിളപ്പിച്ച് വെക്കും .


എന്റെ കുളിയൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും കോട്ടേഴ്‌സിന് പുറകിൽ ഇരുനൂറ് മീറ്റർ ദൂരത്തുള്ള തോട്ടിൽ അതും അത്രേം തണുപ്പിൽ മുങ്ങി സോപ്പില്ലാതെ കുളിച്ചുവന്നിരിക്കും പക്ഷേ ഞാൻ വാങ്ങിച്ചുകൊടുത്ത വസ്ത്രങ്ങൾ ഒന്നുമിടില്ല ,അതവന്റെ കുടിയിലേക്ക് സമ്പന്നനായി പോകുമ്പോൾ കൊണ്ടുപോവണം പറഞ്ഞു എന്റെ കീറിത്തുടങ്ങിയവ ഇടും .


പുതിയത് വാങ്ങിക്കൊടുക്കാൻ സമ്മതിക്കുകയുമില്ല ,ഭക്ഷണത്തിനും വസ്ത്രത്തിനും സഹജീവികൾക്കും കൂടുതൽ ബഹുമാനം കൊടുക്കുന്നത് അവരാണെന്നതിൽ തർക്കമില്ല .


ഞാൻ കൊടുത്ത വസ്ത്രത്തിൽ രണ്ടെണ്ണം അവനാർക്കൊക്കെയോ ദാനം കൊടുത്തെന്നറിഞ്ഞപ്പോൾ എത്രയുണ്ടാക്കിയാലും പോരെന്നുപറയുന്ന നമ്മുടെ വിലയെന്തെന്ന് ചിന്തിച്ചുപോയി .


പിന്നെ അറ്റൻഡർ കൊവാലെട്ടന്റെ ഉറ്റ സുഹൃത്ത് ഭാർഗവനെന്ന പാക്കരേട്ടന്റെ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം .


ഞാൻ പോവുമ്പോഴേക്കും ഒരു കസേര പാക്കരേട്ടൻ മാറ്റിവെച്ചിരിക്കും , അവരുടെയൊക്കെ ജീവിതത്തിൽ അവരോടിടപഴകുന്ന പുറത്തുനിന്നുള്ള ചുരുക്കംചില വ്യക്തികളിൽ ഒരാളാണ് ഞാനെന്ന ബഹുമാനമെപ്പോഴും കിട്ടിയിരുന്നു .

ആദ്യമൊക്കെ കറുപ്പന് എന്റെകൂടെയിരുന്നു ഭക്ഷണം കഴിക്കാൻ വല്ലാത്ത നാണമായിരുന്നു , അവന്റെ ചിന്തയിൽ വലിയൊരാളായിരുന്നു എന്ന് പറയുന്നതാവും ശരി .


ഭക്ഷണം കഴിഞ്ഞാൽ ഹോസ്പിറ്റലിലേക്ക് , പതിവ് ഡ്യൂട്ടി സമയം കഴിയും വരെ ഫോണിലോ ,വീഡിയോ ഗെയിമോ അല്ലെങ്കിൽ ഞാനും കറുപ്പനും സുനിതേച്ചിയും ശങ്കരേട്ടനും കൂടെ "തായമോ ,നൂറാം കോലോ ,രാജാവും കള്ളനുമോ കളിച്ചു വൈകുന്നേരമെത്തിക്കും .


പിന്നെ വനാതിർത്തിയിലൂടെ ചെറിയൊരു നടത്തം , അതിനിടയിൽ കറുപ്പന്റെ ഊരിലെ വീരസാഹസിക കഥകളും , മുതുമലയിലെത്തിയശേഷം അവൻ പരിചയപ്പെട്ട കോളനിവാസികളെയും പിന്നെ അവന്റെ ഏറ്റവും വലിയ സ്വപ്നനായിക ശെമ്പകത്തെയും കുറിച്ചുമൊക്കെ കേട്ടിങ്ങനെ നടക്കുന്നതിനിടയിൽ സൈഡ് ഡിഷുപോലെ കറുപ്പൻ പറിച്ചുതരുന്ന കായ്കനികളും മറ്റുഫലങ്ങളും കഴിക്കും , വരുംവഴി അത്താഴത്തിന് പാക്കരൻസ് സ്പെഷ്യൽ വാങ്ങി കയ്യിൽ വെക്കും .


എന്റടുത്ത് എത്ര പറഞ്ഞാലും അവൻ കിടക്കില്ലാത്തതുകൊണ്ട് മലഞ്ചരക്ക് വിൽക്കാൻ പോകുന്നുവരുടെകയ്യിൽ കൊടുത്ത് അവനൊരു ബെഡ് വാങ്ങിക്കൊടുത്തിട്ടും ഞാനുറങ്ങിയെന്ന് ഉറപ്പായാൽ അവൻ പുറത്തെത്തിണ്ണയിൽ പായവിരിച്ചു ആകാശംനോക്കി കിടന്നുകളയും .


ആ തണുപ്പിൽ അവനോടൊപ്പം പോയിക്കിടന്ന് അകത്തെത്തുംവരെ മൗനസമരം ചെയ്യാൻ "തണുപ്പ് " കരണമെനിക്ക് കഴിഞ്ഞില്ല . പതിയെ ഞങ്ങൾക്കത്‌ ശീലമായി ..


എങ്കിലും ഞാനൊന്ന് ഞെട്ടിയുണർന്നാൽ പോലും "എന്താ അണ്ണാ ചോദിച്ചു അവൻ വരും .


ശരിക്കും പറഞ്ഞാൽ എളുപ്പത്തിൽ പഠിക്കാനും കടുപ്പത്തിൽ പ്രവർത്തിക്കാനും പറഞ്ഞുതരുന്ന തുറന്നുവച്ച പാഠപുസ്തകം ആയിരുന്നു കറുപ്പൻ .

അല്ല ,പിന്നീട് അവിടെ ഞാൻ കണ്ട ഓരോരുത്തരും അവന്റെ പ്രതിരൂപം തന്നെയായിരുന്നു .


"സത്യത്തിൽ ഹോസ്പിറ്റൽ തന്നെയായിരുന്നോ അത് ?"


"ഹ ഹ അല്ലായിരുന്നു . പക്ഷേ ഞങ്ങൾ ആക്കിയെടുത്തു ... ഡ്യൂട്ടി സമയത്ത് വെറുതെയൊരു കൗതുകത്തിന് പരിശോധിച്ചപ്പോഴാണ് അന്നുവരെ നടന്ന വെട്ടിപ്പിനെ കഥയറിയുന്നത് . പകൽക്കൊള്ളകളെക്കുറിച്ചു സിനിമകളിൽ കണ്ടെത്തുന്നതിനെ കടത്തിവെട്ടും വിധം . അതൊരു തുടക്കമായിരുന്നു ...!



തുടരും
7
-----------------


"ശരിക്കും മനുഷ്യരെ തിന്നുമോ ?"


"കഴിക്കും ...അതവരുടെ ശീലമാണ് , വെട്ടിമുറിച്ചു കറിവെച്ചു ചിക്കൻ എന്നുപറഞ്ഞാൽ നീ കഴിക്കില്ലേ ?"


"ഉം "


 ഇയാൾക്ക് മുൻപിൽ എനിക്കധികവും മൗനം മാത്രമാണല്ലോ എന്നുഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു .


"ജയിലിൽ നിന്നിറങ്ങിയശേഷം പതിവുപോലെ അച്ഛന്റെ നിർബന്ധപ്രകാരം മുതുമല വനത്തിനടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജൂനിയർ ഡോക്ടറായി ജോലിയിൽ പ്രവേശിച്ചു ."



"അപ്പോൾ കറുപ്പനോ ?"


"അവനെവിടെ പോവാൻ ,എന്റെ സന്തതസഹചാരിയായി കൂടെക്കൂടി . ചെന്നൈ മെഡിക്കൽ കോളേജിൽ കണ്ടതിലധികം രൂക്ഷമായിരുന്നു മുതുമലയിലെ സ്ഥിതി .

