Tuesday, 23 February 2016

മനസ്സ് തന്റെ ബോധത്തിന്റെ വാതിലുകൾ അടച്ചു വെച്ച് ഉറക്കത്തിന്റെ ഘട്ടത്തിലേക്ക് കടക്കുന്ന സമയത്താവണം സാമാന്യ ബോധം നശിച്ചു ബോധമണ്ഡലത്തെ കാർന്നു തിന്നുന്ന ചിന്തകളുടെ /സ്വപ്നങ്ങളുടെ വരവ് . മറ്റുള്ളവർക്ക് ഭ്രാന്തമെന്ന് തോന്നുന്നതും നമ്മുടെ മനസ്സിന്റെ വ്യാകുലതകളും 

കുറെ നാളായി എന്റെ മനസ്സിനെ ചിന്തിപ്പിക്കുന്ന കാര്യം ദൈവം ഉണ്ടോ ഇല്ലയോ എന്നതായിരുന്നതിനാലും ഒപ്പം ഇന്നലെ ഒരു സുഹുത്തിനോട് ഭക്തിയെ കുറിച്ച് പറഞ്ഞു തമ്മിൽ ഉടക്കിയതിനാലും ആയിരിക്കണം സ്വപ്നത്തിൽ ദൈവത്തിന്റെ വരവ്

"വിദ്യെ വിദ്യെ ...."

പതിയെ കണ്ണ് തുറന്നു ഞാൻ നോക്കുമ്പോൾ ആരെയും കാണുന്നില്ല .. എന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു ...

"വിദ്യെ വിദ്യെ ... എഴുന്നേൽക്ക്.."

ഇത്തവണ എനിക്ക് കണ്ണ് തുറക്കാൻ കഴിയുന്നില്ല കുറെ നേരം ഞാൻ ശ്രമിച്ചു പക്ഷെ കണ്ണ് തുറക്കാൻ ആവുന്നില്ല .... വിഫലമെങ്കിലും വീണ്ടും വീണ്ടും ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു , കാരണം എനിക്ക് കാണണമായിരുന്നു എന്നെ ഇത്ര മനോഹരമായി വിളിച്ച ശബ്ദത്തെ . വീണ്ടും ഞാൻ ഉറക്കത്തിലേക്ക് വീണു തുടങ്ങുന്ന നേരത്ത് ആ വിളി ..ഇത്തവണ ഞാൻ ഉറക്കത്തിൽ നിന്ന് തന്നെ മൂളിക്കേട്ടു

"ഉം ..."

"ഇതെന്ത് ഉറക്കമാണ് എഴുന്നേൽക്കൂ..."

"ഉം ..."

"അയ്യേ ഇത്ര വയസായില്ലേ വിദ്യെ ഇങ്ങനെ പോത്തുപോലെ കിടന്നുറങ്ങുകയാണോ "?

"ഇന്നലെ നെറ്റ് കണക്ട് ആവാതെ കുറെ നേരം നോക്കിയിരുന്ന് എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിയില്ല .അല്പം ദേഷ്യവും തോന്നിയിരുന്നു എന്നത്തെയും പതിവ് ഇല്ലാതെ ഉറങ്ങേണ്ടി വന്നതിൽ .പുസ്തക വായനയിൽ നിന്ന് ഫെയ്സ് ബുക്ക്‌ വായന തുടങ്ങി കുറച്ചേ ആയുളൂ എങ്കിലും വല്ലാത്ത ആത്മബന്ധമാണ് ...അതാണ്‌ ട്ടോ എഴുന്നേല്ക്കാൻ കഴിയാത്തത് "

"സാരമില്ല ....നിന്റെ ശീലങ്ങൾ മാറ്റണ്ട .."

അയ്യേ ഞാൻ ഇത്ര മടിച്ചി ആയല്ലോ എന്നതിൽ എനിക്ക് വിഷമം തോന്നി ,പക്ഷെ എനിക്ക് എഴുന്നേല്ക്കാൻ കഴിയാത്തത് സത്യമാണ് ...ഞാൻ ദൈര്യത്തോടെ ചോദിച്ചു

"നിങ്ങളാര ..എന്തിനാ ഇപ്പോൾ എന്നെ വിളിക്കുന്നത്‌ ?"

"ഞാൻ ദൈവമാണ് . കുറെ ദിവസമായി നിന്നെയൊന്നു കാണണം എന്ന് വിചാരിക്കുന്നു അതാണ് വന്നത് "

"എന്നെയോ ..എന്തിനാ ..?"

"നീ പറയുന്നല്ലോ "ദൈവത്തെ നിനക്ക് വിശ്വാസമില്ല വിശ്വാസമില്ല എന്ന് "

"ഉം... പറയാറുണ്ട്‌ "

"അതെന്താ നിനക്ക് വിശ്വാസം ഇല്ലാത്തത് ?"

"ഞാൻ വിശ്വാസമില്ല എന്നല്ല ദൈവമേ പറഞ്ഞത് ഈ ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്ന ശക്തിയിൽ എനിക്ക് വിശ്വാസമുണ്ട്‌ പക്ഷെ ഭക്തികടലോന്നും ആവാൻ എനിക്ക് കഴിയില്ല "

"ആവണം എന്ന് ഞാൻ നിന്നോട് പറഞ്ഞില്ലാലോ ..."?

"അതെ നിന്നെ എനിക്ക് ഇഷ്ട്ടമാണ് നിന്നെ കുറിച്ചുള്ള കഥകൾ കേട്ടിരിക്കാനും വലിയ ഇഷ്ട്ടമാണ് പക്ഷെ എന്നും വന്നു പ്രാർത്ഥിക്കാൻ ഒന്നും എന്നെ കിട്ടില്ല "

"അതെന്തുപറ്റി "?

"പിന്നെ എന്നും നിന്റെ അടുത്തു മാത്രം വന്നിരുന്നാൽ എന്റെ വയറ് നിറയില്ല "

"പക്ഷെ എല്ലാവരും വരുന്നുണ്ടല്ലോ ... എല്ലാവരും പ്രാർഥിക്കുന്നുണ്ടല്ലോ നിനക്ക് അഹങ്കാരം ആണ് ..."

"അഹങ്കാരം അല്ല ദൈവമേ ഓഫീസിൽ ഒൻപത് മണിക്ക് മുൻപേ എത്തണം . രാവിലെ എണീച്ചതും ഉടുത്തൊരുങ്ങി പോയാൽ പോരാലോ വീട്ടിൽ എന്തെങ്കിലും ഒക്കെ ചെയ്തിട്ടു പോകണ്ടേ ? ഒന്നും ഇല്ലെങ്കിലും ചോറും കറിയും എങ്കിലും കൊണ്ട് പോകണ്ടേ ? ഒന്ന് നോക്കിക്കേ ഒരു ഊണിനു എങ്ങനെ പോയാലും പുറത്ത് നിന്ന് 70 എങ്കിലും ആവും ...."

"ഉം ..."

"നിനക്കെന്താണ് രാവിലെ നേരത്തെ വിളിച്ചു എണീപ്പിക്കാൻ ആള് വരും കുളിപ്പിക്കും ,പുതിയ വസ്ത്രം ഇട്ടു തരും പൂമാല ഇട്ടു തരും പായസം പഴം നെയ്യ് തേങ്ങ ... നിനക്കെന്തിന്റെ കുറവാണ് ...പോരാത്തതിന് വരി നിന്നല്ലേ നിന്റെ പാത്രത്തിൽ കാശിട്ടു പോകുന്നത് ...എനിക്ക് ഞാൻ തന്നെ ഉണ്ടാക്കണം ...

നിനക്കറിയോ ഇൻഷുറൻസ് ചെയ്താൽ ടെപോസിറ്റ്‌ എവിടെ ചോദിച്ചു വിളിക്കും ടെപോസിറ്റ്‌ ചെയ്താൽ ഗോൾഡ്‌ ലോൺ കുറവാണല്ലോ എന്ന് അതും എങ്ങനെയെങ്കിലും ചെയ്തു വരുമ്പോഴേക്കും മണി ട്രാൻസ്ഫർ എവിടെ എന്ന് ...ഈ ഒന്ന് ആലോചിക്ക് ഇതൊക്കെ ഞങ്ങൾ എവിടെ പോയി ഉണ്ടാക്കാനാണ് ? അതിനിടയിൽ നിന്നെ ഓർക്കാൻ എനിക്ക് സത്യമായും നേരം കിട്ടാറില്ല .

നിനക്ക് തരുന്ന ഒരു രൂപയിൽ കിട്ടുന്നതിലും സന്തോഷം പുറത്ത് കൈനീട്ടുന്നവർക്കോ അല്ലെങ്കിൽ കടയിൽ നിന്നൊരു മിട്ടായി വാങ്ങി കഴിച്ചാലോ എനിക്കും കിട്ടുന്നു ...ഞാൻ എന്ത് ചെയ്യാനാണ് "

"ഇതൊക്കെ എല്ലാവർക്കും ഉള്ളതല്ലേ . എന്നിട്ട് അവരാരും എന്നെ നിഷേധിക്കുന്നില്ലാലോ ?"

"എന്റെ പോന്നു ദൈവമേ നിങ്ങൾക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ ? നിങ്ങൾ ഇല്ല എന്ന് ഞാൻ പറഞ്ഞില്ല . നിങ്ങൾ ഉണ്ടാവും ഉണ്ടാവണം ....പക്ഷെ എനിക്ക് നിങ്ങടെ പിന്നാലെ നടക്കാൻ സൌകര്യം ഇല്ല "

"ശരി എന്താണ് നിന്റെ വിഷമം എന്ന് പറയൂ ..ആ തടസ്സം ഞാൻ മാറ്റി തരാം ,പിന്നെ വിശ്വസിക്കാലോ?"

"എനിക്ക് നിന്നോട് ഇപ്പോൾ ഉള്ള പ്രാർത്ഥന എന്ന് വെച്ചാൽ ഞാൻ മൂന്നു നേരം ഭക്ഷണം കഴിക്കുമ്പോൾ ഈ ലോകത്തുള്ള എല്ലാവരും രണ്ടു നേരം എങ്കിലും ഭക്ഷണം കഴിക്കാൻ ഉള്ള വക ഉള്ളവരാവണം ..."

"ങേ ..!'

"എന്താ ദൈവമേ പറ്റില്ലെന്നുണ്ടോ?"

"അതൊക്കെ എങ്ങനെ നടക്കാൻ ആണ് വിദ്യെ ... വേണമെങ്കിൽ എന്റെ അടുത്തു വരികയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് അമ്പലത്തിൽ ഇടയ്ക്കിടെ അന്നധാനം ആയി കൊടുക്കാം ഭക്ഷണം . പക്ഷെ എല്ലാവർക്കും എന്നത് സാധ്യമല്ല "

"അങ്ങനെ ആണ് എങ്കിൽ എനിക്ക് നിന്നെ വിശ്വാസമില്ല... നീ പൊക്കൊ എനിക്കുറങ്ങണം "

"ശരി എല്ലാ ദിവസവും അന്നധാനം കൊടുക്കാം അമ്പലത്തിൽ "

"അത് പറ്റില്ല നീ വലിയ ദൈവമല്ലേ നിനക്ക് അപ്പോൾ എന്തിനാണ് ക്രെഡിറ്റ്‌ അനാഥാലയത്തിൽ കൊടുക്കാൻ പറ്റുമോ ?"

