Friday, 15 April 2016

പ്രിയ സുഹൃത്തുക്കളെ ,

ഒരുപാട് തവണ എഴുതി എഴുതി പാതി വഴിയിൽ അവസാനിപ്പിച്ച എന്റെ ചെറിയൊരു "വലിയ കഥ "യ്ക്ക് ഇതുവരെ എല്ലാ സഹകരണവും തന്ന പ്രിയപ്പെട്ട സുഹൃത്തുക്കളെ നന്ദി . ഒരുപാട് വലുതായി ഒന്നും പ്രതീക്ഷിക്കരുത് ചെറുതായി ഒന്ന് എഴുതി നോക്കിയതാണ് ... ഇതെങ്കിലും മുഴുവനാക്കാൻ സാധിക്കുമെന്ന വിശ്വാസത്തോടെ



വിദ്യ 



ഭാഗം ഒന്ന്
----------------


ചൂടിന് പേരുകേട്ടനാടെങ്കിലും മഞ്ഞുകാലത്ത്  പാടവരമ്പിലൂടെ നടക്കുകയെന്ന് പറഞ്ഞാൽ വല്ലാത്ത പണിയാണ് പ്രതേകിച്ചീ പുലർച്ചയ്‌ക്ക്‌.  ചെറുതായുള്ള മഞ്ഞുവീഴ്ചയ്‌ക്കൊപ്പം തഴുകിയകലുന്ന കിഴക്കൻ കാറ്റ് അല്പം കൂടെ തണുപ്പ് കൂട്ടിയിരുന്നെന്നു തോന്നുന്നു .


 അല്ലെങ്കിലും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാലക്കാട്ടുകാർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് ഈ  കാറ്റ് . മഞ്ഞുകാലത്ത് പൊതുവെ കൂടുതലായി കാണാനാകുന്ന  സംസാഥാതിർത്തിക്കപ്പുറത്തുനിന്നും തമിഴന്മാരുടെ കുത്തൊഴുക്കിനൊപ്പം വാളയാർ ചുരവും കടന്നെത്തുന്ന കിഴക്കൻ കാറ്റ് .


ചുരിദാറിന്റെ ഷാൾ ഒന്നുകൂടെ കൈകൾക്ക് മീതേക്കൂടെ ചുരുട്ടിപ്പിടിച്ചു , കയ്യെങ്കിലും രക്ഷപ്പെടട്ടെ തണുപ്പേൽക്കാതെ . ചുരിദാർ ഇട്ടു നടക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരം  ഈ ഷാൾ സൗകര്യം ആണെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . തണുക്കുമ്പോൾ പുതയ്ക്കാനും , ചൂടത്തും മഞ്ഞത്തും തലവഴിയിടാനും , പിന്നെ ഒരുമാതിരിപ്പെട്ടവരുടെ ചൂഴ്ന്നുനോട്ടം ഏൽക്കാതിരിക്കാനും  ,കുളത്തിൽ നിന്ന് മീൻ പിടിക്കാനും , വടംവലി കളിക്കാനും അത്യാവശ്യം വന്നാൽ തൂങ്ങിച്ചാകാനും ഉപയോഗിക്കാം .


കരിമ്പച്ച നിറമായ ഞാറുകൾക്കപ്പോൾ  കറുപ്പ് നിറമാണെന്ന് തോന്നിപ്പോയി .  മൂപ്പെത്തിത്തുടങ്ങുമ്പോഴേ വേണ്ടത്ര ശ്രദ്ധ കൊടുക്കൂ എന്നതിനാൽ ആവണം പാടത്ത് നിന്നും ഇടയ്ക്കിടെ പൊള്ളക്കളകൾ തലപൊക്കി നോക്കുന്നുണ്ട് . മകരത്തിലെ കൊയ്ത്തിനോ അല്ലെങ്കിൽ രണ്ടാം വിളയ്ക്ക് മലമ്പുഴ വെള്ളം തുറന്നുവിട്ടുതുടങ്ങുമ്പോഴോ മാത്രേ ഈ വരമ്പൊക്കെ അയർത്തു മാറ്റൂ , അതിനും മലമ്പുഴയുടെ ആൾക്കാർ തന്നെ വരണം


എന്തുകൊണ്ടെന്നറിയില്ല പഞ്ചായത്ത് പണിക്കാരൊന്നും (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇങ്ങനെയാണ് പൊതുവെ  ഇവിടെ പറയുക ) ഈ വരമ്പുകൾ പരിഗണിക്കാറില്ല ,


അല്ലെങ്കിലും പുതിയ റോഡിൻറെ വരവോടെ വരമ്പുമായുള്ള സഹവാസം നാട്ടുകാർ ഉപേക്ഷിച്ച നിലയിലാണ് . ഇനി പണിക്ക് വന്നാലും വെട്ടിയകലുന്നതിനൊപ്പം പുല്ലുകൾ മുളച്ചുകൊണ്ടേയിരിക്കും ഈ വഴികളിലെല്ലാം അതുകൊണ്ടല്ലേ അപ്പാപ്പനും മറ്റുള്ളവർക്കും എല്ലാദിവസവും മാടിന് കൊടുക്കാൻ പുല്ലുകിട്ടുന്നത്


നാളെ ഏതെക്കെയോ നാൽക്കാലികളുടെ ഭക്ഷണമാകേണ്ട നനഞ്ഞുകുതിർന്ന പുല്ലുകൾ ചവിട്ടി മെതിച്ചുകൊണ്ടു ഞങ്ങൾ നടന്നു , ഞങ്ങളുടെ കാലിനടിയിൽ ഞെരുങ്ങിയ പുല്ലുകൾ കാലെടുക്കുമ്പോൾ വീണ്ടും തലയുയർത്തുന്നത് ഞാനറിയുന്നുണ്ടായിരുന്നു . "എന്നോടാണോ നിന്റെ കളി എന്നൊരു ഭാവമായിരിക്കണം അവയ്ക്ക്".


പുല്ലുമൂടിയതെങ്കിലും ഇടയ്ക്കിടയ്ക്ക് ഉണങ്ങിയ തുവരക്കുറ്റികളും, പുഴുക്കടിച്ചു വർദ്ധക്യത്തിലെത്തിയ വെണ്ടയുടെയും വഴുതനയുടെയും പിന്നെ കുറച്ചു കാലം കൂടെ ഞാൻ ജീവിച്ചോട്ടെ എന്ന ഭാവത്തിൽ ചീനിമുളകുകളുടെയും ചെടികൾ കാണാം . വരമ്പിലും ശോചനീയമാണ് വരമ്പുമൊക്കുകളുടെ അവസ്ഥ മനുഷ്യനെ തല്ലിക്കൊന്നിട്ടാലും തിരിച്ചറിയാത്തവിധം അവ വളർന്നു പടർന്നു പന്തലിച്ചു നിൽക്കുന്നു.


മുകളിലെ റോഡിലൂടെ പോകുമ്പോൾ കണ്ണെടുക്കാതെ വയലിലേക്ക് നോക്കിപ്പോയിട്ടുണ്ട് , പച്ചപിടിച്ച ആ ഭംഗിയെല്ലാം പ്രതിഫലിപ്പിച്ചത് ഈ വിജനതയാണെന്നെനിക്ക് മനസ്സിലാവുന്നുണ്ട് . അതിരാവിലെ കൃഷ്ണേട്ടൻ ചായകുടിക്കാനും , മിലിട്ടറി അപ്പൂപ്പൻ നടക്കാനും ,പെണ്ണുങ്ങൾ റോഡിനപ്പുറത്ത് പണിക്കുപോകുന്നതും  പിന്നെ പൈപ്പിൽ വെള്ളം വരാത്ത ദിവസങ്ങളിൽ വടക്കേ കിണറ്റിലെ വെള്ളമെടുക്കാൻ ആളുകൾ വരുന്നതും കണ്ടിട്ടുണ്ട് . ഇതിലൂടെ അവരൊക്കെ എങ്ങനെ നടക്കുന്നെന്നാലോചിച്ചപ്പോൾ എനിക്കത്ഭുതം തോന്നിപ്പോയി . അല്ലെങ്കിലും ഈ വഴിയെപ്പോലെ പൊടിപ്പും തൊങ്ങലുകളും കൂടി ഞാനും വളർന്നിരിക്കുന്നു .


അതിരാവിലെ ഇങ്ങനെയെങ്കിലും വൈകുന്നേരം അതിലേറെ സുഖമാണ് ഇവിടം കാണുവാൻ ... ഏകദേശം ആറുമണി ആറരയാവുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് മറയുന്ന ചുമന്ന സൂര്യൻ ആ ഭാഗത്തെല്ലാം തന്റെ ചെമപ്പ് പടർത്തിയിരിക്കും . ഒരിക്കലുമീനേരം അവസാനിക്കരുതേയെന്ന് പ്രാർത്ഥിച്ച് നോക്കി നിൽക്കുമായിരുന്നു പണ്ടൊക്കെ .വിരലുകൾ കൊണ്ട് എത്രയെത്ര ചിത്രങ്ങൾ മനസ്സിന്റെ ഗാലറിയിലേക്ക് പകർത്തിയിരിക്കുന്നു



പച്ചപ്പിനൊപ്പം സൂര്യകിരണങ്ങളും സുഖമുള്ള കാറ്റും ശബ്ദകോലാഹലങ്ങളില്ലാത്ത അന്തരീക്ഷവും അവിടെ എന്നും ആടും ,മാടും മേക്കാൻ വരുന്നവരുടെ ഭാഗ്യം തന്നെ .

 ഇടയ്ക്കൊക്കെ ഒന്നിറങ്ങിയാലോ തോന്നുമെങ്കിലും  "പാമ്പെന്ന "രൂപത്തിൽ പതിയിരിക്കുന്ന അപകടത്തെ ഞാൻ ഒത്തിരി ഭയപ്പെട്ടിരുന്നതുകൊണ്ട് തിരികെ നടക്കും


നല്ല പകലിലതുവഴി കടക്കാൻ പോലും  സത്യത്തിലെനിക്ക് പേടിയാണ് വല്ല മൂർഖനോ ,കെട്ടുവരിയനോ,ദേശാംകുട്ടിയോ ,പച്ചലാംകൊത്തിയോ ഒന്ന് സ്നേഹിച്ചാൽ തീർന്നില്ലെയെല്ലാം .അത്താഴം മുടങ്ങാനൊരു നീർക്കോലിയും മതിയാവുമെന്നാണല്ലോ പ്രമാണം.

ഈയവസ്ഥയോർത്താവും ഞാനുൾപ്പെടെ നാട്ടുകാരെല്ലാം ഏതുസമയത്തും  നടക്കാൻ പാകത്തിലുള്ള   മുകളിലെ കല്ലിട്ടറോഡ്‌ ഉപയോഗിച്ച് വന്നത് . കല്ലിട്ടറോഡുകൾ എന്തിനെന്ന് അന്നെപ്പോഴും സംശയമായിരുന്നു . മൺവഴിയിലൂടെ നടന്ന് വീണാൽ അധികം മുറിവാകില്ല , പിന്നെ സൈക്കിളോടിക്കുമ്പോൾ ഈ വഴികൾ എന്നെ ഇത്തിരിയൊന്നുമല്ല ദേഷ്യം പിടിപ്പിച്ചിട്ടുള്ളത് .

 അച്ഛാച്ഛനുൾപ്പെടെ നാട്ടുകാരുടെ അഭിപ്രായത്തിൽ ഈ വഴിയിൽ കല്ലിടുന്നത് മഴക്കാലത്ത് ഉറവെടുത്ത് ചെളിക്കളം ആവാതിരിക്കാനാണത്രെ , എന്നാൽ ഓരോ ഇടവപ്പാതിയും ഈ വാക്കുകൾ കള്ളമാണെന്ന് സ്ഥാപിച്ചുകൊണ്ടേയിരുന്നു . പിന്നെയുമെത്രയോ കാലം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് കല്ലിട്ടറോഡുകൾ വരാൻ വൈകുന്ന വികസനത്തിന്റെ അസ്ഥികൂടങ്ങളാണെന്ന്...!