സൂപ്രണ്ട് ആശുപത്രിയിൽ വന്നിട്ട് മാസങ്ങളായിരുന്നു , അന്വഷിച്ചപ്പോൾ ലീവിലാണെന്ന് പറഞ്ഞെങ്കിലും പച്ചയായ നിയമലംഘനമാണ് അവിടെ നടക്കുന്നതെന്നെനിക്ക് മനസ്സിലായി .

വർഷാവർഷം ഗവ ,സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നായി പഠനം പൂർത്തിയാക്കുന്ന പതിനായിരക്കണക്കിന് ഡോക്ടർമാരുള്ളപ്പോഴാണ് ഇതുപോലെ ശോചനീയാവസ്ഥയിൽ പല ആരോഗ്യ കേന്ദ്രങ്ങളും .


നാല് ഡ്യൂട്ടി നേഴ്‌സുമാർക്ക് ഒഴിവുള്ളിടത്ത് ഒരാൾ മാത്രം . പേരിന് ഒരു അറ്റെൻഡറും , തകർന്നുകിടക്കുന്ന ആംബുലൻസും ,കാലാകാലങ്ങളായി അടിഞ്ഞുകൂടിയ അഴുക്കിനുമുകളിൽ പുതിയവ വന്നുകൊണ്ടേയിരുന്നു . രോഗികളുടെ എണ്ണം നന്നേ കുറവ് എന്നല്ല , അവിടെയാരും വരാറില്ല എന്നുപറയുന്നതാവും ശരി .


ആകെയുള്ള ഫാർമസിയിൽ ഡേറ്റ് കഴിഞ്ഞ മരുന്നുകൾ കുന്നുകൂടി കിടക്കുന്നു .
സമീപത്തുതന്നെ ഉള്ള ക്വാർട്ടേസിൽ താമസിച്ചോളാൻ കിട്ടിയ നിർദേശമനുസരിച്ചു അവിടെ ചെന്നപ്പോൾ അംഗങ്ങൾ ഉപേക്ഷിച്ചുപോയ പ്രേതഭവനത്തിന്റെ പ്രതീതിയായിരുന്നു . നിർമാണം കഴിച്ചു ഉത്ഘാടനവും നടന്നുവെന്നല്ലാതെ പ്രതേകിച്ചു ഉപകാരമൊന്നും ഇല്ലാതെ കിടക്കുന്നവയാണത് ."


"അപ്പോൾ അവിടെ മറ്റ്‌ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ലേ ?"


"ഒന്നുരണ്ട് കടകളും ചെറിയ ഹോട്ടലുകളും വർക്ക്‌ ഷോപ്പും തുടങ്ങിയവ മാത്രം . അതെല്ലാം വല്ലപ്പോഴുമെത്തുന്ന ടൂറിസ്റ്റുകൾക്കും വനഗവേഷകർക്കും വേണ്ടിയുള്ളതാണ് , പിന്നെയൊരു റേഞ്ച് ഓഫീസും ."


"അപ്പോൾ സാധാരണ ജനങ്ങളോ "?


"അവരുമുണ്ട് .... നിരത്തിവെച്ച കൂണുകളെയോ ,തീപ്പെട്ടിപ്പട്ടികളെയോ ഓർമിപ്പിക്കും വിധത്തിലുള്ള കൂരകൾ , അവിടെ തിങ്ങിഞെരുങ്ങി ഒരുകൂട്ടം ജന്മങ്ങൾ .

 ഗ്രാമങ്ങളധികവും മലമുകളിലായിരുന്നു , മാസത്തിലൊരിക്കൽ കിട്ടുന്ന റേഷനുവേണ്ടിയും , മലഞ്ചരക്കുകൾ വിൽക്കാനായും മാത്രമവർ കാടിറങ്ങി , തൊട്ടടുത്തുതന്നെയുള്ള യുപി സ്‌കൂളിൽ അധ്യാപകരുമില്ല മിക്ക ക്ലാസ്സിലും വിരലിലെണ്ണാവുന്ന കുട്ടികളും മാത്രം


അവിടെയെന്താണ് ഞാൻ ചെയ്യേണ്ടതെന്ന് ആദ്യമൊന്നും ഒരു രൂപവുമുണ്ടായിരുന്നില്ല . ഹോസ്പിറ്റലിലെ ഓ പി യും പരിസരവും വൃത്തിയാക്കലായിരുന്നു ആദ്യ ദിനങ്ങളിൽ എന്റെ പ്രധാന പരിപാടി ,


ഓർഡറിൽ ഉള്ള ഡ്യൂട്ടി സമയം കഴിഞ്ഞാൽ കോട്ടേഴ്‌സ് വൃത്തിയാക്കലും , കറുപ്പൻ ഒപ്പമുള്ളത് ശരിക്കും പറഞ്ഞാൽ വലിയൊരു ആശ്വാസമായിരുന്നു . ഞാൻ തളർന്നു പോകുമ്പോഴെല്ലാം അവൻ തളർച്ചയില്ലാതെ പണിയെടുക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് .


നാട്ടിലെല്ലാം കഴിച്ചു തടിച്ചുവീർത്തിട്ടും പാഴ്ത്തടിയാണോ നമ്മുടേതെന്ന് തോന്നിപ്പോയിട്ടുണ്ട് "


"ഉം ..."

ഇയാളെന്താ മാണിക്ക കല്ല് സിനിമാക്കഥ പറയുകയാണോ എന്ന് ഇന്നാണെങ്കിൽ ഞാൻ ചോദിച്ചേനെ


" ആദ്യം മടിച്ചുനിന്ന സുനിത സിസ്റ്ററും അറ്റൻഡർ കോവാലനും ഞങ്ങളോടൊപ്പം കൂടാൻ തുടങ്ങി , ആഴ്ചയിലൊരിക്കൽ വന്ന് ആംബുലൻസ് തുടച്ചിട്ട് പോകുന്ന ശങ്കരൻ സ്ഥിരമായി വരാൻ തുടങ്ങി .


മാറാലകളിൽ നിന്നും ഒരുകെട്ടിടത്തെ മുക്തമാക്കിയെന്നല്ലാതെ അതൊരു ആശുപത്രിയെന്ന് പറയാൻ കഴിയില്ലായിരുന്നപ്പോഴും .


കാലത്ത് എട്ടൊമ്പത് മണിയോടെയെത്തുന്ന കോവാലൻ ആചാരം പിന്തുടരും പോലെ തുരുമ്പെടുത്തു തുടങ്ങിയ ഗേറ്റും വാതിലും തുറന്നുവെക്കും , ഞാൻ വന്നശേഷം ജനാലകളും ,


തലേദിവസം സാമൂഹ്യ വിരുദ്ധരെന്നറിയപ്പെടുന്ന കോവാലന്റെ കൂട്ടുകാർ മദ്യപിച്ച കുപ്പികളും അച്ചാർ കവറുകളും പെറുക്കി ഹോസ്പിറ്റലിന് പുറകിലെ കുഴിയിൽ കവറും , ചാക്കിൽ കുപ്പിയും കൊണ്ടിടും . രണ്ടാഴ്ച കൂടുമ്പോൾ മലഞ്ചരക്ക് കയറ്റാനെത്തുന്ന ലോറിയിൽ ഈ ചാക്കുകയറ്റിവിടുമ്പോൾ കിട്ടുന്ന അമ്പതോ അറുപതോ സന്തോഷത്തോടെ വാങ്ങിവെക്കും .


ഗ്രാമങ്ങളിലെ അല്ല കോളനികളിലെ മറ്റുള്ളവരെ അപേക്ഷിച്ചു ഉയർന്ന നിലയിൽ എത്തിനിൽക്കുന്ന അവരുടെയിടയിലെ "സമ്പന്നനാണ് " കോവാലൻ .


മക്കളെ സ്ഥിരമായി സ്‌കൂളിൽ വിടുന്ന ചുരുക്കം ചിലരിൽ ഒരാൾ . ഹോസ്പിറ്റലിലെ ഈ ഓപ്പണിങ് പണികഴിഞ്ഞാൽ മലഞ്ചരക്ക് ശേഖരിക്കാൻ പോക്കാണ് ആളുടെ പ്രധാന പരിപാടി .