"അതെങ്ങനെയാ വിദ്യെ ..എനിക്ക് വേണ്ടി അല്ലെ നാട്ടുകാർ കാശ് തരുന്നത് ? "

"ഈ കാശൊക്കെ നിനക്കെന്തിനാണ് എന്റെ പോന്നു ദൈവമേ ..കാലം കൊറേ കഴിയുമ്പോൾ നിന്റെ കളർ ഒന്ന് കുറയുമ്പോൾ ഏതെങ്കിലും തച്ചനെയോ ,കൊത്തു പണിക്കാരനെയോ (ശില്പി ) വിളിച്ചാൽ നിന്നെ മിനുക്കി സുന്ദരമാക്കാൻ കൂലി ഒരുപാടൊന്നും ആവില്ല "

"അപ്പോൾ എന്റെ വീട്ടിൽ (അമ്പലം ) വിലക്ക് കത്തിക്കണ്ടേ ? പൂജാരിക്ക് ശമ്പളം കൊടുക്കണ്ടേ ,പിന്നെ ഉത്സവത്തിന് എന്ത് ചെലവാണ് ....അതും പോരാതെ എന്തൊക്കെ പരിപാടി ഉള്ളതാണ് എന്നറിയാമോ "

"ഓ ...പിന്നെ ...പറയുന്നത് കേട്ടാൽ തോന്നുമല്ലോ നീ വലിയ കുടുംബം മുഴുവൻ ഒറ്റയ്ക്ക് ഏറ്റെടുത്തു നോക്കുന്നു എന്ന് . ഞങ്ങള് ഫിനാന്സുകാർ ഓടി നടന്നു പണിയെടുത്തു കാശുണ്ടാക്കുമ്പോൾ നീ ഗവ .ബാങ്ക് പോലെ ഇരുന്നിടത്തിരുന്നു വരുമാനം ഉണ്ടാക്കുന്നു എന്നിട്ട് എന്ത് പറഞ്ഞാലും ഒരുമാതിരി എച്ചി സംസാരവും ...നിനക്ക് ഒരു രണ്ടോ മൂന്നോ ലക്ഷം ടെപോസിറ്റ്‌ ചെയ്തുകൂടെ "?

"അതിന് നിങ്ങളുടെ സ്ഥാപനത്തിൽ വന്നു കണ്ടു ബോതിച്ചവരെ അല്ലെ നിങ്ങൾ എടുക്കൂ ..എന്നെ കാണാൻ സാധിക്കില്ലാലോ "

"അത് നേരാണ് തൂണിലും തുരുമ്പിലും ഒക്കെ ഉണ്ടെന്നു എഴുതാനും പറ്റില്ലാലോ ലെ. നീ വല്ല ബിനാമികളുടെ പേരിലും ചെയ്തൂടെ ..? "

"എന്നിട്ട് അവര് മതം മാറിയാൽ ഞാൻ പെട്ടില്ലേ ..."

"ഓ ..അതും ശരിയാണല്ലോ ... നിനക്ക് ആവശ്യം ഇല്ലാത്തത് ആൾക്കാർ തരുന്നു . ഞങ്ങൾക്ക് എത്ര ആവശ്യമുള്ളതും കിട്ടുന്നില്ല "

"അത് ശരിയാണ് . നീ എന്നെ തള്ളി പറയാൻ എന്താണ് കാരണം ?"

"അതുപിന്നെ എവിടെ നോക്കിയാലും നീ തന്നെ ഉള്ളല്ലോ ..ഒക്കെ നിന്റെ ഫാമിലി ആണ് ...പോരാത്തതിന് ദെ ഇപ്പോൾ ഞങ്ങടെ ഇടയിലുള്ള ആൾക്കാരെ (ആൾ ദൈവങ്ങൾ) കൂടി നീ ഏറ്റെടുക്കുന്നു ..ഇങ്ങനെ പോയാൽ നാടിന്റെ അവസ്ഥ എന്താകും "?

"അതെന്റെ കുറ്റമല്ല ട്ടോ ..നിങ്ങള് അല്ലെ എന്നെ ഉണ്ടാക്കി വെച്ചത് എല്ലായിടത്തും ?"

"അത് നേരാണ് അതാകും മരുതിക്കാവിലെ ഗണപതിക്ക്‌ കറുത്ത നിറവും ,പാലത്തിന്റെ അവിടെത്തെ കുറച്ചു സ്വർണ്ണ നിറം കലർന്നതും... പക്ഷെ കൊടുവായൂരിലെ ശിവൻ ഒട്ടും ഭംഗിയില്ലാലോ ഭീകര മുഖം ..."

"നിക്ക് നിക്ക് അതെന്റെ കുറ്റമല്ല നിങ്ങളല്ലേ എനിക്ക് രൂപം ഉണ്ടാക്കിയത് ..നിങ്ങളല്ലേ എന്നെ കൊത്തിയുണ്ടാക്കിയത് ..പിന്നെ അപ്പോൾ ശ്രദ്ധിക്കണ്ടേ എല്ലായിടത്തും ഒരേ രൂപം ആയിരിക്കണം എന്ന് ..മൊത്തത്തിൽ ഒരേ രൂപം കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്ക് ... ഇത് ഓരോരുത്തര് ഓരോ പോലെ ഉണ്ടാക്കിയിട്ട് എന്നെ പറയുന്നോ ..."

"അപ്പോൾ സത്യമായും നിന്റെ രൂപം ഏതാണ് "?

"എനിക്കങ്ങനെ രൂപം ഒന്നുമില്ല കുട്ടി ,നിങ്ങള് കല്പ്പിക്കുന്നത് തന്നെ എന്റെ രൂപം കേട്ടിട്ടില്ലേ തൂണിലും തുരുമ്പിലും മണ്ണിലും വിണ്ണിലും ഞാൻ ഉണ്ടെന്ന്.."

"അങ്ങനെ എല്ലായിടത്തും ചെന്നിരിക്കുന്നത് അത്ര ശരിയല്ല ..ഒരുതരത്തിൽ പറഞ്ഞാൽ ഒളിഞ്ഞു നോട്ടം ആണ് ദൈവമേ അത് ."

"ങേ ..!"

"അല്ല ... നീ പറഞ്ഞല്ലോ എല്ലായിടത്തും നീ ഉണ്ടെന്ന് പിന്നെ എന്തിനാണ് നിന്നെ കാണാൻ ഞാൻ അങ്ങോട്ട്‌ വരുന്നത് ?"

"ഹും ...അത് ശരിയാണ് എന്നാലും ...ചന്ദനത്തിരിയുടെ മണവും ..പിന്നെ പായസവും ഒക്കെ കിട്ടി സന്തോഷായി എന്റെ മുന്നിൽ നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കാലോ ?"

"കണ്ണടച്ച് പ്രാർത്ഥിക്കാൻ അത് വരെ വരണം എന്നുണ്ടോ കണ്ണടച്ചാൽ ഇരുട്ടല്ലേ അത് എവിടെ നിന്നാലും അങ്ങനെയല്ലേ "?

"കാണിക്ക ഇട്ട് പ്രാർത്ഥിക്കാലോ ?"

" അങ്ങനെ പറയരുത് കൈക്കൂലി തന്ന് പ്രാർത്ഥിക്കാം എന്ന് പറ "

"നീ എന്നെ കുറെ കുറ്റം പറയുന്നുണ്ടല്ലോ കുറെ നേരമായി ഞാൻ ശ്രെദ്ധിക്കുന്നു "

"കുറ്റമല്ല എന്റെ പോന്നു ദൈവമേ സത്യമല്ലേ ?"

"അതെ എന്നാലും ദൈവത്തെ ബഹുമാനിക്കണ്ടേ ..?"

"എനിക്ക് ബഹുമാനം ഒക്കെ ഉണ്ട് ഒന്നുമില്ലെങ്കിലും ഈ നാടൊക്കെ "നല്ല " നിലയിൽ നോക്കുന്ന ആളല്ലേ ...പക്ഷെ എന്നും നിന്നെ കാണാൻ വരാനൊന്നും എനിക്ക് പറ്റില്ല .പ്രേതെകിച്ചു വിശേഷ ദിവസങ്ങളിൽ ..പൊതുവെ നീ തിരക്കായിരിക്കും പിന്ന ഓരോ എണ്ണങ്ങൾ ഒരുങ്ങി വരുന്നത് കണ്ടാൽ കല്യാണത്തിനു വന്നതാ എന്ന് തോന്നും ..എനിക്ക് വയ്യ അതൊന്നും കാണാൻ .."

"നിനക്ക് ഇത്തിരി അസൂയ ഉണ്ടല്ലേ ..."

ഞാൻ ചിരിച്ചു " ഇത്തിരി ഉണ്ട് പെണ്ണല്ലേ ..... പിന്നെ എന്റെ പിറന്നാളിന് ഞാൻ വന്നപ്പോൾ നീ ഇട്ട മാല ഇല്ലേ നല്ല ഭംഗിയുണ്ടായിരുന്നു ട്ടോ ...ഡ്രെസ്സും ..."

"ഹ ഹ ..അത് നമ്മടെ ശാന്ത ചേച്ചിടെ മകളുടെ കല്യാണം നടന്നതിന് തന്നതാ . പിന്നെ ഡ്രസ്സ്‌ വാസു ഏട്ടന്റെ വക .. നിന്നെ പോലെ പിശുക്കി അല്ലാലോ അവരൊന്നും .."

"അങ്ങനെ പറയല്ലേ ..പിറന്നാൾ ആയിട്ട് ഞാൻ പോലും എനിക്ക് ഡ്രസ്സ്‌ വാങ്ങിയില്ല പിന്നെയാ നിനക്ക് "

"എന്നാലും നല്ലൊരു ദിവസം ആയിട്ട് കൂടി നീ ഒരു പുഷ്പാഞ്ജലി എങ്കിലും ചെയ്തില്ലാലോ.."

"അതുപിന്നെ ഞാൻ എനിക്ക് വേണ്ടി വഴിപാടു കഴിപ്പിക്കുന്നതിൽ എന്ത് രസമാണ് ദൈവമേ ഉള്ളത് .... പിന്നെ അമ്മ പായസം വാങ്ങാൻ പറഞ്ഞത് കൊണ്ട് മാത്രം ആണ് അന്ന് വന്നത് "

"എനിക്കറിയാം അല്ലെങ്കിലും നീ ഈ തിന്നുന്ന കാര്യത്തിനല്ലേ എന്റെ അടുത്തു വരൂ ... "

"അങ്ങനെ പറയല്ലേ സത്യമായും എനിക്ക് അവിടെ വന്നിരിക്കാനും നാമജപം കേൾക്കാനും ഇഷ്ട്ടമാണ് ..നട തുറക്കും വരെ വരിയിൽ നിന്നാൽ എന്റെ കാലു കടയും ,,എനിക്ക് വയ്യ ..കാണാൻ കൊള്ളാവുന്ന വല്ല ചെക്കന്മാരും ഉണ്ടെകിൽ സമയമെങ്കിലും പോയേനെ ,,ഇതിപ്പോൾ വേറെ വേറെ വരിയല്ലെ ..."?

"നീ ആള് കൊള്ളാലോ "

"ഞാൻ കാര്യത്തിലാണ് പറഞ്ഞത് നിന്റെ മുന്നിൽ നിന്ന് തിരക്ക് പിടിച്ചു ഒരു നിമിഷത്തിൽ പറഞ്ഞു പോകാൻ എനിക്കൊന്നുമില്ല .."

ഞാൻ ഒരു കാര്യം പറയട്ടെ ?"

"എന്താണ് "?

"നീ വല്ലപ്പോഴും ഒകെക് വായോ ... പരാതി പറയാൻ വരാത്ത ആൾ നീയാണ് ..വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാലോ കുറച്ചു നേരം "

"പണ്ടത്തെ പോലെ പണിയില്ലാതെ നടക്കുകയല്ല ദൈവമേ ഞാനിപ്പോൾ അലയുകയാണ് ..ഓരോ ടെപോസിറ്റ്‌ ന് വേണ്ടി ..ഇൻഷുറൻസ് ന് വേണ്ടി ...അത് തരുന്നവർ ആണ് എനിക്കിപ്പോൾ ദൈവം ....."

"ഉം .... നമ്മുടെ അന്നദാതാവ് തന്നെ നമ്മുടെ ദൈവം അല്ലെ ?"?

"എനിക്ക് അതാണ്‌ തോന്നുന്നത് ..അല്ലെങ്കിൽ പിന്നെ പട്ടിണിയും പരിവട്ടവുമായി നടക്കുന്നവർ നേരത്തെ കുളിച്ചു റെഡി ആയി വരുമോ ... നിന്നെ നിന്നെ വേണ്ടാതെയല്ല ദൈവമേ ....പക്ഷെ നമ്മുടെ നിലനില്പ്പ് അല്ലെ ആദ്യം നോക്കേണ്ടത് ?"