ഇന്നലെ മുതൽ ഞാൻ അനിയനോട് പറയുന്നതാണ് നമുക്ക് മെയിൻ റോഡിലൂടെ നടന്നാൽ പോരെ എന്തിനാ റിസ്‌ക്കെടുക്കുന്നതെന്ന്.. എവിടെ കേൾക്കാൻ ...അവൻ വല്യ  ഡ്രൈവർ ആയതുകൊണ്ട് ഭയങ്കര സംഭവമാണെന്നാ വിചാരം .  വാഹനമില്ലാതെ അവനിപ്പോൾ പുറത്തിറങ്ങാൻ വയ്യത്രെ. കാലത്ത് കുളിക്കാൻ പോകുന്നതുമുതൽ അർദ്ധരാത്രി സെക്കൻഡ് ഷോ ക ണ്ട് മടങ്ങി വരും വരെ ബൈക്കിന്റെ പുറത്താണ്


ഇന്നലെ വിരുന്നുകാരുള്ളതുകൊണ്ട് ഇവന് സിനിമയ്ക്ക് പോകാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ആക്രിക്കടയിൽ നിന്നും കട്ടെടുത്ത പോലെയുള്ള ബൈക്ക് അടുത്ത വീട്ടിലെ അവന്റെ ഉറ്റ സുഹൃത്ത് അപ്പു കൊണ്ടോയിരിക്കുകയാണ് ,

അതിരാവിലെ ബൈക്കിനായി വാതിൽ മുട്ടി അവനെ ശല്യം ചെയ്യണ്ടാന്ന് കരുതിയാവും "നമുക്ക് നടക്കാം " എന്നവൻ തീരുമാനിച്ചത് . ഇനി മറ്റെന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ ആ ശകടത്തിനെന്ന് കണ്ടറിയണം

എന്നെ ഒലവക്കോട് കൊണ്ട് വിട്ട് അതുവഴിയെ ബസ്സിൽ പണിക്കുപോവാമെന്ന സ്വാർത്ഥത അവനുണ്ടായിരുന്നോ  എന്നെനിക്ക്  ചെറിയ സംശയമില്ലാതില്ലാതില്ല . അതുകൊണ്ടല്ലേ നാലരയ്ക്കുള്ള ബസ്സിനായി മനുഷ്യവാസമില്ലാത്ത വഴികളിലൂടെ എന്നെ നടത്തിപ്പിച്ചത് .


കാലിനടിയിൽ ഞെരിഞ്ഞമരുന്ന പുല്ലിന്റെയും , ചീവീടുകളുടെയും ,താവളകളുടെയും ശബ്ദം ഉള്ളിലെവിടെയോ  പേടിയുണ്ടാക്കുന്നുണ്ട് . നടന്നത്രയും ഇനി നടക്കാനില്ലെങ്കിലും എനിക്ക് മടി പിടിച്ചുതുടങ്ങി   .

ഡ്രസ്സിൽ മുഴോൻ മുളപ്പുല്ലുകളും ,കുറ്റികായ്കളും പറ്റിപ്പിടിച്ചിട്ടുണ്ട് . ഇടയ്ക്കിടെ തൊട്ടാവാടിയോ കാരമുൾച്ചെടിയോ എന്റെ കാലിൽ കുത്തി വേദനിപ്പിക്കുന്നുണ്ട് .ആരും വരാത്ത   അവരുടെ സാമ്രാജ്യത്തിൽ അഗതിയായി ചെന്ന ദേഷ്യമായിരിക്കുമോ എന്തോ


ഏകദേശം കാൽമുട്ടിന് താഴെവരെ എത്തുന്ന ചെടികളിൽ നിന്നും മഞ്ഞുവീണ നനവിനാൽ ചുരിദാർപാന്റും നനഞ്ഞിരിക്കുന്നു . ഇനീപ്പൊൾ വല്ല അട്ടയോ പുഴുവോ ദേഹത്ത്  കയറിയിട്ടുണ്ടെങ്കിൽ കൂടി അറിയില്ല .കുളത്തിലും തോട്ടുവക്കത്തും അറപ്പുണ്ടാക്കി പുളയുന്ന അട്ടകളെ ഓർത്തപ്പോൾ തന്നെ എനിക്ക് ഓക്കാനം വന്നു .   ഈ വഴിക്ക് വരാൻ സമ്മതിച്ച വിധിയോർത്തും വരാനിരിക്കുന്ന വഴിയെ വെറുതെ ഭയപ്പെട്ടും അവന് പിന്നാലെ ഞാൻ നടന്നു .


നേരം വൈകിയപ്പോൾ ചെകുത്താനും കടലിനുമിടയിൽ കൂടെയുള്ള യാത്ര സമ്മതിക്കുകയല്ലാതെ എന്റെ മുന്നിൽ മറ്റുമാർഗങ്ങളുമില്ലായിരുന്നു. സാരമില്ല എന്തായാലും മുന്നോട്ട് തന്നെ, നാട്ടുവഴി നന്മയാണത്രെ...കോപ്പാണ്


"ഡാ ആ ഫോൺ  ഒന്ന് ഇങ്ങ്ട്ട് കാണിക്കുമോ എനിക്ക് വഴി കാണുന്നില്ല ട്ടാ "


"പോടീ ബാറ്ററി  ലോ ആണ് "


"നീയും നിന്റെ ഫോണും "


"എന്നാൽ നിന്റെ എടുക്ക് ...ഇന്നലെ കറന്റ് ഇല്ലാലൊ അതിന്"


"എനിക്ക് തിരുവനന്തപുരം വരെ എത്തേണ്ടതാണ് ..... പിന്നെ പാതിരായ്ക്ക് കേറി വന്നാൽ ഇങ്ങനിരിക്കും "


അവൻ ഒന്നും മിണ്ടിയില്ല . അല്ലെങ്കിലും ഇവിടെ ഇങ്ങനെയാണ് മഴപെയ്യാൻ തുടങ്ങിയാൽ ,കാറ്റ് വീശാൻ തുടങ്ങിയാൽ കറന്റ് പോകും ... പിന്നെ രാവിലെ മാത്രേ വരൂ ,ഇലക്ട്രിസിറ്റിയും പ്രകൃതിയും തമ്മിൽ നല്ല ബന്ധത്തിലാണെ. അവനെ പറഞ്ഞിട്ടും കാര്യമില്ല.


"അയ്യോ "

"എന്താടി ..."

ഒന്നുമില്ല വരമ്പത്ത് ചാല് കീറിയതിൽ ചവുട്ടി വീണതാണ് ,ഇപ്പോൾ ഒരു വിധം എല്ലായിടവും  നനഞ്ഞു   .പോരാത്തതിന് തിരോന്തോരം വരെയെത്തേണ്ട എന്റെ വസ്ത്രത്തിൽ ചളിപ്പാടുകളും

കാലൊക്കെ ചൊറിയാൻ തുടങ്ങിയിരിക്കുന്നു ....! അവൻ കൈ തന്നു എണീപ്പിച്ചു ,എന്റെ കയ്യിലെ അവസാന ബാഗ് കൂടി വാങ്ങി.

"ഇങ്ങനെ ആനപോലെ വളർന്നാൽ പോര,ആരോഗ്യം വേണം "

മനുഷ്യനിവിടെ നടക്കാനോ ചൊറിയണോ അതോ തണുത്ത് ചാകുമോ എന്നാലോചിച്ച് ടെൻഷനടിച്ചിരിക്കുമ്പോഴാഇടയ്ക്കൊരു ഉപദേശം  അവന്റെ വക

"പിന്നെ ഞാൻ അപ്പോഴേ പറഞ്ഞതാണ് അതിയെ വരാം എന്ന് ,നീ കേട്ടോ "?

"എനിക്കല്ല പോണ്ടത് നിനക്കാണ് ,നേരത്തെ എണീക്കണം ....."

"ഞാൻ എണീക്കാത്തതാണ് കുറ്റം .... നിന്റെ ഒരുമണിക്കൂർ കുളിയല്ല ..."

"ശെരി വിട് വിട് ..."

"കയ്യിലെത്ര ഉണ്ട്"?

"ഒരു ആയിരത്തി അഞ്ഞൂറ് ഉണ്ടാകും. ചില്ലറ ഉണ്ടെങ്കിൽ താ "

"പോടീ എന്റെ അടുത്തൊന്നുമില്ല.... പത്തോ ഇരുപതോ കാണും "

"ഹും ,അവൻ ജോലിക്ക് പോകുകയാണത്രേ"

"ഹാവൂ എത്തി "

അപ്പോഴാണ്‌ സമാധാനമായത്. വരമ്പ് കഴിഞ്ഞു. ഇനി മുകളിക്ക്‌ കുത്തനെ കയറ്റമാണ്  അതെത്തുന്നത് മുകളിലെ കല്ലിട്ട റോഡിലേക്കും .പിന്നെയൊരഞ്ചാറ് മീറ്റർ ദൂരമേ കാണൂ മെയിൻ മെയിൻ റോഡിലേക്ക്

ഒരു വശത്ത്‌ ഞങ്ങൾ വന്ന പാടങ്ങളും മറ്റേ വശത്ത്‌ മലമ്പുഴഡാമിന്റെ   കനാലും . വഴിയുടെ ഇരുവശത്തുമായി തലപൊക്കിത്തുടങ്ങുന്ന മരങ്ങളും , തലയുയർത്തിയവയെ ഒക്കെ ഇന്നാള് ഇടയ്ക്കാണ് പഞ്ചായത്ത് കൊട്ടേഷൻ കൊടുത്ത് മുറിച്ചത്   .

ശരിക്കും പരിചയം ഇല്ലാത്തവർ പകൽ വന്നാലും പേടിക്കും ഒരുതരം അപരിചിതത്വം , പക്ഷെ പ്രകൃതിസ്നേഹികളാണ് വരുന്നതെങ്കിൽ ഫോട്ടോയെടുത്ത് ഗാലറി നിറയ്ക്കാനുള്ള വകയുണ്ട്

"ഡി വേഗം വാ "

"എന്റെ ഡ്രെസ്സിൽ ചളിയാണ്‌ ..."എന്റെ സ്വരത്തിലെ ദയനീയത അവന് മനസ്സിലായില്ലെന്ന് തോന്നുന്നു .

"ബസ്‌ വരുന്നു ....വേഗം ..."പിന്നെ വെറും കയ്യോടെയാണെങ്കിലും അവനൊപ്പമെത്താൻ ഞാനല്പം വിയർക്കേണ്ടി വന്നു




next








Wednesday, 16 March 2016




യാത്ര .......!

എന്താണ് യാത്ര .....?

ആരും എത്തിപ്പിടിക്കാത്ത ലോകങ്ങൾ തേടി ...,

കേട്ട് പരിചയിച്ച നഗരങ്ങൾ തേടി ....,

മണ്ണും സംസ്കാരവും തേടി ...,

അസ്ഥിത്വം തേടി ....,

ജ്ഞാനം തേടി ...,

പ്രകൃതിയെ തേടി ....,

പ്രണയം തേടി ...,

ബന്ധങ്ങളെ തേടി ...,

ജീവിത ലക്ഷ്യം തേടി ...,


ആരും കാണാത്ത നിധി തേടി...,


ശരിയാണ് ഒരുപാടുണ്ട് യാത്രകൾ ..... 

ഒരുപക്ഷെ വാക്കുകളിൽ ഒതുക്കി നിർത്താൻ ആവുന്നതിലും അധികം ആവശ്യങ്ങളും അർത്ഥങ്ങളുമുണ്ട് ഓരോ യാത്രകൾക്കും ....,

ഓരോ ആവശ്യങ്ങൾ...

ഓരോ ചിന്തകൾ....

ഇഷ്ട്ടങ്ങൾ ....
നമ്മളെ ഇപ്പോഴും  യാത്ര ചെയ്യിക്കുന്നു ....


ഞാൻ പോയ സ്ഥലങ്ങൾ ആയിരുന്നു ഈ യാത്രകൾ കൊണ്ട് ഉദ്ദേശിച്ചതെങ്കിലും പിന്നീട്
എനിക്ക് മനസ്സിലായി പുറത്തെ സൌഭാഗ്യങ്ങൾ വരമൊഴിയാൽ അനുവാചകരിൽ എത്തിക്കുമ്പോഴും ആരും അറിയാതെ പോകുന്ന ഒന്നുണ്ട് "എന്താണ് ഞാൻ " ......