രാത്രി മൂക്കറ്റം കുടിച്ചു വീട്ടിൽ ലഹളയുണ്ടാക്കി എവിടെങ്കിലും ചുരുണ്ടു കൂടുന്നതോടെ കോവാലന്റെ ഒരു ദിവസം തീർന്നു ."


" നല്ല കൂട്ടാളികളാണല്ലോ ?"


കോവാലന്റെ വിശേഷം കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് സില്ലി വില്ലേജ് മാൻ .


"ഹ ഹ അതെ അതെ . പിന്നെയുള്ള സുനിതേച്ചി ആണെങ്കിൽ നഴ്സിംഗ് ഒന്നും പഠിച്ചിട്ടല്ല ,അവിടാദ്യം ഉണ്ടായിരുന്ന ഡോക്ടറുടെ വീട്ടുപണികൾക്കായി പോയതാ പതിയെ പതിയെ മരുന്നെടുത്തുകൊടുക്കാനും മുറിവുകെട്ടാനും പനിയുമായി വരുന്നവർക്ക് പാരസെറ്റമോൾ കൊടുക്കാനും തുടങ്ങിയപ്പോൾ നേഴ്‌സായി കൂടി . അവിടെപ്പിന്നെ ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് പ്രശ്നവുമുണ്ടായില്ല . "


"ഇത്രേം കഷ്ട്ടപ്പെട്ടെന്തിനാണ് അവിടെയൊരു ഹോസ്പിറ്റൽ " ?



"ഹ ഹ ഇനിയും മനസ്സിലായില്ലേ വിദ്യയ്ക്ക് ആളുകളുടെ കണ്ണിൽ പൊടിയിടാൻ , ഇടയ്ക്കൊക്കെ മനുഷ്യാവകാശം മൂത്ത് വരുന്നവർക്ക് കാണിച്ചുകൊടുക്കണ്ടേ "?


തുടരും 
6---------------


"അതാരാ കറുപ്പൻ "?


" അത് പച്ചയായ ഒരുകൂട്ടം മനുഷ്യരുടെ പ്രതിനിധി "


"എന്നുവെച്ചാൽ "?


" കറുപ്പൻ ആണ് മറ്റെങ്ങനെയോ ആയിപ്പോവുമായിരുന്ന എന്റെ വഴികാട്ടിയായി മാറിയത് . "


"ആരായിരുന്നു അയാൾ ? മനു എന്ന യുവ ഡോക്ടറെ രൂപേഷെന്ന നക്സലൈറ്റാക്കിയത് അയാളായിരുന്നോ ?"


"വിദ്യ കറുപ്പൻ വെറും സൂചനമാത്രമാണ് , പരീക്ഷയ്ക്ക് ഉപന്യാസമെഴുതാൻ ഹിൻറ് ഇട്ടുതരും പോലൊന്ന് മാത്രം "


"പിന്നെങ്ങനെയാണ് അയാള് നിങ്ങടെ വഴികാട്ടിയാവുന്നത് "?


"നമ്മുടെ അപ്പൂപ്പന്മാർക്കുപോലും 'കറുപ്പൻ ' എന്നൊക്കെ പേര് കാണുമോ വിദ്യ "?


ചെറുപ്പം മുതൽ കണ്ടുവളർന്ന നാട്ടിലെ വയസ്സായ മുഖങ്ങളിലൂടെ ഒരുപ്രദക്ഷിണം നടത്തിനോക്കി ,


"ഇല്ല , ഇത്രയും പഴയത് ഉണ്ടാവുമായിരിക്കും എന്റെ പരിചയത്തിൽ ഇല്ല "


" കറുപ്പനെ ഞാൻ പരിചയപ്പെടുമ്പോൾ അവന് പതിനെട്ട് വയസ്സേയുള്ളു , എനിക്ക് ഇരുപത്തിനാലും . എന്നുവെച്ചാൽ നമ്മുടെ മുത്തശ്ശൻ മാർക്കും മുൻപേയുള്ള ജീവിതസാഹചര്യങ്ങളിൽ ഇന്നെത്തി നിൽക്കുന്നവർ ,നമ്മുടെ ഭാഷയിൽ പറയുമ്പോൾ പത്തൊൻപതാം നൂറ്റാണ്ടിലെത്തി നിൽക്കുന്നവർ . "


"ഉം .... ഞാനും കുറച്ചൊക്കെ കേട്ടിട്ടുണ്ട് , ആദിവാസികൾ അല്ലെ ?"


"ജ്വലിക്കുന്ന യൗവ്വനമേ നീയുമവരെ ആദിവാസിയെന്ന് അധിക്ഷേപിച്ചാൽ കൂടെ നടത്താൻ ആളില്ലാതെ വീണ്ടുമവർ പുറകോട്ട് പോവില്ലേ ?"


അയാളുടെ പെട്ടെന്നുള്ള ഭാവമാറ്റവും ശബ്ദത്തിന്റെ ഗാംഭീര്യവും എന്നെയൊന്നു ഞെട്ടിച്ചു , ചോദ്യങ്ങളില്ലാതെ , ഉത്തരങ്ങളില്ലാതെ ഞാനയാളെ തന്നെ നോക്കിയിരുന്നു .


"വിദ്യ സോറി ..... ഞാനിങ്ങനെയാണ് പെട്ടെന്ന് മൂടുമാറിപ്പോകും ...ലീവ് ഇറ്റ് ..."


"ഉം "

പതിവിലും ശബ്ദം താഴ്ത്തി ഞാൻ മൂളി


" ആദിവാസികൾ എന്നുപറഞ് തരം തിരിക്കുമ്പോൾ പലരും അവരെ മറ്റേതോ മൃഗങ്ങളെപ്പോലെയാണ് വിദ്യ കാണുന്നത് . നമ്മള് നോക്കുമ്പോൾ ആഡംബരവും സമ്പത്തും പുരോഗമനവുമുള്ളവർ വിലയുള്ള മനുഷ്യർ ,
നമ്മുടെ ചുറ്റുമുള്ളവർ വിലയുള്ളവരാവാൻ പോകുന്നവർ അപ്പോൾ ബാക്കിയുള്ളവരെ ഏത് കാറ്റഗറിയിൽ പെടുത്തും നിങ്ങൾ ...?


" ഞാനൊന്നും പറയാതെ അയാളെ നോക്കിയിരുന്നു , നാട്ടിലെ ഉത്സവങ്ങളെക്കുറിച്ചു കൂട്ടുകാരോട് വായടിക്കുമ്പോൾ എനിക്കുമിടയ്ക്കൊക്കെ ഇതുപോലെ ആവേശം കയറാറുണ്ട് ,

 ഞാനുണ്ടാക്കിയ ഭക്ഷണത്തെക്കുറിച്ചു ബന്ധുക്കളോട് വീട്ടുകാർ പുകഴ്ത്തിപ്പറയുമ്പോൾ ഇതുപോലെ രോമാഞ്ചമുണ്ടാവാറുണ്ട് ...

ഇതുപക്ഷേ ...

ഇയാളെന്താണ് ഇങ്ങനൊരു മനുഷ്യനെന്ന് ഓർത്തുപോയി


"ഞാൻ കാടുകയറുന്നുണ്ടെങ്കിൽ പറയണം "


"ഇല്ല "


" കറുപ്പൻ എങ്ങനെ ചെന്നൈ സെൻട്രൽ ജയിലിൽ എത്തിയെന്നാണോ ...?

അത് വലിയൊരു കഥയാണ് വിദ്യ , അവന്റെ നാട് വയനാടാണെങ്കിലും അവനതറിയില്ല , അവന്റെ ജില്ലയും സംസ്ഥാനവും ,പഞ്ചായത്തും ഒക്കെ മലക്ക് അപ്പുറവും ഇപ്പുറവും എന്നാണ് .."


"മനസ്സിലായില്ല "


"കേരളത്തെയും തമിഴ്‌നാട്ടിലെയും വേർതിരിക്കുന്ന പശ്ചിമഘട്ടമാണ് അവന്റെ മുന്നിലെ ലോകം , നേരെവഴിയിലൂടെ നമ്മൾ അതിർത്തി കടക്കുമ്പോൾ അവർക്കതിനെക്കുറിച്ചു കാര്യമായ അറിവില്ല .