ഉം "

"നീ എന്നെ സംരക്ഷിക്കണം എന്നോ നീ എന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റി തരണം എന്നോ ഞാൻ പറയുന്നില്ല ..എന്റെ കഴിവിലും എനിക്ക് വിശ്വാസമുണ്ട്‌ ,,നിന്നെ ഏല്പ്പിക്കാനും പഴിക്കാനും നിന്റെ അസ്തിത്വത്തെ ചൊല്ലി വിവാദം ഉണ്ടാക്കാനും ഞാൻ വരുന്നില്ല

പക്ഷെ ഓരോരുത്തരുടെ അവസ്ഥ കാണുമ്പോൾ മനസ്സ് നോവുന്നുണ്ട് പലപ്പോഴും അവർക്ക് വേണ്ടി നിനക്ക് കഴിയുന്നത്‌ നീ ചെയ്യണം ..നിനക്ക് കൊറേ ആളുകള് കാശ് തരും എന്റെ ഒരു പത്തു രൂപ ഉണ്ടെങ്കിൽ എനിക്ക് ഒരു നേരത്തെ ബസ്‌ ചാർജ് ആയി ...എന്റെ ചില സഹോദരങ്ങൾക്ക്‌ ഒരു നേരത്തെ ഭക്ഷണം ആയി അതെ സമയം മറ്റു ചിലർക്ക് സ്ഥലം കൂട്ടി ഒരു പെപ്പെർ കഷണം കൂടി ...ആവശ്യക്കാരനെ വിലയറിയൂ ...

ഞാൻ വരും നിന്നെ കാണാൻ എനിക്ക് നിന്നോട് സംസാരിക്കുവാൻ തോന്നുമ്പോൾ ആരുമില്ലാത്ത നേരത്ത് എന്റെ സങ്കടങ്ങൾ പറയാൻ ..അന്ന് നീ അമ്പലത്തിലോ വീട്ടിലോ എന്നൊന്നും നോക്കില്ല എവിടെ എന്ന് തോന്നുമ്പോൾ ഞാൻ വരും . തീർത്ത് തരണം എന്ന് ഞാൻ പറയില്ല എന്റെ പ്രാർത്ഥന കഴിയുമ്പോൾ എന്റെ മനസ്സ് ശാന്തമാവും ..ആ സംത്രിപ്തിക്ക് വേണ്ടി മാത്രം ...."

"ഉം ..അത് കൊള്ളാലോ ....അപ്പോൾ ഞാൻ എന്ന ആളെ ബഹുമാനിക്കുന്നതിന് അല്ല നീ വരുന്നത് ഞാൻ എന്ന കൂട്ട് തേടിയാണ് .."

"അതെ എനിക്ക് സന്തോഷം തരുന്നതാണ് എന്റെ ദൈവം "

"അതെങ്ങനെ ?"

എനിക്ക് വിശക്കുമ്പോൾ ആഹാരം തരുന്ന ജോലിയാണ് എന്റെ ദൈവം ...

എനിക്ക് സ്വതന്ത്രമായി ഇന്നിങ്ങനെ നടക്കാൻ കഴിയുന്നു എങ്കിൽ അതിനോരുപാട് പേരുടെ ചോര ചിന്തിയ ചരിത്രം ഉണ്ട് അവരാണ് എന്റെ ദൈവം ..

എന്നും എനിക്ക് കൂട്ടായി വന്ന അക്ഷരങ്ങൾ ആണ് എന്റെ ദൈവം ...

എനിക്കുവേണ്ടി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന മാതാപിതാക്കളും ,സഹോദരങ്ങളും ,ബന്ധുക്കളും ആണ് എന്റെ ദൈവം ...

ഞാൻ രക്തബന്ധം അല്ലാതെ ഇരുന്നിട്ടും ഞാൻ കാരണം ലാഭം ഇല്ലാതെ ഇരുന്നിട്ടും എനിക്ക് കൂട്ട് നില്ക്കുന്ന എന്റെ കൂട്ടുകാരാണ് എന്റെ ദൈവം ...

എനിക്ക് അക്ഷരം പഠിപ്പിച്ചു തന്നവർ ...എനിക്കു ഭക്ഷണത്തിനായി വിളവുണ്ടാക്കുന്നവർ അവരാണ് എന്റെ ദൈവം

എനിക്ക് നേരെ ഓടിയടുത്ത പട്ടിയെ കല്ലെറിഞ്ഞ വഴിപോക്കനും ,ഞാൻ ബൈക്കിൽ പോകുമ്പോൾ റോഡിൽ വീണ ഷാൾ വിളിച്ചു കാണിച്ചു തരുന്നവരും ബസ്സിൽ ആരെന്നു അറിയില്ലെങ്കിലും വയ്യാതെ ഞാൻ വീണു പോകുമ്പോൾ സീറ്റ് ഒഴിഞ്ഞു തന്നവരും പിന്നെ കാശുകൊടുത്ത് കിട്ടുന്ന ചികിത്സയ്ക്ക് പുറമേ മധുരമായ പുഞ്ചിരി കൂടി സമ്മാനിക്കുന്ന ഡോക്ടർ എനിക്ക് ദൈവമാണ് ...

ഓരോ നിമിഷവും എനിക്ക് ശ്വസിക്കുവാൻ ശുദ്ധവായൂ നൽകുന്ന ഈ പ്രകൃതിയും എന്റെ ദൈവമാണ് ..

എന്നോട് നീ ക്ഷമിക്കണം അതിനെല്ലാം അപ്പുറമേ നിനക്കൊരു സ്ഥാനം കല്പ്പിച്ചു തരുവാൻ എനിക്ക് കഴിയുന്നുള്ളൂ ..ഞാനൊരു സാധാരണ മനുഷ്യനാണ് ..എനിക്ക് ജീവിക്കണം ...എന്റെ കൂടെ ഉള്ളവരെല്ലാം ജീവിക്കണം അത് നീ സാധിച്ചു തരൂ അന്ന് ഞാൻ പറയാം അമ്പലത്തിലെ അഴകുള്ള കൽപ്രതിമേ നീയും എന്റെ ദൈവം ആണ് എന്ന് "

"ഇങ്ങനെയും ചിന്തിക്കാം അല്ലെ ?"?

"അതെ ദൈവമേ എന്റെ സാഹചര്യങ്ങൾ എന്നെ അങ്ങനെ ചിന്തിപ്പിക്കാനെ പഠിപ്പിക്കുന്നുള്ളൂ ..."

"അല്ല നേരം അഞ്ചര ആവുന്നു വിദ്യെ ....."

തപ്പിത്തടഞ്ഞു എന്തോ ഉള്വിളിയിൽ എണീച്ചു നോക്കുമ്പോൾ നേരം അഞ്ചര ആവുന്നു . അയ്യോ ഇന്ന് വൈകി ... അല്പം കൂടി വൈകി എങ്കിൽ ആദ്യ ബസ്‌ മിസ്സായേനെ ..അതെ എന്നെ കൃത്യ സമയത്ത് എണീപ്പിച്ച ദൈവം ഇല്ലെന്നു ഞാൻ എങ്ങനെ പറയും .....!!!!!!




ഇന്നലത്തെ കുട്ടികൾ ആണത്രേ നാളെയുടെ പ്രതീകം 

ഇന്നത്തെ പ്രതീകം അപ്പോൾ യുവാക്കൾ തന്നെ 

ഇന്നത്തെ ലോകം ഇന്നത്തെ നാട് യുവാക്കളുടെ കയ്യിൽ എത്രെ 

സുരക്ഷിതമാണ് എന്ന് പറഞ്ഞത് ഇന്നത്തെ കാലത്ത് 

ഈ അവസ്ഥയിൽ ചോദ്യം ചെയ്യപ്പെടെണ്ടാതാണ്

എന്താണ് ഇന്നത്തെ യുവാക്കൾ ഞാനും കുറെ ചിന്തിച്ചു 
പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട പതിനെട്ടിനും നാല്പതിനും ഇടയിലുള്ള 

മനുഷ്യരെ അങ്ങനെ നിർവചിക്കാം എന്ന് പറഞ്ഞാൽ നിങ്ങളെല്ലാം കൂടെ 

എന്നെ തല്ലിക്കൊല്ലും (ചിലപ്പോൾ ) എന്ന് അറിയാവുന്നത് കൊണ്ട് തന്നെ 

വിവാദം ഉണ്ടാക്കുന്നില്ല . നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ എന്താണ് നമ്മുടെ ജീവിതം ?????
രാവിലെ എഴുന്നേറ്റതും ആദ്യം നോക്കുന്നത് ഫോണ്‍ ആണ് പിന്നെ കുറച്ചു നേരം അതിനു മുന്നിൽ അതും തീർന്നാൽ തിരക്കിട്ട് ജോലിക്കും അല്ലെങ്കിൽ പഠിക്കാനും അതുമല്ലെങ്കിൽ കറങ്ങാനും ( അത് കുറച്ചേ ഉള്ളൂ ) പോകുന്നു 

പക്ഷെ അപ്പോഴും കയ്യിൽ ഫോണ്‍ തന്നെ ,ചെവിയിൽ ഇയർ ഫോണ്‍ ... ചുറ്റുമുള്ള പലതും നമ്മൾ അറിയുന്നില്ല 

ചിലപ്പോൾ നമ്മൾ പോകുന്ന വഴിയിലെ പതിവ് കാഴ്ചകൾ എന്തെന്ന് ചോദിച്ചാൽ അറിയില്ല .. പതിവ് മുഖങ്ങൾ ഏതെന്ന് ചോദിച്ചാൽ അതും അറിയില്ല . പോകുന്നു വരുന്നു .. 


അടുത്തുള്ളവരെയും എന്തിനു കൂടെ കഴിയുന്നവരെ പോലും അറിയാൻ ശ്രെമിക്കുന്നില്ല എന്നിട്ട് " ഐ ഫീൽ എലോൺ" എന്നും ജീവിത നിരാശയുടെയും ഏകാന്തതയുടെയും മരണത്തിന്റെയും പോസ്റ്റുകളും ... ചില സമയത്ത് കാണുമ്പോൾ കൈ തരിക്കാറുണ്ട്

മഹാന്മാരായ നമ്മുടെ നേതാക്കളെ ദേശിയ പ്രാധാന്യമുള്ള ദിനങ്ങളിൽ മാത്രം ഓർക്കുന്ന നെറ്റിൽ തിരഞ്ഞൊരു പോസ്റ്റ്‌ ഉണ്ടാക്കി എല്ലാം ഒതുക്കുന്ന കാലം ... ജനഗണമന എത്രെ സമയത്തിനുള്ളിൽ പാടണം എന്നോ രാജ്യത്തിന്റെ തലസ്ഥാനം ഏതെന്നോ അറിയാത്ത യുവ തലമുറ ആണ് ഇതെന്ന് കൂടി ചേർക്കട്ടെ

പക്ഷെ അവർക്കറിയാം ലോക വാർത്തകൾ ,ലഭാനഷ്ട്ട കണക്കുകൾ ബിസിനസ്‌ ന്റെ രസതന്ത്രം .. ലേറ്റസ്റ്റ് ഫോണുകൾ മറ്റു സാങ്കേതിക വിദ്യകൾ ...പുത്തൻ സമ്പദ് വ്യവസ്ഥ ..പുതിയ രീതികൾ എന്തോക്കെടോ അറിയാം അവർക്കും 

അറിയാതെ പോയത് ഇവിടെത്തെ മണ്ണും മഹത്ത്വവും മാത്രം ... പണ്ട് എന്റെ പ്രിയ കവി പാടിയത് പോലെ 
"കാടെവിടെ മക്കളെ
മെടെവിടെ മക്കളെ "


എന്ന് പറയുമ്പോൾ "ഫൊരെസ്റ്റ്സ് ഇൻ ഇന്ത്യ " എന്ന് ഗൂഗിളിൽ തിരഞ്ഞു കഴിഞ്ഞിരിക്കും ...
മനുഷ്യ സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും വിലയെക്കുറിച്ച് പാടിപ്പടിച്ച ബാല്യങ്ങൾ ഇല്ലാത്തത് കൊണ്ടാണോ നാല് ചുവരുകൾക്കുള്ളിൽ നാളത്തെ തലമുറ ജീവിക്കേണ്ടി വന്നത് ...