അതെ

ആദ്യം അറിയേണ്ടത് എന്നെ തന്നെ ആണ്...,

എന്റെ നാടിനെ.....,

എന്റെ അസ്തിത്വത്തെ ....,

എന്റെ സംസ്കാരത്തെ....,

ഞാൻ യാത്ര പോകുകയാണ് എന്നിലേക്ക്‌ .......,

എന്റെ ഗ്രാമത്തിലേക്ക് .....,

പച്ചപ്പട്ടു വിരിച്ച പാടവരമ്പിലൂടെ .....,

വീശിയടിക്കുന്ന കിഴക്കൻ കാറ്റിന്റെ വേഗത്തിലൂടെ ....,

മാനം മുട്ടി നിൽക്കുന്ന കരിമ്പനകൾക്കിടയിലൂടെ ....,

ഉറഞ്ഞു തുള്ളുന്ന കോമരങ്ങൾക്കിടയിലൂടെ.....,

കേട്ട് പഠിച്ച കണ്യാറും പൊറാട്ട് നാടകവും പാടി നടന്ന
പാലക്കാടൻ നാട്ടിടവഴികളിലൂടെ........,


ഇടയിൽ വച്ചെവിടെനിന്നോ ഞാൻ തിരിച്ചറിയുന്നു ...

അതെ ഇത് തലമുറകളുടെ മാറ്റമാണ് ....

നമ്മൾ എന്തായിരുന്നു എന്ന് തിരിച്ചറിയാതെ പോയ തലമുറകളുടെ മാറ്റം ....

നിളയുടെ തീരത്ത്‌ ഉയർന്ന് വന്ന മലയാള സാഹിത്യം ....

താള വാദ്യങ്ങളുടെ മേളപ്പെരുമ വിളിച്ചോതുന്ന ഇടവഴികൾ ....

സോപാനവും കർണ്ണാടക സംഗീതവും കേട്ടുപടിച്ച നാട് ...

ഒരു വശത്ത്‌ തണുക്കുമ്പോൾ മറു വശത്ത്‌ ചുട്ടു പൊള്ളുന്ന എന്റെ നാട്
എന്റെ പാലക്കാട്‌ ..... 

അതെ, ഞാൻ കണ്ട എന്റെ പാലക്കാട്‌


"ഇതെന്റെ ലോകം ...അല്ലെങ്കിൽ എനിക്ക് ചുറ്റും
"ഞാൻ കണ്ട ലോകം "

വെറുതെയൊന്നു എഴുത്തിനോക്കട്ടെ ഞാൻ 


ഒരുപാടൊന്നും പ്രതീക്ഷിക്കരുത് ട്ടോ.......പാവം പാലക്കാട് നിന്നും ചെറുതായി ഒരു കഥ


വിദ്യ ജി സി സി



ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും പിന്നെ ഇത്തിരി ഇത്തിരി വിഷമങ്ങളും ഒക്കെ തന്ന് ഇരുപത്തിരണ്ട് വർഷം കടന്നു പോകുമ്പോൾ ആരോടാണ് ഞാൻ നന്ദി പറയേണ്ടത് ????????

എനിക്ക് ജന്മം നൽകിയ മാതാപിതാക്കൾക്ക്

എന്നെ വളർത്തി വലുതാക്കിയ അച്ഛച്ചനും അച്ഛമ്മയ്ക്കും

ഓർമവെച്ച് തുടങ്ങുമ്പോൾ എന്നും കൂടെയുണ്ടായിരുന്ന ചെറിയച്ചൻമാർക്കും അമ്മായിമാർക്കും മാമനും മേമയ്ക്കും ഏട്ടന്മാർക്കും ചേച്ചിക്കും അനിയന്മാർക്കും അനിയത്തിമാർക്കും നന്ദി പറഞ്ഞു കടപ്പാട് തീർക്കുന്നില്ല

അടിതെറ്റാതെ നടന്നു തുടങ്ങിയ കാലം മുതൽ കൂടെയുണ്ടായിരുന്ന ആദ്യ കൂട്ടുകാർക്ക് ...

ചുറ്റുമുള്ള കാഴ്ചകളെ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതൽ കൂടെ ഉണ്ടായിരുന്ന.... എന്നും എന്തിനും കൂടെ നിന്നിരുന്ന പ്രിയ സൌഹൃദങ്ങൾക്ക് .....

അറിഞ്ഞും അറിയാതെയും ഒപ്പിച്ച വികൃതിത്തരങ്ങൾ ചെറിയൊരു പരിഭവത്തോടെയോ അല്ലെങ്കിൽ അധികം വേദനിക്കാത്ത വഴക്കായോ നാല്കിയെനിക്ക് മുന്നിൽ അവസാനിക്കാത്ത ഓർമ്മകൾ ഉണ്ടാക്കിയ നാട്ടുകാർക്ക്

വിട്ടു പിരിയാൻ ആവാത്ത വിധം എന്നെ വലിച്ചടുപ്പിക്കുന്ന എന്റെ നാടിന്

ഇഷ്ട്ടമില്ലാതെയും ആദ്യമായി അച്ചടക്കത്തോടെ പോയിരുന്നു പഠിച്ച അങ്കണവാടിക്ക്...

അന്നുമുതൽ ഹിന്ദു - മുസ്ലിം വേർതിരിവ് കൊണ്ട് തമ്മിൽത്തല്ലുകയും പിന്നെ എന്നോ ബോധോദയത്തിന്റെ കാലത്ത് മാറ്റി നിർത്താൻ ആവാത്ത വിധം അടുത്തു പോയ ആദ്യ സഹപാഠികൾക്ക്..

ഉച്ചക്കഞ്ഞിക്ക് ശേഷം ടീച്ചർ വന്നു നോക്കുന്നുണ്ടോ എന്നെത്തി നോക്കി ഒരുകണ്ണടച്ച് പാളി നോക്കി കള്ളത്തരത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ച സുരേഷേട്ടന്റെ വീടിലെ വരാന്തയിലെ കള്ളഉറക്കത്തിന്

ശക്തിമാനും,മഹാഭാരതവും,യാത്രയും ,ജ്വലയായും കണ്ടിരുന്ന ...ഒരുപാട് ശിവരാത്രികളിൽ ഉറങ്ങാതിരുന്ന വലിയത്തന്റെ വീട്ടിലെ കുഞ്ഞു ടി . വി ക്ക് ... പിന്നെ അത്ര ദൂരം പോകുന്നത് കുറച്ച് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ആണ് എങ്കിലും കോശന്റെ വീട്ടിലെ ടി. വി ക്ക് . ആദ്യമായി ചലച്ചിത്രങ്ങളോട് ഇഷ്ട്ടവും കൌതുകവും തോന്നി തുടങ്ങിയത് അവിടെ വെച്ചാണ്


ആദ്യമായി അക്ഷരം പഠിച്ചു തുടങ്ങിയ എത്തനൂർ ഗവ.ബേസിക് അപ്പർ പ്രൈമറി സ്കൂളിനോട് ... അക്ഷരങ്ങളുടെ വിശാലമായ ലോകത്തേക്ക് എന്നെ കൈപിടിച്ചുയർത്തിയ എന്നെ ഞാനാക്കി തീർത്ത എന്റെ പ്രിയ അദ്ധ്യാപകർക്ക്.... അക്ഷരങ്ങൾ പഠിപ്പിച്ചതും എഴുതി ശീലിപ്പിച്ചതും കഥയുടെയും കവിതയുടെയും ശേഖരമായ ലൈബ്രറി എന്ന അത്ഭുതത്തെ പരിചയപ്പെടുത്തിയ പ്രിയ അദ്ധ്യാപകർ...


കണ്ണിൽ കണ്ടെതെല്ലാം വായിക്കുന്ന സ്വഭാവം വീട്ടിലെ മനോരമ - മംഗളം വീക്കിലികളോടും തുടങ്ങിയപ്പോൾ മൂന്നാം ക്ലാസ്സുകാരിയുടെ മുന്നില് നിന്ന് അതെല്ലാം ഒളിപ്പിച്ചു വെച്ചവർക്ക്.. .

അതിലെന്തു കുഴപ്പമെന്ന് ചിന്തിച്ചു ചിന്തിച്ചു പിന്നീട് എപ്പോഴോ മുകളിലെ ക്ലാസ്സുകളിൽ പഠിക്കുന്ന ചേച്ചിമാരുടെ പാഠപുസ്തകത്തിലേക്ക് തിരിഞ്ഞ പൊട്ട ബുദ്ധിയോട്..

അരിച്ചു പെറുക്കി ഒന്നും വിടാതെ വായിച്ചിരുന്ന പത്രങ്ങളോട് ...

വായനാശീലം സമ്മാനിച്ച സ്കൂളിലെ ക്വിസ് മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനങ്ങളോട് ...

പിന്നീടെപ്പോഴോക്കെയോ ചിതലരിച്ചും അടുപ്പിലെരിഞ്ഞും ഇല്ലാതായ സർട്ടിഫിക്കറ്റുകൾക്ക് ..
ആരും കാണാതെ വലിച്ചെറിയപ്പെട്ട അംഗീകാരങ്ങൾക്ക്....

വായനയും സംസാരവും ചേർന്നപ്പോൾ പ്രസംഗവും എഴുത്തുമായി ചുറ്റുമുള്ളവരെ കുറിച്ച് ചിന്തിച്ചു തുടങ്ങിയ നാളുകൾക്ക്...

വീട്ടുകാരും നാട്ടുകാരും "ബോധമില്ലേ"? എന്ന് പരാതി പറഞ്ഞത് കേൾക്കുമ്പോൾ ഉണ്ടായിരുന്ന കൊച്ചു വിഷമങ്ങളോട് ....

സാമൂഹ്യസേവനം തലയിൽ കയറി പിന്നെയത് തിരിച്ചറിവിന്റെ കാലത്തിൽ സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളോട് തോന്നിയ ആരാധനയും കൂട്ടിച്ചേർത്ത് പോലീസ് ആവണമെന്നുള്ള മോഹത്തോട് ..

പിന്നെയും വളർന്നപ്പോൾ പോലീസുകാരെ വരെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളോടുള്ള ആവേശം പത്ര - പ്രവർത്തനമെന്ന ലക്ഷ്യത്തിൽ എത്തിച്ച സാഹചര്യങ്ങളോട് ...

എന്നിട്ടും മോഹങ്ങളും ലക്ഷ്യങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ച് പ്രൈവറ്റ് ഫിനാൻസിന്റെ ചൂട് കാറ്റ് വീശുന്ന ഫാനിനും ഇരുമ്പ് കസേരകൾക്കും ജീവനില്ലാത്ത എങ്കിലേറെ വിലയുള്ള നോട്ടുകെട്ടുകൾക്കും.. എത്ര ചെയ്താലും അവസാനിക്കാത്ത ടാർജെറ്റ്‌കൾക്ക്...

ആദ്യമായി ജോലിക്ക് പോകുന്ന സാധാരണക്കാരി പെൺകുട്ടിയിലും , അവൾക്കൊരിക്കലും സ്വപ്നം കാണാൻ ആവാത്ത അത്ര ഉയരത്തിൽ നിന്ന് വിരമിച്ച വലിയ ആളുകൾ ചെയ്യുന്നത് പോലെ ഡപോസിറ്റ്‌/ ഇൻഷുറൻസ് ചെയ്യാനും മറ്റും പരിചയക്കാർ ഇല്ലാതെ പകച്ചു നിന്ന നാളുകൾക്ക് മുന്നിൽ ...

ജോലിയോടൊപ്പം കൂടെ ജോലി ചെയ്യുന്ന ചില "മഹാത്മാക്കളുടെ സ്വാർത്ഥതയ്ക്കു" മുന്നിൽ എല്ലാവരുടെയും മുന്നിൽ കുറ്റക്കാരിയും അഹങ്കാരിയും ആയിത്തുടങ്ങിയ നാളുകളിൽ "ഫിനാസിൽ നിന്നൊക്കെ ജോലി മതിയാക്കി പോകുമ്പോൾ നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാകും " എന്ന പേടിപ്പിക്കലുകളിൽ കഷ്ട്ടപ്പെട്ടു പിടിച്ചു നിന്ന യാന്ത്രിക ദിനങ്ങൾക്ക്‌
പിന്നീട് എന്നോ സഹോദരിയായി കയറി വന്ന ചേച്ചിക്ക് ....

ഏട്ടന്റെ സ്ഥാനത്ത് കയറി വന്ന് ബിരിയാണി കഴിക്കാനും ജോലി പകുത്തു ചെയ്യാനും മാത്രമല്ല , ഉപദേശിക്കാനും നല്ല വഴി പറയാനും സഹോദരനെപ്പോലെ ഇപ്പോഴും കൂട്ടായി ഉണ്ടായിരുന്ന മാഷ്ക്ക് ...