 ശരിക്കും പറഞ്ഞാൽ ആറുമാസത്തിലധികമൊന്നും അവനെ ചെന്നൈയിലെ ജയിലിലടക്കാൻ പാടില്ലാത്തതാണ് ,അവനുവേണ്ടി വാദിക്കാൻ ആരും വരാത്തതുകൊണ്ട് എന്നോടൊപ്പം തന്നെ അവനും ഉണ്ടായിരുന്നു ജയിലിൽ കുറച്ചുകാലം , പിന്നീട് ആദ്യം പുറത്തിറങ്ങിയത് ഞാനായതുകൊണ്ട് അവനെ പുറത്തിറക്കാനും കൂടെ കൂട്ടാനും എനിക്ക് സാധിച്ചു ."


"അവനെങ്ങനെയാ ജയിലിലെത്തിയതെന്ന് പറഞ്ഞില്ലാലോ ?" എനിക്കും ആകാംക്ഷ ആയിരുന്നു


" കുടിയിൽ നിന്നും വഴക്കിട്ട് മലകയറി , വടക്കോട്ട്‌ ഇറങ്ങിയാൽ മൈസൂരും തെക്കുനീങ്ങിയിറങ്ങിയാൽ ഊട്ടിയും എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊന്നുമില്ല അവന് .

അവൻ കേട്ട് പഠിച്ച മുത്തശ്ശിക്കഥകളും പൂർവികരുടെ വീരസാഹസിക കഥകളും പശ്ചിമഘട്ടത്തിന്റെ ഏതെങ്കിലുമൊരു സമ്പന്ന താഴ്വരയിലുള്ളവന്റെ സേവകനായി രണ്ടും മൂന്നും ജോഡി തുണിയും ചാക്കുനിറയുന്നത്രെ അരിയും സംഭരിക്കുന്നവരാണ് .

 കറുപ്പന്റെ ലക്ഷ്യവുമതായിരുന്നു , മലയിറങ്ങിയപ്പോൾ ഊട്ടിയിലെത്തി , അവിടെനിന്നും ഫോറെസ്റ്റുകാരുടെ വണ്ടിയിൽ ഇടയ്ക്ക് കിട്ടുന്ന ലിഫ്റ്റിന്റെ ഓർമയിൽ തേയില കയറ്റിപ്പോകുന്ന ലോറിയിൽ ഇവിടെയെത്തി ,


വണ്ടി നിന്നപ്പോൾ അവനിറങ്ങി നടന്നു , നഗരമവനെ കൗതുകത്തോടെയും വെറുപ്പോടെയും പുച്ഛത്തോടെയും നോക്കിയതല്ലാതെ ഒരുപിടി ചോറുകൊടുക്കാൻ താല്പര്യപ്പെട്ടില്ല .


ഇവിടുത്തെ ഒരുനേരത്തേക്കുള്ള ഭക്ഷണത്തിനുപോലും തികയാത്ത മുഴിഞ്ഞ ഇരുപത്തഞ്ചു രൂപയുമായി അവൻ പിന്നെയുംഅലഞ്ഞു , കാട്ടുപഴങ്ങൾ നിലത്തുവീണുകിടക്കുന്ന ഓർമയിൽ , മുളയരി അടിച്ചുകോരി കൊണ്ടുപോവുന്ന ഓർമയിൽ "ഡസ്ട് ബിന്നുകളിലെ " എച്ചിലുകളിൽ നിന്നുംകിട്ടിയത് കഴിച്ചുജീവിക്കുന്നതിനിടയിൽ എങ്ങനെയോ റെയിൽവേ സ്റ്റേഷനിൽ വച്ചു പിടികൂടപ്പെട്ടു ,ആ ഏരിയയിലെ സമീപത്തുണ്ടായ പെറ്റിക്കേസുകൾ അവന്റെ പേരിലെഴുതി ഇവിടെയെത്തിച്ചു ."


"എച്ചിലൊക്കെ ...." ?


"നിനക്കറിയാതെയാണ് വിദ്യ വിശക്കുന്നവന്റെ ആദർശം .......

കുറച്ചുനാൾ അതനുഭവിക്കുമ്പോൾ സ്വാഭാവികമായും നമ്മളാണെങ്കിലും ചെയ്തുപോകും ....

പിന്നെ കറുപ്പന്റെ കാര്യത്തിൽ അവൻ ചെയ്യുന്നത് മറ്റുള്ളവരുടെ മുന്നിൽ ബോറാണെന്ന് ചിന്തിക്കുവാനുള്ള അനുഭവമവനില്ല


അവന്റെ നാട്ടിൽ തിരിച്ചുകടിക്കാത്തതെന്തും പട്ടിണി സഹിക്കവയ്യാതാവുമ്പോൾ കഴിച്ചിട്ടുണ്ട് ,


 നമ്മളിവിടെ കോഴിക്കും താറാവിനും കൊടുക്കാൻ വാങ്ങിക്കുന്ന റേഷനറിക്കുവേണ്ടി ഏറ്റവും കൂടുതൽ കാത്തിരിക്കുന്നവർ ...

കല്ലും മണ്ണും പുഴുവരിച്ചതുമവർക്ക് വിഷയമല്ല വിദ്യ , പിന്നെ ചെറു മൃഗങ്ങളെയും കൊന്ന് ചുട്ടുതിന്നാറുണ്ട് "


"അയ്യേ .."


എനിക്ക് ശർദ്ധിക്കാൻ വരുന്നുണ്ടായിരുന്നു .അതുകണ്ടിട്ടാവണം അതുവരെയില്ലാത്ത പുച്ഛഭാവത്തോടെ അയാൾ തുടർന്നു .


" മനുഷ്യശരീരം തിന്ന് വിശപ്പടക്കുന്നവരുള്ളപ്പോൾ ഇതൊന്നുമൊരു വിഷയമേയല്ല വിദ്യ "


തുടരും
5
---------------




"രണ്ടാനച്ഛൻ എന്ന് ഓർക്കാൻ പോലുമെനിക്ക് ഇഷ്ടമല്ല കാരണം ഓർമ്മവെച്ചുതുടങ്ങിയപ്പോൾ മുതൽ ആ വിരലിൽ തൂങ്ങിയാണ് ലോകം കണ്ടത്

സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ മിക്കകുട്ടികളുടെയും വിലാസത്തിൽ "കെയർ ഓഫ് " എന്നെയുണ്ടാവൂ ,ആ സമയത്തൊന്നും ഞാനതിന് പ്രാധാന്യം കൊടുത്തില്ല .

പക്ഷേ കോളേജിൽ വെച്ച് സ്വന്തം അച്ഛനല്ല അതെന്നുള്ള തിരിച്ചറിവ് ശക്തമായി എന്നെ സ്വാധീനിച്ചു . എന്റെയച്ഛൻ എന്റെകൂടെ എന്നും വേണമായിരുന്നു , ആ അച്ഛന്റെ മകനായി അറിയപ്പെടാനായിരുന്നു എനിക്കിഷ്ടവും ."


"എന്നിട്ട് "?


" എല്ലാവരും എതിർത്തിട്ടും ഞാനത് നേടിയെടുത്തു . അല്ലെങ്കിൽ അച്ഛനല്ലെന്നറിഞ്ഞും ആ പിതൃത്വത്തിനുവേണ്ടി ഞാനെന്നുമാഗ്രഹിച്ചിരുന്നു . അങ്ങനെ "മനു കെയർ ഓഫ് വാസുദേവൻ "മനു വാസുദേവനായി " .


"അതാരാ മനുവാസുദേവൻ ?"


"ഞാൻ .... "


"അപ്പോൾ രൂപേഷോ ?"