ഈ മണ്ണിൽ പൊന്നു വിളഞ്ഞൊരു കാലം ഉണ്ടായിരുന്നു വിദേശികൾക്ക് പ്രിയപ്പെട്ട ഇടം ഇന്ത്യ ആയതും ഇത് കൊണ്ടൊക്കെ തന്നെ ആണ് ഒപ്പം മഹത്തായ നമ്മുടെ സംസ്കാരവും 

പക്ഷെ നമ്മുടെ പുതു തലമുറയ്ക്ക് എന്തുകൊണ്ട് ഇതൊന്നും അറിയാതെ പോകുന്നു പറഞ്ഞാൽ പഴഞ്ഞൻ ചിന്താഗതി അല്ലെങ്കിൽ മാറിയ കാലം അതല്ലാതെ മറ്റെന്തെങ്കിലും ഉണ്ടാവുമോ നമുക്ക് വാദിക്കാൻ ...

അറിയണം ഈ മണ്ണിന്റെ മനസ്സ് അറിയണം ഇവിടെത്തെ ജനങ്ങളുടെ ജീവിതം ... നമുക്ക് ചുറ്റുമുള്ള സമ്പന്നതയുടെ ത്രിശങ്കു സ്വർഗത്തിനും അപ്പുറത്ത് നമ്മുടെ സഹോദരർ തേങ്ങുന്നതു കാണുന്നുണ്ടോ നിങ്ങൾ ....

കയ്യിലുള്ള ഒരു രൂപ പാവപ്പെട്ടവന് മുന്നിൽ നീട്ടുമ്പോൾ ഒരു കൈ കൊണ്ട് സെല്ഫിയെടുക്കുന്ന കാലമല്ല ഇതെന്ന് പറയാൻ കഴിയുമോ .....
നമ്മുടെ നീതിയും നിയമ വ്യവസ്ഥയെയും കുറ്റപ്പെടുത്തി നമ്മൾ നല്ലവർ ആയി ഒതുങ്ങി കൂടുമ്പോൾ അറിയുന്നുണ്ടോ നിങ്ങൾക്ക് "ഇന്ന് ചരിത്രത്തിൽ ഒന്നും കൂട്ടി ചേർക്കാതെ ഒരുത് തലമുറ കൂടെ പിൻവാങ്ങി " എന്ന് നാളെത്തെ ലോകം നമ്മോടു പറയും ..

  എത്രെ നിങ്ങൾ ഇല്ലെന്നു പറഞ്ഞാലും ഇവുടെത്തെ പ്രമുഖ പാർട്ടിയുടെ "ബ്രാൻഡ്‌ അംബാസിടെന്റെർ" എന്ന വിശേഷണത്തിൽ മാത്രം ഒതുങ്ങി പോകുന്ന കാഴ്ച അതി ദയനീയം തന്നെയാണ് .

നെഞ്ചിൽ ഭാരത രക്തവും സംസ്കാരവും പേറുന്നവർക്ക് നാണക്കേട്‌ തന്നെയാണ് അല്ലെങ്കിൽ അവരെല്ലാം തലകുനിക്കുന്നു ... അതിൽ ഒരാളായി ഞാനും .... പിന്നെ പറയുമായിരിക്കും എന്റെ മുന്നിലെ എല്ലാരും നല്ല നിലയിലാണ് എന്ന് ..അത് വെറും പൊള്ളത്തരം മാത്രം കാരണം നമ്മുടെ ജനസംഖ്യ 120 കോടി ആണ് ...

ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല കാരണമീ നൂറ്റിയിരുപതുകൊടിയിൽ ഒന്ന് തന്നെ ആണ് ഞാനും ... ജനിച്ചു വളർന്നു ജീവിച്ചു മരിച്ചു എന്നല്ലാതെ എന്റെ സഹോദരങ്ങൾക്ക്‌ വേണ്ടി ജീവിക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നത് ലജ്ജാവഹം തന്നെയാണ് എന്റെ തല കുനിഞ്ഞു പോവുകയാണ് ഊണിലും ഉറക്കത്തിലും എന്റെ സ്വപ്നമായ കാമുകന്റെ നോട്ടത്തിനു മുന്നിലല്ല .... എന്റെ പ്രിയ കൂട്ടുകാരുടെ കളിയാക്കലുകൾക്ക് മുന്നിലല്ല .... എന്റെ വീട്ടുകാരുടെ സ്നേഹോപദേശങ്ങൾക്കു മുന്നിലല്ല .... 

ഞാനിവിടെ സന്തോഷമായി കഴിയുമ്പോൾ അവിടെന്റെ സഹോദരങ്ങൾ ഒരു നേരത്തെ വിശപ്പിനായി കൈ നീട്ടുമ്പോൾ ...

എന്റെ സഹോദരിമാരുടെ മാനം തെരുവിൽ ചീന്തിയെറിയപ്പെടുമ്പോൾ .....

എഴുന്നേറ്റു നില്ക്കാൻ പോലും ആവാതെ എന്റെ പിതാമഹർ വൃദ്ധ സദനങ്ങളിൽ ചോദ്യ ചിഹ്നം ആവുമ്പോൾ ...
ജനിതക വൈകല്യവുമായി പിറന്ന സഹോദരങ്ങൾ ആണോ പെണ്ണോ എന്നും തെരുവ് വേശ്യ എന്നും അറിയപ്പെടുമ്പോൾ ...

രാവിന്റെ മറവിൽ കാമം തീർക്കാൻ വിറളി പിടിച്ചോടുന്ന സഹോദരങ്ങളെ കാണുമ്പോൾ ...
കൊടി പിടിച്ചു കൊടി പിടിച്ചു അതിനു മറവിൽ നാണം കേട്ട് ജീവിക്കുന്ന രാഷ്ട്രീയ നുപുസകങ്ങളെ കാണുമ്പോൾ ..

വെട്ടേറ്റു വീഴുന്ന പാവങ്ങളെ കാണുമ്പോൾ ..

ലഹരിക്ക്‌ പുറകെ പോകുന്ന യുവാക്കളെ കാണുമ്പോൾ ...

തീരാ വ്യാധികളിൽ പെട്ട് കഷ്ട്ടപ്പെടുന്ന പാവങ്ങളെ കാണുമ്പോൾ ...
അതെ ഞാൻ തോറ്റു പോകുന്നു ... ഇന്നിന്റെ പ്രതീകങ്ങളെ നിങ്ങളെങ്കിലും മാറ്റുമോ ഈ നാണക്കേടുകൾ..........


 
ചിന്തിക്കുക ,,,, നാട് നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നു പറയരുത് ..കാരണം നിങ്ങളുടെ നാടിനു വേണ്ടി പ്രവർത്തിക്കേണ്ടത് നിങ്ങളാണ്



Monday, 22 February 2016

ഡിസംബർ ഓർമപ്പെടുത്തലാണ്...

 ഒരുപാട് നഷ്ട്ടങ്ങളുടെ..


 ഒരിക്കലും നിറവേറ്റാത്ത ശപഥങ്ങളുടെ ...


 പിന്നെ ചെയ്യാൻ ഉറപ്പിച്ച പല കാര്യങ്ങളുടെയും ഒപ്പം ഒരു വർഷത്തെ ആത്മബന്ധമുള്ള ഡയറി യോടും കൂടി ഒരു വിട വാങ്ങൽ ......

പഠിക്കണം പഠിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എന്തോ പണ്ട് മുതലേ ഈ ആഗ്രഹം മാത്രേ നടന്നുള്ളൂ .. പഠിക്കുന്ന പുസ്തകങ്ങളോട് മാത്രം എനിക്ക് എന്തോ നല്ല വെറുപ്പായിരുന്നു ... 

എങ്കിലും എങ്ങനെയൊക്കെയോ തോല്ക്കാതെ പഠിച്ചു പഠിച്ചു ഡിഗ്രി മൂന്നാം വർഷം എത്തി ... കാലിക്കറ്റ് സർവ്വകലാശാല ആയതുകൊണ്ട് പഠനത്തിലെ ഒഴപ്പ് ഉത്തര കടലാസിൽ നന്നായി നിഴലിച്ചു .'


" പോരാത്തതിന് പതിവ് "വില " കളയാതെ റീ ടെസ്റ്റ്‌ ( സോറി സപ്പ്ളി) എഴുതാൻ കൂടി സമയം തരാതെ വൈകി എത്തിയ രണ്ടാം സെമസ്റ്റെർ റിസൾട്ട്‌ .

എന്റെ പഠനത്തിന്റെ മികവ് കാരണം "മനശാസ്ത്രത്തിൽ " പൊട്ടി ,അതും രണ്ടു പേപ്പർ . എന്ത് ചെയ്യണം എന്നൊരു ഐഡിയ യും ഇല്ല . പിന്നെ എൻ. എസ് .എസ് എന്റെ മാർക്കും തരില്ലെന്ന് പറഞ്ഞ് സർവ്വകലാശാല തലയിൽ ഇടിത്തീ ആയി പതിച്ച കാലം .

തോറ്റു എന്നറിഞ്ഞാൽ നാണക്കേടാണ് . പിന്നെ ഡിഗ്രി കഴിഞ്ഞ് പി ജി എന്നൊക്കെ ഏറെ സ്വപ്നം കണ്ടതാണ് ..ഒരു വഴിയും ഇല്ല . അവസാനം ചിന്തിച്ചു ചിന്തിച്ചു ആത്മഹത്യ ചെയ്യാം എന്ന് തീരുമാനിച്ചു , കണ്മുന്നിൽ മാതൃകകൾ ഒരുപാടാണ്‌ ...

എന്നും പത്രത്തിൽ കാണുന്നതാണ് :-


കാമുകാൻ  പോയി കാമുകി ആത്മഹത്യ ചെയ്തു ,


ഭർത്താവ് ഇല്ലാതെ ഭാര്യ , 


പിന്നെ രാഷ്ട്രീയക്കാർ 


,ജോലിക്കാർ, 


സിനിമാക്കാർ 


എന്തിനേറെ പറയുന്നു പത്താം ക്ലാസ് പൊട്ടിയ പീക്കിരി പിള്ളാർ വരെ ആത്മഹത്യ ചെയ്യുന്നു . 


അങ്ങനെ മനശാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ "സ്‌ട്രെസ് , ഡിപ്രെഷൻ ഒക്കെ കൂടിയ അവസ്ഥകൾ എല്ലാം കോർത്തിണക്കി നല്ലൊരു കാരണം ഉണ്ടാക്കി .

ഇനി വേണ്ടത് "എങ്ങനെ ചെയ്യണം ?"

കൊറേ ആലോചിച്ചു .. 


റിസൾട്ട്‌ വന്ന ഉച്ചയ്ക്ക് ശേഷം ക്ലാസ്സിൽ ഇന്ത്യൻ ഫിലോസഫി , എത്തിക്സ് പീരീഡ്‌ ഒക്കെ അധ്യാപകർ വന്നു വൃത്തിയായി ക്ലാസ് എടുത്തു പോയി ആ സമയങ്ങളിൽ ഒക്കെ കുത്തിയിരുന്നു ആലോചിച്ചു , 


കൈ മുറിച്ചാലോ ??????? 


വേണ്ട എന്തായാലും മരിക്കും എന്തിനു വെറുതെ വേദനിക്കുന്നു ... 


മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചാലോ ... ??


എന്റെ ദൈവമേ ...!! ഓർക്കാനേ വയ്യ ... 