വിരസമായ ഓഫീസ് ദിനങ്ങൾക്ക്‌...

എപ്പോഴൊക്കെയോ കാണാതെ വരുമ്പോൾ എവിടെയെന്നു ചോദിച്ച് അടുത്തു വന്നു തുല്യ ദുഖിതരായി സ്വയം അവരോധിച്ചു ഞങ്ങൾ തന്നെ ഉണ്ടാക്കിയ ബസ്‌ കൂട്ടായ്മയ്ക്ക് ...
ഓരോ രൂപയ്ക്കും കണക്കു പറഞ്ഞു ചിലവാക്കിത്തുടങ്ങിയ... ജീവിക്കാനുള്ള അറിവ് നേടിത്തുടങ്ങിയ ജീവിതമാറ്റത്തിനു

പഠിച്ചിരുന്ന കാലത്ത് ഒരിക്കലും "വിദ്യ " എന്ന് വിളിക്കാത്ത...ചെല്ലപ്പേരുകൾ യഥേഷ്ടം ഇട്ടു തന്നിരുന്ന .... എന്തിനും കൂടെ നിന്നിരുന്ന ...ഹോം വർക്ക്‌ ,അസ്സൈന്മെന്റ് ,പ്രൊജക്റ്റ്‌ എല്ലാം കാണിച്ചു തന്നിരുന്ന ... ഓരോ വേദിയിൽ നിന്നും സമ്മാനവുമായി വരുമ്പോൾ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവെച്ചു അതുവാങ്ങി നോക്കിയിരുന്ന ...

എന്ത് ഭക്ഷണം കൊണ്ട് വരുമ്പോഴും പകുത്തു തരുന്ന ..വാങ്ങുന്ന മിട്ടായി ഒന്ന് ആണ് എങ്കിൽ പോലും എത്ര ആയി വേണമെങ്കിലും പങ്കുവെക്കാൻ കഴിയുമെന്ന് പഠിപ്പിച്ച ....തല്ലുകൊള്ളുമ്പോഴും കരയുമ്പോഴും ചിരിക്കുമ്പോഴും കൂട്ടായി നിന്ന ....ഏതു പ്രതിസന്ധിയിലും കൂടെ നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക്....

അകലെനിന്നൊരു മൌനത്തിന്റെയടുപ്പത്തിൽ മാത്രം വർഷങ്ങൾ കൊഴിയുന്നത് അറിയാതെ ഞാൻ പോലുമറിയാതെ എന്നെ സ്നേഹിച്ച പിന്നെ എപ്പോഴോ തിരിച്ചറിവിന്റെ സമയത്ത് വേണം എന്ന് ഞാൻ ആഗ്രഹിക്കുംബോഴേക്കും ഒരു വിരൽത്തുംബിന്റെ അകലത്തിൽ പറഞ്ഞു തീരാത്ത വിശേഷങ്ങൾ മൌനത്തിൽ ഒതുക്കി ഞാനറിയാതെയകന്നുപോയ പ്രണയത്തിന്... ഒരു ചെറു പുഞ്ചിരിയാലെങ്കിലും പ്രണയിക്കാതെയകന്നില്ലേ നമ്മൾ ....

എന്നോ എന്റെ ജീവിതത്തിൽ എല്ലാമെല്ലാമായ് മാറിയ എന്റെ പ്രിയ ശോകനാശിനിക്ക്...

ഗുൽമോഹറും ശിവമല്ലിയും കാറ്റാടിമരങ്ങളും യൂക്കാലിപ്റ്റ്സും ഇലന്തി കായകളും ...ചരിത്രം കുറിച്ചിട്ട ചുവരുകളും ... തിളയ്ക്കുന്ന യൌവ്വനവും ... അറിവും ..കൌതുകങ്ങളും ...ആഗ്രഹങ്ങളും ..സ്വപ്നങ്ങളും ...ഏറെ സന്തോഷങ്ങളും പിന്നെ മാർച്ച്‌ എന്ന വിഷദാത്മക വിടവാങ്ങലും ..... പ്രിയപ്പെട്ട ബസ്‌ സ്റ്റൊപ്പിനു...

പത്ര പ്രവർത്തനത്തിന് ഒപ്പം സിനിമാമോഹവും തലയിലേറ്റി നടന്ന ദിനങ്ങൾക്ക്‌ .... വാർഷിക പരീക്ഷയ്ക്ക് ആദ്യമായി എഴുതിയ തിരക്കഥ പൂർത്തിയാകാത്ത വിഷമത്തിലും രാത്രി മുഴുവൻ ഇരുന്നെഴുതി എക്സാം ഹാളിൽ ഉറങ്ങി പരീക്ഷകളോട് പ്രതികരിച്ച ആവേശത്തിന് ....

ജീവിതത്തിലെ നല്ല കാലമെല്ലാം തെറ്റിദ്ധാരണകളും സംശയങ്ങളുമായി എന്നും മറ്റുള്ളവരുടെ മുന്നിൽ അഹങ്കാരിയും പിന്നീട് സ്വഭാവദൂഷ്യം ഉള്ളവളും അക്കിമാറ്റിയ പ്രിയ കൂട്ടുകാരിക്ക് ....

ഒരിക്കലുമെന്നെ വിശ്വസിക്കാതിരുന്ന പ്രിയപ്പെട്ടവർക്ക്...

എന്തിനാണ് ഇനിയൊരു ജീവിതം എന്ന് തോന്നിത്തുടങ്ങിയിടത്തു നിന്ന് ജീവിതത്തിന്റെ മറുവശം പഠിപ്പിച്ച് തന്ന, നിഷ്കളങ്ക സൌഹൃദമായി അടുത്തുണ്ടായിരുന്ന ചൈതുവിനും ഇന്ദുവിനും ശരത്തേട്ടനും...

എനിക്ക് കേൾക്കാൻ കഴിയാതെ പോകുന്ന ശബ്ദങ്ങൾക്ക്‌ "അശ്രദ്ധ " എന്നും അഹങ്കാരം എന്നും പേരിട്ട് എന്നെ പരിഹാസകഥാപാത്രമാക്കിയവർക്ക്... മുഖം നോക്കി പറയുന്നത് മനസ്സിലാക്കി തുടങ്ങിയ ഗതികേടിന് .....

സൌഹൃദ സംഭാഷണങ്ങളിൽ ചിരിക്കാൻ മറന്നു പോയതിനെക്കുറിച്ച് ഓർമിപ്പിച്ചു കൂടെ വന്ന സഹൃദയന്.....

പിന്നീട് അപരിചിതത്വത്തിന്റെ ലോകത്ത് നിന്ന് പരിചയത്തിന്റെ സുഖമറിഞ്ഞു ആത്മ മിത്രങ്ങൾ ഉണ്ടായത് എനിക്കിവിടുന്നാണ് ...മുഖപുസ്തകത്തിന്റെ താളുകളിൽ.....

മുഖമറിഞ്ഞും അറിയാതെയും എപ്പോഴൊക്കെയോ എന്റെ ചുറ്റുമൊരു സൌഹൃദവലയം തീർത്ത പ്രിയ കൂട്ടുകാർക്ക് ...

ബന്ധങ്ങൾ ഉണ്ടാക്കുന്നതിൽ അല്ല നിലനിർത്തുന്നതും നമ്മൾ എത്ര മാത്രം പ്രിയപ്പെട്ടവരാകാം എന്ന് പഠിപ്പിച്ച സൈബർ ലോകത്തിന്

എന്നോ വിരസതയിൽ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ വീണ്ടുമെന്റെ മുന്നിൽ ഗ്രൂപ്പുകളും ബ്ലോഗുകളും ആയി കൊണ്ട് വന്ന കാലത്തിന്...

എന്നൊക്കെയോ എഴുതിക്കൂട്ടുന്നതിന് എല്ലാ അംഗീകാരവും തന്നവർക്ക്... പിന്നെയും പിന്നെയും എഴുതാൻ പ്രോത്സാഹനം തന്നവർക്ക് ....

ഇതിനപ്പുറത്ത് ഒന്നുമില്ല എനിക്ക് എനിക്കീ ഇരുപത്തിരണ്ട് വർഷങ്ങളെ കുറിച്ചെഴുതാൻ ....

ഒരു വർഷവും കടന്നു പോയി ...

Tuesday, 8 March 2016

എന്നും വാർത്തയിൽ സ്ത്രീ മാത്രമാണോ ചൂടുള്ള വിഷയം?

പെണ്ണെന്നു കേട്ടാൽ ഇത്രെയും ശ്രദ്ധിക്കാൻ മാത്രം എന്താണ്?

കോടിക്കണക്കിനു പണം കൊള്ളയടിച്ചത് ആർക്കും വേണ്ട?

ഭരിച്ചു ഭരിച്ചു നാട് മുടിപ്പിച്ചതും ആർക്കും വേണ്ട?




എവിടെയെങ്കിലും പീഡനം നടന്നാൽ അതുമാത്രം കുത്തിയിരുന്നു
വായിക്കും ,,,എവിടെ ?

എങ്ങനെ?

എപ്പോൾ ?

ആര്?

ഒരുപക്ഷെ ഞാൻ പഠിച്ച മാധ്യമ ധർമത്തിനും 
അപ്പുറത്ത് നിന്നുകൊണ്ട് ഇന്നത്തെ മാധ്യമങ്ങൾ 
കെട്ട് കഥകളും കൂടി ഉണ്ടാക്കുമ്പോൾ പിന്നെ പറയേണ്ടതില്ല

എന്താണ് പെണ്ണ്?

ഒരു നേരത്തെ ആസക്തി തീർക്കുമ്പോൾ ചിന്തിചിരുന്നോ അവർ 
ഒപ്പം തകരുന്ന ഒരു ജീവിതത്തെ കുറിച്ച്

ഒരുപാട് സ്വപ്നങ്ങളെക്കുറിച്ച്‌ ....

ഇന്റർ നെറ്റ് നു മുന്നില് പെണ്ണിന്റെ അഭിമാനം കീറി മുറിക്കുമ്പോൾ 
അറിഞ്ഞില്ലേ ആരും അത് നിങ്ങളുടെ സഹോദരി ആണെന്ന് ?

നിങ്ങളാണ് അവരെ സംരക്ഷിക്കേണ്ടത് എന്ന് 
ശക്തനായ എന്ന് സ്വയം വിശ്വസിക്കുന്ന പുരുഷ പ്രജകൾക്ക്
ഇതിനു ഉത്തരമില്ലായിരുന്നോ ഇതുവരെ ?

നിങ്ങൾക്കറിയാമോ എന്തൊക്കെ മോഹങ്ങൾ ആണ് ഞങ്ങൾക്ക് എന്ന് 

നന്നായി പഠിച്ചു ,,വീട്ടുകാരെ സഹായിച്ചു

അമ്മയ്ക്കും അച്ഛനും ഓമനയായി ....

സഹോദരങ്ങളുടെ വായാടിയായി ....

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കഥകൾ കെട്ട് ....

കൂട്ടുകാരുടെ പ്രിയപ്പെട്ടവളായി.....

പിന്നെ അഴകുള്ള കൌമാരത്തിലേക്കു കടക്കുന്ന നേരം 
മനസ്സുമുഴുവൻ ഒരാൾക്ക്‌ മാത്രം കൊടുത്ത് ...

ആ കൈപിടിച്ച് നടക്കുവാൻ .. ഒരുപാട് സ്വപ്‌നങ്ങൾ കാണുവാൻ ...

പിന്നെ ആ കൈകൊണ്ടു ഒരു താലിമാല മാത്രം മോഹിച്ചു കഴിയുവാൻ ...

പിന്നീട് അവനോടൊത്തു ജീവിക്കുവാൻ ...

അവന്റെ മുഖമുള്ള കുഞ്ഞുങ്ങളെ താലോലിക്കുവാൻ ....

അങ്ങനെ എന്തൊക്കെ ആയിരുന്നു എന്നറിയാമോ ....

നിസ്സഹായയമായ നിലവിളി കേട്ടില്ലാലോ ....

ഞാനെന്ന വ്യക്തി അവിടെ ഇല്ലാതാവുന്നതും കണ്ടില്ലാലോ ....

നിങ്ങള്ക്ക് നാളെ ഈ ദോഷം എല്ലാം മാറും പക്ഷെ ഞങ്ങളുടെ 
ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ....????