എനിക്കെങ്ങാനും തെറ്റുപറ്റിയോ എന്നുപിന്നെയും ഓർത്തുനോക്കി ,സാധ്യതയില്ല . പക്ഷേ..
എന്റെ സംശയഭാവം കണ്ടിട്ടാവാം അയാൾ തുടർന്നു


" രൂപേഷ് എന്നുള്ളത് കാലാന്തരത്തിലെനിക്ക് സ്വീകരിക്കേണ്ടി വന്നതാണ് , ഒരുപക്ഷെ മനുവാസുദേവന്റെ കുടുംബമിപ്പോഴും സമാധാനത്തോടെ കഴിയുന്നതിന് ഈ പെരുമാറ്റം കുറച്ചൊന്നുമല്ല സഹായിച്ചത് ... "


"പ്രശ്നമുണ്ടാവോ കുടുംബത്തിനും ?"


"പിന്നല്ലാതെ .... ഇരകളെക്കുറിച്ചു മാത്രമേ പുറംലോകമറിയൂ വിദ്യ അവരുടെ ആശ്രിതരെക്കുറിച്ചു ആര് ചിന്തിക്കാനാണ് ,ഇരകൾ ശരിക്കും ആശ്രിതരാണ് . ഒന്നുമില്ലെങ്കിലും അച്ഛൻ ഇരയായി വീണപ്പോൾ കണ്ണീര് തോരും മുൻപേ നാടുവിടേണ്ടിവന്നതല്ലെ എന്റെ കുടുംബത്തിന് "



"എന്നിട്ട് മെഡിസിൻ പഠനം പൂർത്തിയായോ ?"


"പൂർത്തിയാക്കിയെന്ന് പറയുന്നതാവും ശരി. പലതവണ ഓരോ കാര്യങ്ങൾക്ക് അവരെന്നെ ജയിലിലാക്കിക്കൊണ്ടിരുന്നു . അപ്പോഴും പഠനത്തിന്റെ ട്രൈനിങ്ങിനായി ഞാൻ പുറത്താണെന്ന് അമ്മയോടച്ഛൻ കള്ളം പറഞ്ഞു "


"അതെന്താ നിങ്ങളോടുമാത്രം ഇത്രദേഷ്യം ?"


"ഉന്നതാധികാരത്തിലിരിക്കുന്ന ഒരാളുടെ മോനായിരുന്നു നാലുവർഷമായി കോളേജ് യൂണിയൻ ചെയർമാൻ ,അവന്റെ താന്തോന്നിത്തരം അവസാനിപ്പിക്കുവാൻ വേണ്ടിയാവണം ആദ്യവർഷം തന്നെ ആരൊക്കെയോ ചേർന്നെന്നെ മത്സരാർഥിയാക്കി ,

അന്നുമുതൽ കോളേജിലെ ശത്രുക്കളുടെ എണ്ണവുംകൂടി . പക്ഷേ അവന് പണത്തിലൂടെയും അധികാരത്തിലൂടെയും കയ്യിലെടുക്കാൻ കഴിഞ്ഞിരുന്ന ഒട്ടുമിക്ക വിദ്യാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ചു ."



"കൊള്ളാലോ ... കൺഗ്രാറ്സ് "


"ഹ ഹ സമാധാനപൂർണമായ എന്റെ ജീവിതം അവിടുന്നങ്ങോട്ട് തീരാ പ്രശ്നങ്ങളുടെ ഇടയിലായി."


" അയ്യോ അതെന്താ ?"


"എന്നോടെതിർത്തു നിന്നവൻ ചില്ലറക്കാരനായിരുന്നില്ല . കോളേജിലെ ഒട്ടുമിക്ക യൂണിയൻ പരിപാടികളും അവർ അലങ്കോലമാക്കി , അവർതന്നെ കാരണങ്ങൾ സൃഷ്ടിച്ചു സമരങ്ങളുടെ രൂപത്തിലും മറ്റും ക്ലാസുകൾ തടസ്സപ്പെടുത്തി ..


സമാധാനപരമായ പഠനം അങ്ങനെ ഞങ്ങൾക്ക് സ്വപ്നം മാത്രമായി , അടുത്ത അധ്യയനവർഷം അവനവിടെനിന്നു പോയെങ്കിലും താഴ്ന്ന ക്‌ളാസ്സുകളിലെ ശിങ്കിടികൾ ഞങ്ങൾക്ക് വെല്ലുവിളിയുണ്ടാക്കി കൊണ്ടിരുന്നു . "


" മാനേജ്‍മെന്റോ മറ്റ്‌ അധികാരികളോ ഇടപെട്ടില്ലേ ? "


"മ് ...നല്ല കഥയായി , അവരൊക്കെ നന്നായെങ്കിൽ ഇമ്മാതിരി തോന്നിയവസങ്ങൾ അവിടെയുണ്ടാവില്ലായിരുന്നല്ലോ വിദ്യ . ആശാന് അക്ഷരമൊന്നു പിഴക്കുമ്പോൾ ശിക്ഷ്യർക്കു അമ്പത്തൊന്നും പിഴക്കുമെന്നാണല്ലോ .."


"ഉം "


"എതിർക്കുന്ന ഒന്നുരണ്ടുപേരും ഉണ്ടായിരുന്നു ,എങ്കിലും കൂടുതലും കൈനനയാതെ മീൻപിടിക്കുന്നവരാണ് .. ഉത്തരവാദിത്തമില്ലാത്ത അപ്പോത്തിക്കിരിമാരെ സമൂഹത്തിന് വർഷാവർഷം അവിടെനിന്നും കിട്ടു ന്നുണ്ട് വിദ്യ "


"ഉം "


"പോലീസ് സ്റ്റേഷനിൽ നിന്നും പ്രേതെക അനുമതിയോടെ അവസാനവർഷ പരീക്ഷയെഴുതി ,പാസ്സായി ... അത്ഭുതമെന്നു പറയട്ടെ ഒന്നാം റാങ്കുനേടിയ പെൺകുട്ടി മുഷിഞ്ഞ വേഷത്തോടെവരുന്ന രോഗികളെ കണ്ടാൽത്തന്നെ അലർജി വരുന്നവളാണ് .... ആതുരസേവനവും പണത്തിനും അധികാരത്തിനും സ്ഥാനമാനങ്ങൾക്കും അടിമപ്പെട്ടിരിക്കുന്നു വിദ്യ ."



"ഉം ശരിയാണ് എനിക്കുമത് അനുഭവമുണ്ട് "


"റിസൾട്ട് വന്നശേഷവും ഒരുവർഷത്തോളം ജയിലിൽ തന്നെയായിരുന്നു . ഞാൻ ചെയ്തെന്നു പറയുന്ന കുറ്റങ്ങളൊന്നും എനിക്ക് മാത്രമെന്തോ അന്യായമായി തോന്നിയതുമില്ല .

അവിടെയുള്ള സമയത്ത് ഒരുപാട് പുസ്തകങ്ങൾ കിട്ടുമായിരുന്നു ,പത്രംവായിക്കാൻ കഴിയുമായിരുന്നു ,അതിനൊപ്പം നിരപരാധികളും സാഹചര്യങ്ങൾ കുറ്റക്കാരാക്കിയവരും ആയിരുന്നധികവും , നമ്മളീ സിനിമകളിലും കഥകളിലും ശീലിച്ച ക്രിമിനലുകൾ കുറവായിരുന്നു .


നിയമങ്ങളെ തെറ്റിച്ചു ആഴ്ചയിൽ രണ്ടുതവണ എന്നതിനുപകരം മാസത്തിലൊരിക്കൽ വരുന്ന സീനിയർ ഡോക്ടർ ആയതുകൊണ്ട് പതിയെ പതിയെ ഞാൻ പഠിച്ചതൊക്കെ അവിടെ ഉപയോഗിക്കാനും അതുവഴി പ്രതികളുടെയും പോലീസുകാരുടെയും പ്രിയപ്പെട്ടവനായിമാറി .

അങ്ങനെയാണ് ഞാൻ കറുപ്പനെ പരിചയപ്പെടുന്നത്"


തുടരും 
---4---




"എന്നിട്ടെന്തായി ?"

അയാൾ പറയുന്നതിലെ സുഖമോ അല്ലെങ്കിൽ കാഴ്ചകളോടും കഥകളോടുമുള്ള അഭിനിവേശമോ അയാളെക്കുറിച്ചു മുഴുവനറിയണമെന്നെനിക്കു തോന്നി .