ഈസ്സി ആയിരിക്കണം ....വേദന പാടില്ല ....അങ്ങനെ ഒരു മരണമാണ് എന്റെ മനസ്സിൽ




അവസാനം പോകുമ്പോൾ ബസ്സ്‌ ന്റെയോ ലോറിയുടെയോ ഇടയിൽ ചെന്ന് നില്ക്കാം എന്ന് തീരുമാനിച്ചു .

പതിവില് വിപരീതമായി ഞാൻ സ്റ്റാൻഡിൽ ഇരിക്കാതെ സ്റ്റോപ്പിൽ പോയി നിന്നപ്പോൾ ഓരോരുത്തരായി കാരണം ചോദിച്ചു വരാൻ തുടങ്ങി ..


ഞാൻ എന്തോ വലിയ കാര്യത്തിന് പിണങ്ങി എന്ന് കരുതി ...എന്റെ പാവം കൂട്ടുകാർ . സാധാരണ മിട്ടായി വാങ്ങിയാൽ


 " വേണ്ട പറ വേണ്ട പറ " 


എന്ന് പറഞ്ഞിട്ട് ഒറ്റയ്ക്ക് തിന്നുന്ന ചിത്ര പോലും മിട്ടായി മുഴുവനായി നീട്ടി .. ഇങ്ങനെ മരിക്കൽ നടക്കില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ അവരുടെ കൂടെ ചെന്നു

ഇനിയുള്ള വഴി വീടിന്റെ അവിടത്തെ ബസ്‌ സ്റ്റോപ്പ്‌ ആണ് ... പക്ഷെ അവിടെയും എന്റെ പ്രതീക്ഷ തെറ്റിപ്പോയി , ബസ്‌ ഇറങ്ങിയതും 
അടുത്ത വീട്ടിലെ 

 ചെറിയച്ചൻ ,കൂടെ പോയില്ലെങ്കിൽ സംശയിക്കും , 

ഇനി എന്തായാലും വണ്ടി ഇടിച്ചു മരിക്കൽ നടക്കില്ല .പുതിയ ഐഡിയ ആലോചിച്ചു തീരും മുന്നേ വീടെത്തി .

ഇനി ഒരു വഴി ഉള്ളത് പാമ്പ് കടിച്ച് മരിക്കാം ,.......


 വീടിനു സമീപം മുഴുവൻ കാട് ഉള്ളത് കൊണ്ട് വൈകുന്നേരം പാമ്പുകൾ ഒരുപാട് വരാറുണ്ട് . 


അങ്ങനെ കാടിന് സമീപം ചെന്നു നില്ക്കാം എന്ന് തീരുമാനിച്ചു വരുമ്പോഴാണ് അടുത്തവീട്ടിലെ വലിയച്ചനും ഏട്ടനും കോലുമായി നില്ക്കുന്നു ,എന്താ കാര്യം എന്ന് അന്വഷിച്ചപ്പോൾ മുന്നില് ചത്തു കിടക്കുന്ന ( തല്ലിക്കൊന്ന ) പാമ്പ് കിടക്കുന്നു . 


എനിക്കത് കണ്ടതും ശര്ധിക്കാൻ വന്നു . അയ്യേ ഇത്രേ വൃത്തികെട്ട ജീവി ഒന്നും എന്നെ കടിക്കണ്ട വേറെ വഴി നോക്കാം ...!!!!!

പിന്നെയും ആലോചിച്ചു കൊറേ ആലോചിച്ചു ... 


കാടിന് നടുവിലൂടെ വേണം പോവാൻ വീട്ടിലേക്ക് . എന്തായാലും ഷാൾ ഉണ്ട് തൂങ്ങിച്ചാവാം... 


പണ്ട് ഞങ്ങൾ കുറെ കയറിക്കളിച്ച  വേപ്പ് മരം കുറച്ചുകൂടെ വളർന്ന് നിൽപ്പുണ്ട്. 


എന്തായാലും എനിക്കേറെ സന്തോഷം തന്നതല്ലേ അതിൽ തന്നെ ചാവാം എന്ന് ഉറപ്പിച്ചു . പണ്ട് മുതലേ മരംകേറ്റം നല്ല വശമുള്ളത് കൊണ്ട് വേഗം കേറി . പിന്നെ ആണ് ഓർമ വന്നത് കത്തെഴുതിയിട്ടില്ല .

സാധാരണ ആത്മഹത്യ ചെയ്യുമ്പോൾ എന്തെങ്കിലും എഴുതി വെക്കാറുണ്ട് എല്ലാവരും .


കുറെ ഏറെ ചിന്തിച്ചു ഇനി ഇപ്പോൾ പരീക്ഷയ്ക്ക് തോറ്റു എന്ന് പറഞ്ഞാൽ അത് നാണക്കേടാണ് ഇവിടുത്തുകാരുടെ ഇടയിൽ നല്ലൊരു ഇമേജ് ഉള്ളത് പോകും ... 


പിന്നെ പ്രേമ നൈരാശ്യം എന്ന് പറഞ്ഞാൽ (പാവം എന്റെ കാമുകൻ ശപിക്കും ..."ഈ പിശാശ് ഇഷ്ട്ടാണ് ന്നു കൂടി പറഞ്ഞില്ല എന്റെ അടുത്തൂന്ന്"). 


ഇനി ഇപ്പോൾ എന്താ കാരണം എഴുതുക . മരത്തിന്റെ മുകളിൽ ഇരുന്നു കാര്യായി ആലോചിക്കുമ്പോൾ താഴെ കൂടെ അമ്മ വീട്ടിലേക്ക് പോകുന്നു

എങ്ങനെയേലും മുകളിലേക്ക് നോക്കിയാൽ എന്നെ കാണും , ഇനി ഇപ്പോൾ എന്താ ചെയ്യുക എന്ന പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ തന്നെ തീരുമാനിച്ചു , 


അമ്മ കണ്ടാൽ വായിൽ വന്ന നുണ പറയാം എന്ന് ഉറപ്പിച്ചു , എന്റെ നല്ല അമ്മ ആയതോണ്ട് നേരെ നോക്കി നടന്നു ,എന്നെ കണ്ടില്ല . 


ഒന്ന് ചമ്മിപ്പോയി എങ്കിലും എന്റെ പണി വേഗം തീർക്കണം ഇപ്പോൾ തന്നെ ഇരുട്ടാണ്‌ .


ഇനിയും ഇരുട്ടായാൽ എനിക്ക് പേടിയാണ് അതിനു മുൻപേ മരിക്കണം

കത്തിൽ എഴുതാൻ കാരണവും കിട്ടുന്നില്ല ,


ഒന്നും എഴുതി വക്കാതെ മരിച്ചാൽ നാട്ടുകാർ "പലതും " ഉണ്ടാക്കും എന്ന ബോധ്യം ഉള്ളതുകൊണ്ട് എല്ലാരും വിശ്വസിക്കുന്ന തരത്തിൽ എഴുതി വെക്കാൻ എന്തെങ്കിലും വേണം തലപുകഞ്ഞു ആലോചിച്ചു സമയം പോയതല്ലാതെ ഐഡിയ ഒന്നും വന്നില്ല .


 എവിടെ നിന്നോ ചീവീടുകളുടെ ശബ്ദം കൂടി കൂടി വരുന്നുണ്ട് ധനുമാസം ആയതോണ്ടാവും തണുപ്പും ഇരുട്ടും .... 


മൊത്തത്തിൽ എനിക്ക് പെടിയായപ്പോൾ പതിയെ അവിടെ നിന്നും ഇറങ്ങി

വീടെത്തി .... 


സാധാരണയിലും വൈകി വീട്ടിലെത്തിയിട്ടും ഒന്നും ചോദിച്ചില്ല അമ്മ , 


കാര്യായി "പദസ്വരം " സീരിയൽ കാണുന്ന തിരക്കാണ് കള്ളി .


 നേരത്തെ വന്നു മാവ് കുഴച്ചു വെച്ച് ഈ സീരിയൽ ഒക്കെ തീർന്ന് എട്ടുമണിക്ക് ചപ്പാത്തി ഉണ്ടാക്കി തരുന്ന പരിപാടി തുടങ്ങിയിട്ട് കുറെ നാളായി ... 


എന്തെങ്കിലും ചെന്നു നമ്മൾ പറയാം എന്ന് വിചാരിച്ചാൽ "നിനക്ക് ഉണ്ടാക്കിക്കോ എന്ത് വേണമെങ്കിലും " എന്നൊരു മറുപടിയും .

അവിടെ കാര്യായി പദസ്വരം ഓടിക്കൊണ്ടിരിക്കുന്നു , പരസ്യം വരുമ്പോൾ രണ്ടു മിനുട്ട് കൊച്ചു ടി വി വെച്ച് ത്രിപ്തനാവാൻ അനിയൻ കൂടെ തന്നെ ഉണ്ട് . 


പരസ്യം വരുന്ന സമയത്ത് അമ്മ ഉരുളക്കിഴങ്ങ് തൊലി കളയലും ഉള്ളി മുറിക്കലും ഒക്കെ ആയിരിക്കും

വീണ്ടും ചിന്തകളുടെ പ്രളയം തുടങ്ങി മനസ്സില് 


"ഛെ .. ഈ മരിക്കാൻ പോകുന്നവർ പേടിക്കാൻ പാടില്ല " എന്നിട്ട് ഞാൻ എന്താണ് ചെയ്തത് എത്രെ അവസരം മിസ്സാക്കി . 


ഇനി എനിക്ക് ദൈര്യം ഉണ്ട് ഞാൻ ഒന്നിനെയും പേടിക്കില്ല ,പക്ഷെ കത്തിൽ എഴുതി വക്കാൻ ഒന്നുമില്ല ,


പിന്നെ കഥവശേഷൻ സിനിമയിലെ പോലെ വേണം "ആര്ക്കും ഒന്നും മനസ്സിലാകരുത്‌ " . വേണ്ട ഞങ്ങടെ നാട്ടുകാർക്ക് "ഇംഗ്ലീഷ് " വായിക്കാൻ അറിയില്ല .

അല്ലെങ്കിൽ ഞാൻ മരിച്ചതിനു ശേഷം ഉള്ള കാര്യങ്ങൾ എന്തിനാണ് ഞാൻ ചിന്തിക്കുന്നത് . ഇപ്പോൾ തന്നെ മരിച്ചിരിക്കും ഞാൻ .


 ഇപ്പോൾ സമയം ഏഴുമണി ആവുന്നു , വിറകുപുരയുടെ അടുത്തു അന്ന് വാങ്ങിയ എലിവിഷം ഉണ്ട് അത് കഴിച്ചിട്ട് കിണറ്റി ചാടണം , 


എല്ലാം ഉറപ്പിച്ച് വന്നു വിഷം നോക്കുമ്പോൾ കാണുന്നില്ല ,കുറെ തിരഞ്ഞു എവിടെയും കാണുന്നില്ല . അവസാനം അമ്മയെ വിളിച്ചു ,ലാസ്റ്റ് സീൻ ആയതോണ്ട് അമ്മ ശ്രെധിക്കുന്നില്ല.

പിന്നെ എന്റെ വിളിയുടെ ബലം കാരണം ഞാനാണ് രണ്ടാംലോക മഹായുദ്ധത്തിനു കാരണക്കാരി എന്ന നിലയിൽ ചോദിച്ചു


 "എന്താടി "?


"നമ്മൾ അന്ന് വാങ്ങിയ എലിവിഷം എവിടെ "?


"നിന്റെ അപ്പൻ കൊണ്ട് പോയി ,"


"എന്തിനു ?"


"നീ പോയി ചോദിക് ...നിനക്കെന്തിനാ ഇപ്പൊ എലിവിഷം ?" 



"ഒരു പ്രൊജക്റ്റ്‌ ഉണ്ട് " (ഇപ്പോൾ എന്ത് കുരുത്തക്കേട്‌ കാണിക്കുമ്പോഴും രക്ഷപ്പെടാൻ ഉള്ള ചെറിയ വഴിയാണ് പ്രൊജക്റ്റ്‌ )



രംഗം പന്തിയല്ലാത്തത് കൊണ്ട് ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല . ഇനി ഇപ്പോൾ മഞ്ഞരളി ന്റെ കായ ഉണ്ട് അത് കഴിച്ചാൽ മതി ,പക്ഷെ നല്ല കൈപ്പാനു പഞ്ചസാരയോ വെല്ലമോ വേണം . അടുക്കളയിൽ പോയി തിരഞ്ഞു , എവിടെയും കാണുന്നില്ല .