എല്ലാവരുടെയും സഹതാപം കലർന്ന പരിഹാസം ഭയന്ന് 
മരിക്കുകയാണ് പലപ്പോഴും ,,, ജീവിച്ചാൽ നിങ്ങളുടെ കുത്ത് വാക്കുകൾ
കേള്ക്കേണ്ടി വരും എന്നറിയാവുന്നതു കൊണ്ട് ....

അറിയാമോ നമ്മുടെ നാട്ടിൽ ഓരോ മണിക്കൂറിലും ഇതുപോലെ
ഒരുപാടുപേരുടെ നിലവിളി ഉണ്ട് ...

എന്തിനു പറയുന്നു കൊച്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടോ ?

എന്തിനായിരുന്നു ..... ?

ചുവന്ന തെരുവുകളിൽ അംഗ സംഖ്യ കൂട്ടാനോ ?

അതോ ഓരോ ജീീവിതം ഹോമിക്കാനോ...??????

അതോ സമൂഹ മാധ്യമങ്ങള്ക്ക് ചർച്ചയ്ക്കു വിഷയം ഉണ്ടാക്കാനോ ?

എന്തിനു വേണ്ടിയാണ് ....???????

നിങ്ങളെ വിശ്വസിച്ചു കൂടെ വരുന്ന പെണ്‍കുട്ടികളെ പ്രേമ 
നാടകങ്ങളിൽ വീഴ്ത്തി കാമം തീർത്തത് എന്തിനാണ് ...?

നിങ്ങളെ പരിപാലിച്ച അമ്മമാരുടെ സ്ഥാനം ഉള്ളവരെ പോലും 
തെറ്റായി കണ്ടത് എന്തിനാണ് ....?

ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ എന്ത് സുഖത്തിനു ആയിരുന്നു...?

ഒരേ ഒരു ജീവിതമേ ഉള്ളൂ മനുഷ്യന് അത് എന്തിനാണ് നശിപ്പിക്കുന്നത്?

ചോദ്യങ്ങൾ തീരുന്നില്ല ഉത്തരം തരേണ്ടത്‌ പുരുഷന്മാർ മാത്രമല്ല 
മകളെ പണയം വെക്കുന്ന അമ്മയും , അനിയത്തിയെ വലിച്ചെറിയുന്ന 
ചേച്ചിയും പിന്നെയും ഉണ്ടല്ലോ കഥകൾ ഒരുപാട് ?

അപ്പോൾ കുറ്റം ആർക്കാണ്?

ആണും പെണ്ണും എന്നതിന് അപ്പുറം ഓരോ മനുഷ്യജീവി ആയി പരിഗണിക്കാൻ സാധിക്കുന്ന ദിനം വരണം ....

അന്ന് നന്നാവുമായിരിക്കും നമ്മുടെ നാട് ... !

അല്ലാതെ ഇതുപോലെ എത്ര ദിനങ്ങളുടെ ഓർമപ്പെടുത്തൽ ഉണ്ടായാലും അത് വെറും പറച്ചിലിൽ മാത്രം ഒതുങ്ങിപ്പോകും ....

മനുഷ്യനെ മനസ്സിലാക്കുക

മനുഷ്യനായി ജീവിക്കുക

ആണിനെ ദ്രോഹിക്കുന്ന പെണ്ണിന്റെ കാര്യം വിസ്മരിക്കുകയല്ല ....

പേടിയാണ് നേരമൊന്നു വൈകുമ്പോൾ ...

പത്രം തുറക്കുമ്പോൾ ....

എനിക്കുള്ള ഈ സംരക്ഷണം എന്തുകൊണ്ട് എന്റെ കോടിക്കണക്കിനു സഹോദരങ്ങൾക്ക്‌ കിട്ടാതെ പോകുന്ന കാലം വരെയും "എനിക്ക് കിട്ടുന്ന ഈ സംരക്ഷമെല്ലം എന്റെ മാത്രം ഭാഗ്യമായി സൂക്ഷിക്കുന്നു ...ഒരുപാട് വിഷമത്തോടെ ..."

മറ്റൊന്നും ഇല്ലെങ്കിലും നിങ്ങളുടെ സഹോദരിക്കോ കാമുകിക്കൊ സുഹൃത്തിനോ സംരക്ഷണം നൽകാൻ കഴിയും എന്ന വിശ്വാസത്തോടെ ....

ആശംസകൾ ............

ഇതൊരു വനിതാ ദിനം എന്നതിൽ ഉപരി ബോതവല്ക്കരണം ആവട്ടെ ..!!!!!!



കാണാതെയാവുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു 

അരികത്തില്ലാതെ വരുമ്പോൾ ഒറ്റപ്പെട്ടുപോകുന്നു
എന്ത് പറഞ്ഞാണ് ഞാനീ മനസ്സിനെ സമാധാനിപ്പിക്കേണ്ടത്
ഒരു നിമിഷം പിരിഞ്ഞിരിക്കാൻ കഴിയാതിരിക്കാൻ മാത്രം
ആരാണ് അത് ...ഇല്ല ആരുമല്ല ...എന്റെ ആരുമല്ല
പേടിയുണ്ട് കൈവിട്ടു പോകുമോ എന്ന്
അതുകൊണ്ടല്ലേ ഞാൻ എന്നും മുറുക്കിയാ കൈ പിടിക്കാൻ
കൊതിക്കുന്നത്
ഒന്നും വേണ്ട വേണ്ട എന്ന് വെച്ച് നടന്നിട്ടിപ്പോൾ
ഏറ്റവും അവസാനം എല്ലാം ആയി വന്നില്ലേ
അതുവരെ വെറുപ്പായിരുന്നു ജീവിതത്തോടു
അപ്പോൾ മുതൽ ഇഷ്ട്ടമാണ് ..ഒരുപാടിഷ്ടമാണ്
എന്നെ തനെൻ ഞാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയതും ഇപ്പോഴല്ലേ
അന്നും ഇന്നും ഒരുപാടൊന്നും മോഹിചിട്ടില്ല
ആഗ്രഹങ്ങൾ ഒന്നും നടക്കില്ലെന്നു അറിയാവുന്നത് കൊണ്ട് തന്നെ
പക്ഷെ ഇപ്പോൾ കണ്ണാടി കൂടിൽ അടുക്കി വെച്ച
കുപ്പിവള പോലെ എളുപ്പത്തിൽ സ്വ്ന്തമവില്ല എന്നറിയുന്നുണ്ട്
ഒപ്പം പേടിയുമുണ്ട്
ഇത്ര നാലും ആരെയും ബോധ്യപെടുത്താതെ
ആർക്കും ഉത്തരം നൽകാതെ നടന്നു അവസാനമിപ്പോൾ ജീവിതം
അവസാനിച്ചു എന്ന് തുടങ്ങിയിടത്തു നിന്ന് പ്രതീക്ഷ തന്ന
എന്താണ് ഞാൻ ഇപ്പോൾ പറയേണ്ടത് .. എനിക്കറിയില്ല
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പോലും
ഒപ്പം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന തരത്തിൽ ആ ബന്ധത്തെ
നെഞ്ചോടു ചേർത്ത് വെക്കുന്നു
പക്ഷെ എന്നും ഒറ്റയ്ക്കായിരുന്നത് കൊണ്ടാവണം
ഭയമാണ് വിട്ടു പോകുമോ എന്നാ ഭയം
ഒരിക്കലും ഇല്ലെന്നു അറിയും എങ്കിലും
പിണങ്ങിയിരിക്കുമ്പോൾ പെട്ടെന്ന് പോയി ഇണങ്ങുന്നത്
അതുകൊണ്ട് തന്നെ .
ഇനിയും ഒരു പ്രണയം എനിക്ക് വേണ്ട
ഇനിയൊരു വിവാഹവും എനിക്ക് വേണ്ട
എനിക്ക് മതി നിന്നെ മാത്രം
മനസ്സിലാവുന്നവർ മനസ്സിലാക്കട്ടെ
ഇല്ലാത്തവർ ഭ്രാന്തെന്ന് പറയട്ടെ ...!



Saturday, 5 March 2016

പലപ്പോഴും തോന്നാറുണ്ട് ചിലപ്പോൾ എല്ലാവരും പറയുന്നത് പോലെ ശരിയായിരിക്കും ... അന്തമില്ലാത്ത ചിന്തകളാണ് എന്നും ...
ആദ്യവസാനം ഇല്ലാതെ എന്നും നമ്മളെ ചിന്തിപ്പിക്കുന്ന 
നൂറായിരം ചിന്തകൾ..................
ചിലപ്പോൾ മരണം 
ചിലപ്പോൾ ലോകാവസാനം 
ചിലപ്പോൾ ഭ്രാന്ത്‌ ....
അങ്ങനെയൊക്കെ പറയാമോ 
പക്ഷെ ഒന്നുറപ്പാണ് എല്ലാത്തിനോടും പറഞ്ഞറിയിക്കാൻ കഴിയാത്ത വിരക്തി തോന്നും പലപ്പോഴും ...
അതെ സമയം അവയെ എല്ലാം ഒരുപാട് സ്നേഹിക്കുന്ന സമയവുമുണ്ട്
ഒരു നേരം ഏകാന്തത മാത്രം കൂട്ട് തേടും 
ഒരു നേരം ശബ്ദവും ...
പിന്നെ തോന്നും ശബ്ദമില്ലാത്ത അവസ്ഥയിൽ ഞാനെത്തിയെങ്കിൽ എന്ന് 
നന്നായിരുന്നേനെ ഒന്നും അറിയണ്ട എനിക്ക് പക്ഷെ അപ്പോഴും എല്ലാവരും 
പരിഹസിക്കുന്നത് സ്വപ്നം കാണുമ്പോൾ പിന്തിരിഞ്ഞു പോകുന്നു 
അഭിയുടെ പിറന്നാൾ ആഘോഷം കഴിഞ്ഞു ഉറങ്ങും നേരം വൈകിയെന്നാണ്  ഓർമ.. പിന്നെ എപ്പോഴോ ഉറക്കം തെളിയുമ്പോൾ എന്റെ കണ്ണിൽ നിന്നും ഉതിർന്ന് വീഴുന്ന നീർത്തുള്ളികളുടെ സാന്നിദ്ധ്യം അറിഞ്ഞു കൊണ്ടായിരുന്നു 
കരളിന്റെ കേടുമാറ്റാൻ കരളലിവില്ലാത്ത മനുഷ്യരുടെ മുന്നിൽ പാടുന്ന ആാ ചേട്ടൻ 
ആ കുഞ്ഞ് അയാളുടെ ആരായിരുന്നു ? ആരുമല്ല 
അതുകൊണ്ട് അയാൾക്കെന്ത്‌ നേട്ടമുണ്ടായി ? ഒന്നുമില്ല 
അതുകൊണ്ട് അയാൾക്ക്  നഷ്ട്ടപ്പെട്ടതോ ? സമയവും പിന്നെ നമ്മുടെയൊക്കെ മുന്നിൽ താഴ്മയോടെയുള്ള അഭ്യർത്ഥന...നമ്മുടെ പുച്ഛവും..പരിഹാസവും ..സഹതാപവും ...നേരം പോക്കും കലർന്നുള്ള നോട്ടങ്ങൾ 
അടുത്തുള്ള ആളുടെ മുന്നിൽ ആളാവാൻ കയ്യിലെ അവസാന ചില്ലറയും ആ ബക്കെറ്റിൽ ഇട്ടു നടക്കുന്നവർ 
പുഞ്ചിരിയോടെ നീട്ടിയവർ ...
ഇല്ലായ്മകൊണ്ട് കാണാതെ പോലെ മാറി നിന്നവർ ,..എല്ലാവരും ഉണ്ടായിരുന്നു ...
ആൾക്കൂട്ടം മറഞ്ഞു സമയം കൂടുമ്പോൾ 
ഞാനും പോയി 
പക്ഷെ എന്തോ ഒറ്റയ്ക്കായ നിമിഷം മുതൽ മനസ്സിൽ ആ പാട്ട് തന്നെയാണ് 
"ഒരു ചാൺ വയറിന് ഉൾത്തുടി താളത്തിൽ കണ്ണീർ പാട്ടുകൾ പാടാം ഞാൻ ......"
സമ്പന്നതയുടെ മുതലാളി വർഗത്തിൽ ഒന്നായിരിക്കില്ലേ കണ്ണ് കാണാത്ത അയാളുടെ മുന്നിലൂടെ നടന്നു പോയപ്പോൾ എന്റെ കാലോച്ചയിൽ അയാൾ കണ്ടിരിക്കുക 
കയ്യിലെ ബക്കെറ്റ് നിറയുമെന്നു കരുതി കാണുമായിരുന്നോ 
നിനക്കൊന്നും നല്കാൻ ആാവാതെ
എനിക്കായും ഒന്നും ചെയ്യാനാവാതെ 
ആർക്കോ വേണ്ടി ഇല്ലാതാവുന്ന 
എന്തോ ഒന്നാണ് ഞാനും 
മാപ്പ് തരിക ....