"സർക്കാർ ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റിനെ നവീകരണ പ്രവർത്തനം തുടങ്ങാനത് കാരണമായി ,ഒപ്പം പുറത്തേക്ക് വലിച്ചെറിയപ്പെടാതിരിക്കാനും രോഗബാധയുണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതലും കൈക്കൊണ്ടു ,മറ്റ്‌ ആശുപത്രിമാലിന്യങ്ങൾ എത്തുന്നത് പൂർണ്ണമായും തടയപ്പെട്ടു . പതിയെ ആ പ്രദേശം രോഗമുക്തമായി തുടങ്ങി .എങ്കിലും പലരുടെയും ഒത്തുകളിയോടെ മറ്റുള്ള മാലിന്യങ്ങളും എത്തിയിരുന്നെന്ന് തോന്നുന്നു ."


"അതെങ്ങനെ വരും "?

"കേരളമല്ല തമിഴ്‌നാട് , കേരളത്തിൽ നമുക്ക് തെറ്റുകളെ ചോദ്യം ചെയ്യാനുള്ള അവകാശം ലഭിക്കുന്നുണ്ടെങ്കിൽ തമിഴ്‌നാട് ഭരിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ് . സർക്കാർ തന്നെ രാഷ്ട്രീയമാണ് . പരസ്യമായിത്തന്നെ അവർ ഇല്ലീഗലായി പണമുണ്ടാക്കുന്നു , ഭരിക്കുന്നു , ആര് ചോദിക്കാൻ വരും ? " അതിൽ നിന്നും  വല്ലപ്പോഴും എറിഞ്ഞുകൊടുക്കുന്ന നക്കാപിച്ചയും വാങ്ങി വിശ്വാസമുള്ള സേവകരായി ജീവിക്കുകയാണ് അവിടെയുള്ളവർ ഇപ്പോഴും .

നിനക്കറിയാമോ വിദ്യ അവിടെയുള്ളവർ ജോലി ചെയ്യാൻ മടിക്കാത്തവരാണ് , പക്ഷെ പാവങ്ങളെപ്പോഴും പാവങ്ങളാണ് തന്നെ നിലനിൽക്കുന്നു . അവിടുത്തെ സർക്കാർ ചെയ്യുന്ന പദ്ധതികളിലും അധികം രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നു , ഏഴുകോടിയോട് അടുത്തുകിടക്കുന്ന ജനസംഖ്യയുള്ള നാട്ടിലെ സർക്കാർ ഖജനാവിൽ പണമില്ല , നമ്മളെപ്പോലെയല്ല  നികുതിവരവ് ഏറെ കുറവ് . ആരൊക്കെയോ പറയുന്നു , ഇവർ അത് അനുസരിക്കുന്നു . ഉൾനാടൻ ഗ്രാമങ്ങളുടെ അവസ്ഥയാണെങ്കിൽ പറയുകയും വേണ്ട . അങ്ങനെയുള്ളിടത്ത് എങ്ങനെ നിയമാനുസൃതമായി ഒരു പദ്ധതി വരും

ജനങ്ങൾ ഏറ്റവും കൂടുതൽ വിഡ്ഢികളാക്കപ്പെടുന്നത് അങ്ങനെയുള്ള ഇടങ്ങളിലാണ് . വിശ്വാസം കൂടിയതാണ് അതിനുള്ള പ്രധാന കാരണം . "
"




"ഇത്രേം പ്രശ്നമാണോ മെഡിക്കൽ വേസ്റ്റ് ?"


"എന്റെ കണക്കുകൂട്ടലിൽ ന്യൂക്ലീയർ വേസ്റ്റ് കഴിഞ്ഞാൽ പിന്നെ ഏറ്റവും ഭീകരം ആശുപത്രികളുടേതാണ് , എക്സ്പെയറി ഡേറ്റ് കഴിഞ്ഞമരുന്ന്കള് ചിലത് നിർജീവമായിപ്പോകും എന്നാൽ ഭൂരിഭാഗവും വിഷമായി മാറാറാണ് പതിവ് ,

അതിനൊപ്പം വ്രണങ്ങൾ തുടച്ചതും മുറിവുകെട്ടിയതുമായ വസ്തുക്കൾ ,പാതിയുപഗോഗിച്ച മരുന്നുകൾ ,ഓപ്പറേഷൻ വേസ്റ്റ് തുടങ്ങിയവ കുന്നുകൂട്ടിയിടുന്നതിൽ മഴപെയ്തതും , ഈച്ചയും കൊതുകളും എലികളും കയറിയിറങ്ങി ചേരിയിലേക്ക് കടക്കുന്നതിലൂടെ രോഗങ്ങളാണ് എത്തുന്നതെന്ന് തിരിച്ചറിയാൻ അഭ്യസ്തവിദ്യരായ അവർ മനസ്സിലാക്കുന്നുമില്ല . കാലവർഷം തെറ്റിപ്പെയ്ത വേനൽമഴയിൽ ഈ മാലിന്യങ്ങൾ ചേരിയിലേക്ക് ഒഴുകിയിറങ്ങി ."



"അയ്യോ .." എന്റെ ചിന്തകൾക്കപ്പുറം രോഗങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ ഒരു ഞെട്ടലായിരുന്നു


"ഞെട്ടണ്ട കൂട്ടുകാരി ഇത്ര രൂക്ഷമല്ലെങ്കിലും നിന്റെ നാട്ടിലുമുണ്ട് ഇതേപ്രശ്നം , നെല്ലിമലയുടെ താഴ്‌വാരത്ത് ഇപ്പോഴും കുടിലുകെട്ടി താമസിക്കുന്ന മംഗലം ,കരിപ്പാറ ആദിവാസി കോളനികളിൽ ഇതേ പ്രശ്നമുണ്ട് ... "


"ഇവിടെയുമോ ...."?


"അതെ വിദ്യ , എതിർക്കാൻ ആവതില്ലാത്ത ഇടങ്ങളിൽ ദുരന്തങ്ങളും സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കും ....


ഗവണ്മെന്റ് ജോലിക്കായി മുറവിളികൂട്ടി ജോലികിട്ടിയപ്പോൾ സുഖവാസം നടത്തുന്ന സീനിയർ ഡോക്ടറുമാരുടെയും നഴ്‌സുമാരുടെയും കുറവുകാരണം നേരെ ഇൻജെക്ഷൻ വെയ്ക്കാൻപോലുമറിയാത്ത ഞങ്ങൾ ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് ഇറങ്ങേണ്ടി വന്നു ."


"അപ്പോൾ ഇതൊന്നും ആരും ശ്രദ്ധിച്ചില്ലേ ?"


" ഏയ് ..... ഇലക്ഷൻ അടുത്തല്ലാത്തത് കൊണ്ടാവുമായിരിക്കും ...കുറച്ചുനാൾ മാധ്യമങ്ങൾ ഏറ്റെടുത്തു പിന്നെയത് അവരും വിട്ടു . "


"എന്താണ് ഇങ്ങനെ രൂപേഷ് ? "


"പണവും അധികാരവും ഉണ്ടാവുമ്പോൾ ആർത്തിയും കൂടും എന്നുകേട്ടിട്ടില്ലേ .....?

എല്ലും തോലും മാത്രം ബാക്കിയായ ശരീരങ്ങളിൽ എങ്ങനെയായിരുന്നു ഹെവി ഡോസ് മരുന്നുകൾ കുത്തികയറ്റിയതെന്ന് ഇന്നുമറിയില്ല .

ചിലരെ കാണുമ്പോൾ തോന്നും മരിക്കുന്നതാണ് ഭേതമെന്ന് ,ജീവനോടെ പുഴുവരിച്ച ശരീരങ്ങളെ അറപ്പുകാരണം തിരിഞ്ഞുനോക്കാതെ മാതൃകയായവരെയും അവിടെ കാണാൻ കഴിഞ്ഞു ,ആതുരസേവനത്തിന്റെ വികൃതമായ മറ്റൊരു മുഖം .