"അമ്മ .."?


അമ്മ തുടങ്ങിയപ്പോൾ തന്നെ വിളിച്ചു ബുദ്ധിമുട്ടിച്ച ദേഷ്യത്തിൽ :-
"എന്താടി കൊറേ നേരമായോല്ലോ ..."?
"പഞ്ചസാര എവിടെ ?


"നിനക്കെന്തിനാ ?'


"അമ്മ അവള് തേങ്ങയും പഞ്ഞസരയും കൂടി തിന്നാനാണ് ട്ടാ " എന്റെ ഫാവം അനിയനാണ് ഏഷണി .

അവനോടുള്ള ദേഷ്യവും കൂടെ ചേർത്തി "എനിക്ക് കാപ്പി ഉണ്ടാക്കാൻ ആണ് തല വേദന "


അമ്മ : "പഞ്ചസാര കഴിഞ്ഞു,അച്ഛൻ വരുമ്പോൾ കൊണ്ട് വരണം "

ഇതിപ്പോൾ നേരത്തെ അറിഞ്ഞെങ്കിൽ സമയം കളയില്ലായിരുന്നു.എന്തായാലും സാരമില്ല മധുരം തന്നെ വേണം എന്നില്ല കൈപ്പു അറിയാതിരിക്കാൻ പുളിപ്പ് ഉള്ളത് കഴിച്ചാലും മതി , 


വീടിനു ഉമ്മറത്ത്  വീണു കിടക്കുന്ന പുളിയും ,മുന്നിലെ മരത്തിനു താഴെ നിന്നും പെറുക്കിയ മഞ്ഞരളി കായയും കൊണ്ട് ഞാൻ നടന്നു കിണർ ലക്ഷ്യമാക്കി .

അമ്മയുടെ പരസ്യം തുടങ്ങിയെന്ന് തോന്നുന്നു ഏഷ്യാനെറ്റ്‌ മ്യൂസിക്‌ ആണ് പശ്ചാത്തലത്തിൽ ...


ഞാൻ നടന്നു ...


തങ്ക വലിയമ്മയുടെ വീട് ..


ശരണ്യ ചേച്ചിയുടെ വീട് ..


മാധവന് മുത്തപ്പന്റെ വീട് ... 


ഇനി പാടമാണ്..അതിലൂടെ നടന്നാൽ കുളം അതിനും അപ്പുറത്ത് കിണർ ....


എന്റെ ലക്ഷ്യം... 


ഇടയിൽ കൂടെ മലമ്പുഴയുടെ ഒരു കനാലും ഉണ്ട് ..

രണ്ടാം വിളയ്ക്ക് വെള്ളം വന്നത് എനിക്കറിയാം പക്ഷെ പാടത്തിലോട്ടു അത് ആരോ തുറന്നു വിട്ടത് ഞാൻ അറിഞ്ഞില്ലായിരുന്നു . കാലു വെച്ചതും ചളിയും വെള്ളവും ...


കാര്യമാക്കിയില്ല ഞാൻ നടന്നു .ചെരിപ്പിട്ടു നടക്കാൻ ബുദ്ധിമുട്ടാവണ്ട എന്ന് കരുതി അതെടുത്തു കയ്യിൽ പിടിച്ചു കിണർ മാത്രം ലക്ഷ്യമാക്കി നടന്നു ....


 നാളെ സൂര്യോദയം ഞാൻ കാണില്ല . ... 


മനസ്സിലൊട്ടും പേടി തോന്നിയില്ല ചുറ്റിലും ചീവീടുകളുടെ ശബ്ദം ...


ദൂരെ എങ്ങോ പട്ടികൾ കുരയ്ക്കുന്നു അതിനിടയിലും അകലെ നിന്നും ഏഷ്യാനെറ്റ്‌ ന്റെ മ്യൂസിക്‌ .......

അതെ ഈ വിചനത.. !!!!


ഈ ഏകാന്തത ആണ് മരണത്തിനു പറ്റിയ സമയം .. !!!!!!!!!!!


ഞാൻ നടന്നു ...അകലെ കിണർ കാണുന്നുണ്ട് ഞാൻ പുളിയിലും മഞ്ഞരളി കായിലും ചെരുപ്പിലും മുറുകെ പിടിച്ചു ,ഒരു ടോർച്ച് കൂടി എടുക്കാതെ വന്നതിൽ സ്വയം കുറ്റപ്പെടുത്തി നടന്നു . 


അതാ കിണർ കാണുന്നുണ്ട് ... 


ഇനി ഏതാനും നിമിഷം മാത്രം ... 


പെട്ടെന്ന് എവിടെ നിന്നോ പണ്ട് സ്കൂളിൽ പഠിപ്പിച്ച കൊക്കപ്പുഴുവിന്റെയും വിരയുടെയും പിന്നെ കുളത്തിലെ അട്ടയുടെയും ഒക്കെ ചിത്രം മനസ്സില് വന്ന് തുടങ്ങി .. 


ദൈവമേ അപ്പോൾ എന്റെ കാലിൽ അത് കയറിയിരിക്കുമോ???

ഇംഗ്ലീഷ് സിനിമയിലെ പാമ്പുകളും കൂടി മാറി മാറി വന്നപ്പോഴേക്കും ഞാൻ വിയർക്കാൻ തുടങ്ങി ...


അയ്യോ ഈ പാടത്തും അതൊക്കെ ഉണ്ടാവും ... 


സർക്കാർ ദാദ സിനിമയിലെ പോലെ എന്റെ മേലെ കടിക്കുമായിരിക്കും ... 


ചിന്തകൾ മരണത്തെ ഉപേക്ഷിച്ചു എത്രെ പെട്ടെന്നാണ് മാറിയത് ...


 സര്വ്വശക്തിയുമെടുത്ത് ഞാൻ നടന്നു ... 


എത്തുന്നില്ല ...


പിന്നെയും നോക്കി എത്തുന്നില്ല .


 ദൂരെ നിന്നും ഒരു മിന്നൽ തെളിഞ്ഞു വരുന്നതായി തോന്നി ...


അത് അടുത്തേക്ക്‌ വരുകയാണ് ...


അയ്യോ ആരോ ടോർച്ച് അടിച്ചു വരുന്നതാണ് ....

ഞാൻ സകല ശക്തിയുമെടുത്ത് അറിയുന്ന ദൈവങ്ങൾക്കൊക്കെ നേർച്ചയിട്ടു നടന്നു എങ്ങനെയൊക്കെയോ പാടം കയറുമ്പോഴേക്കും വന്നു ആകാശഗംഗയും .മണിചിത്രത്താഴും,ഗസലും ,മേഘ സന്ദേശവും എല്ലാം കൂടി ഒരുമിച്ച് .


 കിണറ്റിന്റെ മതിലിൽ ചാരി ഞാൻ നിന്നു.. 


അടുത്തായി നായകൾ ഓടിക്കളിക്കുന്നു .... 


ചീവീടുകളുടെ ശബ്ദം ഉച്ചത്തിലായി ... 


ആത്മഹത്യ ചെയ്യാൻ കൊണ്ട് വന്ന മഞ്ഞരളിക്കായയും പുളിയും ഒക്കെ കൊണ്ട് നായയെ എറിഞ്ഞു ....

ഒരു വടിയെടുത്തു തല്ലാം എന്ന് വിചാരിച്ചാൽ കഴിഞ്ഞ ദിവസം നാട് നന്നാക്കുന്ന ഭാഗമായി ഞങ്ങൾ ഒക്കെ കൂടി എല്ലാ ചെടികളും വെട്ടി കളഞ്ഞിരുന്നു .


 അകലെയുള്ള ടോർച്ച് വെളിച്ചം അടുത്തെത്തിയിരുന്നു ... ആരാണ് ഞാൻ സൂക്ഷിച്ചു നോക്കി ... എന്റെ മുഖത്തേക്ക് ലൈറ്റ് അടിക്കുന്നു ...



"എന്താണ്ടി ഈ നേരെത്തു ഇവിടെ "? അടുത്തുള്ള വീട്ടിലെ ചാച്ചനാണ്‌ ...


"ഏയ് ..ഒന്നുല്ല ...എനിക്കൊറ്റയ്ക്ക് പോകാൻ പേടിയാവുന്നു ..."


"നീ എവിടുന്നു വന്നു അപ്പോൾ ..."


"കടയിൽ പോയതാണ് ...വൈകി ,,എനിക്ക് പേടിയാണ് പോകാൻ .."

അയാളുടെ കൂടെ പോയി ...എന്നെക്കൊണ്ട് വീട്ടു പടിക്കൽ കൊണ്ട് വിട്ടു .. ഞാൻ അകത്തു കയറിയപ്പോൾ ചെറിയച്ചൻ പോയി ... 


എന്റെ അമ്മ "അമ്മ " സീരിയലിന്റെ " അവസാനവും കണ്ട് തൊലി കളഞ്ഞ ഉരുളക്കിഴങ്ങുമായി വരുന്നു ... ശ്രീധനം തുടങ്ങുമ്പോഴേക്കും തിരികെ പോകേണ്ട ധൃതിയിൽ...... 


ഒന്നും മിണ്ടാതെ ഞാൻ കയ്യിലെ ചെരുപ്പ് ഉമ്മറത്തിട്ടു അകത്തേക്ക് കയറിപ്പോയി ..... ഒരു മരണത്തിന്റെ അവസാനം ................




ഇന്ന് ഞാൻ അമ്പലത്തിൽ പോയി .... പോകുന്ന വഴിക്ക് കുറച്ചു പൂവ് വാങ്ങി ജോസെഫേട്ടന്റെ കടയിൽ നിന്ന് .... തേങ്ങയും പഴവും ബഷീറിക്കന്റെ കടയിൽ നിന്നും വാങ്ങി ... അമ്പലത്തിൽ കൊടുത്ത് നമ്പൂതിരി കൊണ്ട് പോയി അകത്തേക്ക് ഇനി അത് പായസം ആയി തിരികെ വരുമായിരിക്കും ... എന്റെ തേങ്ങയും പഴവും , അമ്മുന്റെ ശർക്കരയും,ദാസേട്ടൻ കൊടുത്ത പാലും ,ഉണ്ണി കൊണ്ട് വന്ന അരിയും,ശാന്ത വലിയമ്മന്റെ നെയ്യും ഒക്കെ ഇട്ട് ...

ഒരുപാട് പേർ വന്നിരുന്നു ,,, പാണനും പറയനും നായരും നമ്പൂതിരിയും ചെട്ടിയാരും ചെറുമനും.... എല്ലാവരും പ്രാർത്ഥിച്ചു.... ദക്ഷിണ ഇട്ട് പ്രാർത്ഥിച്ചു ...എല്ലാവരും ഒരു പോലെ അമ്പലം പ്രദക്ഷിണം വെച്ചു.. അർച്ചന കഴിപ്പിച്ചു ... കിട്ടിയ പ്രസാദം കൊണ്ട് സന്തോഷായി തിരിച്ചു പോയി ,,,, അവിടെ ആ ദൈവത്തിനു മുന്നിൽ എല്ലാവരും ഒന്നായിരിക്കണം .... 

പിന്നെ ഞാൻ പ്രണയിച്ചു

അവന് പക്ഷെ എന്റെ ജാതിയോ മതമോ അറിയില്ലായിരുന്നു ആദ്യം ...
ഞങ്ങളുടെ വീട്ടിൽ വലിയ പ്രശ്നമായി .... ഞങ്ങൾക്ക് പിരിയാനും വയ്യ
അവർക്ക് ഒന്നാക്കാനും വയ്യ ...