നിന്നെക്കുറിച്ച് എഴുതി തുടങ്ങുമ്പോഴെല്ലാം
തെളിയാതെ മാറിനിന്ന അക്ഷരങ്ങൾ തന്നെ
നിന്നെക്കുറിച്ചെഴുതാത്തതെന്തേയെന്നേ നോക്കി
പരിഹസിക്കുന്നുവോ

നീയല്ലാതെ ഒന്നുമില്ലായിരുന്നു
ഇന്നുമില്ല നീയല്ലാതൊന്നും
എന്നിട്ടുമെന്തൊ നിന്നെ ഞാനെപ്പോഴും
നിന്നെ വേദനിപ്പിക്കുകയായിരുന്നോ
നിന്നോടുള്ള സ്വാർത്ഥതയാവും
നിന്നോടെനിക്കെന്നും പരിഭവമല്ലായിരുന്നൊ

Thursday, 3 March 2016

പതിവുപോലെ അന്നും ചോറ് പാതിയിൽ മതിയാക്കി ബാക്കിയുടെ കൂടെ കുറച്ച് കൂടിയിട്ട് നന്നായി മീങ്കറി ഒഴിച്ച് കുഴക്കുമ്പോൾ ചെറിയച്ചൻ പറഞ്ഞു 

"ഇത്തരി നന്നായി കറി ഒഴിക്ക് ... ആദ്യം അപ്പൂന് കൊടുത്തിട്ട് ചിക്കൂന് കൊടുത്താ മതി "

"വേണ്ട ചിക്കൂന് ആദ്യം കൊടുക്ക് അത് മേലെ ചാടും " അച്ചമ്മയാണ് 

ചന്ദനമഴയിലെ ആദ്യ  പരസ്യം എത്തുന്നത് വരെ ചോറും കറിയും മിക്സ്‌ ചെയ്തിട്ട് പതിവുപോലെ വേഗം പുറത്തിറങ്ങി , അടുത്ത സീൻ എത്തുന്നതിനു മുൻപ് രണ്ടാൾക്കും ചോറ് കൊടുത്ത് എനിക്ക് കയ്യും കഴുകി ടി വിയുടെ മുന്നിലെത്തെണ്ടതാണ്

സാധാരണ വീടിന് പുറത്തിറങ്ങിയതും ചിക്കൂ പിറകിൽ ഓടി വരുന്നതാണ് ,,ചിലപ്പോഴൊക്കെ മേലെ കയറി സ്നേഹം പ്രകടിപ്പിക്കാറുണ്ട് ,,,നമുക്കത് വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് അവനെ ആട്ടി വിടുകയാണ് പതിവ് ,ആളെ കാണാതായപ്പോൾ ആരെങ്കിലും കെട്ടിയിട്ടിരിക്കും എന്നറിയാവുന്നതു കൊണ്ട് വിറകു പുരയുടെ സൈഡിൽ പോയി 

അവിടെ ചിക്കുവും അപ്പുവും ഉണ്ട് , ചിക്കൂന് ചിറ്റും അപ്പു ഓടി കളിക്കുന്നു ,അടുത്തുള്ള വടിയെടുത്ത് അപ്പൂനോട്‌ കൂട്ടിൽ കയറാൻ പറഞ്ഞപ്പോൾ അവൻ കേട്ടില്ല .കൂട് വരെ പോയി തിരികെ വന്നു 

എനിക്ക് സമയമായപ്പോൾ രണ്ടു പാത്രത്തിലും ചോറ് പകുത്തു വെച്ച് ഞാൻ പോയി ,ചിക്കൂ കൊടുക്കാത്ത മുന്നേ തീറ്റ ആരംഭിച്ചിരുന്നു 

അകത്തേക്ക് കയറുമ്പോൾ ചെറിയമ്മയോട്  വെറുതെ പറഞ്ഞു " അപ്പൂന്റെ കൂട് തുറന്നിരിക്കുന്നു ..അവൻ വെളിയിലാണ് "

"ചാച്ചനോട് പറ " ചെറിയമ്മ അഭിയെ കിടത്താനുള്ള തിരക്കിലാണ് . ഈ സംഭവം സാധാരണ ആയതിനാൽ ഞാനും വിട്ടു കളഞ്ഞു , വീട്ടുകാർക്ക് ഈ നായ സ്നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എനിക്ക് ഓർമവെച്ചപ്പോൾ മുതൽ ഇവിടിങ്ങനെയാണ് 

നമുക്കുണ്ടോ ഇല്ലയോ എന്നൊന്നുമില്ല നമ്മളോട് ഒപ്പം അവർക്കും ഭക്ഷണം കൊടുക്കും ...വീട്ടിൽ ആള് വരുമ്പോൾ കുരയ്ക്കുന്നതിനും മേലെ ചാടുന്നതിനും അവരെ എത്ര കുറ്റം പറയും എങ്കിലും അവർക്ക് വീട്ടിലുള്ള സ്ഥാനം വലുതാണ്‌ 

അവരുള്ളത്   കൊണ്ടാണ് വീടും പൂട്ടി എല്ലാവരും കൂടി എങ്ങോട്ടും പോകാത്തത് , അവർക്ക് ചോറ് കൊടുക്കണം ചിലപ്പോൾ വേറെ വല്ല നായ്ക്കളും വന്നു അവരെ കടിച്ചാലോ ,,,പിന്നെ കോഴിയും ,,പശും ഒക്കെ ഉള്ളതും ഒരു കാരണം തന്നെ . 

എന്റെ അച്ഛച്ചാന് ഞങ്ങളെ വെച്ചും കൂടുതൽ അവരോടു ഇഷ്ട്ടമുണ്ടോ എന്ന് തോന്നാറുണ്ട് പലപ്പോഴും കാരണം രാവിലെ എട്ടു മണിക്ക് മുൻപ് അവർക്ക് രണ്ടാൾക്കും ഭക്ഷണം കൊടുക്കണം അതും ബ്രെഡ്‌ ,പാൽ, അല്ലെങ്കിൽ മുട്ട ഒഴിച്ച ചോറ് അങ്ങനെ എന്തെങ്കിലും രണ്ടു ദിവസം പച്ചക്കറി ആയിരുന്നാൽ അടുത്ത ദിവസം നോൺ വെക്കാൻ പറയുന്നതുമിവരെ കണ്ടു കൊണ്ട് തന്നെ 

ഇവിടെ മാത്രമല്ല ഈ സൈഡ് ഉള്ള മിക്ക വീടുകളിലും സ്ഥിരം അംഗം ആയി ഒരു നായെങ്കിലും ഉണ്ടാവും ... പക്ഷെ ഒരു കാര്യമുണ്ട് ഇതുവരെ ഒരുപാട് നായകൾ ജനിച്ചു ,ജീവിച്ചു മരിച്ച നാടാണിത് ,ഇന്നേവരെ ഒരു കുഞ്ഞിനു പോലും അപകടം ഉണ്ടായിട്ടില്ല ,അടുത്ത വീട്ടുകാരെ കണ്ടാൽ ഇവിടുത്തെ നായകൾ കുറക്കുകയും ഇല്ല 

കുറച്ച് നാൾ മുൻപ് വരെ നായ വളർത്തലും സഹജീവി സ്നേഹവും ഒക്കെ പറഞ്ഞു വിവാദങ്ങൾ ഏറെ ഉണ്ടായപ്പോഴും, ഒരുപാട് പേരെ തെരുവിൽ നിന്നും പിടിച്ചു കൊന്നപ്പോഴും ,പാവം കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയസ്സായവർ വരെ നായകടി കൊണ്ട് കഷ്ട്ടപ്പെട്ടപ്പോഴും ,അടുത്തുള്ള ആശുപത്രികളിൽ ഇൻജക്ഷൻ ഇല്ലാതെ സർക്കാർ അവരെ സമാധാനിപ്പിച്ചപ്പോഴും  ഇവിടെ ഈ നായകൾ സന്തോഷത്തോടെ ജീവിച്ചു വന്നു 

എല്ലാവരും വലിയ വലിയ ഭംഗിയുള്ള നായകളെ വളർത്തുമ്പോൾ ഞങ്ങൾ ഇവിടെ സാധാരണ നായകളെ ആണ് എന്നൊരു വ്യത്യസ്തത ഒഴിച്ചാൽ മറ്റൊന്നുമില്ല , 

അന്ന് രാത്രി അപ്പു പുറത്തുള്ളത് അറിയാതെ എല്ലാവരും കിടക്കാൻ പോയി , സാധാരണയിൽ കവിഞ്ഞു എനിക്ക് നേരത്തെ ഉറക്കം വന്ന ദിവസം , കണ്ണടച്ചതെ ഓർമയുള്ളൂ, അഭിയുടെ വിളി കേട്ടാണ് എണീറ്റത് ...

അവനു ഇടയ്ക്കൊക്കെ ഉറക്കത്തിൽ എന്റെ അടുത്തു വന്നു കിടക്കുക പതിവായതുകൊണ്ട് അതിനാവും കരുതി അവനെ കട്ടിലിൽ കയറ്റിക്കിടത്തി പാതിമയക്കത്തിൽ ,പക്ഷെ പിന്നെയും "സൊത്തൂ..എനീച്ചേ ..." എന്നുള്ള അവന്റെ കൊച്ചു വിളിയും പിന്നെ തല്ലും ഒക്കെ കിട്ടിയപ്പോൾ ഞാൻ എഴുന്നേറ്റു 

"അപ്പു ...ചത്തു പോയി "

ആദ്യം വാൻ പറയുന്നത് എനിക്ക് കാര്യമായി തോന്നിയില്ല ,പിന്നെ എല്ലായിടത്തും ലൈറ്റ് ഇട്ടിട്ടുള്ളത് കണ്ടപ്പോൾ എന്തോ പേടി തോന്നി ഞാൻ പുറത്തിറങ്ങുമ്പോൾ മുറ്റത്തെ തെങ്ങിന ചോട്ടിൽ അവൻ കിടന്നു പിടയുകയാണ് ..അതുകണ്ടപ്പോൾ മനസ്സൊന്നു പിടച്ചു 
എന്നെകണ്ടതും ചെറിയച്ചൻ പറഞ്ഞു

 "കൂട് തുറന്നിരിക്കുന്നത് നീ എന്താ പറഞ്ഞില്ല ?"

"അവള് പറഞ്ഞു ...നിങ്ങള് കുളിക്കാൻ പോയപ്പോൾ .." ചെറിയമ്മ വക്കാലത്തിനെത്തി 

പിന്നെയവിടെ നീണ്ട ചർച്ചകളും പ്രതിവിധി അന്വാഷണവും മുൻപുണ്ടായ സമാന സംഭവങ്ങളും നായ വാഴാത്ത വീടിന്റെ അവസ്ഥയും അങ്ങനെ അങ്ങനെ അത് തുടർന്നുകൊണ്ടിരുന്നു..അടുത്ത വീട്ടുകാർ ഓരോരുത്തരായി എത്തി ... ആദ്യം മുന്നിൽ നിന്ന് വിശദീകരിക്കുന്നത് അഭിയാണ്

ഇപ്പോൾ അവന്റെ പിടച്ചിൽ കുറഞ്ഞു കുറഞ്ഞു വന്നു ,,,എനിക്ക് വയറു നീറുന്ന പോലെയും തൊണ്ട വറ്റി പോകുന്നത് പോലെയും പിന്നെ ശരീരമാകെ വിറയ്ക്കുന്നതായും തോന്നി ...

അവടെ വായിൽ നിന്ന് മുറ്റത്തേക്ക്‌ വീണ വെള്ള കലർന്ന വെള്ളത്തിൽ നിന്നും മാംസ കഷണത്തിൽ നിന്നും എല്ലാവരും ഊഹിച്ചു ആരോ പന്നിക്ക് "വിഷം വെച്ചത് അവനറിയാതെ കഴിച്ചതാണ് എന്ന് " . 