കുട്ടികളിലായിരുന്നു കൂടുതലായി ഇത്തരം രോഗങ്ങൾ കണ്ടെത്തപ്പെട്ടത് . ഒരുതവണമാത്രം ഉപയോഗിക്കാവു എന്ന് നിർബന്ധമുള്ള സിറിഞ്ചുകളുംഗ്ലൗസുകളും മറ്റും കൗതുകം കൊണ്ട് തേടിയെത്തുന്നവർ ഇവരായിരുന്നല്ലോ ..

 നൂറിലധികം പേര് മരണത്തിന് കീഴടങ്ങി , മാറാവ്യാധികൾ ചികിൽസിക്കാൻ അവസ്ഥയില്ലാത്ത സാധാരണക്കാരന് മോചനം പെട്ടെന്നൊന്നും സാധ്യമല്ല . "


"പിന്നീടെന്തുസംഭവിച്ചു ?"


"ആ കോലാഹലങ്ങൾ കെട്ടടങ്ങുമ്പോഴേക്കും ഞങ്ങൾ ഒരുകൂട്ടം വിദ്യാർത്ഥികളുടെ പിടിവാശികൾക്ക് വഴങ്ങി ഹോസ്പിറ്റലിൽ അന്നോളമുണ്ടായിരുന്ന രീതികൾക്കല്പം വ്യത്യാസം വന്നു .


പക്ഷെ ഞാനും ചില സുഹൃത്തുക്കളും ആരുടെയൊക്കെയോ ചതികാരണം പോലീസ് സ്റേഷനിലായി ...ഒന്നുംരണ്ടുമല്ല എട്ടുതവണ."


"അയ്യോ .... അപ്പോൾ കോഴ്സ് മുഴുവനാക്കാൻ കഴിഞ്ഞില്ലേ ? "


" എന്റച്ഛന്റെ പോക്കെറ്റിന് കനമുള്ളതോണ്ട് തട്ടിമുട്ടി പുറത്തെത്തിക്കൊണ്ടിരുന്നു . പക്ഷെ ഇതൊന്നും അമ്മയ്ക്കറിയില്ല ട്ടോ , "


"അച്ഛൻ പറയില്ലേ ?"


എനിക്കത്ഭുതമായി


"ഇല്ല . അതായിരുന്നു എന്റെയച്ഛൻ ...!"


തുടരും
---3--


"പക്ഷെ ചെന്നൈയിലേക്കുള്ള പറിച്ചുനടൽ അമ്മയുദ്ദേശിച്ചതുപോലെയായിരുന്നില്ല ,

 അന്നത്തെക്കാലത്തെ ഓണേഴ്‌സ് ബിരുദം നേടിയ അമ്മയുടെ കണക്കുകൂട്ടൽ അവിടെയൊരു ജോലിയും ,നല്ല വിദ്യാഭ്യാസം നൽകിയെന്നെ വളർത്തുകയുമായിരുന്നു .

തനിച്ചൊരു ചോരകുഞ്ഞുമായി ഭർത്താവില്ലാത്ത ഒരുപെൺകുട്ടിയ്‌ക്ക്‌ വാടകവീടുപോലും കിട്ടില്ലെന്ന സത്യം വേദനയോടെ 'അമ്മ മനസ്സിലാക്കി , ചുറ്റും ചോദ്യങ്ങളും , പരിഹാസങ്ങളും , കൂട്ടിന് ക്ഷണിക്കലുകളും


 അവിടെത്തി മൂന്ന്  വർഷത്തിനകം  വീട്ടുകാരുടെ നിർബന്ധം സഹിക്കവയ്യാതെ അമ്മയ്ക്ക് രണ്ടാമതൊരു വിവാഹത്തിന് സമ്മതിക്കേണ്ടിവന്നു .ഒരുപെണ്ണിന് തനിച്ചു ജീവിക്കാൻവേണ്ടുന്ന ധൈര്യം അമ്മയ്ക്കെപ്പൊഴോ നഷ്ടമായിരിക്കണം , അമ്മയെക്കുറിച്ചു എല്ലാം അറിയാവുന്ന , ചെന്നൈയിൽ അമ്മയ്‌ക്കെല്ലാ സഹായവും ചെയ്തുകൊടുത്ത ബന്ധുവിനെ തന്നെയാണ് വിവാഹം ചെയ്തത് .



"ശരിയാണ് രൂപേഷെ പെണ്ണിന് തനിച്ചുജീവിക്കുകയെന്നാൽ വല്യൊരു വെല്ലുവിളി തന്നെയാണ് "


"പുതിയ അച്ഛന് ..... അല്ല ഞാനിന്നുവരെ അച്ഛാ എന്നുവിളിച്ച ആ മനുഷ്യന് ഒരിക്കലും എന്നോട് ദേഷ്യമോ പരിഭവമോ തോന്നിയിട്ടില്ല ,
എന്നിട്ടും നാലുവയസ്സുമുതൽ എന്റെജീവിതം ബോർഡിങ്ങിലേക്ക് മാറ്റപ്പെട്ടു .


വല്ലപ്പോഴും കാണാനെത്തുന്ന രക്ഷിതാക്കളും ,പട്ടാളച്ചിട്ടയോടെ പെരുമാറുന്ന അധ്യാപരും ,സ്വന്തം കാര്യത്തിനുമാത്രം കൂട്ടുകൂടുന്ന ചങ്ങാതിമാരും ..അനാഥാലയത്തിന്റെ മറ്റൊരു രൂപമാണ് വിദ്യ ബോർഡിങ്ങുകൾ ..."


"എന്നിട്ട് "


" എന്നിട്ടെന്താണ് ..... മണ്ണിനടിയിൽ വേരുകളാൽ പരസ്പരം കെട്ടിപ്പുണരുന്നു ഇലകൾ തമ്മിലടുക്കാതിരിക്കാൻ നാം അകറ്റി നിർത്തിയ മരങ്ങൾ ...."


"മനസ്സിലായില്ല രൂപേഷ് "


" ഈ പരിണാമസിദ്ധാന്തം കേട്ടിട്ടുണ്ടോ താൻ ? നിശ്ചിത ക്രമത്തിൽ നമ്മുടെ സ്വഭാവജീനുകൾ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും , മുത്തച്ഛന്റേയും അച്ഛന്റെയും പാരമ്പര്യം ബുദ്ധിയുറച്ചുതുടങ്ങിയ പ്രായത്തിൽത്തന്നെ എന്നിലും പ്രകടമായിത്തുടങ്ങി , അതായിരുന്നു തുടക്കം ,"


"എന്തിന്റെ ?"


"ഇന്ന് നീകാണുന്ന നക്സലൈറ്റിന്റെ "


"എങ്ങനെയാ "?


"പണത്തിനുമുകളിൽ പറക്കാത്ത പരുന്തുകളായിരുന്നു അവിടുത്തെ മാനേജ്‌മെന്റിലെയും .

ഫീസ് കൃത്യമായി എത്തിക്കാത്ത കുട്ടികളെക്കൊണ്ട് ബാത്ത് റൂം ക്ലീൻ ചെയ്യിക്കുക ,മെസ്സിലെപാത്രം കഴുകിക്കുക ,അസംബ്ലിയിൽ വച്ചു അധിക്ഷേപിക്കുക തുടങ്ങിയ കലാപരിപാടികളെയും മുട്ടോളമെത്തുന്ന യൂണിഫോമിൽ എത്തേണ്ടുന്ന മുതിർന്ന ക്‌ളാസ്സുകളിലെ പെൺകുട്ടികൾക്കും വേണ്ടി വാദിച്ചുകൊണ്ട് ..."


"ഹ ഹ എന്നിട്ട് ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടോ ?"


"ഞാനൊറ്റയ്ക്കാണെങ്കിൽ അംഗീകരിക്കില്ലായിരുന്നു പക്ഷെ എന്റെ അഭിപ്രായത്തോട് യോചിക്കുന്നവർ എനിക്കുപിന്നിൽ അണിനിരന്നു .