ഞാനും അവനും അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു
" ദൈവമേ ഞങ്ങളെ പിരിക്കരുതെ ,,,," 


പിന്നാലെ എന്റെയും അവന്റെയും വീട്ടുകാരും വന്നു പ്രാർത്ഥിച്ചു
" എന്റെ മകന് എന്റെ ജാതിയിൽ നിന്ന് തന്നെ പെണ്ണ് കിട്ടണേ..."
"എന്റെ മകൾക്ക് നല്ല ബുദ്ധി കൊടുക്കണേ "


പ്രാർത്ഥിക്കാൻ ഓരോർത്തർക്കും ഓരോ കാരണങ്ങൾ .... സൈക്കിൾ അഗർബത്തി പോലെ ഒരേ ഒരു വികാരം "ദൈവം ".....

ദൈവം എന്ത് ചെയ്യും .... ഏതു ജാതിക്കാരുടെ പ്രശ്നം ആദ്യം നോക്കും ????
അല്ല ഈ ദൈവം ഏതു ജാതിയാണോ എന്തോ ,,, അങ്ങേരെ കാണുമ്പോൾ ഒന്ന്
ചോദിക്കണം ... ആർക്കാ സംവരണം കൂടുതൽ എന്നറിയാലോ ..........


അല്ലെങ്കിൽ നമ്മുടെ നാടിനെ പണ്ട് ബർലിൻ മതിലും ചൈനയിലെ വന്മതിലും ഒക്കെ കെട്ടിയത് പോലെ ഈ ജാതിക്ക്‌ ഈ സ്ഥലം .. ഈ മതത്തിന് ഈ സ്ഥലം ... ഈ മതത്തിലെ ഈ ആൾക്കാർക്ക്‌ ആ സ്ഥലം ..ബാക്കിയുള്ളവർ അപ്പറത്തെ എടുത്തോ ..പക്ഷെ മതില് കെട്ടിയെക്കണം... "മതിലുകൾ സിനിമയിലെ പോലെ അപ്പുറത്ത് നിന്ന് വിളിച്ചാൽ കേള്ക്കുന്ന പോലെ അല്ല ... നല്ല ശക്തിയായി കെട്ടണം ... 
അപ്പോൾ നമ്മുടെ മുന്നിൽ അവസരങ്ങൾ കുറയും ... കണ്മുന്നിലെ ആൾക്കാരെ മാത്രം ഇഷ്ട്ടപ്പെട്ടു തുടങ്ങും അതാവുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല ,,ജാതിയും മതവും കൊടിയും .... പിന്നെ ഈ മതിലുകളെ എല്ലാം ചേർത്ത് രണ്ടിരട്ടി വലുപ്പത്തിൽ ചുറ്റും ഒരു മതില് കൂടി കെട്ടണം "എന്നിട്ട് അതിന്റെ മുകളിൽ എഴുതി വെച്ചേക്കണം
" ഒരുപാട് സംസ്കാരങ്ങൾ ഒരേ ഒരു വികാരം - ഇന്ത്യ "

വല്ല ഡച്ച്കാരോ ഫ്രഞ്ച്കാരോ ബ്രിട്ടീഷുകാരോ അമേരിക്കകാരോ കച്ചവടത്തിനോ യുദ്ധത്തിനോ ഈ വഴി പോകുന്നുണ്ടെങ്കിൽ വായിച്ച് പറയട്ടെ " ഇൻക്രെഡിബിൾ ഇന്ത്യ "



(ഫോട്ടോ കടപ്പാട് - ഗൂഗിൾ )


എങ്ങനത്തെ ബൾബ്‌ ആയാലെന്താ വെളിച്ചം കിട്ടിയ പോരെ ....?????
എന്താ അങ്ങനല്ലേ ?????



പ്രണയം അങ്ങനെയാണത്രേ 

പറയാനും വയ്യ 
പറയാതിരിക്കാനും വയ്യ


ഓർക്കരുത് എന്ന് ആയിരം തവണ 
സ്വയമോർമിപ്പിക്കുംബോഴും 
ഓർത്ത്‌ പോകുമത്രെ


വേദനയാണെന്ന് അറിയുമെങ്കിലും
ആ വേദനയിൽ അലിയുവാൻ
സുഖമാണത്രെ


സ്വപ്നങ്ങളിൽ ജീവിക്കുമത്രെ
ഒടുവിലാ സ്വപ്നത്തിനായി
എന്തും ചെയ്യുമത്രെ


ഇഷ്ട്ടമില്ലത്രെ പിണങ്ങുവാൻ
എന്നിട്ടും നിൻ പരിഭവം
കാണുവാനായ് മാത്രം പിണങ്ങുമത്രെ


പിന്നെയാ ഇണക്കത്തിനായെന്നും
കൊതിക്കുമത്രെ


ഞാൻ പെണ്ണും നീ ആണും
എന്നൊന്നും ഇല്ലത്രെ
ഇവിടെ നമ്മൾ രണ്ടിണ
പ്രാവുകളത്രെ ശുഭനിറമണിഞ്ഞ
പ്രാവുകൾ


ഞാൻ കുറിക്കുന്ന വരികളിലെല്ലാം
നീ മാത്രമാണത്രെ


ഞാൻ നോൽക്കുന്ന വ്രതപുണ്യവും
നിനക്കുമാത്രമത്രെ


എന്റെയീ കവിതയും
അതിനുള്ളിലെയീ
മനസ്സും നിനക്ക് മാത്രമത്രെ


വേണ്ടെന്ന് പറഞ്ഞാലും
പിന്നെയും വേണ്ടിയത്
പ്രണയം മാത്രമത്രെ


വിരഹമെത്രെ വന്നെങ്കിലും
പനിനീരെത്രെ കൊഴിഞ്ഞെങ്കിലും
വെറുക്കുമോ മനുഷ്യൻ
പ്രണയത്തെ ഒരിക്കലെങ്കിലും



പതിവിലും വൈകി ആണ് ഇന്ന് വീട്ടിൽ നിന്നും ഇറങ്ങിയത്‌ ..എന്തായാലും ബസ്‌ പോകും ,,,പിന്നെ അടുത്ത ബസ്സിനായി പതിനഞ്ചു മിനുട്ട് നില്ക്കണം എന്നോർത്തപ്പോൾ സ്വാഭാവികമായും വേഗത കുറഞ്ഞു ... 

പോരാത്തതിന് ഈ സാരീ യും ഉടുത്തു ഓടാനും വയ്യ എന്നതും ഉണ്ട് ,,, പതുക്കെ പോയാൽ വേറൊരു പ്രശ്നം ഉണ്ട് ... 


നാട്ടുകാരൊക്കെ നിർത്തി സംസാരിക്കും ,,, 

"എന്താണ് വൈകിയത് ,,,"

"ഏതാണ് വൈകിയത് ,?

,നേരത്തെ എണീചില്ലേ ആരും കൊണ്ട് വിട്ടില്ലേ ,,,?"

എന്തൊക്കെയാണ് അവർക്ക് അറിയേണ്ടത്

പാലം കടന്നതും പാർവ്വതി വലിയമ്മ വരുന്നു .


എന്റെ ദൈവമേ ഇനി ഇപ്പോൾ ആ ബസ്സും പോകും ,,,


 മര്യാദയ്ക്ക് വേഗം പോയാൽ മതിയായിരുന്നു .. അവരെ ഇഷ്ട്ടം അല്ലാത്തത് കൊണ്ടല്ല ,,, ഇനി ഓരോ സങ്കടം പറയും ,,, 

എന്നെ വലിയ കാര്യം ആണ്,,ഞാൻ എന്ത് പറഞ്ഞാലും കേൾക്കും.. പക്ഷെ ആള് കരഞ്ഞാൽ ഞാനും കൂടെ കരയും അങ്ങനെയൊരു വൃത്തികെട്ട സ്വഭാവം ഉണ്ട് എനിക്ക് ,, പെട്ടെന്ന് സങ്കടം വരും ...


ആൾക്ക് മൂന്നു ആണ്‍കുട്ടികളാണ്‌ ... ഭർത്താവ് അമ്പലത്തിൽ പൂജാരിയും മൂന്നു മക്കളും ജോലിക്ക് പോകുന്നു ,,ആദ്യത്തെ രണ്ടു മക്കളും കല്യാണം കഴിച്ചു മരുമക്കൾ ഈ അമ്മയോട് വഴക്കിട്ടു മാറി താമസിക്കുന്നു ,,, പേരക്കുട്ടികളെ കാണാൻ പോലും കഴിയാത്ത സങ്കടം ആണ് ...


എന്നെ കണ്ടതും ദൂരെനിന്നെ വിളിച്ചു "സൊത്തെ...,,,"


എല്ലാം എനിക്കിഷ്ട്ടാണ് പക്ഷെ ഈ വിളിമാത്രം പ്രശ്നാ,,ആരും ഇല്ലെങ്കിൽ വിളിച്ചോട്ടെ ,,പക്ഷെ ഞങ്ങടെ നാട്ടുകാരുടെ ഒരു പൊട്ട സ്വഭാവം ആണ് എവിടെ വെച്ച് കണ്ടാലും ചെല്ല പേര് വിളിക്കുന്നത്‌ ,,കാണുന്നവർ എന്ത് വിജാരിക്കും ...



"ദാ ഇപ്പ സാരീ ഒക്കെ ഉടുത്തു പോകണം ലെ "?


"അയ്യേ അങ്ങനെയൊന്നും ഇല്ല ... അമ്പലത്തിൽ പോണം ഇന്ന് പൂജയല്ലേ "


"നല്ല ചന്തം ഉണ്ട് ട്ടാ ... വലിയ പെണ്ണായി ...പക്ഷെ കോലം കെട്ടു"


"ഉം "


"നന്നായി മെലിഞ്ഞു ,,, മൊഖത്തിന്റെ ചന്തം ഒക്കെ പോയി ,,മുടി ഒക്കെ പോയി ... എന്ത് കോലമാ പെണ്ണെ ഇത് .. തിന്നാൻ ഒന്നും കിട്ടാനില്ലേ "?


ഇപ്പോൾ ആരെ കണ്ടാലും എല്ലാർക്കും ആകെ ചോദിക്കാനുള്ള ചോദ്യം ഇതാണ് ,,, 

"എന്താ ഇങ്ങനെ കേടു വന്നിരിക്കുന്നെ ... ?

ഞാനിപ്പോൾ എന്ത് പറയാൻ ആണ്... വയസ്സായില്ലേ ...അതാകും ...കാലാതീതമായ മാറ്റം നമ്മൾ അംഗീകരിക്കണ്ടേ ...?

"രാവിലെ ഈ സമയത്ത് പോയി വീടെത്തുമ്പോൾ ആറുമണി കഴിയും ,,,അതാണ്‌ ".


"ചോറുണ്ട?"


"ഇല്ല ,,സമയം കിട്ടില്ല രാവിലെ ..."


"വെറും വയറ്റിൽ ആണോ അപ്പോൾ എന്നും പോകുന്നത് ?"


"ഉം "


"വല്ല ദണ്ണവും വന്നു കെടന്നാ ഈ ചന്തം ഒന്നും കാണില്ല "


"അയ്യേ അങ്ങനൊന്നുമില്ല .. ഉച്ചയ്ക്ക് ............"


"മിണ്ടാണ്ടിരുന്നോ ,,, രാവിലെ ഇത്തിരി എങ്കിലും ഉണ്ടിട്ടു പോണം ട്ടാ"


"ഉം,,, നാളെ ഉണ്ണാം"


"ഈ ഉം തെന്നെ ? ഞാൻ പവനെ കാണട്ടെ പറയാ ...."


"അയ്യോ വേണ്ട ,,ഞാൻ കഴിക്കാം ,,കഴിക്കും ,,,"


"ഇല്ല മകനെ ,,, നമ്മളൊക്കെ കെടന്നാ ആര് നോക്കാനാണ് ,,?", (എനിക്കറിയാം ഇനി സങ്കടം ആയിരിക്കും )'


എവിടെ നിന്ന്നോ എന്നറിയില്ല ,,വലിയമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ... പാലത്തിന്റെ കൈവരിയിൽ പോയി ആളിരുന്നു ..