ചുറ്റുമെല്ലാം തിരഞ്ഞപ്പോൾ കൂടിന്റെ മുകൾ വശത്തിന്റെ ഓരത്തെ ഓടാല്പംനീങ്ങിയിട്ടുണ്ട് ,,അതിലൂടെ ആയിരിക്കണം അവൻ പുറത്തു കടന്നത്‌ ... ഇത്രനാളും ഞങ്ങളുടെ നിഴലായി നടന്നവൻ പെട്ടെന്ന് എന്ത് സംഭവിച്ചു അവനിങ്ങനെ ....

പലരും പറഞ്ഞു വിധിയെന്ന് ..ഓരോരുത്തരായി തെങ്ങിൻ തടത്തിൽ തന്നെ ചെറിയ കുഴിവെട്ടി അവനെ അടക്കുന്നത് കണ്ടു മടങ്ങി .... അകത്തേക്ക് കയറണമോ വേണ്ടെയോ എന്ന് ഞാനല്പം ആലോചിച്ചു നിന്നു, കണ്ണ് അടച്ചാലും തുറന്നാലും ആ പിടച്ചിലും കിതപ്പും മാത്രമേയുള്ളൂ ...

പിറ്റേന്ന് അഭി എണീച്ചു വന്നതും ചോദിച്ചു " സൊത്തൂ നീ പേടിച്ചോ "

അവന്റെ മുന്നിൽ ദൈര്യം അഭിനയിച്ചു "ഇല്ലാലൊ " എന്ന് പറയുമ്പോഴും രാത്രി ഉറക്കമില്ലാതെ ലൈറ്റ് ഓൺ ചെയ്തത് ഇവനോട് ആര് പറഞ്ഞു എന്ന ചിന്തയായിരുന്നു ഒപ്പം തെങ്ങിൻ ചുവട്ടിൽ നിന്നൊരു കിതപ്പും ...

അവനുണ്ട് എന്ന് കരുതി അന്ന് രാത്രിയും ചോറ് കുഴച്ചു വരുമ്പോൾ ,പെട്ടെന്നൊരു ദിവസം അവനില്ലാതായത് വിശ്വസിക്കാൻ കഴിഞ്ഞില്ല അപ്പോഴും ...... 

എന്റെ ചുറ്റിലും ഓടി കളിക്കുന്ന .... 

എന്തെങ്കിലും സങ്കടം വരുമ്പോൾ അവനോടു ചെന്ന് പറയുമ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും തലയാട്ടുന്ന ...

വെജ് രണ്ടു ദിവസത്തിൽ കൂടുതൽ കഴിച്ചാൽ മടുപ്പാകുന്ന ....

എന്തെങ്കിലും കഴിക്കുമ്പോൾ ഞങ്ങളെ തന്നെ നോക്കി നില്ക്കുന്ന ...

കൊടുക്കാതെ കുറച്ച് നേരമിരുന്നാൽ പിന്നെ എത്രെ ഇട്ടു കൊടുത്താലും തിരിഞ്ഞു നോക്കാത്ത ...

വേറെ വേറെ വർഗമായിട്ടും ചിക്കൂനോട് പിണങ്ങാത്ത...

ഞങ്ങളെ ആരേലും തമാശയ്ക്ക് പോലും തല്ലുമ്പോൾ അവരെ നോക്കി കുരയ്ക്കുന്ന... 

വീട്ടിന്നു ഒരു സാധനവും എടുക്കാൻ സമ്മതിക്കാത്ത ...

കുളിപ്പിക്കുമ്പോൾ കുഞ്ഞു പാവയുടെ അത്രേം ചെറുതാവുന്ന ... 

എന്നിട്ട് വെള്ളമെല്ലാം തോർത്തി കൊടുത്തിട്ടും നമ്മുടെ മീതെ തെറിപ്പിക്കുന്ന ...

അച്ഛമ്മയുടെ കുങ്കുമം കൊണ്ട് ചുവന്ന പൊട്ടു കുത്തി കൊടുക്കുന്ന ഞങ്ങളുടെ അപ്പു ഞങ്ങളുടെ കൂടെയില്ല ...

ഇല്ല ഇനിയവൻ വരില്ല ...

ഇനി അവനായോരുപിടിയുരുള കരുതണ്ട ...!



Thursday, 25 February 2016

ഇന്നത്തെ ഇര ആയിക്കിട്ടിയത് എം . ടി യുടെ കാലം എന്ന നോവലാണ്‌ , ഹരീസ് ഇക്ക അയച്ചു തന്നത് . ഊണൊക്കെ കഴിച്ച് പതിവുപോലെ വായിച്ചുകൊണ്ടിരുന്നപ്പോൾ എപ്പോഴോ ഉറങ്ങിപ്പോയി . പിന്നെ ഉണർന്നത് ആ വിളി കേട്ടാണ് 



"വിദ്യെ ....വിദ്യെ ...."

ചെറിയൊരു തണുപ്പുണ്ട് പുറത്തു അതുകൊണ്ടുതന്നെ പുതച്ചു മൂടിക്കിടക്കുന്ന സുഖം നശിപ്പിച്ചത് എനിക്കിഷ്ട്ടമായില്ല  .

"ഉം ...."

"വിദ്യെ ഒന്ന് എഴുന്നേൽക്കൂ നമുക്കൽപ്പം സംസാരിച്ചിരിക്കാം "

ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് എഴുന്നേറ്റു ,എങ്കിലും മുൻപത്തെ രാത്രിയിലെ പോലെ കണ്ണ് തുറക്കാൻ കിട്ടുന്നില്ല . അത് കണ്ടിട്ടാവണം വീണ്ടും ആ ശബ്ദം 


"നിനക്ക് എന്നെ മനസ്സിലായില്ലേ ഞാൻ ദൈവമാണ് , കഴിഞ്ഞ ആഴ്ച വന്നില്ലേ ?"

എനിക്കപ്പോഴാണ് ആളെ മനസിലായത് ... "ഓ ..നീയായിരുന്നോ ...ഇന്നെന്ത ഈ വഴി ? ഞാൻ പുതിയതായി ഒന്നും നിന്നെ കുറ്റം പറഞ്ഞില്ലാലോ ..പ്രശ്നങ്ങൾ ഒക്കെ അന്നേ പറഞ്ഞു തീർത്തതാണ്"

"ഏയ് ...അതൊന്നുമില്ല ഈ വഴി പോയപ്പോൾ നിന്നെയും കണ്ടേക്കാം എന്ന് തോന്നി അതാ കയറിയത് ..."

"ഉം ..."

"പിന്നെന്തുണ്ട്‌ വിദ്യെ വിശേഷം ?"

"എനിക്കെന്തു പറയാനാണ് തട്ടിയും മുട്ടിയും അങ്ങനെ പോകുന്നു ...ടാർഗറ്റ് ഒന്നുമായില്ല ,ചിലപ്പോൾ ജോലി പോയി കൂടായ്കയില്ല ... മുഴുവൻ തിരക്കാണ് ഇപ്പോൾ ...പക്ഷെ കാര്യമായി പണിയുമില്ല...നിനക്കോ ? "

"ഓ ....ഒന്നും പറയണ്ട കുംഭം തുടങ്ങിയില്ലേ ഇനി ഇപ്പോൾ മീനം നല്ല തിരക്കാവും പിന്നെ വിഷുവേല കഴിഞ്ഞാൽ സീസൺ കഴിഞ്ഞു ,പിന്നെ  സുനാമി കഴിഞ്ഞു ശാന്തമായ കടലുപോലെ ആണ് ...ആരെങ്കിലും വന്നാൽ വന്നു പോയ പോയി ...വല്ല ചോറൂണോ,പെറന്നാളോ ആയി വല്ലവരും വരും ഇടവം ഒക്കെയെത്തിയാൽ കല്യാണങ്ങളും കുറവാകും പിന്നെ ചിങ്ങം ആവണം "

"എന്തായാലും ഇപ്പോൾ നിനക്ക് നല്ല തിരക്കാണല്ലോ .... ഇനിപ്പോൾ പരാതിയുടെയും പരിഭവത്തിന്റെയും എണ്ണം കൂടും ...എന്നിട്ടും നീയെന്തിനാ എന്നെ കാണാൻ വന്നിരിക്കുന്നെ "

"അതല്ല വിദ്യെ ,,,,,എനിക്കും കേട്ട് കേട്ട് മടുപ്പായി ...ഡെയിലി നമ്മൾ എത്ര കേൾക്കും...നമുക്കും വല്ല എന്റർറ്റൈൻമെന്റ് ഒക്കെ വേണ്ടടോ .."

"അത് നേരാണ് ..... പക്ഷെ നമ്മടെ ഉത്സവത്തിന് എനിക്ക് ലീവ് കിട്ടുമോ എന്ന് സംശയമാണ് ,സാരമില്ല ഞാൻ പിറന്നാളിന് നേരെത്തെ വന്നിട്ട് പോകാം "

"ഹാവൂ നിനക്കിപ്പോഴെങ്കിലും ആ വഴി വരണം എന്ന് തോന്നിയല്ലോ ...പണ്ടൊക്കെ സ്ഥിരം വരുന്ന ആളല്ലേ ....?"

"അത് എന്റെ മണ്ടത്തരം എന്ന് എനിക്ക് ഇപ്പോഴല്ലേ മനസ്സിലായത്‌ , എത്ര ദിവസം ഞാൻ വ്രതം എടുത്തു ...എത്ര ചൊവ്വാഴ്ച നിന്നെ കാണാൻ വന്നു ,പിന്നെ നിന്റെ കൂട്ടുകാരൻ പാമ്പിന്(നാഗ ദൈവം ) എത്രെ വള കൊണ്ട് കൊടുത്ത് ...."

"ഹ ഹ ഹ .... എന്നിട്ട് "

"എന്നിട്ടൊന്നുമില്ല ,നിനക്കിതെ ഒരു പണിയായിട്ടുണ്ട് ഇപ്പോൾ എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചു എഴുന്നെൽപ്പിക്കൽ"

"അത് നിന്നൊരു സംസാരിക്കാൻ വേണ്ടിയല്ലേ ..."

"പിന്നെ നിനക്ക് രാവിലെ മുതൽ വൈകുന്നേരം വരെ വെറുതെ ഇരുന്നാൽ മതി ,മനുഷ്യനിവിടെ നൂറു കാര്യങ്ങളാണ് ...അതിനിടയിൽ കിട്ടുന്ന നേരത്ത് സുഖമായി ഒന്ന് ഉറങ്ങുംബോഴേക്കും വന്നു വിളിച്ചോളും ...അല്ല ദൈവമേ ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ട്‌ ചോദിക്കുകയാണ് നിനക്ക് ഉറക്കമൊന്നുമില്ല?"

"ശരി ഇനി ഞാൻ വരില്ല നീ ബാക്കി പറ ...."

"എന്നിട്ട് നിന്റെ പൂജാരിമാർ എന്നും അതെടുത്ത് അപ്പറത്തെ പറമ്പിൽ വലിച്ചെറിയും ,,അതുമാത്രം അല്ല നിന്റെ കേടായ ഡ്രസ്സ്‌ ...പൂമാലകൾ ...എന്ന് വേണ്ട ഒരുവിധം ഉള്ള സാധനങ്ങൾ ഒക്കെ കളയും...മാലിന്യ സംസ്കരണത്തെ   കുറിച്ച് അയാള് ഒന്നും പഠിച്ചിട്ടില്ലേ ?"

"ഇല്ലന്നെ ..നമ്മടെ വേദത്തിൽ അതൊന്നും പറയുന്നില്ല ,അതെഴുതുന്ന സമയത്ത് ഇതുപോലെ പ്ലാസ്റ്റിക്‌ വള ഒന്നും ഇല്ലായിരുന്നല്ലോ ..."

"ആഹ ...അത് നേരാണ് ... എങ്കിലും ഉത്സവത്തിന്റെ അന്ന് എല്ലായിടവും വൃത്തിയാക്കും ..പിന്നെയും അതുപോലെ കുപ്പയിട്ട് തുടങ്ങും ഇതൊരു ചാക്രിയ പ്രക്രിയയായി മാറുകയാണ് "

"ഉം ...ശരിയാണ് ....പിന്നെ അന്നൊക്കെ നിനക്ക് വലിയ ഭക്തിയായിട്ട് പെട്ടെന്ന് എന്തെ വേണ്ട എന്ന് തോന്നാൻ കാരണം ?"