അതൊരു വൻവിജയമായെങ്കിലും പിന്നീടെനിക്ക് അവിടെ നിൽക്കാനായില്ല , അവർ പുറത്താക്കാൻ കാരണം തേടുന്നതിൽ പെട്ടുപോയതാണെന്ന് പറയാം .

അതിനുശേഷം ചെന്നൈ നഗരത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ മാറിമാറി പഠനം ,എന്റെരീതികൾ അവർക്കിഷ്ടപ്പെടാതെയോ അവരുടെ ചിട്ടകൾ അംഗീകരിക്കാൻ എനിക്ക് സാധിക്കാത്തതോ എന്നറിയില്ല .

പ്ലസ്‌ ടു വിനുശേഷം എന്നെ നന്നായിക്കാണണം എന്ന ഉദ്ദേശത്തോടെയും കാണണേ എന്നുള്ള പ്രാർത്ഥനയുടെയും അതിലധികം നീണ്ട ഉപദേശങ്ങൾക്കും കണ്ണീരിനും ഫലമായി പ്രേതെകിച്ചു ലക്ഷ്യങ്ങളെക്കുറിച്ചു ചിന്തിക്കാത്ത ഞാൻ മെഡിസിന് പോയിത്തുടങ്ങി , "ചെന്നൈ മെഡിക്കൽ കോളേജ് ആൻഡ് റിസേർച് സെന്റർ . "



"എൻട്രൻസിന് നല്ല മാർക്കുണ്ടായിരുന്നല്ലേ ?"


"അതെ . പക്ഷെ സർക്കാരിന് യാതൊരു വിലയുമില്ലാത്ത നാടായതുകൊണ്ടു എൻട്രൻസ് ഒക്കെവെറും പ്രഹസനമായിരുന്നു .

എന്നിൽ കൂടുതൽ മാർക്കുണ്ടായവർക്ക് കിട്ടാത്ത അഡ്മിഷൻ എന്റെ അച്ഛന്റെ പോക്കെറ്റിന്റെ കനം കൊണ്ടെനിക്ക് കിട്ടി .

വേണ്ടെന്ന് തീരുമാനിച്ചതായിരുന്നു ആദ്യം ,പക്ഷെ ഞാനല്ലെങ്കിൽ അടുത്തയാൾ വരുന്നത് ഒരർഹതയുമില്ലാത്ത ആളായിരിക്കും എന്നുറപ്പുള്ളതുകൊണ്ട് പോയിത്തുടങ്ങി .

സത്യം പറഞ്ഞാലെന്റെ ജീവിതലക്ഷ്യമെന്തെന്ന് തിരിച്ചറിഞ്ഞതെവിടെ വെച്ചാണ് . അല്ലെങ്കിൽ ഞാനെന്തുകൊണ്ട് ഇങ്ങനെയായിപ്പോകുന്നതെന്നും"


"ഡോക്ടർ ആണെന്നോ ?"


"ഏയ് അല്ല .... കയ്യിൽ കാശുള്ളവർക്ക് വെറുമൊരു ഡിഗ്രിയും ,അതില്ലാത്തവർക്ക് കിട്ടാക്കൊമ്പിലെ മുന്തിരിയും ... "


"അതെങ്ങനെയാ പറയേണ്ടതെന്ന് എനിക്കറിയില്ല , കോളേജ് ജീവിതത്തെക്കുറിച്ചു പറയാം .നീ യുക്തിക്കനുസരിച്ചു ഊഹിച്ചോളൂ "


"എന്നിട്ട് ...."


"പൊതുവെ സർക്കാർ കോളേജിലെ സ്ഥിരം പരിപാടിയായിരുന്നു ഇവിടെയും , ക്ലാസ് എടുക്കേണ്ട അധ്യാപകർ രാവിലെയെത്തി ഒപ്പിട്ടശേഷം സ്വകാര്യ ഹോസ്പിറ്റലുകളിൽ പോകും ..."


"അപ്പോൾ ആരും പ്രതികരിക്കില്ല ?"


"ഇല്ല .. അവിടെ അങ്ങനെയാണ് എന്നഭാവമായിരുന്നു എല്ലാവർക്കും "
"എന്നിട്ട് "


"ഗവണ്മെന്റ് ആശുപത്രികളിലാണ് ഏത് പകർച്ചവ്യാധിയും ദുരന്തവും കൂടുതൽ പ്രതിഫലിക്കുക എന്നറിയാമല്ലോ .

രണ്ടായിരത്തിമൂന്നിൽ ചെന്നൈ നഗരത്തിലെ അഡയാർ ചേരികളിൽ പടർന്നുപിടിച്ച പകർച്ചവ്യാധി ക്ക് ചികിത്സതേടിയെത്തിയവരെക്കൊണ്ട് ആശുപത്രി നിറഞ്ഞസമയം ,

കാരണം തേടിപ്പോയതായിരുന്നു ഞങ്ങൾ , എന്റെ ജീവിതത്തിൽ അതൊരു വഴിത്തിരിവായിരുന്നു .....

ആശുപത്രി മാലിന്യങ്ങൾ ഭീകരമായ അളവിൽ നിക്ഷേപിക്കപ്പെട്ടിരുന്നത് ഈ ചേരിപ്രദേശത്താണ് , അതെവിടുനിന്ന് വരുന്നുവെന്നതിന് സർക്കാർ ആശുപത്രിയുടെ പേരുപറഞ്ഞെങ്കിലും ഒട്ടുമിക്ക ഹൈജീനിക് ആശുപത്രികളുടെയും മാലിന്യം സർക്കാരിന്റെ സ്ഥലത്ത്‌ നിക്ഷേപിക്കപ്പെടുന്നു അതിന് അധികൃതർ അറിഞ്ഞിട്ടും കണ്ണടയ്ക്കുന്നു .



സർക്കാർ ലെവലിൽ ഒരു പദ്ധതി വരുമ്പോൾ അതിന്റെ ഉപയോഗവും ,പ്രവർത്തനവും ,സമയക്രമവും ,സാമ്പത്തികവും ,ഭാവിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും ചർച്ചചെയ്യപ്പെടുകയും ഉപാധികൾ കാണുകയും ചെയ്ത് ഭരണപക്ഷം - പ്രതിപക്ഷം മുതൽ വില്ലേജ് ഓഫിസറുടെ വരെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടേ അനുമതി നൽകൂ , കോളനിയിൽ സർക്കാരിന്റെ ആശുപത്രി മാലിന്യ നിർമാർജന പ്ലാന്റിന്റെ സംഭരണശേഷിയിൽ ഇന്നും അമ്പത്തിരട്ടിയോളം മാലിന്യങ്ങൾ ദൈനംദിനം അവിടെ നിക്ഷേപിക്കപ്പെട്ടിരുന്നു .


ചെന്നൈ പോലൊരു മഹാനഗരത്തിൽ മാലിന്യങ്ങൾ എത്രയുണ്ടാവുമെന്ന് ഊഹിക്കാമല്ലോ . പക്ഷെ അതുമുഴുവൻ നേരിയൊരു വീടും കുടിയും ഇല്ലാത്തവന്റെ നെഞ്ചത്ത് തള്ളുന്നതാണ് പ്രശ്നം . അന്തിയോളം സമ്പന്നവിഭാഗത്തിനുവേണ്ടി പണിയെടുത്ത് കിട്ടുന്ന പണം അവർ വലിച്ചെറിയുന്ന മാലിന്യങ്ങൾ പരത്തുന്ന രോഗശമനത്തിനായി ചെലവഴിക്കപ്പെടേണ്ട അവസ്ഥയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ



ഒന്നാംവർഷ വിദ്യാർത്ഥിയായിട്ടും അവിടെയും എന്റെയൊപ്പം നിൽക്കാൻ എം എസ് വിദ്യാർത്ഥികൾ വരെയുണ്ടായിരുന്നു, വൈകാതെ ചേരിയിലെ താമസക്കാരും പത്രക്കാരും കൂടിയീവിഷയം ഏറ്റെടുത്തപ്പോൾ പുറംലോകം അറിഞ്ഞുതുടങ്ങി ...!


 എന്നെയും ...!


തുടരും

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...