എന്റെ കൈ വിട്ടില്ല ... ഇനി ഇപ്പോൾ അടുത്ത ബസ്സും പോയി ,,ഇന്നും ചീത്ത കേൾക്കും..അമ്പലത്തിൽ പോകാൻ വൈകും .. സാരമില്ല ...ഞാൻ പോണു എന്ന് പറഞ്ഞു കൈ വിട്ടു പോകാൻ എനിക്കെന്തോ തോന്നിയില്ല 

ഒരുപക്ഷെ എന്നോട് പറയുമ്പോൾ അവരുടെ വിഷമം ഒക്കെ തീരുമായിരിക്കും ....


" ന്താ വലിയമ്മേ ഇപ്പോഴൊന്നും കാണാനേ കിട്ടാനില്ലാലോ...."


"ഇല്ലട മകനെ ........അയാൾക്ക് വയ്യാണ്ട് ആശുപത്രിയിൽ ആയിരുന്നു ..ആര് നോക്കാനാണ് ..എന്റെ കമ്മലും കൂടി പണയം വെക്കാൻ ഉണ്ടായപ്പോൾ കാശ് കെട്ടി ... ചെറിയവൻ മാത്രം കാണാൻ വന്നു ,,,അവൻ തന്ന കാശ് മരുന്നിനായി ....
നമ്മളൊക്കെ കെടന്നാ ...."


എനിക്കും സങ്കടം വന്നു ...


"ദെ ഇങ്ങനെയാണെങ്കിൽ ഞാൻ പോവും ട്ടാ ..."

"നീ അവിടിരി പറയട്ടെ ... കല്യാണം ഒക്കെ നോക്കുന്നുണ്ട...?"


"ആ കമ്പനിയിൽ വരുന്നില്ലേ കിനാശ്ശേരി ന്ന് അവൻ കൊറേ ആയി ചോദിക്കാൻ പറയണ്.. വീട്ടില് വന്നു പറയട്ടെ ,,,, ചെക്കനു നല്ല പണിയുംണ്ട്... പെമ്മക്കളെ ഒക്കെ കെട്ടി കൊടുത്ത് ...
ഇവൻ ഒടുക്കത്തെയാ .... അവിര്ക്ക് കാശൊന്നും വേണ്ട മൊതലും സ്വത്തും ഒന്നും വേണ്ട ... നല്ലോരു പെണ്ണിനെ മതി ....'"



എനിക്കറിയാം ഇപ്പോൾ എല്ലാവരും സംസാരിച്ചു അവസാനം നിർത്തുക 

കല്യാണത്തിലാണ്... 

"വേണ്ട ട്ടാ ..നിങ്ങൾ അവിടിരുന്നോ ഞാൻ പോണു ... ഈ കല്യാണ കൂട്ടം ആണെങ്കിൽ എന്നോട് മിണ്ടണ്ട ..." 


ഞാൻ ദേഷ്യത്തോടെ എണീച്ചു ...പക്ഷെ വലിയമ്മ പിന്നെയും പിടിച്ചിരുത്തി ....


'എന്റെ മകനെ നീ ആരിനെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടാ ....ഉണ്ടെങ്കി നീ പൊക്കൊ മകളെ ..നിന്നെയൊന്നും നിന്റെ അപ്പൻ നേരാം വണ്ണം കെട്ടിക്കൊടുക്കില്ല... എന്തിനാ എന്നും ഇങ്ങനെ ഇരിക്കുന്നെ ... നീയെങ്കിലും രക്ഷപ്പെട് '" ... 


അത് പറയുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു ശബ്ദം ഇടറിയിരുന്നു ....


"അങ്ങനെയൊന്നും ഇല്ല വലിയമ്മേ ... എനിക്കെ നല്ല ചെക്കനെ കൊണ്ട് വരും ട്ടാ അച്ഛൻ  പേടിക്കണ്ട ..."


" എന്ത് പറഞ്ഞാലും നിനക്ക് കളിയാണ് .... എങ്ങനെ ഉണ്ടായിരുന്ന കുട്ടിയാണ് ..ഇപ്പൊ കോലം കെട്ട് പോയി ..."


ഞാൻ ചിരിച്ചു .... ഇതുപോലെ പരിഭവം കൊണ്ട് വരുന്ന ചില സാധുക്കൾ ഉണ്ട് ചുറ്റും നമ്മളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്തവർ ... എല്ലാവരുടെ വിഷമവും സ്വന്തം വിഷമമായി കാണുന്നവർ ....


"എന്ത് പറഞ്ഞാലും ചിരിയാണ് ...." എന്റെ മുഖത്തൂടെ കയ്യുഴിഞ്ഞു പൊട്ടിച്ചു ... "കണ്ട ആരൊക്കെയോ കണ്ണ് വെച്ചിട്ടാണ് ..."


സമയം ഒരുപാട് വൈകുന്നത് കണ്ടു ഞാൻ പോകുന്നു പറഞ്ഞു നടന്നു ..അല്ല ഓടി എന്ന് പറയുന്നതാകും ശരി 


ഒരു ബന്ധവും ഇല്ലാത്ത വലിയമ്മ യ്ക്ക് ഉള്ള ടെൻഷൻ പോലും എനിക്കില്ലാലോ ... അല്ലെങ്കിലും എന്താണ് ജീവിതം ,,,രാവിലെ നേരത്തെ എണീക്കുന്നു ....പിന്നെ ജോലിക്ക് ,,,പിന്നെ വീട് ,,പിന്നെയും ഓഫീസ് ,,, വീട് .... എത്രെ കിട്ടിയാലും മിച്ചം പിടിച്ചു വെക്കാൻ ആവാത്ത മാസ ശമ്പളം 


ബസ്സിൽ കയറി പതിവുപോലെ നിഷ ചേച്ചി ഉണ്ടായിരുന്നു ... ചേച്ചിയോട് ഞാനെന്റെ ഫിലോസോഫിയുടെ ഭാണ്ഡം തുറന്നു ... ഞാൻ കരുതി ഞാൻ മാത്രം ആണ് ഇങ്ങനെ എന്ന് ..പക്ഷെ ചേച്ചിയും പിന്നെ വന്ന ഫൗസിയ യും ,,,ഡ്രൈവർ വിനു ഏട്ടനും ഒക്കെ ഇങ്ങനെ തന്നെ ആണ് എന്ന് അപ്പോഴാണ്‌ മനസ്സിലായത്,, ഈ ലോകത്ത് എത്രെ മനുഷ്യരാണ് ,,എല്ലാവർക്കും ഉണ്ട് നൂറായിരം പ്രശ്നങ്ങൾ.....


എനിക്ക് ഞായറാഴ്ച ലീവ് ഉണ്ട് അതാണ്‌ എനിക്കുള്ള ഭാഗ്യമായി അവർ കണ്ടെത്തിയ മഹത്തായ കാര്യം ...നിഷചെച്ചി സ്റ്റുഡിയോ ആയതുകൊണ്ട് അവർക്കും ഫൗസിയ തുണിക്കട ആയതുകൊണ്ട് അവൾക്കും മുപ്പതു ദിവസവും ജോലിയുണ്ട് ,,, പിന്നെ ബസ്‌ ഡ്രൈവർന്റെ കാര്യം പറയേണ്ടാലോ.. ഒരു ദിവസം ലീവെടുക്കാൻ തന്നെ ആള്ക്ക് പേടിയാണ് ഇനിയിപ്പോൾ വേറെ ആരെങ്കിലും പകരം കയറി ഇറങ്ങാതായാൽ പെട്ടുപോകും ...


ഞാൻ ബസ്‌ ഇറങ്ങിയതും എന്റെ പ്രിയപ്പെട്ട അപ്പൂപ്പൻ... എന്നും മുല്ലപ്പൂവ് വാങ്ങുന്നത് അവിടെ നിന്നാണ് ... ഒരുപാട് വയസ്സായി എങ്കിലും എന്നും ഉണ്ടാവും ..ചിലപ്പോഴൊക്കെ ഞാൻ പതിനൊന്നു മണിയാവുമ്പോൾ ബാങ്കിൽ പോകുന്ന സമയത്തും ആളുണ്ടാകും വാടിത്തുടങ്ങിയ പൂക്കളുമായി ....അതിലേറെ വാടിയ മുഖവുമായി .....

പക്ഷെ ആളെ ഞാൻ എങ്ങനെയാണ് സഹായിക്കുന്നത് കാരണം എനിക്കതിലേറെ പ്രാരാബ്ദങ്ങൾ ഉണ്ട് ... എങ്കിലും മുടങ്ങാതെ ഒരു പത്തു രൂപ ഞാൻ മാറ്റി വെക്കാറുണ്ട് ..... അതെ കഴിയൂ ... അല്ലെങ്കിൽ ലോക സമാധാനം ഒക്കെ ആഗ്രഹിക്കാം പ്രസംഗിക്കാം പക്ഷെ പ്രവർത്തിക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ് .... 

വൈകുന്നേരം പോകുമ്പോൾ നിഷ ചേച്ചി പറഞ്ഞു "വിദ്യെ എല്ലാവരും പറയുന്നു എന്റെ കണ്ണ് ഒരു വശത്തേക്ക് ചെരിഞ്ഞിട്ടാണ് ... ഞാൻ നിന്നെ നോക്കുമ്പോൾ അടുത്ത ആളെ ആയി തോന്നും ... " പലപ്പോഴും എനിക്കത് തോന്നിയിട്ടുണ്ട് പക്ഷെ ചേച്ചിയ്ക്ക് അതൊരു കുറവല്ല ...എന്നാണു എനിക്ക് തോന്നുന്നത് ,,അല്ലെങ്കിലും ഒരുപാട് കാശൊന്നും ചെലവാക്കി അത് ശെരിയാക്കാൻ അവർക്ക് സാധിക്കില്ല ഒരിക്കലും ...

കാരണം ചേച്ചിയും ഒരിക്കലും ചേച്ചിയുടെ ജീീവിതം നോക്കിയിട്ടില്ല പ്ലസ്‌ ടു നു പഠനം നിർത്തി പണിക്കു പോയത് പഠിക്കാൻ മോശമായത് കൊണ്ടല്ല (ഞാനും )... അതിനുള്ള വഴിയില്ലാതോണ്ട് മാത്രം... എങ്കിലും പഠിക്കാൻ പോകുന്ന കുട്ടികളുടെ ബാഗ്‌ ഞങ്ങടെ കയ്യിൽ തരുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട് ,,,ചേച്ചിക്കും ഉണ്ടായിരുന്നിരിക്കണം ...ഫൗസിയയ്ക്കും ഉണ്ടാവണം ... തന്റെ പ്രായത്തിലെ ചെക്കന്മാർ ബൈക്കിൽ കറങ്ങുന്നതും നല്ല ജോലിയുമായി പോകുന്നത് കാണുമ്പോഴും വിനു ഏട്ടനും കയ്യിലെ വാച്ചിൽ സമയം നോക്കുന്നതിനു ഇടയ്ക്ക് തന്റെ ജീവിതം നോക്കിയിരിക്കണം .... 

അല്ലെങ്കിലും എല്ലാവരും തിരക്കാണ് ... ഇന്നത്തോടെ ലോകം അവസാനിക്കുന്നും ഇല്ല നാളെ നമ്മൾ ഉണ്ടാകും എന്ന് ഉറപ്പുമില്ല എന്നിട്ടും തിരക്കിട്ട് പോവുകയാണ് നൂറായിരം പ്രതീക്ഷകളാണ് ... പരിചിതവും അപരിചിതവും ആയി കണ്‍ മുന്നിൽ എത്രെ മുഖങ്ങൾ.... നാളെ ജീവിച്ചിരുന്നു എന്നൊരു അടയാളവും ശേഷിപ്പിക്കാതെ പോകുന്ന സാധാരണക്കാർ... ജീവിതം മുഴുവൻ ഓടി നടക്കാൻ മാത്രം വിധിക്കപ്പെട്ടവർ ......



കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...