"അതൊന്നുമില്ല ചെറുതായിരിക്കുമ്പോൾ നമ്മളെ ഓരോ അന്ധവിശ്വാസങ്ങൾ പറഞ്ഞു പഠിപ്പിച്ചു വെച്ചിരിക്കുകയല്ലേ .പ്രതേകിച്ചു എന്റെ അച്ഛമ്മയ്ക്ക് ഇതെന്നെ പണി ...ഇരുട്ട് വീണ് തുടങ്ങിയാൽ   മനുഷ്യന് പുറത്തിറങ്ങി നടക്കാനേ പേടിയാണ് "

"എന്നിട്ട് "

"എന്റെ കൂട്ടുകാരോട് ഇതേ കുറിച്ച് പറഞ്ഞപ്പോൾ അവരാണ് പറഞ്ഞത് കത്തിയെടുത്ത് തലയണയുടെ അടിയിൽ വെച്ചാൽ മതി ഇരുംബുകണ്ടാൽ പ്രേതം പോകും ന്ന്... പിന്നെ ചൊവ്വാഴ്ചയോ ,വെള്ളിയാഴ്ചയോ അമ്പലത്തിൽ പോകണം എന്നും അതാണത്രേ നിന്റെ ദിവസങ്ങൾ"

"അത് വെറുതെയാണ് ട്ടോ ...എനിക്ക് എല്ലാ ദിവസവും ഒരുപോലെ തന്നെയാ ...നിന്നെ പറ്റിച്ചതാ.....!!!!!!!!!"

"അതെനിക്ക് മനസ്സിലായി അതല്ല പിന്നെ വല്ലപ്പോഴും വരാൻ തൊടങ്ങിയേ...."

"അപ്പോൾ നീ കോളേജിൽ പഠിക്കുന്ന സമയത്ത് പെട്ടെന്ന് ഓടി വന്നു തൊഴുതി പോകുന്നതോ ...?"

"അയ്യോ അത് ഞാൻ കുറി ഇടാൻ വരുന്നതല്ലേ ..നിന്റെ അടുത്താവുമ്പോൾ കണ്ണാടിയും ഉണ്ട് ... വെറുതെ വന്നിട്ട് പോയാൽ കാണുന്നവർ എന്ത് വിചാരിക്കും അതിനാ..."

"ഹും ..."

"ദൈവമേ ....നീ പോയോ ..."?

"ഇല്ല ഇവിടെയുണ്ട് .... നീ ഇങ്ങനെയാണ് എന്ന് ഞാൻ പ്രതീക്ഷിച്ചില്ല ... ഇനി നിന്നെ കാണാൻ വരില്ല ഞാൻ ...നീ സുഖമായി ഉറങ്ങിക്കോ ....ഞാൻ പോണു ..."

"അയ്യേ ...ഇതെന്താ ഇങ്ങനെ പിണങ്ങുന്നെ.... ഞാൻ കാര്യത്തിൽ പറഞ്ഞതല്ലേ ... നിനക്ക് തോന്നുന്നുണ്ടോ ഓടി വന്ന് നിന്റെ മുന്നിൽ എന്തൊക്കെയോ പറഞ്ഞു പോകുന്നവർ ആത്മാർഥമായി വരുന്നു എന്ന് "?

"അതില്ല ...പക്ഷെ നീ ഇങ്ങനെ പറഞ്ഞപ്പോൾ ഒരു വിഷമം "

"എന്റെ പൊന്നു ദൈവമേ ... നീ ആളുകളെ തിരിച്ചറിയാൻ പഠിക്കണം ആദ്യം ...നിനക്ക് കൂടുതൽ കാശ് തന്നു കൂടുതൽ വഴിപാടു കഴിച്ച് പോകുന്നവരെ വെച്ച് ചിലപ്പോൾ തെരുവിൽ അലയുന്നവർ നിന്നെ വിളിക്കും ...ആത്മാർഥമായി തന്നെ "

"ഉം .."

"ഓരോരുത്തർ തെറ്റുകൾ ചെയ്തു വന്ന് പ്രാർത്ഥിച്ചാൽ നീ മാപ്പ് കൊടുക്കുമോ ?

"ഇല്ല "

"മാതാപിതാക്കളെയും മക്കളെയും നോക്കാത്തവർ...അടുത്തവനെ ദ്രോഹിക്കുന്നവർ ... കൂടോത്രം ചെയ്യുന്നവർ...മന്ത്രവാദികൾ ... പിന്നെ കൊറേ നുണയൻ രാഷ്ട്രീയക്കാർ ഒക്കെ  പെട്ടെന്നൊരു ദിവസം പ്രായശ്ചിത്തം തോന്നി  വന്നാൽ നീ അവര് പറയുന്നത് മുഴുവൻ വിശ്വസിക്കുമോ ?

"ഇല്ല "

"നിന്റെ പേരിൽ കാണിച്ചു കൂട്ടുന്ന വേണ്ടാതീനങ്ങൾക്ക് നീ കൂട്ട് നിൽക്കുമോ?"

"എന്നുവെച്ചാൽ നീ എന്താണ് ഉദ്ദേശിക്കുന്നത് "

"വേറെ ഒന്നുമല്ല ... നിനക്ക് പൂജ  ചെയ്യുന്നത് കുഴപ്പമില്ല പക്ഷെ നിനക്കെന്തിനാണ് മൃഗ ബലി ..

നിനക്കെന്തിനാണ് വിവാഹം കഴിക്കാത്ത പെൺകുട്ടികൾ ..

നിന്റെ മുന്നിൽ അന്യ മതസ്ഥർ വന്നാൽ എങ്ങനെയാണ് ദൈവമേ നിന്റെ പവിത്രത പോവുക ...

ഇതാണ് ദൈവമേ നീയും ഞാനും പെണ്ണായിട്ടും ആർത്തവം എന്ന പേര് പറഞ്ഞ്നിന്റെ മുന്നിൽ എനിക്ക് വരാതിരിക്കാനുള്ള മതിലുകൾ തീർത്തത്...

എനിക്ക് ആദ്യമായൊരു കുഞ്ഞുണ്ടായാലും നിന്നെ കാണിക്കാൻ വരാൻ എനിക്ക് കഴിയില്ല ...ബോധം ഉറക്കാത്ത അത് നിന്റെ പരിസരത്തെ കളങ്ക പെടുത്തിയാലോ ....

നിനക്കെന്തിനാണ് കോടിക്കണക്കിന് സമ്പത്ത് ..

നിനക്കെന്തിനാണ് ദൈവമേ ഭക്ഷണം ....അതില്ലാതെ ഇവിടെ എത്രപേരുണ്ട് എന്നറിയാമോ ...."

"ഉം ..ശരിയാണ് വിദ്യെ പക്ഷ ഒന്നും ഞാൻ വേണം പറഞ്ഞിട്ടല്ല അവർ തരുന്നു ...എനിക്കൊന്നും പറയാനും കഴിയുന്നില്ല "

"നീയിങ്ങനെ മിണ്ടാതിരുന്നോ ...നിന്നെ ഞാൻ ഇനി പെട്ടെന്ന് ഒന്നും കാണാനും വരുന്നില്ല നിന്റെ പ്രസാദം വാങ്ങാനുള്ള പൈസയൊന്നും ഇരിപ്പില്ല എന്റെ കയ്യിൽ.. ഉള്ളതുകൊണ്ട് നിനക്കൊരു നെയ്‌ വിളക്ക് കത്തിക്കണം എന്നുണ്ട് പക്ഷെ ഞങ്ങൾ താഴ്ന്ന ജാതിക്കാർക്ക് അതൊന്നും പറ്റില്ലാലോ ....നിന്റെ കാൽപാദത്തിൽ ഒന്ന് തൊടണം എന്ന് തോന്നിയിട്ടുണ്ട് എന്നിൽ ജീവനുണ്ടായിട്ടും നീ ശിലയായിട്ടും നിനക്കാണ് വില കൂടുതൽ ..."

"ഉം "

"നീ കുറച്ചുപേരെ മാത്രം രക്ഷിക്കുന്ന പരിപാടി അവസാനിപ്പിക്കണം ..എല്ലാം തുല്യമായി ഭാഗിക്കണം ...നിന്നെ കാണാൻ ഉള്ള അവസരവും ...ശുദ്ധിയും അശുദ്ധിയും ഒക്കെ മനസ്സിലല്ലേ ശരീരത്തിലല്ല..എല്ലാ മനുഷ്യരും ഒരുപോലെ തന്നെ എന്നിട്ടും ഇങ്ങനെയാ ..."

"നീ കമ്മൂണിസ്റ്റ് ആണല്ലേ ...നിരീശ്വര വാദി ?"

"എനിക്ക് കമ്മൂണിസ്റ്റ് പ്രത്യയ്യശാസ്ത്രങ്ങളോട് പ്രതിപത്തി ഉണ്ടെന്നത് ശരിയാണ് പക്ഷെ നിരീശ്വര വാദി അല്ലെന്നു ഞാൻ പറഞ്ഞതല്ലേ ...

ഇനി അഥവാ ഞാൻ ആണ്  എങ്കിലും ഈശ്വര വിശ്വാസികളെ വെച്ചും നിനക്ക് വേണ്ടി തിരയുന്നത് ഞാനായിരിക്കും ,,,നിന്റെ ഓരോ ചലനങ്ങളും ,,,വാക്കുകളും ...രീതികളും ..ആശയങ്ങളും ...ചിന്തകളും ..നന്മകളും സൂക്ഷ്മമായി പരിശോദിക്കുക ഞാനായിരിക്കില്ലേ ....? 

അവർ വന്ന് പിന്തുടർച്ച പോലെ പ്രാർത്ഥിക്കുമ്പോൾ ഞാൻ നോക്കുക നിന്റെ കാതിന്റെ ക്ഷമതയെ ആയിരിക്കും ...

അവർ കണ്ണടച്ച് പറഞ്ഞ് പോകുമ്പോൾ ഞാൻ കണ്ണുതുറന്ന് നോക്കുന്നത് നീ ആരെയൊക്കെ കാണുന്നു എന്നാണ്... 

നിനക്കുവേണ്ടി അവർ എല്ലാം തന്നിട്ട് പോകുമ്പോൾ ഞാൻ തേടുന്നത് നീ എന്ത് കൊടുക്കുന്നു എന്നാണ് ...

കൊടുത്തത് മാത്രം തിരികെ തരുന്ന ഞങ്ങടെ കമ്പനിയുടെ രീതിയാണോ നീയും പിന്തുടരുന്നത് എന്നെനിക്കു സംശയമുണ്ട്‌ ....

പിന്നെ കമ്മൂണിസം എന്ന് പറയാൻ യോഗ്യതയില്ലാത്ത ചിലർ ...ഇന്ത്യൻ നാഷണൽ  കോൺഗ്രെസ്സ് എന്തിനു വേണ്ടി എന്നറിയാത്തവർ അതിന്റെയൊക്കെ ആശയങ്ങളെ നിരാകരിച്ചു സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ആ പാതയാണ് പിന്തുടരുന്നത് എന്ന് പറയാൻ എന്റെ അഭിമാനം എന്നെ സമ്മതിക്കുന്നില്ല ദൈവമേ "

പെട്ടെന്നാണ് വാതിലിൽ തട്ടുന്ന  ശബ്ദം കേട്ടത് ...

"വിദ്യെ നേരം വെളുത്തു ..ഞാൻ പോകുന്നു ട്ടോ ..."!!!!!!!

എന്തെന്നറിയില്ല രാവിലെ ദൈവത്തോട് സംസാരിച്ചപ്പോൾ ഇത്തിരി സന്തോഷം തോന്നിപ്പോയി ,,എനിക്ക് പറയാൻ ഉള്ളതൊക്കെ സമാധാനമായി കേൾക്കുന്ന ആൾ ദൈവമേ ഉള്ളൂ എന്നെനിക്കറിയാം ...

" സൊത്തൂ...... നിനക്കിന്നു പോവണ്ടേ ...സമയമായി " വാതിലിൽ രണ്ടടി കൂടി അടിക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടിയുണർന്നു..ദൈവം വിളിച്ചപ്പോൾ വേഗം ഉണർന്നു  എങ്കിലും വീട്ടുകാർ വിളിച്ചാൽ പതുക്കെയാ ........പകലിന്റെ അസഹിഷ്ണുതയിലേക്ക് ...!!!!!!!!

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...